വിഷദ്രാവകം തുറക്കുന്ന നരകവാതില്‍
Sep 21, 2012, 10:48 IST
P.L. Vijilal |
മദ്യാസക്തിയില്‍ ആഴ്ന്നുപോകുന്ന സമകാലീക സമൂഹത്തിനുള്ള മുന്നറിയിപ്പായി വിജിലാലിന്റെ പുസ്തകം
ലഹരിയുടെ നീരാളിപ്പിടുത്തത്തിന്റെ കാണാക്കയത്തില്‍ നിന്ന് ജീവിതത്തിന്റെ തുരുത്തിലേക്ക് നീന്തിക്കയറിയ എക്‌സൈസ് ഗാര്‍ഡിന്റെ ദുരനുഭവങ്ങളുടെ സാക്ഷ്യപത്രം പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. കേവലം ഒരു മദ്യപാനിയുടെ അനുഭവക്കുറിപ്പുകള്‍ എന്നതിനപ്പുറം മദ്യാസക്തിയുടെ മാസ്മരിക വലയത്തില്‍ ആഴ്ന്നു പോകുന്ന സമകാലിക സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണ് പി എല്‍ വിജിലാലിന്റെ വിഷദ്രാവകം തുറക്കുന്ന നരകവാതില്‍ എന്ന പുസ്തകം.
കൊല്ലം എക്‌സൈസ് ഓഫീസിലെ ഗാര്‍ഡായ വിജിലാല്‍ ശക്തികുളങ്ങര സ്വദേശിയാണ്. മദ്യപാനം വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന ദൂഷ്യവശങ്ങള്‍ ഒരു എക്‌സൈസ് ജീവനക്കാരന്‍ സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തുറന്നുകാട്ടുന്ന ആദ്യ പുസ്തകമാണിത്. ഈയൊരു പ്രത്യേകതയ്ക്കപ്പുറം ചില വൈരുധ്യങ്ങളും വിജിലാലിന്റെ ജീവിതത്തിലുണ്ട്. കൊല്ലം ശ്രീനാരായണ കോളജിലെ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇക്കാലയളവില്‍ ലഹരിവിരുദ്ധ ക്യാമ്പസ് എന്ന മുദ്രാവാക്യമുയര്‍ത്തി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കാണ് വിജിലാല്‍ വഹിച്ചിരുന്നത്. കലാലയ ജീവിതത്തിന് ശേഷം എക്‌സൈസ് വകുപ്പില്‍ ജോലി ലഭിച്ചശേഷമാണ് മദ്യം ഒരു വില്ലനായി വിജിലാലിന്റെ ജീവിതത്തില്‍ രംഗപ്രവേശം ചെയ്തത്.
സുഹൃദ് സദസുകളില്‍ നേരമ്പോക്കിനായി തുടങ്ങിയതായിരുന്നു മദ്യപാനം. ഇത് പിന്നീട് എങ്ങനെ തന്നെ വ്യക്തിരാഹിത്യത്തിന്റെയും രോഗപീഢകളുടെയും വഴികളിലൂടെ മരണത്തിന്റെ വക്കോളമെത്തിച്ചെന്ന് ഇദ്ദേഹം പുസ്തകത്തിന്റെ ആമുഖത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. അമ്മയും ഭാര്യയും നാലാംക്ലാസ് വിദ്യാര്‍ഥിനിയായ മകളും ഉള്‍പെടുന്ന കുടുംബ ബന്ധങ്ങള്‍ ശിഥിലമായതോടെ ഒറ്റപ്പെടലില്‍ നിന്ന് രക്ഷനേടാന്‍ ഈ യുവാവ് ലഹരിയെതന്നെ അഭയം പ്രാപിക്കുകയായിരുന്നു.
മദ്യത്തിന്റെ ഉന്മാദ ലഹരിയില്‍ ഉദിച്ച ചെമ്മീന്‍ കയറ്റുമതി ബിസിനസിനായി സ്വന്തമായുണ്ടായിരുന്ന വീടും വസ്തുക്കളും വിറ്റു തുലച്ചു. ഈ തീരുമാനം അരക്കോടി രൂപയുടെ ബാധ്യതയാണ് വിജിലാലിന് വരുത്തിവച്ചതെന്നത് ജീവിത യാഥാര്‍ഥ്യം. മദ്യപാനം സമ്മാനിച്ച മാരകരോഗങ്ങളും തുടര്‍ന്ന് മാനസിക അസ്വാസ്ഥ്യവുമായി ബന്ധപ്പെട്ടുള്ള 36 ദിവസത്തെ ആശുപത്രിവാസമാണ് പുനര്‍ വിചിന്തനത്തിന്റെ വഴിയിലിലേക്ക് ഇദ്ദേഹത്തിന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ടത്.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മദ്യപാനത്തിന്റെ നരകഭൂമികയായിരിക്കുന്നു. മദ്യം സൃഷ്ടിക്കുന്ന വൈയക്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ സവിസ്തരം വിശകലനം ചെയ്യുന്നതാണ് വിജിലാലിന്റെ പുസ്തകം. ഇത് ഒരു മദ്യപാനിയുടെ അനുഭവക്കുറിപ്പായി മാത്രം തള്ളിക്കളയാവുന്ന ഒന്നല്ല. ലഹരിയുടെ ചരിത്രവും പുരാണവും വൈദ്യശാസ്ത്രവും രസതന്ത്രവും സാങ്കേതികതയും സാഹിത്യവുമൊക്കെ കോര്‍ത്തിണക്കിയുള്ള പുസ്തകം ഗവേഷണാത്മകമായാണ് തയാറാക്കിയിട്ടുള്ളത്. മദ്യത്തിന്റെ വിഷസമുദ്രം നീന്തിക്കടന്ന് പുനര്‍ജനിയുടെ കടവിലെത്തിയ വിജിലാലിന്റെ നെഞ്ചുകീറിയ വെളിപാടുകളില്‍, മദ്യലഹരിയില്‍ തെരുവോരത്ത് മയങ്ങികിടന്ന യുവാവിന്റെ മുഖം തെരുവ്‌നായ്ക്കള്‍ കടിച്ചുകീറിയ സംഭവം വരെ പ്രതിപാദിക്കുന്നുണ്ട്. മദ്യത്തിന്റെ മരണക്കടലില്‍ ജീവിതത്തിന്റെ ഹരിതാഭകള്‍ നശിപ്പിച്ച ഭൂമിയിലെ എല്ലാ മദ്യപാനികള്‍ക്കുമായാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നത്.
ലഹരിയുടെ സ്‌നാനം ചെയ്യപ്പെട്ട പാപത്തറകളില്‍ നിന്ന് മദ്യത്തിന്റെ മരണ- ഭ്രമണപഥങ്ങള്‍ക്കെതിരെ ബോധോദയത്തിന്റെ ഒരു വചനവൃക്ഷം നട്ടു പിടിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെയെന്ന് വിജിലാല്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തെ റെസ്‌പോണ്‍സ് പബ്ലിഷിംഗ് ഹൗസാണ് പ്രസാധകര്‍. കേരളത്തിലെ സഹൃദയ ലോകം ഈ പുസ്തകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വിജിലാല്‍.
-രമേശന്‍ പിലിക്കോട്
Keywords: Book review, Article, P.L. Vijilal, Rameshan Pilicode