city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്രഭരണത്തിലൂടെ സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമാക്കി സി.എച്ച്

പ്രതിഭാ രാജന്‍

(www.kasargodvartha.com 21.12.2014) പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ മൃത്യുഞ്ജയ ഹോമം നടക്കുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന സ്വര്‍ണപ്രശ്‌ന ചിന്തയുടെ തുടര്‍ച്ചയാണിത്. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.എച്ച് നാരായണനെന്ന സി.എച്ചിന് നിന്നു തിരിയാന്‍ സമയമില്ലാതെ ഓടിയും നടന്നും സദാതിരക്കില്‍. പലേടത്തു നിന്നും വിളികള്‍, സംശയനിവാരണം, ഉപദേശം, ദൈനംദിന നിരീക്ഷണം, സുക്ഷ്മത.
ഒരു ആയുസിന്റെ സിംഹഭാഗവും പാലക്കുന്ന്  ശ്രീ ഭഗവതീക്ഷേത്രത്തിനു വേണ്ടി മാറ്റി വെച്ച ജന്മം.

ഇത്തവണ ഔദ്യോഗിക പദവികളില്‍ നിന്നും മാത്രമല്ല, കേന്ദ്ര കമ്മിറ്റി അംഗത്വത്തില്‍ നിന്നു പോലും മാറി നില്‍ക്കുകയാണ് അദ്ദേഹം. ചോദിച്ചപ്പോള്‍ പറഞ്ഞു. നീണ്ട 44 വര്‍ഷത്തോളമായി. 1970 ല്‍ തുടങ്ങിയ തപസ്യ. ഇന്നും അതു തുടരുന്നു. പൂര്‍വികര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യവത്തായ ആശയങ്ങളോട് പൊരുത്തപ്പെട്ട്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പോലും മാറ്റി വെച്ച് കഴകത്തിനായി മുന്നില്‍ നടക്കുന്നു. ഇനി വയ്യ. ഒരു ഇടവേള വേണം. അതാണ് ഇത്തവണ മാറി നിന്നത്.

1970 കളിലായിരുന്നു സി.എച്ചിനെ കഴകം ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് അദ്ദഹം വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥന്‍. ക്ഷേത്ര ഭരണ സമിതിയിലെ ജനാധിപത്യ സ്വഭാവത്തില്‍ ഏറെ ധ്വംസനം നടന്നു വരുന്ന സമയമായിരുന്നു അത്. ക്ഷേത്രത്തിന്റെ പേരിലുള്ള അണ്‍ എയ്ഡഡ് സ്‌കൂളിലെ നിയമനങ്ങളില്‍ പോലും കെടുകാര്യസ്ഥത. ക്ഷേത്രത്തേയും കഴകത്തേയും സംരക്ഷിക്കേണ്ടത് തന്റേതു കൂടിയായ നിയോഗം, ചുമതലയാണെന്ന് തിരിച്ചറിഞ്ഞ സി.എച്ച്. അന്നത്ത സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ  എ.വി. കുഞ്ഞിരാമന്‍, യു.ടി. കൃഷ്ണന്‍, പി.വി. കൃഷ്ണന്‍, പി.വി. ഗോപാലന്‍ തുടങ്ങിയവരോടൊപ്പം ചേര്‍ന്നു.

ക്ഷേത്ര ഐശ്യര്യത്തിനു വിഘാതം വരുത്തുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ഭരണനേതൃത്ത്വത്തോട് കൊമ്പു കോര്‍ത്തു. വിവിധയിനം വിവാദങ്ങള്‍, പ്രതിസന്ധികള്‍ അവ കോടതി വരാന്തവരെയെത്തി. നീണ്ട ഏഴുവര്‍ഷത്തെ പോരാട്ടം, നിയമയുദ്ധം. ഒടുവില്‍ 1977 ല്‍ ക്ഷേത്രസംരക്ഷണ സമിതിയും കഴകവും സമവായത്തിലെത്തിച്ചേര്‍ന്നതോടെ നിശ്ചലമായിരുന്ന ഭരണപ്രക്രിയയും, ജനാധിപത്യ വ്യവസ്ഥയിലൂടെയുള്ള തെരെഞ്ഞെടുപ്പും പുനഃസ്ഥാപിക്കപ്പെട്ടു. എല്ലാറ്റിനോടൊപ്പം അന്നും ഇന്നുമുണ്ട് സി.എച്ച്. മുന്നില്‍. എച്ച്. ഗോപാലന്‍ മാസ്റ്റരുടെ അദ്ധ്യക്ഷതയില്‍ പുതിയ ഭരണ സമിതി വന്നു. ചിറമ്മലില്‍ നിന്നും സി.എച്ച്. തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2014 വരെ മിക്ക സമയങ്ങളിലും പ്രസിഡണ്ടായും, സെക്രട്ടറിയായും, ട്രഷററായും സി.എച്ച്. ഭരണത്തിന്റെ മുന്‍ കസേരയില്‍. 13 വര്‍ഷം ജനറല്‍ സെക്രട്ടറി, 12 വര്‍ഷം പ്രസിഡണ്ട്,  ആറുവര്‍ഷം ട്രഷറര്‍. ഇടയ്ക്ക് ഒരു ടേം മാത്രമൊഴികെ മറ്റെല്ലാ സമയങ്ങളിലും കേന്ദ്ര സമതിയിലേക്കെത്തി.

ഇതിനിടയില്‍ എടുത്തു പറയേണ്ടുന്ന പരിഷ്‌കാരങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ഓര്‍ത്തെടുത്തത് 1983, 2006 വര്‍ഷത്ത ചാവ് ഊട്ട് അടിന്തിരങ്ങള്‍ പരിമിതപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു. രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ കടം കൊണ്ട് മരിച്ചു പോരുന്നവര്‍ വരെ സമുദായം ദുരാചാരമായി കണ്ട ചാവു ഊട്ട് അടിയന്തിരം മാനാഭിമാന സംരക്ഷണത്തിനായി കടം വാങ്ങിയും വസ്തു വിറ്റും നിറവേറ്റപ്പെടുന്നത് ഒരു സാമൂഹ്യാനീതിയായിരുന്നു. അത് ലഘൂകരിക്കാനും, മിതമായും, കേവല ആചാരച്ചടങ്ങുകളായും പരിമിതപ്പെട്ടു തുടങ്ങി. ഇതിനു തുടക്കം കുറിച്ചത് നിങ്ങളുടെ, അരവത്ത് കളിങ്ങോം പ്രാദേശിക നേതൃത്വമാണല്ലോ. മരണാനന്തര ചടങ്ങുകള്‍ ഇറച്ചി വേവിച്ചും ആഘോഷിച്ചും നിവര്‍ത്തിക്കുന്നതാണ് അനാചാരമെന്ന് കഴകം തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി സി.എച്ച.് പറഞ്ഞു. പന്തല്‍ മംഗലവും, തെരണ്ടു കുളി മംഗലവും എടുത്തു കളഞ്ഞ കഴകം, ക്ഷേത്രനിവേദ്യമായി, കലശമായി ചാരായം (റാക്ക്) നിവേദിച്ചിരുന്നത് മാറ്റി ഇളനീര്‍ കലശമായി പരിണമിച്ച ക്ഷേത്ര പരിഷ്‌കര്‍ത്താക്കളുടെ ഏറ്റവും ഇളയ തലമുറയില്‍ മൂപ്പെത്തിയ പ്രവര്‍ത്തകനാണ് ഇന്ന് സ്ഥാനമൊഴിഞ്ഞു പോകുന്ന സി.എച്ച്.

കൂടുതല്‍ ചോദിച്ചപ്പോള്‍ തിരക്കിനിടയില്‍ ഇങ്ങനെ പറഞ്ഞു. ഞാന്‍ അധികാരമേറ്റെടുക്കുന്നതിന്റെ തുടക്കത്തില്‍ തെയ്യം കെട്ടു മഹോല്‍സവങ്ങള്‍ അപൂര്‍വ്വങ്ങള്‍ മാത്രമായിരുന്നു. ഓരോ പത്തു വര്‍ഷത്തില്‍ ഒന്നെന്ന കണക്കില്‍ ഉണ്ടെങ്കിലായി. ഇന്നതല്ല സ്ഥിതി. ഡസനിലധികം ഇപ്പോഴും കഴകാനുമതി കിട്ടാതെ കിടക്കുന്നു. വര്‍ഷത്തില്‍ രണ്ടെന്നതിലധികം അനുവദിക്കാതെ നിയന്ത്രിച്ചു നിര്‍ത്തുന്നത് ധൂര്‍ത്തിനും, ദുഷ്ചിലവിനും കൂടി നിയന്ത്രണം ഏര്‍പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്.  പോയ്‌പോയ മേലാള കീഴാള ജാതി വ്യവസ്ഥിതിയെ തിരികെ കൊണ്ടു വരും രീതിയിലുള്ള തെയ്യം കെട്ടിന്റെ രണ്ടടുക്കള സമ്പ്രദായം ഇല്ലാതായി. അതിനു തുടക്കമിട്ടത്, അരവത്തു നിന്നും, എന്റെ പ്രാദേശിക കേന്ദ്രമായ ചിറമ്മലില്‍ നിന്നുമാണ്.

ഇനിയും പലതും മാറേണ്ടതുണ്ട്. സവര്‍ണ മേധാവിത്വത്തിന്റെ കയ്യൂക്കിനു മേല്‍ക്കൈയുള്ള കാലത്ത് ജാതിയുടെ പേരില്‍ പിടിച്ചു വെക്കപ്പെട്ട പലതും തിരിച്ചെടുക്കേണ്ടതുണ്ട്. അതില്‍ സുപ്രധാനമാണ് തെയ്യംകെട്ടു മഹായോഗത്തിന്റെ പരമോന്നത പദവി ഒരു സവര്‍ണനായിരിക്കണമെന്ന കീഴ് വഴക്കം. അതുമിപ്പോള്‍ മാറി വന്നു കൊണ്ടിരിക്കുന്നു. വ്യാപക മദ്യസേവയും അത്യാവശ്യ തലമെന്ന പേരിലുള്ള മദ്യം വിളമ്പലും, ബോനം കൊടുക്കുന്നതിനായുള്ള വിപുലകമ്മറ്റിയിലും പരിമിതമേര്‍പെടുത്തേണ്ടതുണ്ട്. സമൂഹം മാറുന്നതിനിടയില്‍ ഇത്തരം മാറ്റങ്ങള്‍ സാര്‍വത്രികമാകുമെന്ന് സി. എച്ച്.പ്രത്യാശിച്ചു.

ഇക്കഴിഞ്ഞ നവമ്പറിലാണ് ഒരു മാസത്തോളം നീണ്ടു നിന്ന സ്വര്‍ണ പ്രശ്‌ന ചിന്തക്ക് പരിസമാപ്തമായത്. ഏഴു തലമുറകള്‍ അഥവാ ഒരു തലമുറയെന്നാല്‍ 50 വര്‍ഷമെന്ന തോതില്‍ 350 വര്‍ഷത്തിനകത്തെ കണക്കു വെച്ചു മതി ഇനി വാലായ്മയും പുലകുളിയും കൊണ്ടാടുന്നതെന്ന സ്വര്‍ണ പ്രശ്‌ന തീരുമാനത്തില്‍ സി.എച്ച് സന്തുഷ്ടനാണ്. വരും നാളുകളില്‍ അത് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കക്ഷി രാഷ്ട്രീയ വ്യത്യാസം നോക്കാതെ മുഴുവന്‍ ഹൈന്ദവരുടേയും ക്ഷേമത്തിനാനി ഒരു കുലമെന്നതിനും അപ്പുറം ഒരു വിശാല സംസ്‌കാരം കെട്ടിപ്പടുക്കാന്‍ മനസു കൊണ്ടാഗ്രഹിക്കുന്ന പ്രസിഡണ്ടിനു പല വൈതരണികളും കാരണമാകാം. വേണ്ടത്ര മുന്നോട്ട് പോകാനോ, വിശാലാര്‍ത്ഥത്തില്‍ കൂടെ നടത്താനോ പരിമിതപ്പെട്ടിരിക്കാം. എന്നാലും ആ മനസ് എന്നും മാറ്റങ്ങളുടെ ഒപ്പമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ക്ഷേത്രഭരണത്തിലൂടെ സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമാക്കി സി.എച്ച്

Keywords : Kasaragod, Kerala, Palakunnu, Temple, Article, Prathibha-Rajan, CH Narayanan, CH Narayanan and Palakkunnu temple. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia