city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസിന്റെ ദത്തെടുക്കലും പട്‌ളം കോളനിയുടെ ദൈന്യതയും

കൂക്കാനം റഹ്മാന്‍

ക്കഴിഞ്ഞ ദിവസം ഞങ്ങള്‍ നാലഞ്ചു സന്നദ്ധ പ്രവര്‍ത്തകര്‍ പട്‌ളം കോളനിയില്‍ ചെന്നു. ചൈല്‍ഡ് ലൈന്‍ സുരക്ഷാ പ്രോജക്ട് എന്നിവയിലെ പ്രവര്‍ത്തകരും കൂടെ ഉണ്ടായിരുന്നു. കോളനിയിലെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളും, ലൈംഗികാരോഗ്യ പ്രശ്‌നങ്ങളും നേരിട്ട് മനസിലാക്കലായിരുന്നു ലക്ഷ്യം. ആദ്യം സമീപത്തുളള അങ്കന്‍വാടിയില്‍ കയറി. അവിടുത്തെ പ്രവര്‍ത്തകരുമായി സംസാരിച്ചു. കോളനിയിലെ കുഞ്ഞുങ്ങള്‍ കൃത്യമായി അവിടെ ചെല്ലുന്നില്ല എന്ന് മനസിലായി.

അടുത്തത് കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കലായിരുന്നു. ഞാന്‍ 1990 കളിലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞ  സമയത്ത് ഈ കോളനിയില്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടിനടുത്തായി പ്രസ്തുത പ്രവര്‍ത്തനം നടന്നിട്ട്. അക്കാലത്തുണ്ടായിരുന്നതില്‍ നിന്ന് കാര്യമായൊരു മാറ്റവും കോളനിയില്‍ വന്നിട്ടില്ല. അന്നത്തെ പ്രധാന പ്രവര്‍ത്തകനായിരുന്ന എം. ഭാസ്‌കരന്റെ വീട്ടിലും, അദ്ദേഹത്തിന്റെ വീട്ടു വരാന്തയില്‍ വെച്ചുമായിരുന്നു യോഗങ്ങളും, ക്ലാസുകളും സംഘടിപ്പിച്ചിരുന്നത്.

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് (ഡ്രോപ് ഔട്ട്) തീരെ ഇല്ലാതായി എന്നാണ് സര്‍ക്കാരും വിദ്യാഭ്യാസ അധികൃതരും വീമ്പിളിക്കി നടക്കുന്നത്. കോളനിയിലെ ഇരുപതോളം കുടിലുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ നേരിട്ടു കണ്ട പെണ്‍കുട്ടികള്‍, മൂന്ന്, നാല്, ആറ്, ക്ലാസുകളില്‍ വെച്ച് പഠനം നിര്‍ത്തിയവരാണ്. പ്രിയ, സുനിത, സവിത, ബിന്ദു എന്നീ പെണ്‍കുട്ടികളെ നേരിട്ടു കണ്ടു. മറ്റുളളവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകാത്തതിന് കാരണവും അവര്‍ നിരത്തി. അച്ഛന്റെ മദ്യപാനം, എന്നും വീട്ടില്‍ കലഹം, അസുഖം, ദാരിദ്ര്യം ഇതൊക്കെയാണ് ആ കൗമാര പ്രായത്തിലെത്തിയ പെണ്‍കുഞ്ഞുങ്ങള്‍ പറഞ്ഞത്.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ തുല്യതക്കാരും ഇവിടെ എത്തിയില്ല. കേരളത്തില്‍ നാലാംതരം തുല്യത, ഏഴാം തരം തുല്യത, പത്താംതരം തുല്യത കഴിഞ്ഞ് പ്ലസ്ടു തുല്യതാ പരിപാടിയിലേക്ക് എത്തി നില്‍ക്കുകയാണ്. പക്ഷെ പട്‌ളം കോളനിയില്‍ അത്തരം ശ്രമമൊന്നും ആരും നടത്തിയിട്ടില്ല.

കോണ്‍ഗ്രസിന്റെ ദത്തെടുക്കലും പട്‌ളം കോളനിയുടെ ദൈന്യതയുംകുടിലുകള്‍ കണ്ടാല്‍ ദൈന്യത  വിളിച്ചറിയിക്കും. ശരിക്കും ക്രൂര തന്നെ. ചുമരുകളില്ല; പ്ലാസ്റ്റിക്ക് ഷീറ്റും, തെങ്ങോലയും കൊണ്ട് മുകള്‍ഭാഗം മറച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ കൂരയിലേക്ക് വീണ് നിലമാകെ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്. എങ്ങിനെ അതിനകത്ത് അഞ്ചും ആറും ജീവിതങ്ങള്‍ കഴിഞ്ഞു കൂടുന്നു? ഭാര്യയും ഭര്‍ത്താവും കുഞ്ഞുങ്ങളും മനുഷ്യരെ പോലെയല്ല അവിടെ ജീവിക്കുന്നത്. എന്ന് ഒറ്റനോട്ടത്തില്‍ ആ കൂരകള്‍ കണ്ടാല്‍ മനസിലാവും.

കോളനിക്കു താഴെ തലയുര്‍ത്തി നില്‍ക്കുന്ന സിമന്റു കൊട്ടാരങ്ങളുണ്ട്. അവര്‍ക്കറിയുമോ ദളിതരുടെ ഈ ദയനീയ ജീവിതം? മഹാന്മാരെക്കെ സ്വപ്നം കാണാന്‍ പറയാറില്ലേ? നല്ലൊരു നാളേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് ഉപദേശിക്കാറില്ലേ? ഇവര്‍ക്കെന്തു സ്വപ്നം? എന്ത് നല്ലൊരു നാളെ? തങ്ങളുടെ തലവിധിയെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു കഴിയുന്നു ഇവര്‍.

ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ അവര്‍ക്ക് എളുപ്പ മാര്‍ഗവും ബുദ്ധിയുളള മാന്യന്മാര്‍ തുറന്നിട്ടിട്ടുണ്ട്. വാറ്റ് ചാരായം മോന്തി എല്ലാം മറക്കാം; കോളനികളില്‍ പരസ്പരം തമ്മിലടിക്കാം, വഴക്കിടാം. ക്ഷീണിച്ച് മയങ്ങാം. ഇതൊക്കെയാണ് ഇവരുടെ ജീവിതം.

കുടിലുകളിലെ മിക്ക സ്ത്രീകളും ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരാണ്. ഒന്നിനെ ഒക്കത്തിരുത്തി, അടുത്തതിനെ അരികിലിരുത്തി, കുടിലിനു മുന്നിലിരിക്കുന്ന ഒരു ചെറുപ്പക്കാരിയായ അമ്മയെക്കണ്ടു. കൊച്ചു കുഞ്ഞിന് മുലയൂട്ടുന്നുണ്ട്. ആകെ ചൊറിയും ചിരങ്ങുമാണ് അമ്മയുടെ ശരീരം. സദാനേരവും വെറ്റിലമുറുക്കി മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും ചൊറിയും പുണ്ണും പിടിച്ചിട്ടുണ്ട്. അക്കാര്യങ്ങളിലൊന്നും അവര്‍ക്ക് ശ്രദ്ധയില്ല.

കൗമാര പ്രായക്കാരിയായ സുനിതയുടെ കാലുകളില്‍ വലിയ വ്രണങ്ങള്‍ പൊട്ടി ഒലിക്കുന്നത് കണ്ടു. ഡോക്ടറെക്കണ്ടു മരുന്ന് കഴിക്കുന്നുണ്ടെന്ന് പറയുന്നു. വെറുതേ പറയുന്നതാവാം. ഈ അസുഖം കോളണിയില്‍ മിക്കവര്‍ക്കും ഉണ്ടെന്നും അടുത്ത് നിന്ന ഒരു സ്ത്രീ പറയുന്നത് കേട്ടു.

പുരുഷ പ്രജകളെയൊന്നും കോളനിയില്‍ കണ്ടില്ല. എല്ലാവരും പണിക്കുപോയിരിക്കുന്നു എന്നാണ് സ്ത്രീകളുടെ പ്രതികരണം. രാത്രിയാവുമ്പോള്‍ തിരിച്ചെത്തും. വരവ് നാലുകാലില്‍ തന്നെയാവും. പിന്നെ തല്ലും കുത്തും, ചീത്തവിളിയും കൊണ്ട് ശബ്ദമുഖരിതമാവും കോളനി. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പുറമെ യുളളവര്‍ ആരും അവിടേക്ക് തിരിഞ്ഞു നോക്കില്ല. അത് കോളനിക്കാരുടെ സ്വഭാവമാണെന്ന് കരുതി പ്രതികരിക്കാതിരിക്കും.

കോണ്‍ഗ്രസിന്റെ ദത്തെടുക്കലും പട്‌ളം കോളനിയുടെ ദൈന്യതയുംഒരു പതിനാറുകാരിയായ അമ്മയെക്കണ്ടു. വയസു ചോദിച്ചപ്പോള്‍ കൃത്യമായി പത്തൊന്‍പതാണെന്ന് പറഞ്ഞു. അങ്ങിനെ പറയാന്‍ ആരോ പഠിപ്പിച്ചു കാണും. പ്രേമ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ടു കൊണ്ടു നിന്ന ഒരു സ്ത്രീ ഇടപെട്ടു പറഞ്ഞു ഞങ്ങളെല്ലാം പ്രേമിച്ചാണു സാറെ വിവാഹിതരായതെന്ന്.

സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവാന്‍ സാധ്യതയേറെയാണ്. കൊഴിഞ്ഞു പോയ പെണ്‍കുഞ്ഞുങ്ങള്‍ പലരും പ്രായപൂര്‍ത്തിയായവരാണ്. അടച്ചുറപ്പില്ലാത്ത കൂരകള്‍, മദ്യത്തിന് അടിമപ്പെട്ട ബോധമില്ലാതെ കിടക്കുന്ന ഗൃഹനാഥന്മാര്‍ ഇത്തരം ചുറ്റുപാടില്‍ ഇതൊക്കെ സംഭവിച്ചിട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

ഒരു കുടിലില്‍ ചെന്നപ്പോള്‍ മധ്യവയസ്‌ക്കനായ ഒരാള്‍ വരാന്തയില്‍ പായവിരിച്ചു കിടക്കുന്നത് കണ്ടു. പനിയാണെന്നാണ് പറഞ്ഞത്. ഒഴിഞ്ഞ മദ്യക്കുപ്പി അടുത്തു തന്നെയുണ്ട്. അടക്കയും വെറ്റിലയും ഒരു പൊതിയിലുമുണ്ട്. ചോദിച്ചതിനൊന്നും ഉത്തരമില്ല. കിടക്കുന്ന പായയുടെ അടുത്തു തുപ്പലും കഫവും ഉണങ്ങി പറ്റിപിടിച്ചിട്ടുണ്ട്.

ഇവിടെ കണ്ട കാഴ്ചകളൊക്കെ മറക്കാന്‍  പറ്റുന്നില്ല. മനസില്‍ വല്ലാത്തൊരു അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു. ഇവര്‍ എന്ന് മനഷ്യരായി ജീവിക്കും? വരും തലമുറയെങ്കിലും രക്ഷപ്പെടുമെന്ന് വിചാരിക്കാമോ? അതിനും സാധ്യതയില്ല. അവരും ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ വിധി എന്ന് കരുതി ജീവിച്ചു പോരുകയാണ്.

നല്ലൊരു നാളെയെക്കുറിച്ച് ചിന്തയേയില്ല. വൃത്തിയിലും വെടിപ്പിലും ജീവിക്കണമെന്ന ആഗ്രഹമില്ല. ഇത്രയൊക്കെക്കൊണ്ട്, ഇങ്ങിനെയങ്ങ് കഴിഞ്ഞുപോയാല്‍ മതി എന്ന തോന്നല്‍ മാത്രമെയുളളൂ. ഞങ്ങളെ ഇങ്ങിനെ ആക്കീത്തീര്‍ക്കുന്നതാരാണെന്ന് പഠിക്കുന്നില്ല. മാറ്റത്തിനു വേണ്ടി പോരാടാനുളള കരുത്തുമില്ല. പഠിച്ച കളളന്മാര്‍. ഇവര്‍ ഇങ്ങിനെതന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കോളനിക്ക് സമീപത്തുളളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ കോളനി ദത്തെടുത്തിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. രമേശ് ചെന്നിത്തല വന്ന് ഈ കോളനിയെ ദത്തെടുത്തതായി പ്രഖ്യാപിച്ച് പോയിട്ടുണ്ടെന്നും അറിഞ്ഞു.

ഇവര്‍ക്കു വേണ്ടത് മനസമാധാനത്തോടെ കിടന്നുറങ്ങാനുളള കൊച്ചുവീടുകളാണ്. മലമൂത്രവിസര്‍ജനത്തിനുളള കക്കൂസുകളും ഉണ്ടാവണം. കുടിവെളളവും വൈദ്യുതിയും ലഭ്യമാക്കണം. ഇത്രയും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതോടൊപ്പം അവരുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനുളള നടപടിക്രമങ്ങളും ഉണ്ടാവണം.

ലഹരി ഉപയോഗമാണ് ഇവിടുത്തെ ജനജീവിതത്തിനുളള പ്രാധാന ഭീഷണി. അതിന് കൃത്യമായൊരു കര്‍മപദ്ധതി ആസൂത്രണം ചെയ്യണം. അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി വേണം. പെണ്‍കുഞ്ഞുങ്ങളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്രയൊക്കെയായാല്‍ ഇത്തരം ദളിത് കോളനികള്‍ രക്ഷപ്പെടും. അല്ലാതെ ദത്തെടുത്തിരിക്കുന്നു എന്ന്
വെണ്ടക്കായില്‍ വാര്‍ത്തവന്നതു കൊണ്ടോ; നേതാക്കള്‍ വന്ന് പ്രസംഗിച്ചതു കൊണ്ടോ മാറ്റമുണ്ടാകില്ല.

Keywords:  Article, Kookanam-Rahman, Pattlam Colony, Education, Party, Current, Ramesh Chennithala, Drinking Water, Congress Party, Mother, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia