റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?
Nov 22, 2012, 07:50 IST
ടു വേ റോഡുകളില്‍ ഒന്ന് കുണ്ടുംകുഴിയുമായി തകര്‍ന്നുകിടക്കുകയാണെങ്കില്‍ വാഹനം ദിശതെറ്റിച്ച് മറ്റേ റോഡിലൂടെ പോകാന്‍ നിയമം ഇളവനുവദിക്കുന്നില്ല. കഷ്ടപ്പെട്ടും തകര്‍ന്ന റോഡില്‍ കൂടിതന്നെ വാഹനം ഓടിക്കണം എന്നുതന്നെയാണ് ആര്.ടി.ഒ. അധികൃതരും ഡ്രൈവര്‍മാരും ഇരുചക്രവാഹനയാത്രക്കാരും എല്ലാം പറയുന്നത്. എന്നാല്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ചുരുക്കമാണ്.
ദേശീയപാതയില്‍ അണങ്കൂരിലും, സംസ്ഥാന പാതയില്‍ ചളിയംകോട്ടും റോഡിന്റെ ഒരുവശം വല്ലാതെ തകര്‍ന്ന് വാഹനയാത്ര ദുഷ്ക്കരമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനങ്ങള്‍ കടന്നുപോകുന്നത് ദിശതെറ്റിച്ച് വലതുവശത്തുകൂടിയാണ്. ഇത്പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്നു. നിയമം അനുസരിച്ച് യഥാര്‍ത്ഥ വശത്തുകൂടി വരുന്ന വാഹനം മറുഭാഗത്തുനിന്ന് ദിശതെറ്റിച്ചുവരുന്ന വാഹനത്തെ പ്രതീക്ഷിക്കുന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ റോഡ് തകര്ന്ന്കിടക്കുകയാണെന്ന മുന്നറിയിപ്പോ, വാഹനങ്ങള്‍ ഒരുവശത്തുകൂടിമാത്രം പോകണമെന്ന നിര്‍ദേശമോ അധികൃതര്‍ നല്‍കുന്നുമില്ല. ഇത് നിയമം അംഗീകരിക്കാത്തതിനെക്കാള് ഗുരുതരമായ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.
ഒരാള്‍ വളരെ ശ്രദ്ധിച്ച് ശരിയായ ദിശയില്‍ തന്നെ വണ്ടി ഓടിച്ചുവെന്നിരിക്കട്ടെ, എതിര്‍ഭാഗത്തുനിന്ന് വരുന്നയാള്‍ ദിശതെറ്റിച്ച് ആദ്യം പറഞ്ഞ വാഹനത്തില്‍ ഇടിക്കുകയാണെങ്കില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. കേവലം ഒരു മിനുറ്റോ രണ്ടു മിനുറ്റോ ലാഭിക്കാന്‍ വേണ്ടിയാണ് തെറ്റായ ദിശയിലൂടെ പലരും വണ്ടിയോടിക്കുന്നത്.
വാഹനങ്ങളെ മറികടക്കുമ്പോഴും സമയ ലാഭത്തിനുവേണ്ടി പലരും നിയമം കാറ്റില്‍പറത്തുന്നു. ഇത് കണ്ടുകൊണ്ടാണ് പലപ്പോഴും നിയമ പാലകര്‍ അതേ റോഡിലൂടെ കടന്നുപോകുന്നത്. സുരക്ഷിതമായ റോഡ് വാഹനയാത്രക്കാരുടെ അവകാശമാണ്. അതിനുവേണ്ടിയാണ് അവര്‍ പലതരത്തിലുള്ള നികുതിയടച്ച്, ലൈസന്‍സ് സ്വന്തമാക്കി, നിയമം പാലിച്ച് വാഹനം ഓടിക്കുന്നത്. ദേശീയപാതയാകുമ്പോള്, പ്രത്യേകിച്ച് യാത്രക്കാരുടെ സുരക്ഷ നല്ലപോലെ ഉറപ്പുവരുത്തേണ്ടതാണ്. എന്നാല്‍ ഏതൊരു ഗ്രാമീണ റോഡിനെക്കാളും തകര്‍ന്നു തരിപ്പണമായിക്കിടക്കുകയാണ് ദേശീയ പാത.
അത് നന്നാക്കാന്‍ അധികൃതര്‍ വേണ്ട സമയത്ത് തയ്യാറാവാത്തതാണ് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. അപകടം നിത്യേനയെന്നോണം നടക്കുമ്പോഴും അതിനെതിരെ ബോധവല്‍ക്കരണം പലവഴിക്ക് തുടരുമ്പോഴും റോഡുകള്‍ നന്നാക്കാനോ, നിയമം കര്ശനാമാക്കാനോ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ വാഹനം ഓടിക്കുന്ന കാഴ്ച നാം കാണുന്നു. വാഹന കമ്പനികള്‍ ദേശീയ പാതയോരങ്ങളില്‍ യഥേഷ്ടം ഷോറൂമുകള്‍ തുറന്നുവെച്ചും തവണ വ്യവസ്ഥയില്‍ വാഹനങ്ങള്‍ വിറ്റഴിച്ചും ആളുകളെ ആകര്‍ഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു ബൈക്കോ, കാറോ ഇല്ലാത്തവര്‍ നാട്ടില്‍ നന്നേ കുറവായിരിക്കും. 10,000 രൂപ മുടക്കിയാല്‍ ഒരു കാറിന്റെ ഉടമയാകാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഡ്രൈവിംഗ് പഠിക്കാത്തവര്‍ക്കും ഒരാഴ്ചകൊണ്ട് അതുപഠിച്ചു എന്നുവരുത്തി വാഹനം നേരെ ഹൈവയിലേക്ക് ഇറക്കാനും ഇപ്പോള്‍ വകുപ്പുണ്ട്. കാലം എത്ര വേഗത്തിലാണ് ചലിക്കുന്നത് എന്ന് ഈ പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ ചിന്തിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്.
കൂടിക്കൂടി മനുഷ്യനെക്കാളും എണ്ണത്തിലാണ് ഇപ്പോള്‍ വാഹന പെരുപ്പം. അവയ്ക്കൊക്കെ കുടിക്കാന്‍ ഇന്ധനവും ഓടാന്‍ റോഡും പാര്‍ക്ക്ചെയ്യാന്‍ സ്ഥലവും വേണമല്ലോ? ലൈസന്‍സ് കണ്ണടച്ച് നല്കുമ്പോഴും നിര്‍മാണം തുരുതുരാ നടക്കുമ്പോഴും മേല്പറഞ്ഞ കാര്യങ്ങളെകുറിച്ചുള്ള ചിന്തയും ഉണ്ടാവേണ്ടിയിരിക്കുന്നു. അങ്ങനെയുണ്ടായില്ലെങ്കില്‍ വാഹനം റോഡിലൂടെയല്ലാതെയും, പലപ്പോഴും ദിശമാറിയും ഓടിയെന്നുവരും. അപ്പോഴും അടിതെറ്റി വീഴുക എല്ലാത്തിനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് അഹങ്കരിച്ച് ഞെളിഞ്ഞ് നടക്കുന്ന മനുഷ്യന് തന്നെയാകും.
-രവീന്ദ്രന് പാടി
Keywords: Article, Road, RTO, Road, Driver, Two-wheeler, Vehicle, Kasaragod, Ravindran Pady