city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്റര്‍സെപ്റ്റര്‍ ഉണ്ടായിട്ടും അപകടങ്ങള്‍ കുറയാതെ കെഎസ്ടിപി റോഡ്; കണക്കുകള്‍ ഇങ്ങനെ

(www.kasargodvartha.com 24.01.2017) അമിത വേഗതക്ക് തടയിടാന്‍ കെ.എസ്.ടി.പി റോഡില്‍ ഇന്റര്‍സെപ്റ്റര്‍ സദാ ജാഗരൂഗരാണെങ്കിലും ഇനിയും പരിധിയില്ലാതെ അപകടങ്ങള്‍. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ ശശിയെ തന്റെ ഓട്ടോ റിക്ഷയില്‍ പള്ളത്ത് വെച്ച് കാറിടിച്ചു തെറിപ്പിക്കുന്നത്. കാറിന്റെ അമിത വേഗതയാണ് കാരണം. നാലു മാസം പിറകോട്ടു നോക്കിയാല്‍ ഇതേ പള്ളത്തു വെച്ചു തന്നെയാണ് ആഗസ്റ്റ് 22ന് തെക്കില്‍ സ്വദേശി ബൈക്കില്‍ കാറിടിച്ചു മരിക്കുന്നത്. ഡി.സി.സി. സെക്രട്ടറി വിദ്യാസാഗറിന്റെ കാര്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിക്കുന്നതില്‍ തുടങ്ങി ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ. ശ്രീകാന്തിന്റെ കാര്‍ അമിത വേഗതയില്‍ തലകീഴായി മറിയുന്നതുള്‍പ്പെടെ എത്രയെത്ര സംഭവവികാസങ്ങള്‍ ഈ നാലു മാസം കൊണ്ടു മാത്രം.

കെ.എസ്.ടി.പി വെട്ടിച്ചു വെച്ച കുഴിയില്‍ ബൈക്കും കാറും പോട്ടെ, മീന്‍ ലോറി അടക്കം മറിഞ്ഞു വീഴുന്നു. റോഡരികിലുള്ള മതിലില്‍ ഇടിക്കുന്ന വാഹനങ്ങള്‍ക്ക് കണക്കില്ല. കാഞ്ഞങ്ങാടു നിന്നും കാസര്‍കോട്ടേക്കുള്ള യാത്രമദ്ധ്യേ നോക്കിയാല്‍ ഒരുപകടമെങ്കിലും കാണാത്ത ദിവസങ്ങളില്ല. ബേക്കല്‍ കോട്ടക്കുന്നില്‍ കാറിടിച്ചു വഴിയാത്രക്കാരന്‍ മരിച്ചത് ഈ സെപ്തംബറിലാണ്. പുഴി കയറ്റി പാഞ്ഞു വരുന്ന ടിപ്പര്‍ വണ്ടികള്‍ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്നു. നമ്പറില്ലാത്ത വാഹനങ്ങള്‍ പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ ലക്കും ലഗാനുമില്ലാതെ. ലൈസന്‍സില്ലാത്തവര്‍, ഹെല്‍മറ്റ് ധരിക്കാത്തവര്‍, അലസമായ യാത്രയാല്‍ സംഭവിക്കുന്ന അപകടങ്ങള്‍, പോലീസിനെ കണ്ട് വെട്ടിച്ചാല്‍ പോലും അവിടെയും യാദൃശ്ചികമായി അപകടങ്ങള്‍. ഇങ്ങനെ എവിടെത്തിരിഞ്ഞു നോക്കിയാലും കെ.എസ്.ടി.പി റോഡിലെ മരണക്കളി അവസാനിക്കുന്നില്ല.

ഇന്റര്‍സെപ്റ്റര്‍ ഉണ്ടായിട്ടും അപകടങ്ങള്‍ കുറയാതെ കെഎസ്ടിപി റോഡ്; കണക്കുകള്‍ ഇങ്ങനെ


കഴിഞ്ഞ ഒക്‌ടോബര്‍ 17 നാണ് ചളിംങ്കോട് പാലത്തിനരികില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് ഒരാള്‍ മരിക്കുന്നത്. തൊട്ടടുത്താണ് ചിത്താരിയില്‍ നിയന്ത്രണം വിട്ട കാര്‍ മുന്നു വാഹനങ്ങളെ നിരത്തി ഇടിച്ചിടുന്നത്. നവംബര്‍ പിറന്നതു തന്നെ ഒന്നാം തിയ്യതി മീന്‍ ലോറി അപകടത്തില്‍ പെട്ട വാര്‍ത്തയുമായായിരുന്നു. 14ന് ഉദുമയില്‍ കാറും ബൈക്കും കുട്ടിയിടിച്ച് അപകടമുണ്ടായി. അപകടങ്ങളില്‍ പെട്ടു മരിക്കുന്നവരേക്കാള്‍ കഷ്ടമാണ് സൃഷ്ടിക്കപ്പെടുന്ന ജീവച്ചവങ്ങള്‍. ആറിന് മേല്‍പ്പറമ്പില്‍ വെച്ച് വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴിനും ഇവിടെ അപകടമുണ്ടായി. കൃസ്തുമസ് പിറന്ന രാവിലാണല്ലോ ബേക്കലില്‍ വെച്ച് സ്‌കുട്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു വീണത്. ഉത്സവം കണ്ടു മടങ്ങുകയായിരുന്നു അവര്‍. അതിനു പത്തു ദിവസം മുമ്പുമാത്രമാണ് 15ന് പിക്കപ്പ് വാനും, കാറും കൂട്ടിമുട്ടി മുന്നര വയസുകാരന്‍ മിസ്ബാന്റെ ജിവന്‍ പോയത്. എന്തിനേറെ, പുതുവര്‍ഷം പിറവി കൊണ്ടതു തന്നെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം നാല് കാറുകള്‍ പരസ്പരം കുട്ടിമുട്ടി അകടമുണ്ടായ വാര്‍ത്തയുമായാണ്്. സ്ഥലം മാറ്റം കിട്ടി പോയ പോലീസ് മേധാവി തോംസണ്‍ ജോസിനെ ചെന്നു കണ്ടപ്പോള്‍ കണക്കുകള്‍ നിരത്തി പറഞ്ഞവയില്‍ ചിലതുമാത്രമാണിതൊക്കെ.

അപകടം വന്നു നിക്കപ്പൊറുതിയില്ലാതെ വന്നപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ എന്ന വേഗത നിയന്ത്രണ പരിശോധനാ വാഹനം കെ.എസ്.ടി.പിയില്‍ വിന്യസിച്ച് 22ാം ദിവസം അതിന്റെ ചുമതല വഹിച്ചിരുന്ന തോംസണ്‍ ജോസിനെ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അപകടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ഇനിയും ഒരു പാടു മാറാനുണ്ട്. കേവലം 22 ദിവസം കൊണ്ട് അമിത വേഗത കാണിച്ചു മാത്രം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം രുപ പിഴയിട്ടു. യാത്രക്കാരുടേയും ഡ്രൈവു ചെയ്യുന്നവരുടേയും ശീലങ്ങളാണ് മാറേണ്ടത്. റോഡ് വികസിച്ച കാര്യം കാല്‍നടക്കാര്‍ ഇനിയും വകവെച്ചു തുടങ്ങിയിട്ടില്ല.

ബേക്കലിലെ ദിലീപിന്റെയും, പാലക്കുന്നിലെ ശ്യാമിന്റെയും മരണം അതാണ് സുചിപ്പിക്കുന്നത്. ഡ്രൈവിങ്ങ് വേഗതയില്‍ തങ്ങള്‍ക്കുള്ള മിടുക്കു കാണിക്കാന്‍ യുവാക്കള്‍ ഈ റോഡാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. എന്നാലിവിടിയാണെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുങ്ങിക്കഴിഞ്ഞിട്ടുമില്ല. ഒരു തവണ എല്ലാവര്‍ക്കും താക്കിതു നല്‍കി വിട്ടു. കുറ്റം ആവര്‍ത്തിക്കുന്നവരില്‍ നിന്നു മാത്രം ഈടാക്കിയ പിഴയാണ് ഈ രണ്ടര ലക്ഷം രൂപ. ഇനി അപകടം കുറഞ്ഞു വരുമെന്ന എസ്.പിയുടെ കണക്കുകൂട്ടല്‍ ശരിവെക്കുകയാണ് പുതിയ കണക്കുകള്‍. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടാകുന്നതിനിടയിലും ബേക്കല്‍ സി.ഐ വിശ്വഭരന്റെ നേതൃത്വത്തിലുള്ള ടീം 16 ലക്ഷം രൂപ പിഴ ഈടാക്കിയതായാണ് കണക്ക്. മുന്നു മാസങ്ങള്‍ കൊണ്ട് പിരിച്ചെടുത്തതിന്റെ ആറു മടങ്ങ് കുടുതല്‍.

2016 ഒക്‌ടോബര്‍ ഒന്നിനായിരുന്നു ആദ്യം എസ്.പിയെ കണ്ടിരുന്നത്. കാസര്‍കോട് ഒഴികെ മറ്റു 13 ജില്ലകളിലും ഇന്റര്‍സെപ്റ്റര്‍ വിന്യസിച്ചിരിക്കുന്നത് ഹൈവേകളിലാണ്. ഇവിടെ മാത്രം തീരദേശ റോഡില്‍. അതുകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. കെ.എസ്.ടി.പി റോഡ് ഗതാഗതത്തിനായുള്ള ഭാഗിക സജ്ജീകരണങ്ങള്‍ക്കിടയില്‍ തന്നെ കഴിഞ്ഞ ഒക്‌ടോബറിനു മുമ്പത്തെ ഒരു വര്‍ഷത്തിനിടയില്‍ 21 ജിവനേയും ഒട്ടനവധി ജീവച്ചവങ്ങളേയും സൃഷ്ടിച്ച റോഡാണിത്. കഴിഞ്ഞ പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കിടയിലാണ് പള്ളിക്കരയില്‍ ആറു ജീവനുകള്‍ ഒരുമിച്ച് പൊലിഞ്ഞു പോയത്. അതിനാലാണ് റോഡില്‍ പലയിടങ്ങളിലായി ബാരിക്കേഡുകള്‍ തീര്‍ത്തത്. 24 മണിക്കൂറും പാറാവേര്‍പ്പെടുത്തി. നിയമ പ്രകാരം പാടില്ലെന്നറിയാം എങ്കിലും വേറെ മാര്‍ഗമില്ലെന്നയായിരുന്നു പോലീസ് അധികാരിയുടെ നിലപാട്. അതുവരെ ജില്ലക്ക് അനുവദനിയമില്ലാതിരുന്ന ഇന്റര്‍സെപ്റ്റര്‍ എന്ന പരിശോധനാ വാഹനവും ലഭ്യമാകുന്നത് അപ്പോഴാണ്.

അപകടം കുറയാന്‍ എത്രയും വേഗത്തില്‍ റോഡിന്റെ പണി തീര്‍ക്കണമെന്നായിരുന്നു പോലീസ് അധികാരി പറഞ്ഞത്. ഇന്റര്‍സെപ്റ്ററിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ വിശ്വംഭരന്റെ പരിശോധനാ സെല്ലും അതാവര്‍ത്തിക്കുന്നു. തെരുവു വിളക്കുകള്‍ ഇനിയും സജ്ജമായിട്ടില്ല. ഡിവൈഡറില്ല. ആറു എല്‍പി സ്‌കുളുകളുണ്ട്, ഒരിടത്തു പോലും സീബ്രാലൈനില്ല. അപകടങ്ങള്‍ വരുമ്പോള്‍ ജനം പോലീസിനേയാണ് പഴി ചാരുന്നതെന്നും, അനുവദിക്കപ്പെടുന്ന വേഗതക്കനുസരിച്ചു പാലിക്കേണ്ടുന്ന ഭൗതിക സാഹചര്യങ്ങള്‍ ഇനിയും കെ.എസ്.ടി.പി ഒരുക്കുന്നില്ലെന്നും പോലീസിനു പക്ഷമുണ്ട്.

റോഡും നാടും വികസിച്ചത് യാത്രക്കാരും വഴിപോക്കരും തിരിച്ചറിയുക. അപകടം കുറയാനുള്ള ആത്യന്തിക പരിഹാരം അതുമാത്രമാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍ ആവര്‍ത്തിക്കുന്നു.

Related Article: അപകടം കുറയ്ക്കാന്‍ കെ എസ് ടി പി റോഡില്‍ ഇന്റര്‍സെപ്റ്റര്‍; 22 ദിവസത്തിനിടെ അമിത വേഗതയ്ക്ക് പിഴയീടാക്കിയത് 2.40 ലക്ഷം

Keywords:  Article, Prathibha-Rajan, Police, Road, Accident, KSTP Road, Despite interceptor no less in accident at KSTP road 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia