Anger | അമിതമായ ദേഷ്യം കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ?
Mar 25, 2024, 14:32 IST
_ബസരിയ ആദൂർ_
(KasargodVartha) എന്താണ് ദേഷ്യം? നമ്മള്‍ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന രീതിയിൽ മറ്റുള്ളവർ പെരുമാറാതിരിക്കുമ്പോൾ, ആഗ്രഹിച്ച കാര്യങ്ങൾ ആഗ്രഹിച്ച രീതിയിൽ നടക്കാതെ വരുമ്പോൾ പ്രതികാരത്തോടെ നാം കാണിക്കുന്ന വികാരമാണ് ദേഷ്യം. ദേഷ്യം എന്നത് എല്ലാവരിലും ഉണ്ടാകുന്ന മനുഷ്യ സഹജമായ വികാരമാണ്. എന്നാൽ അത് അമിതമായാൽ, അനിയന്ത്രിതമാകുമ്പോൾ നമുക്ക് തന്നെയാണ് കുഴപ്പം എന്നതും മനസിലാക്കേണ്ട കാര്യമാണ്. ദേഷ്യം വരുമ്പോൾ നമ്മള്‍ പറയുന്ന വാക്കുകൾ, കാണിച്ചു കൂട്ടുന്ന പ്രവൃത്തികൾ ഇവയിൽ നിന്നൊക്കെ നമ്മുടെ ദേഷ്യത്തിന്റെ ആഴം മനസ്സിലാക്കാം.
മോശമായ ഒരു സ്വഭാവ വൈകല്യമാണ് അമിതമായ ദേഷ്യത്തിലൂടെ മറ്റുള്ളവരോട് വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ പ്രതികരിക്കാൻ പോകുന്നത്. ദേഷ്യം വരാത്തവർ ആരുമുണ്ടാവില്ല. എന്നാൽ നമ്മുടെ ദേഷ്യം കൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കേണ്ടത് നമ്മുടെ മര്യാദകളിൽ പെട്ടതാണ്. ദേഷ്യം വന്നാലും പ്രതികരിക്കാതെ മൗനമായി ഇരിക്കുന്നവരും വലിയ രീതിയിൽ ദേഷ്യം പ്രകടിപ്പിക്കുന്നവരും ധാരാളമുണ്ട്. അമിതമായ ദേഷ്യം ആരോഗ്യകരമല്ല. ഇത് ശാരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും മോശമായ രീതിയിൽ തന്നെ ബാധിക്കുന്നതായിരിക്കും.
കുറച്ചൊക്കെ നമ്മുടെ ചിന്തകൾ മാറ്റിയാൽ തന്നെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ സന്തോഷത്തെയോ നമ്മുടെ ആഗ്രഹങ്ങൾക്കോ പ്രാധാന്യം കല്പിക്കുന്ന പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക. മനസ് എപ്പോഴും പോസിറ്റീവ് ചിന്തകളാക്കി മാറ്റാൻ ശ്രമിക്കുക. മറ്റുള്ളവരിൽ നിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കാതിരിക്കുക. നമ്മുടെ ജീവിത, നമ്മുടെ സന്തോഷം ഇതൊക്കെ നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കാതിരിക്കുക.
ദേഷ്യം വരുന്ന സമയത്തു മറ്റു വിനോദങ്ങളിൽ ഏർപ്പെടാം. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാം. നല്ല പുസ്തകങ്ങൾ വായിക്കാം. മനസിന് സമാധാനവും ശാന്തിയും ലഭിക്കാൻ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാം. അവരവരുടെ മത ഗ്രന്ഥങ്ങൾ വായിക്കുന്നത് മനസിന് ശാന്തി ലഭിക്കും. ദീർഘ നിശ്വാസം എടുത്ത് അല്പം റിലാക്സ് ചെയ്യുക. വ്യായാമോ യോഗയോ ശീലിക്കാം. അൽപ്പം നടക്കുന്നതും ദേഷ്യത്തെ നിയന്ത്രിക്കാൻ സഹായിക്കും. ആരോടാണോ ദേഷ്യപ്പെടുന്നത് അയാളുടെ ഭാഗം ചിന്തിക്കുക. അയാളുടെ നിലപാടുകളെ മാനിക്കുക കൂടി ചെയ്യുക.
ബന്ധങ്ങൾ തകർക്കാനുള്ള പ്രധാന കാരണമാണ് അമിതമായ ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകർന്ന് പോവാനുള്ള വലിയ കാരണം തന്നെ ദേഷ്യമാണ്. ബന്ധങ്ങൾ ഏത് തന്നെയായാലും ദേഷ്യം നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുക. ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും പരസ്പര ബഹുമാനം നില നിർത്തുക. വ്യക്തിപരമായ നിലപാടുകളെ പരസ്പരം അംഗീകരിക്കുക. രണ്ട് സാഹചര്യങ്ങളിൽ രണ്ട് തരം ജീവിത ശൈലികളിൽ വ്യത്യസ്ത ചുറ്റുപാടുകളിൽ വെവ്വേറെ മാതാപിതാക്കളുടെ പരിഗണനനയിൽ വെവ്വേറെ ശരീരവും ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ള രണ്ട് വ്യക്തികൾ ഒരുമിച്ചു ജീവിക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതാണ് അത്ഭുതം.
എന്നാൽ പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും ഉത്തരവാദിത്തങ്ങൾ പരസ്പരം നിറവേറ്റികൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുന്നിടത്തു നല്ല കുടുംബ ജീവിതം വേരുറയ്ക്കുന്നു. സ്വന്തം ദേഷ്യത്തിന്റെ പുറത്തു മറ്റുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നിടത്തു കുറ്റപ്പെടുത്തലുകളും കുത്തു വാക്കുകളും ഉണ്ടാകുമ്പോഴാണ് കുടുംബ ജീവിതത്തിന്റെ അകത്തളങ്ങൾ അശാന്തമാവുന്നത്. ഈ അമിതമായ ദേഷ്യം ഒരു മാനസിക വൈകല്യം കൂടിയാണ്. ഇത് നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ വളരെ ആഴത്തിൽ തന്നെ ബാധിക്കുന്നതായിരിക്കും.
ചില ആളുകളുടെ അഹങ്കാരമാണ് ദേഷ്യം. ഞാൻ വലിയ ദേഷ്യക്കാരൻ എന്ന ചിന്തയിൽ മറ്റുള്ളവരോട് ദേഷ്യപ്പെട്ട് ഇടപെടുന്നവരുണ്ട്. ഇത്തരം സ്വഭാവ വൈകല്യങ്ങൾ നിങ്ങളെ ബന്ധങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തും. നിങ്ങളുടെ സാന്നിധ്യം കൂടെയുള്ളവർക്ക് ശല്യമായി തോന്നും. നമുക്ക് കനിഞ്ഞു കിട്ടുന്ന ഈ ഒരു ജീവിതം നമ്മുടെ ഭാഗ്യമാണ്. കുറച്ചു കാലത്തെ ആയുസ്സിൽ ആവശ്യത്തിന് ജീവിതം ആസ്വദിച്ചു ബന്ധങ്ങളെ കാത്തു സൂക്ഷിച്ചു സ്നേഹവും സൗഹൃദവും സാഹോദര്യവും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോവുക.
Keywords: Article, Editor’s-Choice, Anger, Success Tips, Career, Does excessive anger disrupt family life?.