city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വപ്‌നത്തില്‍ വന്ന എന്റെ ഉമ്മാമ പറഞ്ഞ കഥയും അവരുടെ പഴയ ഉടുപ്പുപെട്ടിയും

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 01.05.2019)
എന്റെ ഉമ്മാമ മരിച്ചിട്ട് 40 വര്‍ഷമായി. അവരെ ഞാന്‍ ഇന്നലെ രാത്രിയില്‍ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ട ഉമ്മാമക്ക് ഒരു മാറ്റവും വന്നിട്ടില്ല. അന്ന് കണ്ടതു പോലെയുള്ള വെളുത്ത കാച്ചിമുണ്ട്, കൈത്തുന്ന് കൊണ്ട് ഉണ്ടാക്കിയ വെളുത്ത മേല്‍ക്കുപ്പായം, തലയില്‍ പൂവാര്‍ണ തട്ടം. സുറുമയെഴുതിയ മനോഹരമായ കണ്ണ്, മുടി എണ്ണതേച്ച് വാര്‍ന്ന് മിനുക്കി വെച്ചിട്ടുണ്ട്. ഉമ്മാമ എന്നോട് പറയാന്‍ തുടങ്ങി. 'മോനേ എന്റെ ഉടുപ്പുപെട്ടി ആര്‍ക്കും കൊടുത്തേക്കല്ലേ. അത് മോന്‍ വാങ്ങിസൂക്ഷിക്കണം. മോന്‍ ഇത്തര വസ്തുക്കളെല്ലാം സൂക്ഷിച്ചു വെക്കുന്ന സ്വഭാവക്കാരനല്ലേ?

ആ പെട്ടിക്ക് ഒരുപാട് കഥ അറിയാം മോനെ. നാനൂറ് കൊല്ലത്തോളം പഴക്കമുണ്ടതിന്. തേക്ക്മരം കൊണ്ട് ഉണ്ടാക്കിയതാണ്. നിന്റെ ഉപ്പാപ്പക്ക് ആരോ സമ്മാനമായി കൊടുത്തതാണത്. അതിലാണ്. എന്റെ പട്ടുതുണിവെച്ചിട്ടുള്ളത്.'

ഉമ്മാമ പട്ടുതുണിയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മയിലുളള കാര്യം ഞാനും പങ്കുവെച്ചു. പ്രധാനപ്പെട്ട പരിപാടികള്‍ക്ക് പോവുമ്പഴേ ഉമ്മാമ അത് ഉടുക്കൂ. ചേറും ചെളിയും പറ്റാതെ ശ്രദ്ധിച്ചു നടക്കും. വന്ന ഉടനെ തുവര്‍ത്തി മടക്കിപെട്ടിയില്‍ വെക്കും. കാണാനെന്ത് രസമായിരുന്നെന്നോ ആ പട്ട്മുണ്ട്! അതുടുത്ത ഉമ്മാമയോടൊപ്പം ഞാനും പോയ കാര്യം ഓര്‍മ്മിച്ചു. വെള്ളച്ചാല്‍, പുത്തിലോട്ട്, കാങ്കോല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന നിക്കാഹ് ചടങ്ങുകള്‍ക്ക് പോവുമ്പോഴാണ് ഞാനും കൂടെ പോയിട്ടുള്ളത്.

ആ പെട്ടി മീത്തലെ കൊട്ടിലിലെ ചുമരിനോട് ചേര്‍ന്നാണ് വെക്കാറ്. പെട്ടി കസേരയായിട്ടും ഉപയോഗിക്കും. അമ്മാവന്മാര്‍ വീട്ടില്‍ വന്നാല്‍ അതിന്മേലിരുന്നിട്ടാണ് ഉമ്മാമയോട് സംസാരിക്കാറ്. പെട്ടിയുടെ താക്കോല്‍ ഉമ്മാമയുടെ അരഞ്ഞാണത്തില്‍ കെട്ടിതൂക്കിയിട്ടുണ്ടാവും. പെട്ടിക്കകത്ത് ചെറിയൊരു പെട്ടി കൂടിയുണ്ട്. അതിലാണ് പൊന്നും, പൈസയും വെക്കാറ്. ആ ചെറിയപെട്ടി ഉമ്മാമ മരിക്കുന്നത് വരെ ഞങ്ങളെയൊന്നും തുറന്ന് കാണിച്ചിട്ടില്ല.

ഉമ്മാമ ജീവിച്ചിരുന്ന കാലത്ത് പറയുന്ന ഒരു കാര്യമുണ്ട്. മോനെ മക്കളായാലും, ബന്ധുക്കളായാലും പ്രായമായാല്‍ നമ്മളെ ശ്രദ്ധിക്കണമെങ്കില്‍ എന്തെങ്കിലും സമ്പാദ്യമുണ്ടാകണം. അത് എത്രയാണെന്നോ, എങ്ങനെയാണെന്നോ ആരോടും വെളിപ്പെടുത്തരുത്. പെട്ടിയുടെയോ, മറ്റോ താക്കോല്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് നല്‍കരുത്. കയ്യില്‍ തന്നെ സൂക്ഷിക്കണം. ബന്ധുജനങ്ങള്‍ പെട്ടിയുടെ ഉള്ളിലെ കാര്യമറിഞ്ഞാല്‍ 'ഇത്രേയുളളു' എന്ന് കരുതും. കയ്യില്‍ പണമൊന്നുമില്ലെങ്കിലും, ഉണ്ട് എന്ന നാട്യം കാണിക്കണം. എങ്കിലേ നമ്മളെ ബന്ധുക്കളും മറ്റും ശ്രദ്ധിക്കുകയുള്ളൂ.

ഈ ഉപദേശം ഉമ്മാമ എനിക്കു തന്നത്, അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചപ്പോഴാണ്. ഞാന്‍ ഒരു മേശ വാങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ താക്കോല്‍ അതേ മേശമേല്‍ വെച്ച് ഞാന്‍ പോകും. അപ്പോഴാണ് താക്കോലിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തിയത്. ഉമ്മാമയുടെ ഉപദേശം ഞാനിപ്പോഴും പാലിക്കുന്നുണ്ട്.

ഉമ്മാമ എന്റെ അടുത്തിരുന്നു. വീണ്ടും കിസ്സ പറയാന്‍ തുടങ്ങി. 'മോനെ നമ്മുടെ വലിയ കൊട്ടിലിലുണ്ടായ പത്തായവും അവിടെത്തന്നെയില്ലേ? നിന്റെ ഉപ്പാന്റെ അറയില്‍ ഉള്ള പത്തായവും, തൂക്കുവിളക്കും, നെലവിളക്കും, കോളമ്പിയും എല്ലാം അവിടെയില്ലേ?'

ഈ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ഭയമായി. അതൊന്നും അവിടെ ഇപ്പോഴില്ല. ആ തറവാട് വീട് തന്നെ വിറ്റു. ഇപ്പോള്‍ അരുടെയോ കൈവശമാണുള്ളത്.

ഇക്കാര്യവും ഉമ്മാമയോട് സൂചിപ്പിച്ചു. ഉമ്മാമ പറഞ്ഞു തുടങ്ങി. 'യാ റബ്ബേ' നേര്‍ച്ചക്കാര്‍ പൊറുക്കുമോ അത്. തറവാട്ടില്‍ എല്ലാവര്‍ഷവും റാത്തീബ് കഴിക്കുന്നതല്ലേ? അതിന്റെ ദോഷം എന്റെ മക്കള്‍ക്ക് കൊടുക്കല്ലേ റബ്ബേ..  'പുത്തിമോശം' കൊണ്ട് 'അയിറ്റിങ്ങ' ചെയ്ത് പോയതാണേ.. ഉമ്മാമയുടെ 'ദുആ' കേട്ടപ്പോള്‍ പേടിമാറി.

മോന്‍ അറിയാത്ത കുറേകാര്യം പറയാനുണ്ട്. മോന്‍ കേട്ടോ.. കഥയെഴുതുന്ന ആളല്ലേ? 'നിന്റെ ഉപ്പുപ്പ വലിയ പൈശക്കാരനായിരുന്നു. പച്ച അരപ്പട്ട നിറയെ സ്വര്‍ണ്ണ നാണയങ്ങളുണ്ടാവും. മീന്‍കാരിയോട് മീന്‍ വാങ്ങിച്ചാല്‍ പോലും അരപ്പട്ടേന്ന് സ്വര്‍ണ്ണക്കാശ് എടുത്തു എറിഞ്ഞു കൊടുക്കും. എത്ര ആഢ്യത്വത്തില്‍ കഴിഞ്ഞ അളായിരുന്നു! മൂപ്പര്‍ മൂന്ന് പെണ്ണ് കെട്ടീന്. എല്ലാത്തിലും മക്കളുണ്ട്. പക്ഷേ അവസാനം ഒന്നുമില്ലാതെ ജീവിക്കേണ്ടിവന്നു. 'തലയ്ച്ചാപ്പ' കച്ചോടം നടത്തിയാണ് അവസാന നാളുകള്‍ കഴിച്ചു കൂട്ടിയത്.

നിന്റെ ഉപ്പാപ്പ ആദ്യം കെട്ടിയത് എന്റെ ഇത്താത്തയെയാണ്. അവള്‍ മരിച്ച ശേഷമാണ് എന്നെ കെട്ടിയത്. ഞാന്‍ മൂന്നാള്‍ക്ക് 'ബാണിന്' മോനെ. ആദ്യം കെട്ടിയ കാങ്കോക്കാരനില്‍ മൂത്തമോന്‍ മുഹമ്മദ്കുഞ്ഞി, രണ്ടാമത് വെള്ളൂര്‍ക്കാരന്‍ കെട്ടി. അതില് ഹൈദര്‍ ഉണ്ടായി, മൂന്നാമതാണ് നിന്റെ ഉപ്പൂപ്പ കെട്ടിയത്.'

ഈ ഉമ്മാമക്ക് ഇതൊക്കെ ഓര്‍ത്തു വെക്കാന്‍ കഴിയുന്നണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു. 'മോനേ നമ്മുടെ പീടിക പറമ്പ് എന്തായി? അവിടെത്തന്നെ ഇല്ലേ?' 'അതിലാണ് ഉമ്മാമയുടെ മകന്‍ സുലൈമാനിച്ച താമസം. ഉമ്മാമയുടെ അഞ്ച് മക്കളും ഇന്നില്ല. എല്ലാവരും ഉമ്മാമയുടെ അടുത്തേക്ക് വന്നിട്ടുണ്ട്.'

'ഓ മോന്റെ അനിയന്‍ കുഞ്ഞബ്ദുല്ലയും എന്റെ അടുത്തേക്ക് വന്നു അല്ലേ? മോനെ നമ്മുടെ ഇടവഴിയും, കല്ലിടാമ്പിയും, ഉച്ചന്‍ വളപ്പിലെ തെയ്യം കല്ലായി മറിഞ്ഞതും ഒക്കെ എന്തായി?'

'അതൊക്കെ മാറി ഉമ്മാമ.. ഇടവഴിയെല്ലാം പോയി.. നല്ല ടാറിട്ട റോഡായി, കല്ലിടാമ്പിയും തെയ്യം കല്ലായി മറിഞ്ഞതും ഒക്കെ പോയി അവിടമൊക്കെ ടാറിട്ട റോഡു വന്നു.'

അത്രയും സംഭാഷണം നടന്നപ്പോഴേക്കും ഞാന്‍ ഞെട്ടിയുണര്‍ന്നു. ഉമ്മാമ പറഞ്ഞ കാര്യങ്ങളോര്‍ത്തു കുറേ നേരം ഉറങ്ങാതെ കിടന്നു. നേരം പുലര്‍ന്നപ്പോള്‍ ഉമ്മാമയുടെ ഉടുപ്പ് പെട്ടി കൈവശം വെച്ചിരിക്കുന്ന അനിയന്‍ ലത്തീഫിനെ വിളിച്ചു. ആ പെട്ടിയുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. പത്ത് നാനൂറ് കൊല്ലം മുമ്പുള്ള ആ പെട്ടിക്ക് എന്തെല്ലാം കഥ പറയാനുണ്ടാവും? അതില്‍ സൂക്ഷിച്ചുവെച്ച സ്വര്‍ണ്ണം, പണം, പട്ടുതുണികള്‍, കൈകാര്യം ചെയ്ത പെണ്ണുങ്ങളുടെ കഥ, അവരുടെ വിവാഹച്ചടങ്ങുകള്‍, പെറ്റുകൂട്ടിയ മക്കളെക്കുറിച്ച്, ആ പെട്ടിമേല്‍ വന്നിരുന്ന പഴയ വ്യക്തികളെക്കുറിച്ച്. അവരുടെ ജീവിത രീതിയെക്കുറിച്ച് എല്ലാം പറയാനുണ്ടവും.

തലമുറകളായി ഉപയോഗിച്ചു വന്ന ഇത്തരം അപൂര്‍വ്വ സാധനങ്ങള്‍ നശിപ്പിച്ചുകളയാതെ സൂക്ഷിച്ചു വെക്കേണ്ടത് നമ്മുടെ കടമയാണ്. ഉമ്മാമ ഉപയോഗിച്ചിരുന്ന 'തുമ്മാന്‍പെട്ടി', 'കാടിക്കുഴി', വുളൂഅ് ചെയ്യാന്‍  (നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താന്‍) ഉപയോഗിച്ചിരുന്ന കിണ്ടി ഇതൊക്കെ ഇന്നും കേടുകുടാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഉമ്മാമ എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അതു കൊണ്ടായിരിക്കാം ഇടയ്ക്കിടയ്ക്ക് ഉമ്മാമയെ സ്വപ്നം കാണുന്നതും കഴിഞ്ഞകാല ഓര്‍മ്മകള്‍ അയവിറക്കുന്നതും..

സ്വപ്‌നത്തില്‍ വന്ന എന്റെ ഉമ്മാമ പറഞ്ഞ കഥയും അവരുടെ പഴയ ഉടുപ്പുപെട്ടിയും

സ്വപ്‌നത്തില്‍ വന്ന എന്റെ ഉമ്മാമ പറഞ്ഞ കഥയും അവരുടെ പഴയ ഉടുപ്പുപെട്ടിയും

സ്വപ്‌നത്തില്‍ വന്ന എന്റെ ഉമ്മാമ പറഞ്ഞ കഥയും അവരുടെ പഴയ ഉടുപ്പുപെട്ടിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Article, Kookanam-Rahman, Dream story of my grandma. 
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia