city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതമൈത്രി സന്ദേശവുമായി ചെറിയ പെരുന്നാള്‍

ഖാലിദ് പൊവ്വല്‍

(www.kasargodvartha.com 26.07.2014) ആത്മ സംസ്‌ക്കരണത്തിന്റെ മാസം നമ്മോട് വിടപറയുകയാണ്. ലോക മുസ്ലിംങ്ങളെ ഹര്‍ഷ പുളകിതരാക്കിക്കൊണ്ട് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സമാഗതമായി. തക്ബീറിന്റെ മന്ത്രധ്വനികളുമായി പുതുവസ്ത്രങ്ങളണിഞ്ഞ് ആ ബാല - വൃദ്ധ ജനങ്ങള്‍ പള്ളിയിലേക്കൊഴുകുകയാണ്. മൈലാഞ്ചിയും സുറുമയും അത്തറും പെരുന്നാള്‍ ആഘോഷത്തിന് പൊലിമ നല്‍കുന്നു.
പെരുന്നാള്‍ പൊന്‍ പുലരിക്കായി കാത്തിരിക്കുമ്പോള്‍ പിന്നിട്ട പുണ്യമാസത്തിലേക്ക് നാമൊന്ന് തിരിഞ്ഞു നോക്കേണ്ടതാണ്. വിശുദ്ധ റമദാനെ അതര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാന്‍ സാധിച്ചില്ലെന്ന കുറ്റ ബോധം നമുക്കില്ലേ? ദാനധര്‍മങ്ങള്‍ക്ക് അനേകമിരട്ടി പുണ്യം ലഭിക്കുന്ന അവസാന നാളുകള്‍ പോലും നമുക്ക് ഉപയോഗപ്രദമാക്കാന്‍ കഴിയുന്നില്ല. ആയിരം മാസങ്ങളേക്കാള്‍ പുണ്യം വിതറിയ ലൈലത്തുല്‍ ഖദ്‌റില്‍ ഭൂമിയിലിറങ്ങി വന്ന മലക്കുകളുടെ ആശ്വാസ വചനങ്ങള്‍ക്കും നാമര്‍ഹരായില്ല.

ചെയ്തു പോയ തെറ്റുകള്‍ പൊറുക്കാനും മേലില്‍ അതുണ്ടാവാതെ സൂക്ഷിക്കാനും നമുക്ക് സാധിക്കാതെ പോയോ? പെരുന്നാള്‍ രാവിലും പുലരിയിലും തക്ബീറിന്റെ മന്ത്രധ്വനികളാണ് അലയടിക്കുന്നത്. അല്ലാഹു അക്ബര്‍.....അല്ലാഹുവാണ് വലിയവന്‍ എന്ന അനശ്വര സത്യം അത്യുച്ചത്തില്‍ വിളിച്ചു പറയുകയാണ്. ഈ തക്ബീര്‍ ധ്വനി ലോകത്തുള്ള സകല പൈശാചിക ദുശ്ശക്തികളെയും വലിച്ചെറിയാനുള്ള ആഹ്വാനമാണ് മുഅ്മിനുകളുടെ മനസുകളില്‍ പ്രതിജ്ഞ എടുപ്പിക്കുന്നത്.

വിശ്വാസികള്‍ പ്രപഞ്ച നാഥനോടുള്ള കൂറ് പ്രകടിപ്പിക്കാന്‍ ഒത്തു കൂടുകയാണ്.  പുതുപുത്തന്‍ ഉടയാടകളണിഞ്ഞ് പുളകം കൊള്ളുന്ന ഈദിന്റെ സുദിനത്തില്‍ പിഞ്ചോമനകളുടെ പൊട്ടിച്ചിരികളും മൈലാഞ്ചിയണിഞ്ഞ കരങ്ങള്‍ കൊണ്ട് കൈമുട്ടി പാട്ടും മന്ദസ്മിതം തൂകുന്ന വദനങ്ങളും പെരുന്നാള്‍ ദിനത്തില്‍ മനോഹാരിത പകരുന്നു.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഒരേ മനസോടെ ഒരേ മന്ത്രത്തോടെ പള്ളിയിലെത്തി പെരുന്നാള്‍ നിസ്‌ക്കാരം നിര്‍വഹിച്ച് തിരിച്ചു പോകുമ്പോള്‍ മലക്കുകളെ സാക്ഷി നിര്‍ത്തി അല്ലാഹു പറയുമത്രെ.'ഓ..... മലക്കുകളേ നബി (സ)തങ്ങളുടെ ഉമ്മത്തിനെ നിങ്ങള്‍ കാണുന്നില്ലേ? ഞാന്‍ അവരുടെ പേരില്‍ നോമ്പ് നിര്‍ബന്ധമാക്കിയിരുന്നു.  അത് അവര്‍ നിര്‍വഹിച്ചു.  എന്റെ ഭവനമായ പള്ളികളെ ആരാധന കൊണ്ടവര്‍ ജീവസുറ്റതാക്കി.  എന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ അവര്‍ പാരായണം ചെയ്തു.  തെറ്റുകളെ അവര്‍ സൂക്ഷിച്ചു.  അവരുടെ ശരീരത്തിന്റെ സക്കാത്ത് അവര്‍ നല്‍കി.  പിന്നെ അവര്‍ അല്ലാഹുവിന്റെ പള്ളിയിലേക്ക് പുറപ്പെട്ടു.

ഞാന്‍ നിങ്ങളെ സാക്ഷി നിര്‍ത്തുന്നു.  ഓ മലക്കുകളേ സ്വര്‍ഗത്തില്‍ എന്റെ തൃപ്തി അവര്‍ക്കത്രെ'
പെരുന്നാള്‍ ദിവസം എന്ത് ചോദിച്ചാലും ഞാന്‍ അവര്‍ക്ക് നല്‍കുമെന്ന് അല്ലാഹു പറയുന്നു.  പെരുന്നാള്‍ ദിവസങ്ങളില്‍ ഒട്ടേറെ അനുഗ്രഹങ്ങളും പ്രതിഫലവുമാണ് അല്ലാഹു വിശ്വാസികള്‍ക്കായി നല്‍കുന്നത്.  അതുകൊണ്ടു തന്നെ പെരുന്നാളിന്റെ മഹത്വത്തെ നാം കാത്തു സൂക്ഷിക്കേണ്ടതുണ്ട്.

ഒരു മാസക്കാലത്തെ  തീക്ഷ്ണമായ വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച ആത്മീയ ചൈതന്യം ഒരൊറ്റ ദിനം കൊണ്ട് തകര്‍ത്തെറിയുന്ന വിധത്തിലാകരുത് പെരുന്നാളാഘോഷം. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം കൂടിയാണ് പെരുന്നാള്‍ സുദിനം. വിശപ്പടക്കാന്‍ വകയില്ലാത്തവരായി ഈ ദിവസത്തില്‍ ആരും ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധമാണ് ഫിത്വര്‍ സക്കാത്തിലൂടെ പരിഹരിക്കപ്പെടുന്നത്.  താന്‍ ഭക്ഷിക്കുന്നതിന് മുമ്പ് തന്റെ സഹോദരങ്ങളെ ഭക്ഷിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം ഫിത്വര്‍ സക്കാത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നു.
മതമൈത്രി സന്ദേശവുമായി ചെറിയ പെരുന്നാള്‍

വിശ്വമാസകലമുള്ള സത്യവിശ്വാസികള്‍ വിശുദ്ധ ഈദ് സുദിനത്തില്‍ സ്‌നേഹവും സാഹോദര്യവും പങ്കു വെയ്ക്കുന്നു.  ഇഹപര ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി പ്രപഞ്ച നാഥനോട് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു. സ്വകുടുംബത്തോടൊപ്പം പെരുന്നാള്‍ ദിനം പങ്കുവെയ്ക്കാന്‍ കഴിയാതെ ശത്രുവിന്റെ വാള്‍മുനയ്ക്കു മുമ്പിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും ജയിലറകളിലും മറ്റുമായി നാളുകള്‍ തള്ളി നീക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക കൂടിയാണ് ഈ സുദിനത്തില്‍.

പെരുന്നാള്‍ ആഘോഷിക്കാനുള്ളത് തന്നെയാണ് എന്നാല്‍ അത് അതിരു കടക്കാന്‍ പാടില്ല.  ദിക്‌റുകള്‍ കൊണ്ടും അമലുകള്‍ കൊണ്ടും അലങ്കൃതമാവണം ഈദിന്റെ അന്തരീക്ഷം.  കുടുംബ - അയല്‍പക്ക ബന്ധങ്ങള്‍ സുദൃഡമാവട്ടെ.  സാമുദായിക മൈത്രിയും പരസ്പര സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമാറാകട്ടെ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Article, Khalid Povvel, Eid Celebration, Programme, Ramadan. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia