city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍

സ്വാതി എസ് നായര്‍

(www.kasargodvartha.com 17.06.2016) കാസര്‍കോട് ചൗക്കിയില്‍ 18 കാരി ആത്മഹത്യ ചെയ്ത വാര്‍ത്ത വളരെ ഗൗരവമേറിയ വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിന്ധു എന്ന വിദ്യാര്‍ത്ഥി തന്റെ ജീവന്‍ അവസാനിപ്പിച്ചത് ഡിഗ്രി സീറ്റ് ലഭിക്കാത്ത വിഷമത്തിലാണ്. പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും ഡിഗ്രി പ്രവേശനം ലഭിച്ചില്ല എന്നത് ഉന്നതപഠന മേഖലയില്‍ നേരിടുന്ന ഗുരുതര പ്രശ്‌നത്തെയാണ് ഉയര്‍ത്തികാട്ടുന്നത്.

എല്ലാ മേഖലകളിലുമെന്നപോലെ തന്നെ വിദ്യാഭ്യാസ മേഖലയിലും ജില്ല നേരിടുന്നത് കടുത്ത അവഗണനയാണ്. ഡിഗ്രി പഠനത്തിനായി ജില്ലയില്‍ ആകെ 22 ഓളം കോളേജുകളാണ് ഉള്ളത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ നാലും എയ്ഡഡ് മേഖലയില്‍ രണ്ടും കോളേജുകളും മാത്രമാണ് ഉള്ളത്.

വര്‍ഷം തോറും ജില്ലയില്‍ നിന്ന് ഹയര്‍സെക്കണ്ടറി പരീക്ഷ പാസ്സാകുന്നത് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ കേവലം 2,000 ഡിഗ്രി സീറ്റുകള്‍ മാത്രമാണ് വിവിധ കോളേജുകളിലായി ജില്ലയിലുള്ളത്. അതായത് 10 ശതമാനം വിദ്യാഭ്യാര്‍ത്ഥികള്‍ക്ക് പോലും ഇവിടെ പ്രവേശനം ലഭിക്കാനുള്ള സാധ്യത ഇല്ല.

ജില്ലയുടെ സമഗ്ര വികസനത്തിനായി നിയോഗിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഈ വസ്തുത ചര്‍ച്ച ചെയ്തിട്ടുണ്ട്. 2012-13 വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചുക്കൊണ്ട് ഈ റിപ്പോര്‍ട്ട് പറയുന്നത് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ മേഖലയിലുള്ള കേവലം 1075 സീറ്റുകളിലേക്ക് പതിനായിരത്തിനടുത്ത് അപേക്ഷകള്‍ ലഭിക്കുന്നു എന്നുള്ളതാണ്. നിലവില്‍ സീറ്റുകളുടെ കാര്യത്തില്‍ ചെറിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ഷം തോറും കൂടി വരുന്ന അപേക്ഷകരെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള കഴിവ് ഇനിയും ജില്ലയിലെ വിദ്യാഭ്യാസ മേഖല കൈവരിച്ചിട്ടില്ല.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചത്, കണ്ണൂര്‍, കാസര്‍കോട്, വയനാട് (മാനന്തവാടി താലൂക്ക് മാത്രം) ജില്ലകളിലായി സര്‍വകലാശാലയ്ക്ക് ആകെ 11,500 സീറ്റുകള്‍ മാത്രമാണ് ഉള്ളതെന്നാണ്. എന്നാല്‍ ഈ വര്‍ഷം അപേക്ഷകരുടെ എണ്ണം 35,252 ആണ്. അതായത് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സീറ്റു ലഭിക്കാതെ, കിടപ്പാടവും മറ്റും വിറ്റുതുലച്ച് വലിയ തുക മുടക്കി മംഗളൂരുവിലും മറ്റും പോയി സീറ്റ് വാങ്ങണം എന്നര്‍ത്ഥം.

സര്‍വകലാശാലയുടെ ആകെയുള്ള അവസ്ഥ ഇപ്രകാരമായിരിക്കെ വിരലിലെണ്ണാവുന്ന കോളജുകള്‍ മാത്രമുള്ള ജില്ലയുടെ അവസ്ഥ മനസ്സിലാക്കാവുന്നതെയുള്ളു. ജില്ലയുടെ ഈ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ തന്നെ മുന്നോട്ട് വെച്ച ചില നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്:-

- നിലവിലുള്ള കോഴ്‌സുകളുടെ സീറ്റില്‍ വര്‍ധനവ് ഉണ്ടാക്കുക.

- കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുകയോ സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളജ് അനുവദിക്കുകയോ ചെയ്യുക.

- ഒരു വനിതാ കോളജ് കൂടി ജില്ലയ്ക്ക് അനുവദിക്കുക.

നിലവില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാനം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അവിടെ പ്രവേശനം ലഭിക്കുന്നതിനെക്കുറിച്ചുള്ള പരിജ്ഞാനക്കുറവും, കൂടുതലായി വരുന്ന അപേക്ഷകളുടെ എണ്ണവും ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുതിനു തടസ്സമായി നില്‍ക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ ജില്ല നേരിടുന്ന പ്രതിസന്ധി നന്നായി മനസ്സിലാക്കി മുതലെടുപ്പ് നടത്തുന്നത് അധികം അകലെ അല്ലാത്ത മംഗളൂരുവിലെ വിദ്യാഭ്യാസ ലോബിയാണ്. ഒരു കോളജിലും ആഗ്രഹിച്ച കോഴ്‌സില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ വലിയ തുക നല്‍കി മംഗളൂരുവിലെ സ്വകാര്യ കോളജുകളില്‍ ചേര്‍ന്നു പഠിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകളും മറ്റും ചികിത്സയ്ക്കായി മംഗളൂരുവിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് പരിഹാരമാകുമായിരുന്ന, ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളജും നിലവില്‍ അവഗണനയുടെ വക്കിലാണ്. സര്‍ക്കാര്‍ മേഖലയില്‍ കാസര്‍കാടിന് ഒരു എഞ്ചിനീയറിംഗ് കോളജും വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

ജില്ല നേരിടുന്ന ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ്. അല്ലാത്ത പക്ഷം ഇനിയും 'സിന്ധു'മാര്‍ ഉണ്ടായിക്കൊണ്ടിരിക്കും. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ വിഷയം മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടതാണ്. വിദ്യാഭ്യാസം എന്ന അവകാശം നേടിയെടുക്കാന്‍ ജാതി-മത-രാഷ്ട്രീയം മറന്നു എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍

Keywords: Article., Education, College, Suicide, Admission, Swathi S Nair, Endosulfan, Kasargod, Crisis, Prabhakaran Commision.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia