കാസര്‍കോടിനെ കണ്ടറിഞ്ഞ കലക്ടര്‍
Mar 2, 2012, 12:20 IST
V.N. Jithendran |
മഴ തിമിര്‍ത്തു പെയ്യുന്ന ജൂണ്‍ മാസം. വെസ്റ്റ് ഏളേരി പഞ്ചായത്തിലെ തയ്യേനിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ജനവിദ്യാ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ ആ കോളനി നിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വിവരിച്ചു. കാട്ടാന ശല്യം അതിരൂക്ഷമാണവിടെ. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങളാണ് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമെന്ന് അവര്‍ പറഞ്ഞു. ഞാനും ജിതേന്ദ്രന്‍ സാറും ആപ്രദേശം നേരിട്ട് കാണാന്‍ തീരുമാനിച്ചു. ഞങ്ങള്‍ തയ്യേനിയിലെത്തി. കോളനിയിലെത്താന്‍ കുത്തനെയുളള മല കയറണം. ഒരു മണിക്കൂറോളം മല ചവിട്ടിയാലെ അവിടെ എത്തൂ. പ്രവര്‍ത്തകരോടൊപ്പം ഞങ്ങളും ആവേശപൂര്‍വ്വം മല ചവിട്ടി കയറി. വിദ്യാകേന്ദ്രത്തിന് സമീപത്തുളള കോളനിയില്‍ കാട്ടാനക്കൂട്ടം വരുത്തിവെച്ച ചെയ്തികള്‍ നേരിട്ടു കണ്ടു.
നേരം ഇരുട്ടി തുടങ്ങി. നല്ല മഴയും മല ഇറങ്ങാന്‍ പ്രയാസം അനുഭവപ്പെട്ടു. സാക്ഷരതാ പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ഓരോ തടിച്ച ചൂരല്‍ വടി തന്നു. അത് കുത്തിപ്പിടിച്ചാണ് താഴേക്കിറങ്ങിയത്. നീലേശ്വരത്ത് എത്താന്‍ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. അന്നത്തെ കനത്ത മഴ കൂസാതെ ജിതേന്ദ്രന്‍ സാര്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ണൂരേക്കുളള ട്രെയിന്‍ വരുന്നതുവരെ കാത്തിരുന്നു. അടുത്ത ദിവസം വിളിച്ചു ചോദിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്കുളള വണ്ടിയാണ് കിട്ടിയതെന്ന് പറഞ്ഞു. അടുത്ത ദിവസം രാവിലെ അദ്ദേഹം ഓഫീസില്‍ എത്തുകയും ചെയ്തു. ഞാനാണെങ്കില്‍ തലേദിവസത്തെ മല കയറ്റവും ഇറക്കവും കൊണ്ട്, കാല് വേദന സഹിക്കാന്‍ കഴിയാതെ അവധിയിലായിരുന്നു. എന്ത് ത്യാഗം സഹിച്ചും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ സദാ ജാഗരൂകനാണ് നമുക്ക് കിട്ടിയ ജില്ലാ കലക്ടര്‍.
അക്കാലത്ത് നീലേശ്വരം ബ്ലോക്കിന്റെ സാക്ഷരതാ പ്രോജക്ട് ഓഫീസറായിരുന്നു ഞാന്‍. ടോട്ടല്‍ ലിറ്ററസി ക്യാമ്പയിന്‍ അവസാനിക്കുകയും, സംസ്ഥാനത്ത് ഭരണമാറ്റം വരികയും ചെയ്ത കാലം. ഒരു ദിവസം രാവിലെ ജിതേന്ദ്രന്‍ സാറും രണ്ട് മൂന്ന് പ്രവര്‍ത്തകരും വീട്ടിലേക്ക് വന്നു. നീലേശ്വരം ബ്ലോക്ക് പ്രോജക്ട് ഓഫീസറായി ചാര്‍ജെടുക്കാന്‍ എന്നോടാവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ സാക്ഷരതാ പ്രവര്‍ത്തന അനുഭവം വെച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. നീലേശ്വരം പഞ്ചായത്തിന്റെ മാര്‍ക്കറ്റ് ജംഗ്ഷനിലുളള കല്ല്യാണ മണ്ഡപം ഹാളിലായിരുന്നു പ്രോജക്ട് ഓഫീസ്. സാക്ഷരതയുമായി ബന്ധപ്പെട്ട് ഏത് ദുര്‍ഘടം പിടിച്ച പ്രദേശങ്ങളില്‍ ചെല്ലാനും, പ്രവര്‍ത്തകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും രാപ്പകല്‍ ഭേദമില്ലാതെ സഞ്ചരിക്കാന്‍ തയ്യാറായിരുന്നു ജിതേന്ദ്രന്‍ സാര്‍.
ക്ലാസ്സുകള്‍ രാത്രികാലത്താണ് നടന്നിരുന്നത്. പ്രവര്‍ത്തകരെയും പഠിതാക്കളെയും കാണാനും അവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും അറിയാനും കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. ജില്ലാതല ഉദ്യോഗസ്ഥരില്‍ പലരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാണിക്കും. അത്തരക്കാരില്‍ നിന്നൊക്കെ വിഭിന്നനാണ് ഇദ്ദേഹം. ജര്‍മ്മന്‍ അഡല്‍റ്റ് എജ്യുക്കേഷന്‍ അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ഒരു അര്‍ദ്ധ വാര്‍ഷിക ജേര്‍ണലില്‍ വന്ന ഒരു ഇംഗ്ലീഷ് കവിത എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മുന്നൂറ് വരികളുളള പ്രസ്തുത കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് അത് ഗുണകരമാകും എന്ന് തോന്നി. ഇക്കാര്യം ജിതേന്ദ്രന്‍ സാറുമായി പങ്കിട്ടു.
കൊണ്ടുവരൂ....നോക്കട്ടെ. എന്നദ്ദേഹം പറഞ്ഞു. കേവലം ഒരു മണിക്കൂര്‍ കൊണ്ട് മുന്നൂറ് വരി കവിത അതിമനോഹരമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ഒറ്റയിരുപ്പിന് റോസ്‌കളര്‍ മഷി ഉപയോഗിച്ച് കൊണ്ട് വിവര്‍ത്തനം ചെയ്തു കിട്ടിയ ആ കവിത പല തവണ വായിച്ചു. ഒന്ന് രണ്ട് സാക്ഷരതാ പ്രസിദ്ധീകരണങ്ങളില്‍ പ്രസ്തുത കവിത അച്ചടിച്ചു വന്നിട്ടുണ്ട്. അനായാസേന ഭാഷകൈകാര്യം ചെയ്യുവാനുളള അദ്ദേഹത്തിന്റെ നിപുണത അന്ന് നേരിട്ട് അറിഞ്ഞതാണ്. ജിതേന്ദ്രന്‍ സാര്‍ നല്ലൊരു സംഘാടകനാണ്. സംഘടനകള്‍ ശക്തിപ്പെടുത്തേണ്ട കാര്യം പലപ്പോഴും ഞങ്ങള്‍ സംസാരിക്കാറുണ്ട്. കാന്‍ഫെഡ് എന്ന സാക്ഷരതാ പ്രസ്ഥാനത്തിന്റെ അഭ്യുദായകാംക്ഷിയായിരുന്നു അദ്ദേഹം.
പക്ഷെ സംഘടനയ്ക്ക് വേണ്ടി സംഘടനയുണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. രണ്ടാംഘട്ട സാക്ഷരതാ പരിപാടിയില്‍ സേവനം ചെയ്തുവന്ന ഇന്‍സ്ട്രക്ടര്‍മാര്‍ ഒരു സംഘടന രൂപികരിക്കാന്‍ തീരുമാനിച്ചു. കാസര്‍കോട് ജില്ലയില്‍ ആണ് ഇത്തരമൊരു ആലോചന ആദ്യം നടന്നത്. അന്നത്തെ ജില്ലാസാക്ഷരതാ ഓഫീസില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ഒത്തുകൂടി. സംഘടന രൂപീകരണമായിരുന്നു ലക്ഷ്യം. എന്നെയും പ്രസതുത സംഘടന രൂപികരണ യോഗത്തിലേക്ക് ക്ഷണിച്ചു. സംഘടനയുടെ ആവശ്യത്തെയും മറ്റും അനുകൂലിച്ച് ഞാനും സംസാരിച്ചു. മീറ്റിംഗ്ഹാളില്‍ നിന്നു പുറത്തുവന്ന എന്നെ ജിതേന്ദ്രന്‍ സാര്‍ വിളിച്ചു. ഞങ്ങള്‍ മുഖാമുഖം ഇരുന്നു. ഈ സംഘടന രൂപീകരണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. സന്നദ്ധതയോടെ സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങിയ ഒരു നിശ്ചിത ക്യാംപയിന്‍ പീരിയഡില്‍ വിമര്‍ശിച്ചു. കാര്യം ബോധ്യപ്പെട്ട ഞങ്ങള്‍ ആ സംഘടന രൂപികരണം അന്നത്തോടെ അവസാനിപ്പിച്ചു.
സാക്ഷരതാ പ്രവര്‍ത്തകരുടെ ഒരു സംസ്ഥാന തല യോഗം കണ്ണൂരില്‍ നടക്കുകയാണ്. കാസര്‍കോട് ജില്ലയിലെ പ്രവര്‍ത്തകരായ ഞങ്ങളെ ഉച്ച ഭക്ഷണത്തിന് അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചു. ഉദ്യോഗസ്ഥ തന്‍ പ്രമാണിത്തവും തലക്കനവും ഇല്ലാത്ത പച്ചയായ മനുഷ്യനാണദ്ദേഹം. അതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം സാധാരണക്കാരില്‍ സാധാരണക്കാരായ ഞങ്ങളെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വിളിച്ച് ഹൃദ്യമായി സ്വീകരിച്ചത്. ഭക്ഷണത്തേക്കാളേറെ ഹൃദ്യമായത് അദ്ദേഹത്തിന്റെയും പ്രൊഫസറായ ഭാര്യയുടെയും എളിമയോടെയും സ്‌നേഹത്തോടെയുമുളള സമീപനമാണ്.
സാക്ഷരതാ പ്രവര്‍ത്തനം കൊടുപിരി കൊണ്ടിരിക്കുന്ന കാലം. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒട്ടുക്കും നടന്നു വരികയാണ്. അന്നത്തെ ഓരോ മണിക്കൂറും തിരക്കേറിയതും വിലപ്പെട്ടതുമായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഞാനായിരുന്നു. അന്നത്തെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഭാസ്‌ക്കരന്‍ ആ ദിവസമാണ് മരണപ്പെടുന്നത്. യോഗം മാറ്റിവെക്കണോയെന്ന് ജിതേന്ദ്രന്‍ സാറിനോട് ഞാന്‍ അന്വേഷിച്ചു. എന്ത് ചോദ്യമാണിത്? മനുഷ്യന് മരണം ഒരിക്കലല്ലേ ഉണ്ടാകൂ. മാറ്റിവെച്ചേ പറ്റൂ എന്നാണ് ജിതേന്ദ്രന്‍ സാറിന്റെ മറുപടി. ഉടന്‍ തന്നെ യോഗം മാറ്റിവെച്ചതായി എല്ലാവര്‍ക്കും വിവരം കൊടുത്തു.
ടോട്ടല്‍ ലിറ്ററസി ക്യാംപയിനും പോസ്റ്റ് ലിറ്ററസി ക്യാംപയിനും കാസര്‍കോട് ജില്ലാ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണക്കാരില്‍ ഒരാള്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കിയ ജിതേന്ദ്രന്‍ സാറ് തന്നെയാണ്. വസ്തുതകളെ ശരിയാം വണ്ണം നോക്കിക്കാണാനും തദനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും അഗ്രഗണ്യനാണ് ജിതേന്ദ്രന്‍ സാര്‍. അന്നത്തെ താഴെക്കിടയിലുളള സാക്ഷരതാ പ്രവര്‍ത്തകന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പഠിതാക്കളില്‍ അവശ്യബോധം ഉണ്ടാക്കിയെടുക്കാനും അദ്ദേഹം സ്വീകരിച്ച പ്രവര്‍ത്തനശൈലി മാതൃകാപരമായിരുന്നു. ജില്ലയിലെ മുക്കും മൂലയും കൃത്യമായി കണ്ടറിഞ്ഞ വ്യക്തിയാണദ്ദേഹം നാടിന്റെയും, നാട്ടുകാരുടെയും ഹൃദയത്തുടിപ്പുകള്‍ ഉള്‍ക്കൊണ്ട വ്യക്തിയാണ് നമ്മുക്ക് ലഭിച്ചിരിക്കുന്ന ജില്ലാ കലക്ടര്‍. അന്നത്തെ സാക്ഷരതാ പ്രവര്‍ത്തകരായ ഞങ്ങളെല്ലാം കൊതിച്ചതാണ് ജിതേന്ദ്രന്‍ സാര്‍ ഞങ്ങളുടെ ജില്ലാ കലക്ടര്‍ ആയിരുന്നെങ്കില്‍ എന്ന്. ആ ആഗ്രഹം യാഥാര്‍ത്ഥ്യമായതില്‍ ഞാനടക്കമുളള സാക്ഷരതാ പ്രവര്‍കത്തകര്‍ കൃതാര്‍ത്ഥരാണ്.
-കൂക്കാനം റഹ്മാന്‍
Keywords: V.N Jithendran, District Collector, Article, Kookanam-Rahman