city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ സി പി എം സമ്മേളനങ്ങളില്‍ അണികളില്‍ നിന്നുമുണ്ടാകുന്നില്ല; ചോദ്യങ്ങള്‍ മുഴുവന്‍ പ്രാദേശിക തര്‍ക്കങ്ങളെക്കുറിച്ച്

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 21.09.2017)
ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യോഗ്യതാ പട്ടിക തയ്യാറാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച്ച പറ്റിയെന്ന നിലക്കാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ മുന്നോട്ടു പോകുന്നത്. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ ആദ്യ മന്ത്രിസഭയെ പിരിച്ചു വിടുന്നതിനുള്ള മറ്റൊരു കാരണം ആന്ധ്ര അരി കുംഭകോണമാണെന്നും ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ അരി നയം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അന്ന് എ.ഐ.സി.സി അദ്ധ്യക്ഷയായിരുന്ന ഇന്ദിരാഗാന്ധി കേരളം സന്ദര്‍ശിച്ചതിനു ശേഷം അച്ഛനോട് ചെന്നു പറഞ്ഞു. അവിടെ വന്‍ പ്രക്ഷോഭം നടക്കുന്നു. അന്വേഷണം വേണം. അങ്ങനെയാണ് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമന്‍നായര്‍ ചെയര്‍മാനായുള്ള അന്വേഷണ കമ്മീഷന്‍ ഉണ്ടാകുന്നത്. അരി ഇടപാടില്‍ സംസ്ഥാനത്തിനു ഭീമമായ നഷ്ടം സംഭവിച്ചതായി അവര്‍ കണ്ടെത്തി. പട്ടിണി മാറ്റാനാണ് അധിക വില നല്‍കി അരി വാങ്ങിയതെന്ന ഇ.എം എസിന്റെ വാദഗതി വിലപ്പോയില്ല. ഭക്ഷ്യക്ഷാമം നേരിടുന്ന സംസ്ഥാനം എന്ന പരിഗണന നല്‍കാതെ കേന്ദ്രവും കേരളത്തിനെതിരായി.

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണം ആവശ്യമില്ലെന്ന് ഇന്ദിരാ ഗാന്ധി തറപ്പിച്ചു പറഞ്ഞു. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചു വിടുന്നതിന് ഉല്‍പ്രേരകമായ സംഭവമായി അത് മാറി. അന്ന് അങ്ങനെ ചെയ്തിരുന്നില്ലാ എങ്കില്‍ അക്കൊല്ലത്തെ ഓണക്കാലം പട്ടിണിയില്‍ വന്നു പെടുമായിരുന്നു എന്ന കാര്യം ഇവിടെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. കടപത്രമിറക്കി സ്വരൂപിച്ച 800 കോടി രൂപാ കൊണ്ടാണ് ഇത്തവണ കേരളം ഓണമുണ്ടത്. 35 രൂപാ കൊടുത്ത് സ്വകാര്യ മുതലാളിമാരില്‍ നിന്നും വാങ്ങിയ അരിയാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോ വീതം സൗജന്യമായും, ഓരോ കാര്‍ഡിനും അഞ്ചു കിലോ വീതം 25 രൂപക്കു സപ്ലൈക്കോ വഴിയും നല്‍കിയത്. ഒരു പ്രതിപക്ഷവും പരാതി പറഞ്ഞില്ലെന്നു മാത്രമല്ല, മുന്നോക്ക പട്ടികയില്‍ പെടാത്തതിന്റെ പേരില്‍ കൊടിയുടെ കട തിരിച്ചു പിടിച്ച് യൂദ്ധത്തില്‍ ഏര്‍പ്പെടാനാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ശ്രമിക്കുന്നത്.

രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ സി പി എം സമ്മേളനങ്ങളില്‍ അണികളില്‍ നിന്നുമുണ്ടാകുന്നില്ല; ചോദ്യങ്ങള്‍ മുഴുവന്‍ പ്രാദേശിക തര്‍ക്കങ്ങളെക്കുറിച്ച്

പട്ടികയില്‍ നിന്നും പുറത്തു പോകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ പിടിപ്പു കേടല്ല. 1965 മുതല്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം ഇല്ലാതായത് കേന്ദ്രനയം മൂലമാണ്. 1997 ജൂണ്‍ മാസം മുതല്‍ ഗുണഭോക്താക്കളെ ബി.പി.എല്‍, എ.പി.എല്‍ വിഭാഗങ്ങളാക്കി തരം തിരിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നയം വന്നപ്പോള്‍ അവ മാറി. കേന്ദ്രം അര്‍ഹരുടെ പുതിയ ലിസ്റ്റ് ചോദിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അതു തയ്യാറാക്കിയിരുന്നില്ല. ലിസ്റ്റ് തന്നില്ലെങ്കില്‍ ഇനി മുതല്‍ അരിയുമില്ലെന്ന് മോദി സര്‍ക്കാര്‍ പിണറായിയെ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നിലവിലെ പട്ടിക തന്നെ മിനുക്കി നല്‍കേണ്ടി വന്നു. തുടക്കം അവിടം മുതലാണ.് അതോടൊപ്പം പരാതിയുടെ തുടക്കവും. ഇതോടെ റേഷന്‍ താറുമാറായി. തിരിമറി വ്യാപകമായി. പാവപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നീക്കിവച്ച സര്‍ക്കാര്‍ സൗജന്യത്തിന്റെ 40% ല്‍പ്പരം ഭക്ഷ്യധാന്യം അനര്‍ഹര്‍ തട്ടി. ഭക്ഷ്യ ഭദ്രതാ നിയമം പിണറായി സര്‍ക്കാരിനു മേല്‍ കുരിശു വരക്കുകയായിരുന്നു.

ജനങ്ങള്‍ റേഷന്‍ കടകള്‍ വഴി പൂരിപ്പിച്ചു നല്‍കിയ വിവരശേഖരണ ഫോറങ്ങള്‍ പ്രകാരം സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ ഡാറ്റയില്‍ ഉണ്ടായിരുന്ന കരട് പട്ടികയില്‍ ധാരാളം ആക്ഷേപങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയെങ്കിലും വീണ്ടും വിവരശേഖരണം നടത്തുന്നത് കാലതാമസം ഉണ്ടാക്കുമെന്നതിനാലാണ് നിലവിലെ പട്ടികയില്‍ നിന്നു തന്നെയാണ് ആക്ഷേപങ്ങളും പരാതികളും ക്ഷണിച്ചത്. അതു വിനയായി. മുഖ്യമന്ത്രി പ്രധാന മന്ത്രിയെ നേരിട്ടു ചെന്നു കണ്ട് പരാതി പറഞ്ഞു. ബൊക്ക നല്‍കി മോദി സ്വീകരിച്ചുവെങ്കിലും കേന്ദ്ര തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇത്തരം സംഭവഗതികളൊന്നും ഇവിടെ പാര്‍ട്ടി സമ്മേളനം ചെവി കൊള്ളുന്നില്ല. സാധാരണ പ്രവര്‍ത്തകര്‍ പിണറായി സര്‍ക്കാരിനു മേല്‍ കുതിര കയറാനാണ് ശ്രമിക്കുന്നത്.

രാജ്യമെമ്പാടും ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടു കൂടി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ പരിധിയില്‍ രാജ്യത്തിന്റെ 75% ഗ്രാമീണരും 50% നഗരവാസികളും ഉള്‍പ്പെടുമെന്നാണ് വ്യവസ്ഥ. പക്ഷെ നമ്മുടെ സംസ്ഥാനത്ത് 46% ജനങ്ങളെ മാത്രമേ മുന്‍ഗണനാ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞുള്ളു. കേന്ദ്രം അതിനു മാത്രമേ അനുവദിച്ചുള്ളു. ദേശീയ ശരാശരി 67% ആളുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടപ്പോഴാണ് കേരളത്തില്‍ ഈ ദുരവസ്ഥ. ഇതുകൂടാതെ സംസ്ഥാനത്തിന് ലഭിച്ചു വന്നിരുന്ന കേന്ദ്രപൂളില്‍ നിന്നുള്ള ധാന്യ വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. ഇതൊക്കെ പിണറായി സര്‍ക്കാരിനു മേല്‍ കുനിന്മേല്‍ കുരുവായി മാറി.

സമ്മേളനത്തില്‍ കുഴഞ്ഞു മറിയുന്ന മുന്നോക്ക പട്ടികാ ലിസ്റ്റിലെ അപാകതകള്‍ക്കെതിരെ കേന്ദ്രത്തിനെയാണ് പഴി ചാരേണ്ടത്. അവ ബോദ്ധ്യപ്പെടുത്താന്‍ സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വം നന്നേ പണിപ്പെടുകയാണ്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ വരെ ബ്രാഞ്ചു സമ്മേളനങ്ങിലേക്കെത്തുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനത്തിനു ശേഷം റേഷന്‍ മുന്‍ഗണനാ പട്ടിക പുനക്രമീകരിക്കേണ്ടിവരും എന്ന തോന്നലുകളാണ് ബ്രാഞ്ചു സമ്മേളനം സൂചിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം കേള്‍ക്കാന്‍ ഇടയായി. അവിടെ വിവരിക്കുന്ന ദേശീയ സാര്‍വ്വ ദേശീയ റിപ്പോര്‍ട്ടുകളുടെ മര്‍മ്മത്തിലുമുണ്ട് കാലോചിതമായ പഴക്കം. സത്യം സത്യമായി പറയാന്‍ ശ്രമിക്കുന്നതിനു പകരം ഉദ്ഘാടന പ്രസംഗം കേവലം പ്രചരണ പ്രസംഗമായി തരം താഴുകയാണ്. ഇത് പിന്നീട് ചര്‍ച്ച ചെയ്യാം.

പ്രതിഭാരാജന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM, Article, Prathibha-Rajan, Rice, Ration Shop, Discussion on local disputes only in CPM conference.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia