city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രാമങ്ങളില്‍ ഫുട്‌ബോള്‍ ആരവങ്ങള്‍

(www.kasargodvartha.com 09.02.2018) ഗ്രാമങ്ങള്‍ തോറും ഫുട്‌ബോളിന്റെ ആരവമുയരുകയാണ്. കളിക്കളത്തിനേക്കാള്‍ മൂര്‍ച്ചയുണ്ട് കളത്തിനു പുറത്തു നടക്കുന്ന യുദ്ധത്തിന്. വലിയൊരു അഗ്‌നി പരീക്ഷണത്തിനു ശേഷമാണ് ബേക്കലില്‍ മുഹമ്മദന്‍സിന് പന്തുരുട്ടാനായതെങ്കില്‍ ഫുട്‌ബോള്‍ കളിയുടെ മര്‍മ്മം ഉള്‍ക്കൊണ്ട ടാസ്‌ക് തിരുവക്കോളിയുടെ ഗോള്‍ പോസ്റ്റ് കാക്കാന്‍ പണം വിതറി സഹായിക്കുന്നത് നാട്ടുകാര്‍ കൂടിയായ ഏതാനും ഫുട്‌ബോള്‍ ഭ്രമക്കാരാണ്. തലപ്പാടിയില്‍ നിന്നും കേരളത്തിലേക്കു വരുന്ന വഴിയില്‍ ഉടനീളം കാണാം ചെറുതും വലുതുമായ മൈതാനങ്ങള്‍. ക്രിക്കറ്റിനും എത്രയോ മുമ്പേ ബേക്കലത്തുകാര്‍ നെഞ്ചേറ്റിയ കായികോല്‍സവമാണ് ഫുട്‌ബോള്‍. ലോകത്തെ ആദ്യത്തെ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന് അവകാശപ്പെടുന്ന എഫ്.സി. ബാഴ്‌സലോണ കാടു വെട്ടിത്തെളിച്ചാണ് ആദ്യം ഒരു കോര്‍ട്ടുണ്ടാക്കിയത്. അത് പിന്നീട് ലോകോത്തരമായി മാറി. അത്തരം ആവേശങ്ങളില്‍ നിന്നുമൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാവണം ഒരു പക്ഷെ ബേക്കലിലെ കാല്‍പന്തു കളിക്കാര്‍ ഇവിടെ മണ്ണിട്ടു നികത്തി മൈതാനം തീര്‍ക്കാന്‍ മുന്നോട്ടു വന്നത്. .അതാണ് ഇന്നു കാണുന്ന ബേക്കല്‍ മിനി സ്‌റ്റേഡിയം.

ഓരോ മനുഷ്യനിലും ഉണ്ട് നന്മയും തിന്മയും എന്നതു പോലെ ഓരോ കളിക്കാരനിലും ഉണ്ട് യുദ്ധവും സമാധാനവും. സമാധാനത്തിന്റെ യുദ്ധമുറ ഫുട്‌ബോളിലുടെ പുറത്തെടുത്ത ഗ്യാനി മറഡോണയുടെ വാക്കാണിത്. ആക്രമിക്കാനും കീഴടക്കാനും കീഴടങ്ങാതിരിക്കാനുള്ള അടങ്ങാത്ത ത്വര കളിക്കാരനേയും, കാണികളേയും ഒരു പോലെ ത്രസിപ്പിക്കും, യുദ്ധം നടക്കുന്ന നൂറ്റിപത്ത് മീറ്റര്‍ നീളവും അറുപത്തിയഞ്ച് മീറ്റര്‍ വീതിയുമുള്ള കളത്തില്‍ ഒരിറ്റു പോലും ചോര പൊടിയാതെ, ഒരു മനുഷ്യ ജന്മം പോലും കുരുതി കൊടുക്കാതെ രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല, പ്രദേശങ്ങളും, ടീമുകള്‍ തമ്മിലും വെട്ടിപ്പിടിക്കാനും, കീഴടക്കാനും ആക്രമിക്കാനുമുള്ള ആവേശമാണ് ഫുട്്ബോള്‍. കളത്തിനകത്തുള്ള കളിയെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം കളത്തിനു പുറത്തെ കളിക്ക് തടയിടാന്‍ നമുക്ക് കോര്‍ട്ടിനകത്തെ യുദ്ധത്തിന് പിന്തുണ നല്‍കാം.

ഗ്രാമങ്ങളില്‍ ഫുട്‌ബോള്‍ ആരവങ്ങള്‍

ഫുട്‌ബോളില്‍ നടക്കുന്നത് കരുത്തിന്റെ, കാലും തലയും തലച്ചോറിന്റെയും പ്രയത്‌നമാണ്. കരുത്തിന്റെ കവിതയും കലയുമാണ് ഫുട്‌ബോള്‍.

ഫുട്‌ബോള്‍ പ്രേമികള്‍ രണ്ടു ക്ലബ്ബുകളായി ഇഴ പിരിഞ്ഞ് ബേക്കലും, മൗവലുമായി തമ്മില്‍ പൊരുതുകയായിരുന്നു. കളിയുടെ പേരില്‍ അവിടെ ധര്‍ണയും, മനുഷ്യ ചങ്ങലയും, ഹര്‍ത്താല്‍ വരെ നടന്നു. ഇവിടെ നമുക്കൊരു യുവജന ക്ഷേമ ബോര്‍ഡുണ്ട്. സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുണ്ട്. കായിക-കലയുടെ ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് മുറുക്കിത്തുപ്പി രസിക്കുകയാണ് അവയുടെ നേതൃത്വം. ബേക്കല്‍ പോലെ പലയിടത്തും ക്ലബ്ബുകളും, കളിക്കാറും അനുഭവിക്കുന്നതൊന്നും അവരറിയുന്നില്ല. പരസ്പരം പുറം ചൊറിഞ്ഞ് രസിക്കുകയാണവര്‍. ഇവിടെ കേരളത്തിലെ കൊച്ചു ഗ്രാമങ്ങളില്‍ മാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗതികേടിനും ഇതൊക്കെ തന്നെയാണ്.

വിം കോവര്‍മാസെന്ന ഡച്ച് പരിശീലകന്‍ വരുമ്പോള്‍ തീരുന്ന പ്രശ്‌നം ആണൊ ഇന്ത്യല്‍ ഫുട്‌ബോള്‍ ഇന്ന് അഭിമുഖീകരിക്കുന്നത് . ഐ എം വിജയനേയും , ബൈചുങ്ങ് ബൂട്ടിയയേയും പോലെ ലോകോത്തര നിലവാരമുള്ള താരങ്ങള്‍ ഇവിടെയും മറഞ്ഞിരിപ്പുണ്ടെന്ന് അവരറിയുന്നില്ല. അങ്ങനെ മറഞ്ഞിരിക്കുന്നവരെ കൈപ്പിടിച്ചുയര്‍ത്താന്‍ കാണികളും, ക്ലബ്ബുകളും വിയര്‍പ്പുഴക്കുന്ന കാഴ്ചയാണ് ബേക്കലിലും, തിരുവക്കോളിയിലും കാഞ്ഞങ്ങാടും മറ്റും കണ്ടു വരുന്നത്. അവര്‍ക്ക് ഒരു കൈസഹായം നല്‍കാന്‍ വരെ സര്‍ക്കാര്‍ മെനക്കെടുന്നില്ല. മാത്രമല്ല കളിക്കാന്‍ ഉപയോഗിക്കുന്ന മൈതാനത്തിന്റെ വാടകക്ക് വേണ്ടി വിലപേശുകയാണ് സര്‍ക്കാര്‍. മറുഭാഗത്ത് അവകാശ തര്‍ക്കവും. ഇതാണ് ഇവിടുത്തെ വര്‍ത്തമാന കാല പ്രാദേശിക ഫുട്‌ബോള്‍ ചരിത്രം.

പ്രതിസന്ധികള്‍ തരണം ചെയ്തു കൊണ്ട് നാടാകെ നടക്കുന്ന ഫുട്‌ബോള്‍ മഹോല്‍സവങ്ങളോട് നമുക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാം. കലയോടൊപ്പം നാട്ടില്‍ കായികോല്‍സവങ്ങളും അരങ്ങു തകര്‍ക്കട്ടെ. കോര്‍ട്ടിനകത്തെ യുദ്ധം വിജയിക്കട്ടെ.

പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Prathibha-Rajan, Football, Sports, Foot ball tournaments in Bekal .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia