city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കവിതയിലെ വസന്തമായി ഫാസില സലീം

പ്രതിഭ രാജന്‍

(www.kasargodvartha.com 01.12.2014) ഈ മാസാദ്യ മാതൃഭൂമി. അതില്‍ കാഞ്ഞങ്ങാട്ട് പ്ലസ്ടുവിനു പഠിക്കുന്ന ഫാസിലാ സലീമിന്റെ കവിത 'ഒഴുക്കിനെതിരെ' ഏറെ ചര്‍ച്ചയായി. കവി കുരീപ്പുഴ ശ്രീകുമാര്‍ ഒരുക്കുന്ന 'ഇന്നു വായിച്ച കവിത'യില്‍ 300ല്‍ പരം ലൈക്കുകള്‍, 29 ഷെയര്‍, 102ല്‍ പരം പങ്കാളിത്ത ചര്‍ച്ചകള്‍!

എന്താണീ സ്‌കൂള്‍ കുട്ടി ഈ കവിതയില്‍ ഇത്രയേറെ, ഗഹനമായി അവതരിപ്പിച്ചത്? ഇരുട്ടിലേക്കു കുതിക്കുന്ന ഭൂമിയുടെ വേഗത. അതു കുട്ടിയെ ഭയപ്പെടുത്തുകയാണ്. വായനക്കാരെ ഭയപ്പെടുത്തുകയാണ്. അകം, പുറം മനമെരിയുന്ന വാക്കുകള്‍, പ്രയോഗങ്ങള്‍.

യുവജനോത്സവ വേദിയില്‍ 'ചതുപ്പ്' എന്ന വിഷയത്തിലെ കവിതാ മത്സരത്തില്‍ ഒന്നാം പദവി. തനിക്കു ചുറ്റും കറുപ്പ് പടര്‍ന്നു കയറുന്നതില്‍ ഭീതി പൂണ്ട കൊച്ചുകവിയുടെ ആദ്യ പുസ്തകത്തിന്റെ പേരും 'കറുപ്പ്' തന്നെ. 'മഴമൊഴി' എന്ന രണ്ടാം പുസ്തകത്തിലും നിറയെ പ്രകൃതിയുടെ രോദനങ്ങള്‍. ഏഴാച്ചേരി പ്രകാശനം നിര്‍വഹിച്ച ഇതിന്റെ അവതാരിക കുരീപ്പുഴയുടേത്.

ഇവിടെ ജീവിച്ച്, ഉള്ളതിനേക്കാള്‍ മനോഹരമാക്കി അടുത്ത തലമുറക്ക് കൈമാറേണ്ട ഭൂമിയെ, തന്റെ മാതാപിതാക്കളെത്തന്നെ ഇല്ലാതാക്കുന്ന പുത്തന്‍ സംസ്‌കാരമെന്നതില്‍ മനം നോവുന്നതാണീ കവിത. കാക്കനാടന്‍ പുരസ്‌കാരം വാങ്ങിയ കഥയിലും ഇതു തന്നെ പ്രമേയം. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് സംഘടിപ്പിച്ച 'എന്റെ മരം' പരിപാടിയുടെ രചനാ മത്സരത്തില്‍ പ്രകൃതിയെ വരച്ചിട്ടതിനും സംസ്ഥാനത്ത് ഒന്നാമതായി ഫാസില.

കവിതയ്ക്കകം കടക്കുക കഠിനം. ആ കുരുന്നിന്റെ തപിക്കും മനം നോക്കൂ. അതിവേഗം കേടായിക്കൊണ്ടിരിക്കുന്ന ഭൂമി. വേഗത്തില്‍ കേടാവുന്നതിനാണിന്ന് ഏറെ ആവശ്യക്കാര്‍. പണം കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ കേടാവാതെ നിലനില്‍ക്കുമ്പോഴാണ് നിരാശ. ലോകം പുതിയതിനെ അന്വേഷിക്കുമ്പോള്‍ അതിനോടൊപ്പം ഓടിയെത്താന്‍ പഴഞ്ചനാകാതിരിക്കാനാന്‍ ജനം പുതിയത് തേടിപ്പായുന്നു. ഉപഭോഗ സംസ്‌കാരം മത്സരിക്കുന്നത് അതിനു വേണ്ടിയാണ്. സാധനത്തിന്റെ നിലവാരത്തിലല്ല, അതിനകത്തെ ഫാഷനും പുതുമയും. വിലകുറഞ്ഞവ പോലും വിലകൂടിയ പായ്ക്കറ്റുകളില്‍ കയറിക്കൂടി പവിത്രമാക്കപ്പെടുന്ന പുതു വ്യാപാര തന്ത്രം. ഉള്ളടക്കത്തിലല്ല, പുറം മേനിയ്ക്കു വേണ്ടി അധ്വാനിച്ചുണ്ടാക്കുന്ന പണം വിനിയോഗപ്പെടുമ്പോള്‍ പഴമയെ അന്വേഷിക്കുന്നു, പരിതപിക്കുന്നു ഫാസിലയുടെ കവിത.

കവി ചൊല്ലുന്നത് നോക്കൂ. സര്‍വനാശ സംഹാരിയെ തേടി ഞാനെവിടെയെല്ലാമലഞ്ഞു, മരച്ചുവടുകളില്‍, മലമടക്കുകളില്‍, കാട്ടുപാതയില്‍...ഇല്ല, തിരിച്ചുവരില്ലായിരിക്കാം ഇനിയവയൊക്കെ. അനശ്വരത. ശാശ്വതസത്യം, സൗന്ദര്യം അവ നിലവിളിച്ചു കൊണ്ട് മൈതാനത്തുകൂടി ഓടുന്നത് പുതുമയുടെ സൂര്യനവയെയൊക്കെ മുക്കിക്കൊന്ന്, അന്ധകാരത്തെ പ്രാപിക്കുന്നതില്‍ ഭീതി തിന്നുകയാണ്, തീറ്റുകയാണ് ഫസീല. കുരീപ്പുഴ തന്റെ അവതാരികയില്‍ പറഞ്ഞത് ശരിയാണ് 'ആ കുരുന്നില്‍ കവിതയുടെ എല്ലാ ഭാവങ്ങളും തെളിഞ്ഞു വരുന്നു'.

പ്രിയ്യപ്പെട്ട കവി, ഫാസിലാ...

ആശങ്കപ്പെടാതിരിക്കൂ... യാഥാര്‍ത്ഥ്യങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ചു പിടിക്കാനാവുന്നില്ലേ?  അടച്ചു പിടിക്കൂ സുന്ദര സ്വപ്നങ്ങള്‍ മാത്രം കാണൂ... ഇതാ നോക്കൂ...നീ കവിതയില്‍ തീര്‍ത്ത പ്രശാന്തമായ പ്രകൃതി, അതിലെ മൈതാനം, രാവ്, ആ തണുപ്പില്‍ ആ മൈതാനത്ത് കമിഴ്ന്നു കിടന്ന് പ്രകൃതിയിലേക്ക് ചെവി ചേര്‍ത്തു പിടിച്ചു നോക്കൂ... പ്രകൃതിയുടെ മക്കള്‍, ചോണനുറുമ്പുകള്‍ സംഘം ചേര്‍ന്ന് പ്രകടനം നയിക്കുന്നതു കാണുന്നില്ലേ?

എട്ടുകാലി തന്റെ വലിയ കാലു വലിച്ചു നീട്ടി ഞൊണ്ടി നടന്നു നീങ്ങുന്നത്... ഏതോ ഗായകസംഘം. അവ ചീവീടുകള്‍ മാത്രമോ, കൂട്ടത്തില്‍ പിന്നെ ആരൊക്കെ? അദൃശ്യമായി, പാട്ടുപാടി അരികിലുടെ ബാന്റു മേളവുമായി നടന്നു നീങ്ങുന്നവയെ കാണാനാകുന്നില്ലെങ്കിലും, എന്തു ഭംഗി ആ താളത്തിന്. പ്രകൃതിയുടെ ലയ താളം. പച്ച തത്താമുള്ളുകള്‍ തുമ്പപ്പൂവിനോട് കിന്നാരം, പ്രണയിക്കുന്നത് കാണൂ. മഞ്ഞു പുതപ്പിച്ചതിനാല്‍ നന്നായി ഉറങ്ങുന്ന പുഴയേ നോക്കി അരികിലെ മരത്തില്‍ കിളികള്‍ മൗനമായി... പുഴുക്കള്‍ വന്നു തുറിച്ചു നോക്കി മണത്തു നോക്കി തരിച്ചു പോകുന്നതു കാണുന്നില്ലേ?  സ്വപ്നങ്ങള്‍ മാത്രം കാണൂ കവി. യാഥാര്‍ഥ്യങ്ങളില്‍ നിന്നും മുഖം തിരിക്കുന്ന ലോകത്താണ് നാമിപ്പോള്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കവിതയിലെ വസന്തമായി ഫാസില സലീം

Keywords : Article, Poet, Poem, News, Paper, Fasila, Prathibha Rajan, Hit, Social Media, Kureepuzha Sreekumar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia