city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞും പടുവൃദ്ധനും

കൂക്കാനം റഹ് മാന്‍

മൂന്നുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പരാതിയും, തൊണ്ണൂറ്റിമൂന്നുകാരന്‍ പതിമൂന്നുകാരികളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയും അടക്കം അമ്പത്തൊമ്പത് ലൈംഗിക പീഡന കേസുകളാണ് കാസര്‍കോട് ജില്ലയില്‍ 2014- 2015 വര്‍ഷം ചൈല്‍ഡ് ലൈനില്‍ (1098) എത്തിയതും ഇടപെട്ടതും.

ലൈംഗിക പീഡനത്തിന് ഇരയാവുന്നത് സ്വന്തം വീടുകളില്‍ വെച്ചും ബന്ധുജനങ്ങളില്‍ നിന്നുമാണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലഭിച്ച 59 പീഡന കേസുകളില്‍ പതിനേഴ് പീഡനങ്ങളും ഇത്തരത്തില്‍ പെട്ടതാണ്.

വിദ്യാലയങ്ങളില്‍ നിന്നും മതപഠന കേന്ദ്രങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ലൈംഗികപീഡനം അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്നതും അത് അധ്യാപകരാണെന്നുള്ളതും നമ്മുടെ സാംസ്‌കാരിക അധ: പതനമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ വര്‍ഷം മാത്രം സ്‌കൂള്‍ അധ്യാപകരാല്‍ പീഡിപ്പിക്കപ്പെട്ടത് മൂന്ന് വിദ്യാര്‍ത്ഥിനികളെയാണെങ്കില്‍ മത പഠനകേന്ദ്രങ്ങളില്‍ 14 കുട്ടികളെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഈ സ്ഥിതി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്നുള്ളത് പഠന വിധേയമാക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമാണ്.

കുഞ്ഞുങ്ങള്‍ പീഡനത്തിനിരയായ സ്ഥലങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പതിനാല് പീഡനകേസുകള്‍ നടന്നത് പഠന കേന്ദ്രത്തില്‍ വെച്ചും, ഒമ്പത് വീതം പീഡനങ്ങള്‍ നടന്നത് അയല്‍ വീടുകളില്‍ വെച്ചും, വീടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശങ്ങളില്‍ വെച്ചുമാണ്. സ്‌കൂളിലും സ്‌കൂള്‍ ബസിലും പീഡനങ്ങള്‍ നടന്നിട്ടുണ്ട്. സ്വന്തം വീട്ടില്‍ വെച്ച് എട്ട് പീഡനങ്ങള്‍ നടന്നിട്ടുണ്ട്. എവിടെയും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലായെന്നു വേണം ഇതില്‍ നിന്നനുമാനിക്കാന്‍.

പീഡിപ്പിക്കപ്പെട്ട വിവരം അറിയുകയും, നടപടികള്‍ക്കായി മുന്നിട്ടിറങ്ങുകയും ചെയ്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നകാര്യം നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങള്‍ തയ്യറാകുന്നില്ല എന്നതാണ്. മുകളില്‍ സൂചിപ്പിച്ച 59 കേസുകളില്‍ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, 19 കേസുകളില്‍ എഫ്. ഐ. ആര്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്.

മൂന്ന് വയസുമുതല്‍ 17 വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് കഴിഞ്ഞ വര്‍ഷം ലൈംഗിക പീഡനത്തിനിരയായത്. പതിനൊന്നുമുതല്‍ പതിനഞ്ച് വയസുവരെയുള്ള കുഞ്ഞുങ്ങളാണ് (41 പേര്‍) പീഡനത്തിന് വിധേയരായവരില്‍ ഏറെയും.

ആണ്‍കുട്ടികളെയും കാമഭ്രാന്തന്മാര്‍ വെറുതെ വിടുന്നില്ല. പീഡിപ്പിക്കപ്പെട്ട 59 പേരില്‍ 12 പേര്‍ ആണ്‍കുട്ടികളാണ്. കാസര്‍കോട് ചൈല്‍ഡ് ലൈന്‍ പ്രസിദ്ദീകരിച്ച 2014- 15 ലെ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇനം തിരിച്ച് ലൈംഗിക പീഡനവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മൂന്ന് മുതല്‍ 18 വരെ പ്രായമുള്ള കുഞ്ഞുങ്ങളെ പീഡിപ്പിച്ച വിവരങ്ങള്‍ ചൈല്‍ഡ് ലൈനില്‍ മാത്രം റിപോര്‍ട്ടു ചെയ്തതാണ്. ഇത് കൂടാതെ നേരിട്ട് പോലീസ് മുഖേന കേസ് റജിസ്റ്റര്‍ ചെയ്തതും നിരവധിയുണ്ട്. മാരകമായ ഈ ആഭാസത്തരത്തിനെ ചങ്ങലക്കിടാന്‍ ഇനിയും കാലവിളംബം വരുത്തരുത്. തെളിവുകളുടെ അപര്യാപ്തതമൂലം പല കേസുകളും തള്ളിപ്പോവാന്‍ ഇടവരുന്നുമുണ്ട്.

സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന ഭയം കൊണ്ടും, കുഞ്ഞിനും, കുടുംബത്തിനും അപമാനമുണ്ടാകുന്നതുകൊണ്ടും കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പലരും വിമുഖത കാണിക്കുന്നു. എങ്കിലും ഇത്രയേറെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറത്തറിയാന്‍ ഇടയാക്കിയത് ചൈല്‍ഡ് ലൈനിന്റെ സാമൂഹ്യ ഇടപെടല്‍ മൂലം തന്നെയാണ്.

കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാം ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 അറിയാം. പ്രസ്തുത നമ്പറിലേക്ക് വിളിച്ചു പറയാനുള്ള ത്രാണി കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ലൈംഗിക പീഡനകേസുകള്‍ക്കു പുറമേ കഴിഞ്ഞ വര്‍ഷം ഒന്‍പത് കുട്ടികള്‍ക്ക് ചികിത്സാസഹായം നല്‍കുന്നതിനും ആലംബഹീനരായ മുപ്പത് കുട്ടികള്‍ക്ക് ഷെല്‍ട്ടര്‍ നല്‍കുന്നതിനും 180 കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മിസ്സിംഗായ രണ്ട് കുട്ടികളെ കണ്ടുപിടിക്കാനും, മൂന്ന് ശൈശവ വിവാഹങ്ങള്‍ക്ക് തടയിടാനും, ബാലവേല ചെയ്യുന്ന ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനും ശാരീരിക പീഡനം അനുഭവിച്ച 45 കുട്ടികളെ സഹായിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങിനെ 251 കേസുകളില്‍ ചൈല്‍ഡ് ലൈന്‍ കഴിഞ്ഞ വര്‍ഷം ഇടപെടുകയുണ്ടായി.

കേന്ദ്ര വനിതാശിശുവികസന വകുപ്പിന്റെ പദ്ധതിയാണ് ചൈല്‍ഡ് ലൈന്‍. ഇന്ത്യയില്‍ എല്ലായിടത്തും പ്രവര്‍ത്തന സജ്ജമാണ് ഈ പ്രസ്ഥാനം. കേരളത്തിലെ പതിനാല് ജില്ലകളിലും ചൈല്‍ഡ് ലൈന്‍ പ്രോജക്ടുകളുണ്ട്. കാസര്‍കോട് ജില്ലയില്‍ മാര്‍ത്തോമ്മ കോളജ് ഓഫ് സ്‌പെഷല്‍ എഡുക്കേഷനും, കാസര്‍കോട് റോട്ടറി ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഡിസ്ഏബിള്‍ഡും, നീലേശ്വരം പാന്‍ടെക്കുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കലക്ടര്‍ ചെയര്‍മാനായിക്കൊണ്ട് ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ അടങ്ങുന്ന ചൈല്‍ഡ് ലൈന്‍ അഡൈ്വസറി ബോര്‍ഡാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ദിവസം ശരാശരി ഇരുപതോളം പരാതികള്‍ 1098 ലേക്ക് എത്തുന്നുണ്ട്. സേവനസന്നദ്ധരായ വളണ്ടിയര്‍മാര്‍ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍മാര്‍, പ്രോജക്ട് ഡയറക്ടര്‍മാര്‍ എന്നിവര്‍ ബന്ധപ്പെട്ട പരാതികള്‍ അന്വേഷിച്ച് കഴിയുന്നത്ര വേഗത്തില്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന നിരതരായ സന്നദ്ധപ്രവര്‍ത്തകരാണ് പീഡന മനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ രക്ഷയ്ക്കായി ഓടിയെത്തുന്നത്.

ഈ കുറിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ മുന്നിലെത്തിയ പരാതി ഒരു അഞ്ചാം ക്ലാസുകാരിയുടെതായിരുന്നു. അമ്മയും അച്ഛനും മൂന്നുമക്കളുമടങ്ങുന്നതാണ് അവളുടെ കുടുംബം. അച്ഛന്‍ മുഴുകുടിയനാണ്. സ്വന്തം വീടില്ല. വാടകവീട്ടില്‍ കഴിഞ്ഞുകൂടുന്നു.
                           
സ്വന്തം അച്ഛന്‍ പലതവണ അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ മുതിര്‍ന്നു. ആരുമില്ലാത്ത ഒരു ദിവസം ആ കുഞ്ഞിനെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി വിവസ്ത്രയാക്കി ലൈംഗികമായി ആക്രമിച്ചു. ഈ കാഴ്ച അമ്മ കണ്ടു. ബഹളം വെച്ചു. അച്ഛനെന്നു പറയുന്ന മനുഷ്യന്‍ എല്ലാവരെയും ഭയപ്പെടുത്തുകയാണ് ചെയ്തത്. അമ്മ നിസ്സഹായയായി. കുഞ്ഞ് വേദന കൊണ്ട് പുളയുകയാണ്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു. കുട്ടിയെ കെയര്‍ഹോമിലെത്തിച്ചു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അയാള്‍ക്കെതിരെ പരാതി നല്‍കിക്കഴിഞ്ഞു. ഇങ്ങിനെ എത്ര കേസുകള്‍. മൃഗതുല്യരായ അച്ഛന്മാര്‍... നിസ്സഹായരായ പെണ്‍കുഞ്ഞുങ്ങള്‍...
പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി വായനക്കാരും സഹകരിക്കണേ. ബാലവേല, ശൈശവ വിവാഹം, ലൈംഗിക പീഡനം, ശാരീരിക പീഡനം ഇവയൊക്കെ കണ്ടാല്‍ ടോള്‍ ഫ്രീ നമ്പര്‍ മറക്കല്ലേ 1098.
പിഞ്ചുകുഞ്ഞും പടുവൃദ്ധനും


Keywords : Kookanam-Rahman, Article, Child, Molestation, School, Teacher, Family, Education, Child Line. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia