city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മലബാര്‍ സംസ്ഥാനം എന്തു കൊണ്ട് ആവശ്യപ്പെട്ടു കൂടാ...

എ എസ് മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com 05/10/2016)
കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ ചര്‍ച്ച ചെയ്യാന്‍ 'മേശവര്‍ത്തമാനം'(Table talk) നടത്തിയെന്നു അറിയാനിടയായി. നല്ലത് തന്നെ. അവിടുന്ന് ഉച്ചത്തില്‍ പുറത്ത് വന്ന രണ്ട് അഭിപ്രായങ്ങളില്‍ ഒന്ന് ഇവിടെ കീ സ്ഥാനങ്ങളില്‍ കാസര്‍കോട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണ്. രണ്ടാമത്തേത് എന്നും അശാന്തമായ ഒരന്തരീക്ഷം-(വര്‍ഗീയ സംഘര്‍ഷം ഉള്‍പെടെ) നില നില്‍ക്കുന്നത്. ആദ്യത്തേത് പൂര്‍ണമായും ശരിയാവണമെന്നില്ല. ഉദ്യോഗസ്ഥര്‍ എവിടുത്തുകാരായാലും നല്ലവരും അല്ലാത്തവരും ഉണ്ട്. ഇനി അത് ശരിവെക്കുകയാണെങ്കില്‍ തന്നെ, സെക്രട്ടറിയേറ്റില്‍ നമ്മുടെ നാട്ടുകാരായ ഓഫീസര്‍മാരുടെ അഭാവം നിഴലിക്കുന്നുണ്ട്.

കാസര്‍കോട്ട് ഇവിടുത്തുകാര്‍ ഒദ്യോഗിക കസേരകളില്‍ ഇരുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. രണ്ടാമത് ചൂണ്ടിക്കാണിച്ചത് -ഇടയ്ക്ക് ഉടലെടുക്കുന്ന സംഘര്‍ഷാവസ്ഥ- പക്ഷെ തികച്ചും ശരിയാണ്. മാത്രമല്ല, കൈവരിച്ച പുരോഗതിയേയും അത്തരം 'അശാന്തിയുടെ നാളുകള്‍' വീണ്ടും പിറകിലേയ്ക്ക് നയിക്കുന്നു എന്നു കൂടി എഴുതി ചേര്‍ക്കാവുന്നതാണ്. കാസര്‍കോട്ട് വികസനം കൊതിക്കുന്നവര്‍ ആദ്യമായി ചെയ്യേണ്ടത് ഇവിടുത്തെ 'സമാധാനപരമായ' അന്തരീക്ഷം, ഓരോരുത്തരും അവരവരുടേതായ വഴിയില്‍ സംരക്ഷിക്കുക എന്നതാണ്. ശാന്തമായ ഒരറ്റ്‌മോസ്ഫിയര്‍ നിലനിന്നാലേ നാടിന്റെ വികസനം സാധ്യമാകൂ. അതിനാല്‍ അത് ആര് കലക്കാന്‍ ശ്രമിക്കുന്നുവോ അവരെ വേണം നാടിന്റെ വികസന ശത്രുക്കളായി കാണേണ്ടത്.

കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ നമ്മുടെ യുവതലമുറയേയും രോഷാകുലരാക്കി തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ് ഈയിടെയായി കാസര്‍കോട്ടെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ നടന്നു വരുന്ന ചൂടേറിയ ചര്‍ച്ച-(കാസര്‍കോടിനൊരിടം) സൂചിപ്പിക്കുന്നത്. നാടിന്റെ ശോചനീയവും പ്രതിഷേധാര്‍ഹവുമായ അവികസിതാവസ്ഥ ഒരു ഇഛാഭംഗം പോലെയോ അല്ലെങ്കില്‍ ഒരു തരം അപകര്‍ഷതാ ബോധമായോ ആവണം അവര്‍ക്കിടയില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്. അതെത്രത്തോളമായിട്ടുണ്ട് എന്നു വെച്ചാല്‍, കാസര്‍കോട് പ്രത്യേക സംസ്ഥാനം, അല്ലെങ്കില്‍ കേന്ദ്രഭരണത്തിനു കീഴില്‍ വരണമെന്ന് പോലും വാദിക്കുന്നവരുണ്ട്.

അതല്ലെങ്കില്‍ ഒരു സമന്വയത്തിലെത്തി കോഴിക്കോടോ കണ്ണൂരോ ആസ്ഥാനമായി ഒരു മലബാര്‍ സ്റ്റെയിറ്റ് രൂപീകൃതമാവുകയെങ്കിലും വേണം എന്നാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം കാസര്‍കോട് കര്‍ണാടകയില്‍ ചേര്‍ന്നോട്ടെ, അതുവഴി ഇവിടുത്തെ വികസന മുരടിപ്പ് ഒന്നവസാനിച്ചു കിട്ടുമല്ലോ എന്നഭിപ്രായപ്പെടുന്നവരും. അറുനൂറില്‍പരം കിലോ മീറ്റര്‍ അകലെയുള്ള തിരുവനന്തപുരത്ത് നിന്ന് വികസനം വടക്കോട്ട് സഞ്ചരിച്ച് കണ്ണൂരെത്തുമ്പോള്‍ ആവിയായിപ്പോകുന്നത് ഈ നാട്ടുകാര്‍ ഇനിയുമെത്രകാലം സഹിക്കണം എന്ന സന്ദേഹിക്കുന്നവരാണ് അവരില്‍ ഏറെയും. എല്ലാവരും ജനപ്രതിനിധികളെ കുറ്റപ്പെടുത്തുന്നതില്‍ ഏകാഭിപ്രായക്കാരാണ്. കാസര്‍കോടിന്റെ വികസനം, അതെങ്ങനെ കൊണ്ടുവരണം എന്നൊരു വ്യക്തമായ ധാരണ, ഒരു മാസ്റ്റര്‍ പ്ലാന്‍ കൈയിലുള്ള ഒരു ജനപ്രതിനിധിയും ഈ ജില്ലയുടെ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചു വരുന്നില്ല എന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.

കാസര്‍കോടിന്റെ പിന്നാക്കാവസ്ഥയ്ക്ക് ജില്ല രൂപീകൃതമാവുന്നതോടെ മാറ്റം സംഭവിക്കുമെന്ന് എമ്പതുകളില്‍ അന്നത്തെ ഒരു മുതിര്‍ന്ന തലമുറ സ്വപ്നം കണ്ടു. അതിനാല്‍ ജില്ലയ്ക്ക് വേണ്ടി എല്ലാ കോണുകളില്‍ നിന്നും മുറവിളി ഉയര്‍ന്നു തുടങ്ങുകയും ജില്ല രൂപീകൃതമാവുകയും ചെയ്തു. ജില്ല യാഥാര്‍ത്ഥ്യമായിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും യഥാര്‍ത്ഥ വികസനമെന്നത് ഒരു വിളിപ്പാടകലെ തന്നെയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം മാത്രമാണ്. കാസര്‍കോടിന്റെ സാംസ്‌കാരികമായ സവിശേഷത ഒരു ബഹുഭാഷാ സംഗമ ഭൂമി എന്നതാണ്. ഒമ്പത് ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. കാസര്‍കോട്ടെ മലയാളമാണെങ്കിലും മറ്റു ജില്ലകളിലേതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വികസനത്തിന്റെ കാര്യത്തിലും, കാസര്‍കോടെന്ന ഓണം കേറാ മൂലയും, അന്താരാഷ്ട്ര എയര്‍പോര്‍ട്ടടക്കമുള്ള സജ്ജീകരണങ്ങളോടെ ആധുനിക യുഗത്തിലേയ്ക്ക് പുരോഗമിക്കുന്ന കണ്ണൂരും തമ്മില്‍ വലിയ അന്തരം പ്രത്യക്ഷത്തില്‍ കാണുമ്പോള്‍ തോന്നുന്ന അപകര്‍ഷതാ ബോധം മറയ്ക്കാന്‍ മറ്റൊരും സംസ്ഥാനമാകുന്നതാണ് നല്ലതെന്ന് കരുതുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും...?

അപ്പോള്‍ മറ്റൊരു വിഭാഗം (സോഷ്യല്‍ മീഡിയയില്‍ തന്നെ) ഞങ്ങള്‍ക്ക് കേരളം തന്നെ മതിയെന്ന് പറയുന്നതിന്റെ യുക്തിയും മനസിലാക്കാം. ഇവിടുത്തെ വികസനമുരടിപ്പിനോട് ശക്തമായ പ്രതിഷേധമുണ്ടെങ്കിലും മലയാള ഭാഷയോടുള്ള വൈകാരിക ബന്ധം കൊണ്ടാണത്. വടക്കന്‍ എഴുത്തുകാരെല്ലാം വേദിയില്‍ കയറിയാല്‍ പറയുന്നത് ഇതു തന്നെയാണ് ഇവിടുത്തുകാരോടുള്ള ഒരു തരം അയിത്തം. അത് പ്രത്യക്ഷത്തില്‍ അവര്‍ക്ക് ബോധപ്പെടുന്ന തരത്തിലുണ്ടത്രെ. ചിലര്‍, വളരെ പ്രസിദ്ധരായവര്‍, അത് നിഷേധിക്കുന്നുമുണ്ട്. അവര്‍ക്ക് സ്വയമതറിയാം. അവര്‍ എങ്ങനെ, കാസര്‍കോട്ടുകാരനെന്ന അവഗണനയെ മറികടന്നുവെന്ന്. സൃഷ്ടിയുടെ മാഹാത്മ്യം കൊണ്ട് മാത്രമല്ലത് ഏതായാലും. ഇവിടുത്തെ വ്യവസായികളും വീടും കുടിയുമായി കഴിയുന്നുണ്ടെങ്കിലും അവരുടെ സംരംഭങ്ങളെല്ലാം അന്യ ജില്ലകളിലും അന്യ സംസ്ഥാനങ്ങളിലുമാണ്.

ഇവിടെ കാലാവസ്ഥ പ്രതികൂലമാവുമ്പോള്‍ പോയി താമസിക്കാന്‍ ആ നാടുകളില്‍ സ്വന്തമായ ഫ്‌ളാറ്റുകളുണ്ട്. അതിനാല്‍ അവര്‍ക്ക് കാസര്‍കോട് വികസിച്ചില്ലെങ്കിലും കാര്യമായ പരാതിയൊന്നുമില്ല.. മറ്റൊരു കൂട്ടര്‍, ഏറ്റവും താഴെക്കിടയിലുള്ള, സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്നവര്‍. അവര്‍ അന്നന്നത്തെ അപ്പത്തിനുള്ള പണിയും വൈകുന്നേരമാവുമ്പോള്‍ കാശും കയ്യില്‍ വന്നാല്‍ മറ്റൊന്നും ചിന്തിച്ചെന്ന് വരില്ല. ഇടത്തരക്കാര്‍ക്കും വിദ്യാസമ്പന്നര്‍ക്കുമാണ് ഇവിടുത്തെ അവികസിതാവസ്ഥ അസഹനീയമായി അനുഭവപ്പെടുന്നത്. ഏതായാലും സോഷ്യല്‍ മീഡിയയിലെ സ്ഥിരം സന്ദര്‍ശകരുടെ ആറ്റിറ്റിയൂഡ് മനസിലാക്കിയേടത്തോളം, വികസന കാര്യത്തില്‍ ഇനിയവര്‍ പിന്നോട്ട് പോകുന്ന പ്രശ്‌നമേയില്ല എന്നാണ് മനസിലാക്കുന്നത്. മറ്റു ജില്ലകള്‍ക്ക് സമാനമായിട്ടുള്ള തരത്തിലെങ്കിലും അത് വേണം താനും. ഇനിയും ഇത് വെച്ചിരിക്കാന്‍ പറ്റില്ല എന്നിടത്തേയ്‌ക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

അതിവേഗ റെയില്‍ പാത വരുന്നൂ, തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് രണ്ടര മണിക്കൂര്‍.! എന്ന് ഉത്തരവാദപ്പെട്ടവരുടെ വായില്‍ നിന്ന് വീണതോടെയാണ് ശരിക്കും യുവതലമുറയുടെ തരിമൂക്കിലേയ്ക്ക് മാറ്റര്‍ കയറിയത്. നമ്മുടെ കാസര്‍കോട്ടെത്താന്‍ പിന്നെ അവിടുന്ന് മറ്റൊരു രണ്ടര മണിക്കൂര്‍ ഇഴഞ്ഞും ഞരങ്ങിയും. അവരതാണ് ചോദിക്കുന്നത്, ഈ വിവേചനം, ഉത്തരവാദപ്പെട്ടവര്‍ തന്നെ, കാസര്‍കോടിനെ ഒരന്യ സംസ്ഥാനമായി കാണുന്ന തരത്തില്‍ കരുക്കള്‍ നീക്കുമ്പോള്‍. പിന്നെ അവര്‍ക്കുമതായിക്കൂടെ എന്ന്. സാധാരണ രീതിയില്‍ തിരുവനന്തപുരം മുല്‍ മംഗളൂരു വരെയാണ് വണ്ടികളെല്ലാം ഓടിയത്. കൊങ്കണ്‍ വന്ന ശേഷമാണ് അത് ഉത്തരേന്ത്യന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടത്. (ഇ. ശ്രീധരന്‍ പറഞ്ഞതല്ല ഇവിടെ വിവക്ഷ. സാങ്കേതിക വശമാണത്.) കേരളമെന്ന നിലയ്ക്ക് കേന്ദ്രത്തിന്റേതായ റെയില്‍വെ കാസര്‍കോട് വെച്ച് കൊണ്ട് നിര്‍ത്തണമെന്നാരും ആവശ്യപ്പെട്ടില്ല. മംഗളൂരു വരെയാവാം. അതിലപ്പുറവും. അതിലാര്‍ക്കും ഇവിടെ എതിര്‍പ്പില്ല. കാസര്‍കോട് ടച്ച് ചെയ്തു പോകണം എന്നേയുള്ളൂ. കേരള നിയമസഭയില്‍ ഹാജരാവുന്ന പ്രതിനിധികളില്‍ ഏറ്റവും ക്ലേശകരമായ യാത്ര ചെയ്യേണ്ടി വരുന്നത്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം എം എല്‍ എമാരാണ്. സത്യത്തില്‍ അതിവേഗ റെയില്‍ പാത ഏറ്റവും ഉപകരിക്കപ്പെടുന്നതും അവര്‍ക്കാവുമെന്നോര്‍ക്കണം.

കാസര്‍കോട് ജില്ലയായതോടെ ഉള്ളവയും, ചിലത് പുതുതായി വന്നവയും ഒഴിച്ച് പൊതുവ്യവയായ സംരംഭങ്ങള്‍ ഒന്നും ആരംഭിച്ചിട്ടേയില്ല. നിലവിലിരുന്നത് പലതും നഷ്ടത്താല്‍ പൂട്ടി. തൊഴിലാളി സമരങ്ങളാല്‍ താഴ് വീണവയും ഉണ്ട്. കെല്‍ എന്ന സംസ്ഥാന സംരംഭത്തെ ഭെല്‍ എന്ന കേന്ദ്രം വിഴുങ്ങി. അതിപ്പോള്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന അവസ്ഥയിലാണെന്നാണ് കേട്ടത്. കിന്‍ഫ്ര പാര്‍ക്കിലും വന്ന ഏതാനും സംരംഭങ്ങള്‍ തട്ടിയും മുട്ടിയും പോകുന്നത് കണ്ട് പുതുതായൊന്നും ആരംഭിക്കാനുള്ള ധൈര്യം ആര്‍ക്കും നല്‍കുന്നില്ല. ജില്ല കൊണ്ടുണ്ടായ നേട്ടങ്ങളോടൊപ്പമാണ് ഇവയെ നാം വായിക്കേണ്ടത്. വിദ്യാനഗര്‍ ഏതാനും ജില്ലാ ഓഫീസുകള്‍, കാഞ്ഞങ്ങാട് ഒരു ജില്ലാ ആശുപത്രി. പിന്നെ തെക്കരായ ജില്ലാ ഭരണസാരഥികള്‍. അവര്‍ ചാര്‍ജെടുത്തത് മുതല്‍ തിരിച്ച് നാട്ടിലേയ്ക്ക് ഒരു ട്രാന്‍സ്ഫര്‍ വാങ്ങി പോകുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അതിനാല്‍ ഒരു മലബാര്‍ ജില്ല. എന്തു കൊണ്ട് സ്വപ്നം കണ്ടുകൂടാ..? ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. പാര പണിയാന്‍ ശ്രമിക്കുന്നവരും നല്ല സ്വാധീനമുള്ളവരാവാം. പക്ഷെ എന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചു കൂടാ.. എന്നതാണ് ചോദ്യം. വികസിത കാസര്‍കോടിന് ശക്തമായ സമരമുറ ആവിഷ്‌ക്കരിക്കേണ്ടതായി വരും.

ഒരു മലബാര്‍ സംസ്ഥാനം എന്തു കൊണ്ട് ആവശ്യപ്പെട്ടു കൂടാ...

Keywords : Kasaragod, Article, Development Project, A.S Mohammed Kunhi, Malabar State, Call for Malabar state. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia