കൊലയാളികള്‍ ശിക്ഷിക്കപ്പെടാതെ പോകരുത്
Apr 14, 2017, 09:00 IST
എ എസ് മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com 14.04.2017) മഴക്കാലത്ത് കണ്ടേക്കാവുന്ന ക്ഷണികമായ സൂര്യപ്രകാശത്തിന്റെ ഒളിച്ചു നോട്ടം പോലെ കാസര്‍കോട്ട് ഇടക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ശാന്തിയെ 'കൊടുങ്കാറ്റിന് തൊട്ടുമുമ്പുള്ള ശാന്തി'യായി പലരും ഉപമിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്താണമ്മെ ഹര്‍ത്താല്‍ എന്ന് ചോദിക്കുന്ന കുട്ടിയോട് അത് കാസര്‍കോട് ഇടക്കിടെ ഉണ്ടാകുന്ന ഒരു തരം എന്താ പറയാ.. ഭീതിതമായ നിശ്ചലാവസ്ഥയുടെ മറ്റൊരു പേരാണ് എന്നും കുട്ടിയോട് അമ്മമാര്‍ക്ക് പറയാം. രാത്രികളുടെ മറവില്‍ ഇളം മനസുകളില്‍ ലഹരി പടര്‍ത്തുന്ന ചില പ്രഭാഷണങ്ങള്‍. അതുക്കും മേലെ മദ്യവും കഞ്ചാവും മിക്സ്.
ഇത്രയും ആയാല്‍ വേട്ടക്കവര്‍ റെഡി. പണ്ട് മണിയാശാന്‍ പറഞ്ഞ പോലെ വണ്‍, ടൂ, ത്രീ.. പിന്നെ 'മനുഷ്യരക്തം കണ്ടാലെ ആ മനസുകള്‍ക്ക് ശാന്തി കിട്ടൂ പോലും.' അവര്‍ക്ക് കള്ള് കുടിച്ച് എന്ത് ലക്കു കെട്ടാലും ലക്ഷ്യം കെടില്ല. ഉന്നം തെറ്റില്ല. അന്യമതസ്ഥന്‍ തന്നെ. വഴിയിലൊന്നും അത്തരക്കാരെ കിട്ടിയില്ലെങ്കില്‍ നേരെ 'ആരാധനാലയ'ത്തില്‍ കയറും. അവിടെ കിട്ടാതിരിക്കില്ലല്ലോ.. കുടിച്ച് എത്ര മസ്തായാല്‍ പോയാലും സ്വന്തം മതത്തില്‍ പെട്ട ആളെ ഉപദ്രവിച്ചു പോവുകയില്ല. ഇത്തരം മദ്യവും പ്രഭാഷണങ്ങളും എവിടെ കിട്ടുമെന്നല്ലെ..? കാസര്‍കോട്ട്. അല്ലാതെവിടാ..? അതിന്, ലോകത്ത് തന്നെ കുപ്രസിദ്ധിയാര്‍ജ്ജിച്ച കാസര്‍കോട് എന്നൊരു നാടുണ്ട്.
ഇരു മതസ്ഥരിലും പെട്ട മനുഷ്യത്വം മരവിച്ചു പോയ യുവാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും കണക്ക് തീര്‍ത്തു കൊണ്ടിരുന്നത്, ഭീതിയോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു കാസര്‍കോടിന്. അതിവിദൂര ഭൂതകാലമൊന്നുമല്ല അത്. പിന്നീട് ഒരു വിഭാഗം സ്വമേധയാ അതില്‍ നിന്ന് വിട്ടു നിന്നു. അതോടെ കാസര്‍കോട് ശാന്തമാകുമെന്ന് എല്ലാവരും കരുതുകയും ചെയ്തു.. പക്ഷെ അതങ്ങനെ സംഭവിച്ചില്ല. അതെന്ത് കൊണ്ട് എന്നത് പഠിക്കേണ്ടുന്ന ഒരു വിഷയമാണ്. മതവെറി മാത്രമായിരുന്നെങ്കില്‍ അവിടെയത് അവസാനിക്കേണ്ടതായിരുന്നു.
രസകരമായ വസ്തുത, പാതിരാക്ക് ആരാധനാലയത്തിനകത്ത് കയറി വ്യക്തമായ ലക്ഷ്യത്തോടെ റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് മദ്യ-മയക്ക് മരുന്നിന്റെ ലഹരിയില്‍ (അര്‍ദ്ധ ബോധാവസ്ഥയില്‍) ആണെന്ന വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്. ഇതെല്ലാ ഭാഗത്ത് നിന്നുമുണ്ട്. അവിടെയാണ് ഗൂഢാലോചന മണക്കുന്നത്. കോടതിക്ക്, പ്രതിയെ ശിക്ഷിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണം. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നല്ലോ പ്രമാണം. മുമ്പ് നടന്ന പല അറുംകൊലകളും, പട്ടാപ്പകലത്തേത് പോലും, കോടതികളിലെത്തിയപ്പോള്‍ പ്രൊസിക്യൂഷന് ശക്തമായ തെളിവുകള്‍ ഹാജറാക്കാനാവാതെ പോയിട്ടുണ്ട്.
പോലീസുകാര്‍ തയ്യാറാക്കുന്ന ചാര്‍ജ് ഷീറ്റിന്റെ പോരായ്മയാവാമത്. പത്ര ദൃശ്യമാധ്യമങ്ങളില്‍ വായിച്ചു വന്ന വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ റിയാസ് മൗലവി കൊലക്കേസിന്റെയും സ്ഥിതി മറിച്ചല്ല. എവിടെയൊക്കെയോ ദുരൂഹത പോലെ. പ്രതിഭാഗം വളരെ സൂക്ഷ്മതയോടെ, രഹസ്യമായും കരുക്കള്‍ നീക്കുന്നതായുള്ള സൂചനകള്‍ ലഭിക്കുമ്പോഴും മറുഭാഗം ഏറ്റ ഷോക്കില്‍ നിന്ന് ഉണരാത്ത പരുവത്തിലാണ്. ഈയൊരു പ്രശ്നത്തില്‍ മാത്രമല്ല, നീതി കാംക്ഷിക്കുന്നവര്‍, കൊലയാളികള്‍ ശിക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നു. പൊതു മനസ് അതിന് കേഴുകയാണ്. ആ കേഴലില്‍ അന്തര്‍ലീനമായിരിക്കുന്നത് കാസര്‍കോടിന്റെ സമാധാനാന്തരീക്ഷമാണ്.
ഇതൊക്കെ വ്യക്തമായി പരിശോധിക്കുന്ന നിയമ വിദഗ്ദ്ധര്‍ പ്രൊസിക്യൂഷനൊപ്പം നില്‍ക്കണം. സര്‍ക്കാറിന് പ്രത്യേക താല്‍പര്യം പരിഗണിച്ച് സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കാം. ഭാവിയില്‍ ഇത്തരം ഹീനകൃത്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അനിവാര്യമാണത്. പോലീസുകാര്‍ക്ക് നാട്ടില്‍ 'ക്രസമാധാന'മെന്നത് പാലിക്കപ്പെടണമെന്നതില്‍ കവിഞ്ഞ് സവിശേഷ താല്‍പര്യങ്ങളൊന്നും കാണില്ല എന്നതിലും അപാകതയൊന്നുമില്ല. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ - പോലീസ് സംഘത്തെ അഭിനന്ദിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയകളിലെ കമന്റുകള്‍ കാണുമ്പോഴാണ് അകം വിങ്ങുമ്പോഴും ചിരിച്ചു പോകുന്നത്. വരട്ടെ. അതിനിത്ര ധൃതി വേണോയെന്ന് മനസ് ചോദിക്കുകയായിരുന്നു. ധൃതി തരക്കേടില്ല. പക്ഷെ പിന്നീട് തെറി വിളിക്കുന്ന അവസ്ഥയിലെത്തരുതെന്ന് മാത്രം.
സോഷ്യല്‍ മീഡിയയിലെ മലയാളികള്‍, പ്രത്യേകിച്ചും കാസര്‍കോട്ടുകാര്‍ നമ്മളെ ചിരിപ്പിച്ചു കൊല്ലും.. യഥാര്‍ത്ഥ പേര് വെളിപ്പെടുത്താതെ പോസ്റ്റിടുന്നവരില്‍ പലരും ഇന്ന് ആരെ കുറ്റപ്പെടുത്താന്‍ കിട്ടും എന്ന മട്ടിലാണ് വെളുപ്പിനെ ഇറങ്ങിത്തിരിക്കുന്നത്. പുതിയ സംഭവ വികാസങ്ങളുമായി അവര്‍ക്ക് കിട്ടിയിരിക്കുന്നത് പത്ര മാധ്യമങ്ങളെയാണ്. സോഷ്യല്‍ മീഡിയയാകുമ്പോള്‍ ചിലവില്ലാതെ കാര്യം നടക്കുന്നു എന്നതും. ഇതിത്തരം സംഭവ/സാഹചര്യ-ങ്ങളില്‍ ദോഷമേ വരുത്തി വെക്കൂ.
മര്‍ദിതരും മര്‍ദകരും ദൈവം മര്‍ദിതരുടെ പക്ഷത്താണത്രെ.. ഒരു നിരപരാധിയായ ഉസ്താദിനെ, ഒരു ആരാധനാലയത്തിനകത്ത് അദ്ദേഹം വിശ്രമിക്കുന്ന മുറിയില്‍ പാതിരാത്രിക്ക് കയറി കൊല ചെയ്ത ഈ സംഭവത്തിലും കാസര്‍കോട്ടുകാര്‍ പാലിച്ച സംയമനം പരക്കെ അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. ചില അപവാദങ്ങളൊഴിച്ച്. ഹര്‍ത്താലാചരിക്കുന്ന, ടൗണില്‍ പിറ്റേന്ന് ഉച്ചക്ക് ഒരു സംഘം യുവാക്കള്‍ വിജനമായ റോഡിയൂടെ നടന്ന് അടച്ചിട്ട, ചില ഒറ്റപ്പെട്ട ഷോപ്പുകളുടെ കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തത് അപലപനീയം. അതുപോലെ, സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രത്യേക സ്റ്റുഡിയോയെയും ഫോട്ടോഗ്രാഫര്‍മാരെയും വര്‍ഗ്ഗീയമായി ചിത്രീകരിച്ച് ബഹിഷ്‌ക്കരിക്കാനാഹ്വാനം ചെയ്തതും നീതികേട് തന്നെ.
എന്തു സംഭവിച്ചാലും സമൂഹത്തിന് സൂക്ഷിക്കേണ്ടുന്ന ഒരു സംസ്‌കാരവശമുണ്ട്. അത് സൂക്ഷിച്ചേ മതിയാകൂ. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകളല്ല സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കേണ്ടത്. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം സംരക്ഷിക്കപ്പെടണമെന്നും, മരണപ്പെട്ട ഇരക്ക് നീതി ലഭിക്കണമെന്നും കാംക്ഷിക്കുന്നവര്‍ പരസ്പര സഹകരണ മനോഭാവത്തോടെ മുന്നോട്ട് പോവേണ്ടതുണ്ട്.
പ്രതികളെ പോലീസുകാര്‍ പിടിച്ചതല്ലെന്നും പ്രതിഭാഗത്തെ വിദഗ്ദ്ധരായ വക്കീലന്‍മാര്‍ ഹാജറാക്കിയതാണെന്നും ഞെട്ടലോടെയാണെങ്കിലും കേള്‍ക്കുകയുണ്ടായി. അതു ശരിയാണെങ്കില്‍, പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞു.. പലപ്പോഴും നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. വലിയൊരട്ടിമറി ശ്രമം പോലീസിന്റെ ശ്രദ്ധാപൂര്‍വ്വമായ ഇടപെടലുകള്‍ കൊണ്ട് പരാജയപ്പെട്ടു. ബോംബുകള്‍ നേരത്തെ കണ്ടെത്തി നിര്‍വീര്യമാക്കിയത് നിമിത്തം വന്‍ ദുരന്തം ഒഴിവായി എന്നൊക്കെ. ഗൂഢാലോചനകള്‍ നേരത്തെ തകര്‍ക്കാനുള്ള ഇത്തരമൊരു സംവിധാനമോ അതിനു പ്രാപ്തരായ പോലീസോ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നെങ്കിലെന്ന് നാം ആശിച്ചു പോകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Rain, Kasaragod, Harthal, Liquor, Murder, Liquor-drinking, Religion, Kerala, Cannabis, Culprits could not be aquitted.