city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോട്ട് നിരോധനത്തിന് ചരമഗീതം പാടി ഒരാണ്ട്, പിന്നാലെ ഇല്ലായ്മയും വല്ലായ്മയും സാധാരണക്കാരന്റെ ഉറ്റ മിത്രമായി മാറ്റിയ ജിഎസ്ടി; എന്നിട്ടും ഒട്ടുംകൂസാതെ ഹവാല ഇടപാടുകള്‍

ഹാഫിസ് മുഹമ്മദ് ജാബിര്‍ ഉദുമ

(www.kasargodvartha.com 18.11.2017) നോട്ട് നിരോധത്തിന് ചരമഗീതം പാടി ഒരാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ ഭൂരിഭാഗം വരുന്ന സാമാന്യ ജനം സാമ്പത്തിക തീച്ചൂളയില്‍ നിന്നും ഒരല്‍പം മാത്രമേ കരപറ്റിയിട്ടൂള്ളൂ. അതോടൊപ്പം അസഹനീയമായ ചരക്കു സേവന നികുതിയും എത്തിയതോടെ ഇല്ലായ്മയും വല്ലായ്മയും സാധാരണക്കാരന്റെ ഉറ്റ മിത്രമായി മാറി. ഇത്രയൊക്കെ അട്ടിമറികളുണ്ടായിട്ടും ഹവാല- കുഴല്‍പ്പണ ഇടപാടുകള്‍ ഒട്ടും കൂസാതെ തങ്ങളുടെ ജോലി തകൃതി തന്നെ നടത്തുന്നു. ദിനേന കേരളത്തില്‍ പ്രത്യേകിച്ചും, ഉത്തര മലബാറില്‍ മൊത്തമായും ചില്ലറയായും കോടികളാണ് ഹവാല ഇടപാടുകളില്‍ കടത്തപ്പെടുന്നത്.

ഈ നവംബര്‍ ആരംഭത്തില്‍ തന്നെ കൊടുവള്ളിയിലെ ഒരു സംഘത്തില്‍ 3.44 കോടിയുടെ ഹവാല തലശ്ശേരിയില്‍വെച്ച് പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍നിന്നും പെരിന്തല്‍മണ്ണ സ്വദേശി കടത്തിയ 1.10 കോടിയുടെ കുഴല്‍പ്പണവും പോലീസ് റെയ്ഡില്‍ അകപ്പെട്ടു. ഇത്തരത്തില്‍ പോലീസ് വലയിലും കസ്റ്റംസ് റെയ്ഡിലും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണത്തിലുമായി ഈ സാമ്പത്തികവര്‍ഷം പിടികൂടിയ ഹവാല- കള്ളക്കടത്ത് കണക്കുകള്‍ 50 കോടി കവിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ മാത്രമായി വിവിധ ഏജന്‍സികളുടെ പിടിയിലായ ഇത്തരം കേസുകള്‍ 86.07 കോടി രൂപയുടേതാണെന്ന് ആദായനികുതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെയൊക്കെ പതിന്മടങ്ങ് പിടിക്കപ്പെടാതെ പോകുന്നു.

മനഃസാക്ഷി മരവിച്ച ക്രൂരമായ കൊലവിളിയുടെ പട്ടിക തന്നെ ഹവാല ചരിത്രത്തിന് വിളിച്ചോതാനുണ്ട്. തളങ്കരയിലെ പ്രധാന ഹവാല ഇടപാടുകാരുടെ 10 ലക്ഷം രൂപ തന്ത്രപരമായി തട്ടിപ്പറിച്ചതിന്റെ പേരില്‍ നായന്മാര്‍മൂല സ്വദേശി ദാവൂദിനെ ഇരുപതംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി അരുംകൊല ചെയ്തത് 2009 ലാണ്. വലിയ വിരോധാഭാസം എന്തെന്നാല്‍ തളങ്കര സംഘത്തിലൊരാള്‍ തന്നെയാണ് ദാവൂദിന് ഹവാല പണത്തെ പറ്റി വിവരം ചോര്‍ത്തിയതത്രെ. കള്ളക്കടത്ത് സ്വര്‍ണവുമായി മുങ്ങിയ തലശ്ശേരിക്കാരനായ യുവാവിനെയും സുഹൃത്തിനെയും ഗുണ്ടാസംഘം പ്ലാനിംഗിലൂടെ മംഗളൂരുവില്‍ വെച്ച് കൊല്ലുകയും കുണ്ടംകുഴി ഇളനീരടുക്കം ശങ്കരങ്കാട്ടെ വിജനമായ പ്രദേശത്ത് മൃതദേഹങ്ങള്‍ കുഴിച്ചുമൂടി കയ്യിലെ പൊടിതട്ടിയിട്ടും അധികമാണ്ട് പിന്നിട്ടിട്ടില്ല. കൊലയാളി വീരന്‍മാരില്‍ പലരും ഇന്നും പിടിക്കപ്പെടാതെ ഒളിവിലാണ്. ഇത്തരം ഭീഭത്സമായ വാര്‍ത്തകള്‍ പ്രചരിച്ചിട്ടും കുപ്രസിദ്ധ കരിയര്‍ തൊഴിലിനോടുള്ള പ്രിയവും ഹരവും യുവാക്കളെ വിട്ടുമാറിയിട്ടില്ല. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതക്കും ഭദ്രതക്കും സാരമായ മുറിവേല്‍പിക്കുന്നുവെന്ന സാമാന്യബോധം പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമായി എന്നതാണ് ഏറെ ഖേദകരം.

മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു തുടങ്ങിയ വമ്പന്‍ നഗരങ്ങളില്‍ സേട്ടുവിന്റെ (ഹവാലാ വന്‍കിട മുതലാളി) കയ്യില്‍നിന്നും പണം കൈപറ്റാന്‍ വരുന്നവരെ ചില പ്രത്യേക സൂചനകളിലൂടെ ഹവാല ഇടപാടുകാര്‍ തിരിച്ചറിയും. ഏറ്റവും വ്യാപകവും സുരക്ഷിതവുമായ ശൈലി പത്തുരൂപ നോട്ടിലെ അക്കങ്ങളിലാണെങ്കിലും സെല്‍ഫോണ്‍ നമ്പര്‍ തിരിച്ചിടുക, ഭാര്യാമക്കളുടെ പേരുകള്‍ മറിച്ചിടുക തുടങ്ങിയവയും ഹവാല ടോക്കണായി വിരുതന്മാര്‍ ഉപയോഗിക്കാറുണ്ട്. നോട്ട് സേട്ടുവിന്റെ ഏജന്റിനു നല്‍കേണ്ടതിനാല്‍ ഗള്‍ഫിലെ ഹവാലക്കാരന്‍ ചെറിയ നോട്ടിന്റെ നമ്പറാവും നാട്ടിലെ ഏജന്റിനെ വിളിച്ച് ആദ്യം ആവശ്യപ്പെടുക. അപ്പോള്‍ നാട്ടിലെ ഏജന്റ് നോട്ടിന്റെ ചിത്രമോ നമ്പറോ വാട്ട്‌സ്ആപ്പ് വഴിയോ മറ്റോ ഗള്‍ഫിലെ ഹവാലക്കാരനു കൈമാറും. ഇയാള്‍ സേട്ടുവിന്റെ ഗള്‍ഫിലെ ഓഫീസില്‍ ഹവാലാ പണം ഏല്‍പിക്കുന്നതോടൊപ്പം നോട്ടിലെ രഹസ്യ ചിഹ്നമായ നമ്പറും കൈമാറും. ഇവിടെനിന്നും ആ ചിഹ്നം സേട്ടുവിന്റെ ഇന്ത്യന്‍ ഓഫീസിലെത്തുകയും അതേ നമ്പറുള്ള നോട്ടുമായി സേട്ടുവിന്റെ സ്വദേശകേന്ദ്രത്തിലെത്തുന്ന സംഘം ഹവാലാപ്പണം സ്വീകരിക്കുകയും ആ നോട്ട് ഏജന്റിന് ഏല്‍പിക്കുകയും ചെയ്യും. ഇതിന് ഹവാലക്കാരുടെ കോഡ് ഭാഷയില്‍ ടോക്കണ്‍ പാസായി എന്നാണ് പറയുക. ഗള്‍ഫ് മേഖലകളായ സൗദിയിലും അബൂദാബിയിലും മസ്‌ക്കറ്റിലുമാണ് സുതാര്യമായി ഈ വിഷ വ്യാപാരം തുടരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രവാസികളെ കടക്കെണിയുടെ ചതിക്കുഴിയിലാഴ്ത്തുന്ന, ബ്ലേഡ് പലിശക്കാരേക്കാള്‍ കഴുത്തറുപ്പന്മാരായ അനവധി ഹവാല-കുഴല്‍പ്പണ സംഘങ്ങള്‍ ഗള്‍ഫ് നാടുകളില്‍ വിഹരിക്കുന്നുണ്ട്. സ്വദേശത്ത് പണത്തിനാവശ്യമുള്ള പ്രവാസികള്‍ക്ക് കൊടും പലിശ ഈടാക്കിയാണ് ഇവര്‍ മുന്‍കൂറായി സംഖ്യ നല്‍കുന്നത്. കാരണം ഒരുലക്ഷം രൂപ നാട്ടിലെത്തിക്കുന്ന ഇടപാടുകാര്‍ക്ക് ഹവാലയുടെ നിരക്കനുസരിച്ച് 800 മുതല്‍ 1000 ദിര്‍ഹമോ റിയാലോ വരെ വന്‍കിട ഏജന്റുമാര്‍ നിശ്ചയിക്കും. അഥവാ 5,500 ദിര്‍ഹമിന് പകരമായി 6,500 ദിര്‍ഹം വരെ തിരികെ അടയ്‌ക്കേണ്ടിവരുന്നു. അത് മാസത്തില്‍ ഓരോ ഗഡുക്കളായി മൂന്നു മാസത്തിനകം അടച്ചുതീര്‍ക്കുകയും വേണം. നിര്‍ദിഷ്ട അവധിക്കുള്ളില്‍ കടമടയ്ക്കാനുള്ള എല്ലാ വാതിലുകളുമടഞ്ഞാല്‍ പ്രവാസിയുടെ മാനസികനില തെറ്റുകയും ഒരുപക്ഷേ കവര്‍ച്ചക്കും കൊലയ്ക്കും മുതിര്‍ന്നെന്നും വരാം. ഗള്‍ഫില്‍നിന്നും കേരളത്തിലേക്ക് ഒരു കോടിയുടെ ഹവാലപ്പണം എത്തിക്കുന്ന 'വീരന്' ചിലവുകള്‍ കണ്ടെത്തലോടെ അഞ്ചുലക്ഷമാണ് കടത്തുകൂലി. രാജ്യത്തെ വന്‍കിട നഗരങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഹവാല കയറ്റുമതി ചെയ്യുന്നത് പ്രത്യേക വാഹനങ്ങളിലും ട്രയിന്‍, ട്രക്ക് എന്നിവയിലുമാണ്. ഹവാല കൊള്ളയടിക്കല്‍ വര്‍ധിച്ചതോടെ, സായുധ സംഘങ്ങളെ ആശ്രയിക്കുന്ന പ്രവണതയുമുണ്ട്.

ഔദ്യോഗിക വിനിമയ നിരക്ക് പ്രകാരം ഒരു സൗദി റിയാല്‍ ഏകദേശം 98 യു.എ.ഇ. ദിര്‍ഹത്തിന് തുല്യമാണ്. ഇതുപ്രകാരം ഹവാലയില്‍ 1,03,800 റിയാലിന് 1,01,724 ദിര്‍ഹം ലഭിക്കണം. പക്ഷേ 1724 ദിര്‍ഹം ഇടപാടുകാര്‍ക്കുള്ള കമ്മീഷനാണ്. കുറച്ചുമാസങ്ങള്‍ക്കിപ്പുറം വരെ സൗദിയില്‍നിന്ന് കമ്പനികളുടെ വ്യാജ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു ഹവാല ദുബൈയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കൗണ്ടുകള്‍ വഴി കള്ളപ്പണമൊഴുകുന്നുവെന്ന വിവരാടിസ്ഥാനത്തില്‍ ഗള്‍ഫ് മേഖലയില്‍ ബാങ്ക് ഇടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സ്ഥിതിമാറി. അഥവാ ബാങ്ക് മാര്‍ഗത്തിലുള്ള ഹവാല ചുരുങ്ങുകയും പൊതുഗതാഗത മേഖലയെ ആശ്രയിക്കല്‍ അധികരിക്കുകയും ചെയ്തു. തീര്‍ത്തും നികത്താനാവാത്ത ആഗോള സാമ്പത്തിക ദുരന്തം വിതയ്ക്കുന്നതോടൊപ്പം സുഖകരമായ വ്യക്തി- കുടുംബ ജീവിതത്തിന്റെ അടിവേരറുക്കുന്നുവെന്ന പകല്‍ സത്യം ഹവാലയും കുഴല്‍പ്പണവും ജീവിതോപാധിയായി കാണുന്ന പരിഷ്‌കൃത സമൂഹത്തിന് ബോധവത്കരണം നടത്തല്‍ പുതിയ കാലത്തിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.
നോട്ട് നിരോധനത്തിന് ചരമഗീതം പാടി ഒരാണ്ട്, പിന്നാലെ ഇല്ലായ്മയും വല്ലായ്മയും സാധാരണക്കാരന്റെ ഉറ്റ മിത്രമായി മാറ്റിയ ജിഎസ്ടി; എന്നിട്ടും ഒട്ടുംകൂസാതെ ഹവാല ഇടപാടുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, cash, Kidnap, Murder, Hafiz Mohammed Jabir Uduma, Demonetization and GST not affected Hawala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia