city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുടങ്ങി വെച്ചവ പൂര്‍ത്തീകരിക്കാന്‍ വീണ്ടും പി. കരുണാകരന്‍

പ്രതിഭാരാജന്‍

2011ലെ നിയമസഭാ തെരെഞ്ഞെടുപ്പ്. ആന്റണിയായിരുന്നു പ്രചരണത്തിലെ  പ്രധാന താരം. പ്രസംഗിക്കുന്നിടത്തെല്ലാം അദ്ദേഹം ഓര്‍മിപ്പിച്ചു. 'ഭരിക്കുന്നവരുടെ അകമഴിഞ്ഞ സഹായമില്ലാതെ വികസനം സാധ്യമാവില്ല'.

ശരിയായിരിക്കാം. ജനാധിപത്യ സംവിധാനത്തിന്റെ ദുര്‍വിധിയാണത്. ഉള്ളവനേയും ഇല്ലാത്തവനേയും ഒരുപോലെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ജനായത്ത ഭരണകൂടം ഉള്ളവന്റേതു മാത്രമാവുകയും, ഇല്ലാത്തവന്‍ വിശന്നു കരയുന്നത് നോക്കി പരിഹസിച്ചു നില്‍ക്കുന്ന ഭരണകൂട സംവിധാനത്തിന് ഉദാഹരണമാണ്. കരിപുരണ്ട് കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍. തെരുവു കച്ചവടക്കാരെ സ്വയം പര്യാപ്തരാക്കാന്‍ ദാരിദ്ര്യ നിര്‍മാര്‍ജന വകുപ്പ് നിയമം ഉണ്ടാക്കിയിട്ടും അവര്‍ക്കു നേരെ  പോലീസ് പാഞ്ഞു കേറുന്നതും അടയാളപ്പെടുത്തുന്നത് ഭരണകൂട ഭീകരതയാണ്.

തുടങ്ങി വെച്ചവ പൂര്‍ത്തീകരിക്കാന്‍ വീണ്ടും പി. കരുണാകരന്‍വിശപ്പിന്റെ, ദാരിദ്ര്യത്തിന്റെ, കരളു കത്തുന്ന വേദനയുടെ, പട്ടിണി ഭക്ഷിച്ചു ഉണങ്ങി ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു ജനതയുടെ രക്ഷകനാണ് കെ. കരുണാകരന്‍ എം.പി എന്നതില്‍ എതിരാളികള്‍ക്കു പോലും രണ്ടഭിപ്രായം കാണില്ല. ഇത്തരം അവസ്ഥയില്‍ നിന്നു കൊണ്ട് മാത്രമേ ഒരു പ്രതിപക്ഷ എം.പിക്ക് തന്റെ മണ്ഡലത്തിന്റെ വികസനത്തിലേര്‍പ്പെടാന്‍ സാധ്യമാവുകയുള്ളൂവെന്ന തിരിച്ചറിവോടെ വേണം പി. കരുണാകരന്റെ വികസനചിത്രത്തെ കാണാന്‍.

രോഗത്തെ തുരത്താന്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 13 പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് 5,500ല്‍ പരം രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ പണിപ്പെട്ടുവെന്നത് എടുത്തു പറയേണ്ടതാണ്. അവര്‍ക്കു വേണ്ടി ഡി.വൈ.എഫ്.ഐ നടത്തിയ കേസില്‍ സുപ്രീംകോടതി വരെ പോകാനുള്ള ഓജസ്സും അവസരവുമുണ്ടാക്കിയത് എം.പി എന്നതിനപ്പുറം മനുഷ്യ സ്‌നേഹിയുടെ കടമ. 200 കോടി രൂപയുടെ സഹായമെത്തിക്കാന്‍ പ്രതിപക്ഷത്തിരുന്നു കൊണ്ടും സാധിച്ചുവല്ലോ. അത്ര ചെറുതല്ല അത്. നബാര്‍ഡിനോട് കലഹിച്ചും അനുനയിപ്പിച്ചും ആതുര സേവനത്തിനു മാത്രമല്ല വിദ്യാഭ്യാസ രംഗത്തു വരെ പണം വാങ്ങി കൊടുത്തിട്ടുണ്ട് അദ്ദേഹം.

ഇരകള്‍ പഠിക്കുന്ന 57 സ്‌കൂളുകള്‍ക്ക് കെട്ടിടവും മറ്റുമായി ഒട്ടേറെ പണം ചിലവഴിച്ചു. കാഷ്യു കോര്‍പ്പറേഷന്‍, അവര്‍ തെളിച്ച വിഷം ഏറ്റുവാങ്ങിയ പാവങ്ങള്‍, അവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്. 10 പുതിയ ബഡ്‌സ് സ്‌കൂളുകള്‍, 13 പഞ്ചായത്തുകളിലായി 43 ആശുപത്രികള്‍, അതിനുവേണ്ടി മാത്രമായി 46 കോടി രൂപ ചെലവഴിച്ചു. 55 കുടിവെള്ള പദ്ധതികള്‍.  ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മത്സരിക്കുമെന്നതില്‍ പി. കരുണാകരന് ഭയപ്പാടില്ല. ജനങ്ങള്‍ക്കറിയാം ചെയ്ത പ്രവര്‍ത്തനവും ത്യാഗവും.

ഭരിക്കുന്ന സര്‍ക്കാര്‍ പുറം തിരിഞ്ഞു നിന്നപ്പോഴും, രോഗികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ മുഖം കോട്ടിയപ്പോഴും, കാസര്‍കോടു വന്ന് പത്രക്കുറിപ്പിറക്കിയപ്പോഴും പതറാതെ ഇരകളോടൊപ്പം പോരാടാന്‍ സാധിച്ചത് ഒരു തികഞ്ഞ ജനകീയനായതു കൊണ്ടാണ്. ഇത്തരം പ്രവര്‍ത്തനത്തിനൊക്കെ ഇടം കിട്ടിയത് സീനിയര്‍ നേതാവും കേന്ദ്ര ലജിസ്ലേറ്റിവ് ചെയര്‍മാന്‍ എന്ന പദവി പ്രയോജനമാണല്ലോ. നബാര്‍ഡിന്റെ 200 കോടിക്ക് പുറമെ 25 കോടിയുടെ ഗ്രാമീണ റോഡ് പദ്ധതി എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മാത്രമായി നിര്‍വഹിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല.

ഇനിയും പരിഹരിക്കാതെ കിടക്കുന്നതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി തന്നെയാണ് പാര്‍ട്ടി മൂന്നാം വട്ടവും മത്സരിപ്പിക്കുന്നത്. 2013ലെ സര്‍ക്കാരിന്റെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ എം.പി. ഫണ്ട് ചെലവഴിച്ച മണ്ഡലമാണ് കാസര്‍കോട്. റോഡ്, ആശുപത്രി മുതല്‍ വൈദ്യുതി അടക്കം വിവിധ പദ്ധതികള്‍. ജില്ല വഴി കടന്നു പോകുന്ന മറ്റൊരു പ്രധാന ഉപഭോഗമേഖലയാണ് റെയില്‍വെ. അതുവഴിയുള്ള വികസനത്തിനു വന്‍ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പഴയങ്ങാടി, കണ്ണപുരം, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം, പയ്യന്നൂര്‍, കാസര്‍കോട് സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്താന്‍ കഴിഞ്ഞത് സംസ്ഥാനത്ത് മറ്റ് ഒരു എം.പിക്കും സാധിക്കാത്ത വിധമാണ്.

കലക്ടറേറ്റില്‍ സ്ഥാപിച്ച ടിക്കറ്റ് ബുക്കിംങ്ങ് കൗണ്ടര്‍ നിസാരമാണെങ്കിലും എത്ര ഭാവനാത്മവും ഉദാരവുമാണ് ആ നടപടി. 30 കോടി രൂപയുടെ പ്രവര്‍ത്തി റെയില്‍വെ വികസനത്തിന് മാത്രം ചെലവഴിക്കപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പടന്നക്കാട്, പയ്യന്നൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ റെയില്‍വേ മേല്‍പ്പാലം വികസനത്തിന്റെ കിരീടം വെച്ച തെളിവുകളാണ്. കോട്ടിക്കുളം തൃക്കണ്ണാടിലെ റോഡ് പാലം, ഉദുമയിലെയും പഴയങ്ങാടിയിലെയും, മഞ്ചേശ്വരം, കാഞ്ഞങ്ങാട് മേല്‍പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചു വരുന്നു.  പുതിയ ട്രെയിനുകള്‍, കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍വെ സാധ്യതാപഠനം ഇതൊക്കെ വരും  വര്‍ഷങ്ങളില്‍ ചെയ്ത് തീര്‍ക്കേണ്ടവയില്‍  തുടക്കമിട്ടവയാണ്. ഇത് പൂര്‍ത്തിയാക്കുന്ന പക്ഷം ബാംഗ്ലൂരിലേക്ക് തിരുവനന്തപുരത്തിനേക്കാള്‍ വേഗത്തില്‍, നിലവിലെ സമയത്തെ അപേക്ഷിച്ച് നാല് മണിക്കൂര്‍ ലാഭിക്കാന്‍ കഴിയും കാസര്‍കോട്ടുകാര്‍ക്ക്.

സപ്തഭാഷാ സംഗമ ഭൂമിയാണ് കാസര്‍കോട്. ഭാഷയുടെ, വാക്കിന്റെ അഴിമുഖം. തുളുസംസാരിക്കുന്നവരുടെ, ആ ഭാഷയുടെ തന്നെ ഉറവിടം ഇവിടമാണ്. ഒരു ഭാഷയുടെ തറവാട്. തുളു ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പെടുത്താനുള്ള ശ്രമം തുടങ്ങി വെക്കാന്‍ കഴിഞ്ഞത് നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്താം. ഇത് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഹൃദയഭാഷ. മരിച്ചില്ലാതായിക്കൊണ്ടിരിക്കുന്ന സംസ്‌കാരമാണ് തുളു. ലിപിയില്ലാത്ത ഈ അപൂര്‍വ സമ്പത്തിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു, ഈ വായ്‌മൊഴിയെ.

കേന്ദ്ര യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം പെരിയയില്‍ ആരംഭിച്ചു കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്കിന്റെ യൂണിറ്റ് സീതാംഗോളിയില്‍ സ്ഥാപിക്കപ്പെടുന്നതിന്റെ  ഉദ്ഘാടനം പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി നേരിട്ടെത്തിയാണ് നിര്‍വഹിച്ചത്. ഇടതു പക്ഷ ജനപ്രതിനിധികളെ പുകഴ്ത്തിപ്പറയാന്‍ മന്ത്രി അന്ന് മടി കാണിച്ചിരുന്നില്ല. പയ്യന്നൂര്‍, കാഞ്ഞങ്ങാട്, പെരിങ്ങോം കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങാന്‍  കഴിഞ്ഞത് വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തന മികവായി കാണാന്‍ കഴിയണം.

വിദര്‍ഭ പാക്കേജിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണ സേനയുടെ യൂണിറ്റുകള്‍ നീലേശ്വരത്തും പയ്യന്നൂരും തുടങ്ങാനിരിക്കുന്നു. അര്‍ധ പട്ടിണിക്കാരാണ് അടക്കാ കര്‍ഷകര്‍. അടക്കാ നിരോധിക്കുന്നതിനെ ചെറുക്കാന്‍ തുടങ്ങി വെച്ചവ മറക്കാവുന്നതല്ല.
നാട്ടിലുടനീളം ചെറുതും വലുതുമായ വികസന പ്രവര്‍ത്തനത്തിനൊപ്പം നിന്ന സ്ഥാനാര്‍ത്ഥി എന്തു കൊണ്ടും യോഗ്യനാണെന്ന് പാര്‍ട്ടി കരുതുന്നു. കീഴ് വഴക്കങ്ങളും ധാരണകളും തിരുത്തി വീണ്ടും പി. കരുണാകരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് അതു വഴിയായിരിക്കണം.

തുടങ്ങി വെച്ചവ പൂര്‍ത്തീകരിക്കാന്‍ വീണ്ടും പി. കരുണാകരന്‍
Prathiba Rajan
(Writer)
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മുമ്പെന്നതിനേക്കാളെറെ ആഴത്തില്‍ തറ പറ്റിക്കാന്‍ ഇടതു മുന്നണിക്ക് സാധ്യമാകുമെന്നും മൂന്നാം വട്ടവും സീറ്റ് കൈവശപ്പെടുത്താനാകുമെന്നും മുന്നണി കരുതുന്നു. ഐ.എന്‍.എല്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പി. കരുണാകരന്റെ വ്യക്തിപ്രഭാവത്തിനു മുമ്പില്‍ ഒന്നുമാവില്ലെന്ന വിശ്വാസത്തോടൊപ്പം, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും ഇടതുപക്ഷം കരുതുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Article, Election-2014, P. Karunakaran-MP, Prathibha-Rajan, UDF, LDF, Development. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia