city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മലയാള ഭാഷാഭേദങ്ങള്‍

പുസ്തക പരിചയം -വടക്കന്‍ മലയാളം

(www.kasargodvartha.com 01/09/2015) കാസര്‍കോട് ഉദുമ പാക്യാര സ്വദേശി ഡോ. പിഎ അബൂബക്കര്‍ രചിച്ച വടക്കന്‍ മലയാളം പുസ്തകം കഴിഞ്ഞയാഴ്ച കോഴിക്കോട്ട് വെച്ച് പ്രകാശനം ചെയ്തു. പുസ്തകത്തെ കുറിച്ച് കോഴിക്കോട് സര്‍വകലാശാലയിലെ റിട്ട. മലയാള വിഭാഗം മേധാവി ഡോ. ടി. പവിത്രന്‍ എഴുതിയ അവതാരിക.

മലയാളം, കൊറഗഭാഷ, കൊടവഭാഷ, കോപ്പാളഭാഷ, മാവിലഭാഷ, മലവേട്ടുവഭാഷ, മലക്കുടിയ ഭാഷ, മാദിഗഭാഷ, തമിഴ്, കന്നഡ, തുളു, ബ്യാരി എന്നിങ്ങനെയുള്ള 12 ദ്രാവിഡഭാഷാ കുടുംബത്തില്‍പെട്ട ഭാഷകളും കൊങ്ങിണി, മറാട്ടി, ഉറുദു, ഹിന്ദുസ്ഥാനി എന്നിങ്ങനെയുള്ള നാല് ഇന്തോ ആര്യന്‍ കുടുംബത്തില്‍പ്പെട്ട ഭാഷകളും സംസാരിച്ചുവരുന്ന ജില്ലയാണ് കാസര്‍കോട്. ഈ ജില്ലയെപോലെ ഭാഷാസാന്ദ്രതയുള്ള   മറ്റൊരു ജില്ലയും കേരളത്തിലില്ല. 16 ഭാഷകള്‍ സംസാരിച്ചു വരുന്ന വ്യത്യസ്തഭാഷണ സമൂഹങ്ങളുമായി നിരന്തരം സമ്പര്‍ക്കപ്പെടുന്നതിനാല്‍ കാസര്‍കോട് മലയാളഭാഷാ ഭേദത്തിന് ഈണം, താനം, സ്വരങ്ങള്‍, പദങ്ങള്‍, ശൈലികള്‍ എന്നിവയിലെല്ലാം സ്വതന്ത്രമായ സ്വത്വം പ്രകടിപ്പിക്കുന്നത് കാണാം.

കാസര്‍കോട് മലയാള ഭാഷാഭേദത്തിന്റെ ഈണം, താനം എന്നിവ കാസര്‍കോടുള്ള ഭാഷകരുടെ ഭാഷാവ്യവഹാരങ്ങള്‍ നേരിട്ട് കേള്‍ക്കുമ്പോള്‍ ബോധ്യപ്പെടും. കാസര്‍കോട് മലയാള ഭാഷാഭേദത്തിന് മറ്റുജില്ലകളിലുള്ളതുപോലെ പ്രാദേശിക ഭാഷാഭേദം എന്നും സാമൂഹ്യഭാഷാഭേദം എന്നും രണ്ടുവിഭാഗങ്ങളുണ്ട്. പ്രദേശത്തിന്റെ സവിശേഷതകളായ പുഴ, കുന്ന്, വയല്‍ എന്നിവയായിരിക്കും പ്രാദേശിക ഭാഷാഭേദത്തിന്റെ സ്വത്വം നിര്‍ണയിക്കുക. മതം, ജാതി, തൊഴില്‍കൂട്ടം എന്നിവയായിരിക്കും സാമൂഹ്യഭാഷാഭേദം രൂപപ്പെടുത്തുന്നത്.
കൊറഗര്‍, മാവിലര്‍, കോപ്പാളര്‍, മാദിഗര്‍ എന്നിവര്‍ സംസാരിക്കുന്നത് സ്വതന്ത്രമായ ദ്രാവിഡഭാഷകളാണ്.

സ്വരങ്ങളും വ്യജ്ഞനങ്ങളും മേല്‍പ്പറഞ്ഞ ഭാഷാ സമൂഹങ്ങളുമായുള്ള ആശയവിനിമയത്തിന്റെ സ്വാധീനം ഈ ഭാഷാഭേദങ്ങളില്‍ കാണാം: (ഇ്ടിയപ്പം - എ്ഉ്തുക) എന്നീ പദങ്ങളിലെ ഇ്ടിയപ്പം എന്നതിലെ ആദ്യസ്വരം കേന്ദ്രീകൃതമധ്യസ്വരത്തെയും എ്ഉ്തുക എന്ന പദത്തിലെ ആദ്യത്തെ സ്വരം മുന്‍മധ്യസ്വരത്തെയും കേന്ദ്രീകൃത മധ്യസ്വരത്തെയും പ്രതിനിധീകരിക്കുന്നു. കൊങ്ങിണി ഭാഷയിലെ ഏ്ക് (=ഒന്ന്) എന്ന പദത്തിലെ ആദി സ്വരം പോലെയാണ് ഏ്‌റ്, ഏ്പ്പ്, ഏ്ട്ടി, എ്‌ളയ, എപ്പം എന്നിവ ഉച്ചരിക്കുന്നത്.

സ്വരങ്ങള്‍ അണ്ണാക്കില്‍ എവിടെയും തൊടാതെ ഉച്ചരിക്കുന്നതിനാല്‍ അവയെ വര്‍ഗീകരിക്കാന്‍ നാവിന്റെ ഉപയോഗിക്കുന്ന ഭാഗം, ഉയര്‍ച്ച താഴ്ചകള്‍ എന്നിവക്കനുസരിച്ചും ചുണ്ടിന്റെ ഉച്ചാരണസന്ദര്‍ഭങ്ങളിലെ ആകൃതിക്കനുസരിച്ചും പേരിടുന്നു. കാസര്‍കോട് ഭാഷാഭേദത്തിലെ സ്വരങ്ങളെ മുന്‍സ്വരം കേന്ദ്രീകൃതസ്വരം, പിന്‍സ്വരം എന്ന് വേര്‍തിരിക്കാം. പിന്നീട് മുന്‍ഉച്ചസ്വരം (ഇ, ഈ) മുന്‍മധ്യസ്വരം (എ,ഏ) മുന്‍ മധ്യാല്‍പനിമ്‌നസ്വരം (എ്, ഏ്) കേന്ദ്രീകൃതനിമ്‌നസ്വരം (അ,ആ) കേന്ദ്രീകൃത മധ്യസ്വരം ( ് ് ്)പിന്‍ മധ്യസ്വരം (ഒ,ഓ) പിന്‍ ഉച്ചസ്വരം (ഉ, ഊ) എന്നിങ്ങനെ സ്വരോച്ചാരണ സമയത്തെ നാവിന്റെ നിലയെ ആശ്രയിച്ച് വര്‍ഗീകരിക്കുന്നു.

ചുണ്ട് വര്‍ത്തുളമാക്കി ഉച്ചരിക്കുന്ന സ്വരങ്ങളാണ് ഉ ഊ, ഒ ഓ എന്നീ ഏകസ്വരങ്ങള്‍. മറ്റുള്ള ഏകസ്വരങ്ങളായ ഇ,ഈ,എ,ഏ,എ്, ഏ്്, അ, ആ,  ,് ് ് എന്നിവ പത്തും അവര്‍ത്തുളിതങ്ങളാണ്. സ്ഥാനങ്ങളില്‍ തൊട്ടോ അല്‍പം തൊട്ടോ തൊടും എന്ന ലാഞ്ഛനസൃഷ്ടിച്ചോ ആണ് വ്യജ്ഞനാക്ഷരങ്ങളെ കാസര്‍കോട് ജില്ലയിലെ ഭാഷകരുച്ചരിക്കുന്നത്. അല്ലാഹു എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരം ദന്ത്യസ്ഥാനത്തുവെച്ചും ഫീസ് എന്ന വാക്കിലെ ഒന്നാമത്തെ അക്ഷരം ഓഷ്ഠ്യസ്ഥാ നത്ത് വെച്ചു 'വ' ഉച്ചരിക്കുന്നതുപോലെയല്ല, മറിച്ച് ഘര്‍ഷസ്വഭാവത്തോടെ ഉച്ചരിക്കുന്നതായി കാണാം. അതിനാല്‍ 'വ' യും ഫീസിലെ ളമയും ദന്ത്യോഷ്ഠ്യാക്ഷരങ്ങളാണ്.

ററ മുതല്‍ ന വരെയുള്ള 12 വ്യജ്ഞനങ്ങളും വര്‍ത്സ്യസ്ഥാനത്ത് തൊട്ടുച്ചരിക്കുന്ന വര്‍ത്സ്യാക്ഷരങ്ങളാണ്. ട മുതല്‍ ഴ വരെയുള്ള 8 വ്യജ്ഞനങ്ങളുച്ചരിക്കുന്നത് അണ്ണാക്കിന്റെ മുകളില്‍ തൊട്ടായത് കൊണ്ട് അവയെ മൂര്‍ധന്യങ്ങള്‍ എന്നു വിളിക്കുന്നു. ക മുതല്‍ ങ വരെയുള്ള അഞ്ച് വ്യജ്ഞനങ്ങള്‍ മൃദുതാലവ്യസ്ഥാനത്തിന്റെ സഹായത്തോടെ ഉച്ചരിക്കുന്നത് കൊണ്ടാണു അവയെ മൃദുതാലവ്യങ്ങള്‍ എന്നുവിളിക്കുന്നത്. മലയാള ഭാഷയിലെ ഹ എന്ന വ്യജ്ഞനം കണ്ഠ്യസ്യഥാനത്തുവെച്ചും ഉച്ചരിക്കുന്നു; അതിനാല്‍ കണ്ഠ്യമെന്ന് 'ഹ'യെ സ്ഥാനപ്പെടുത്തുന്നു. ഹയേക്കാള്‍ താഴ്ത്തിയുച്ചരിക്കുന്ന വ്യജ്ഞനം വഖഫ് ബോര്‍ഡ്, ഹൈര്‍ എന്നീ വാക്കുകളിലെ രണ്ടാമത്തെയും ഒന്നാമത്തെയും അക്ഷരമാണ്. പൂര്‍വ്കണ്ഠ്യം എന്ന് ഈ അക്ഷരങ്ങളെ വിളിക്കാം. 14 ഏകസ്വരങ്ങളും 11 ദ്വിസ്വരങ്ങളും 41 വ്യജ്ഞന ത്രിസ്വരം, ചതുസ്സ്വരം, പഞ്ചസ്വരം എന്നിങ്ങനെയായി മലയാളം വളരുകതന്നെയാണെന്നു കണക്കാക്കാം.

സ്വരങ്ങള്‍ക്ക് ഉച്ചാരണസ്ഥാനം കല്‍പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഭാഷാശാസ്ത്രജ്ഞര്‍ അവയെ അവിരാമികള്‍ എന്ന് വിളിക്കുന്നത്. വ്യജ്ഞനങ്ങള്‍ക്കു സ്ഥാനം കല്‍പ്പിക്കാന്‍ കഴിയും. 'അകുഹവിസര്‍ജനീയാനാംകണ്ഠ', 'ഇചുയശാനാം താലു', 'ഋടുരഷാണാം മൂര്‍ധാ' എന്നിങ്ങനെയുള്ള പാണിനീയവ്യാകരണസിദ്ധാന്തങ്ങളൊന്നും മലയാള ഭാഷയിലെ സ്വരപഠനത്തിനോ വ്യജ്ഞനപഠനത്തിനോ പൂര്‍ണമായി, അതേപടി, പ്രായോഗക്ഷമങ്ങളല്ല.

മൂന്നരക്കോടി മലയാളികളുടെ ഉച്ചാരണാവയവങ്ങള്‍ തന്നെയാണ് സ്വരപഠനത്തിനും വ്യജ്ഞനപഠനത്തിനും നിയാമകം. വ്യജ്ഞനാക്ഷരങ്ങളുടെ ഉച്ചാരണസ്ഥാനത്തെ നിജപ്പെടുത്തുമ്പോള്‍ പാണിനി, കേരളപാണിനി, ഗുണ്ടര്‍ട്ട് എന്നീ വൈയാകരണന്മാരവതരിപ്പിക്കുന്ന താലവ്യസ്ഥാനത്തുച്ചരിക്കുന്നവയല്ല ച,ജ,ഝ,ഞ,യ,ശ എന്നിങ്ങനെയുള്ളവയൊന്നും; മറിച്ച് മോണയിലുരച്ചാണ് ഇവ നിഷ്പാദിപ്പിക്കുന്നതെന്നും അനുഭവവേദ്യമാകും.

1. പൂര്‍വകണ്ഠ്യം 2. കണ്ഠ്യം 3. മൃദുതാലവ്യം 4. മൂര്‍ധന്യം 5. വര്‍ത്സ്യം 6. ദന്ത്യം 7. ഓഷ്ഠ്യം എന്നിങ്ങനെയുള്ള ഏഴ് സ്ഥാനങ്ങളിലുരച്ചോ സമീപിപ്പിച്ചോ വ്യജ്ഞനങ്ങളെ നിഷ്പാദിപ്പിക്കുന്നു. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാള വ്യാകരണചോദ്യോത്തരം എന്ന ഗ്രന്ഥത്തിലെ നിരീക്ഷണം നോക്കുക (ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, മലയാള ഭാഷാ വ്യാകരണം മലയാളവ്യാകരണം ചോദ്യോത്തരങ്ങള്‍ സാ.പ്ര.സം നേഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 2014 പുറം 374 -375)
''25 അകാരം എത്രവിധം ഉള്ളത്?
ശുദ്ധ അകാരം താലവ്യാകാരം ംരം (ഈ) രണ്ടുവിധം അകാരം ഉള്ളതു; 'നല്ല', 'പല' 'തര' എന്നിങ്ങനെയുള്ള അകാരങ്ങളില്‍ ആന്ത്യസ്വരം ശുദ്ധ അകാരം തന്നെ; 'പറ', 'അണ', 'തല' ഇത്യാദികളില്‍ തമിഴില്‍ ഐകാരവും മലയാഴ്മയില്‍ താലവ്യാകാരവും കാണുന്നു; പദത്തെ നീട്ടിയാല്‍ താലവ്യ അകാരം എകാരമായ് മാറും.
ഉ-ം- 'തലെക്കു' 'മലെക്കല്‍' 'അണെച്ചു' (എന്നോടു) 'പറഞ്ഞു'

26 ഉകാരം എത്രവിധം ഉള്ളത്?
മുറ്റുകാരം, അരയുകാരം, ംരം രണ്ടുവിധം ഉകാരം ഉള്ളതു. ഉ-ം-'ശിശു' 'തെരു' 'വന്നു' ഇങ്ങിനെ ചിലപദങ്ങളില്‍ മുറ്റുകാരം കേള്‍ക്കുന്നു; അരയുകാരം എന്നത് അതിന്റെ ഹ്രസ്വത നിമിത്തം ചിലരുടെ എഴുത്തില്‍ ലോപിച്ചു പോകുന്നതുണ്ടു.
ഉ-ം- 'കണ്‍' 'കണ്ണു' 'കണ്ണ' 'കണ്ണ', മീത്തല്‍ തൊട്ടുകുറിച്ചാലും മതി.
പാട്ടില്‍ നിത്യം മുറ്റുകാരം പോലെ തന്നെ എഴുതുമാറുണ്ടു.
ഉ-ം- 'അതുത പൊഴുതുവീണുമരിച്ചു'

ഗുണ്ടര്‍ട്ട് അകാരത്തെ ശുദ്ധം, താലവ്യം, ഓഷ്ഠ്യം എന്നും ഭാഷണങ്ങളില്‍നിന്ന് ' ്'കാരത്തെ തിരിച്ചറിഞ്ഞിട്ട് എഴുതുന്നപോലെയല്ല ഇതുച്ചരിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രീകൃതമധ്യസ്വരമായ ഈ സ്വരത്തെ അരയുകാരം എന്നുവിളിക്കുന്നു. ആറ്റുര്‍കൃഷ്ണപ്പിഷാരടി അരഅകാരം എന്നും റവ. ജോര്‍ജ് മാത്തന്‍ അര്‍ധാച്ച് എന്നും പ്രബോധചന്ദ്രന്‍ നായര്‍ പുഞ്ചിരിസ്വരം എന്നും കേരളപാണിനി സംവൃതോകാരം എന്നുമാണ് വിളിച്ചിരുന്നത്. യഥാര്‍ഥത്തില്‍ ഈ സ്വരം നാവിന്റെ നടുഭാഗം മധ്യനിലയിലേക്കുയര്‍ത്തി ഉച്ചരിക്കുന്നു. കാസര്‍ഗോട് ഭാഷാ ഭേദത്തില്‍ ഈ സ്വരത്തിന്റെ ഹ്രസ്വവും ( ്ണ്ട്) ദീര്‍ഘവും ( ് ് ട) കാണാം. തുളു, കൊടവ തുടങ്ങിയവ ദ്രാവിഡ ഭാഷകളിലും കേന്ദ്രീകൃതമധ്യസ്വരമായ് '്' സ്വതന്ത്രസ്വത്വത്തോടെ ഉച്ചരിച്ചുവരുന്നുണ്ട്. പൂര്‍വതമിഴ്- മലയാളം എന്ന പൊതു ദശയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഭാഷകളാണ് തമിഴും മലയാളവും തമിഴില്‍ കൊന്റു എന്ന പദം കൊന്റ് എന്നുച്ചരിച്ചാലും തമിഴ് വ്യാകരണത്തെ ആ പ്രയോഗങ്ങള്‍ ബാധിക്കുന്നില്ല. മലയാളത്തില്‍ കേന്ദ്രീകൃതമധ്യസ്വരമായ '് ' ചേരുമ്പോള്‍ ആ പദം മുന്‍വിനയെച്ചവും (കൊന്ന്) പിന്‍ഉച്ചസ്വരമായ 'ഉ' ചേരുമ്പോള്‍ മുറ്റു വിനയുമായിത്തീരുന്നു എന്ന വ്യാകരണപ്രത്യേകതയുണ്ട്.

പദസംഹിത
അച്ച്‌ള് (=ഒച്ച്), അച്ചാലും പിച്ചാലും (=അങ്ങോട്ടും ഇങ്ങോട്ടും), അടിച്ചട്ടി അടിച്ചൂറ്റി (=അടച്ചൂറ്റി), അടിമന്‍ (=കരു) അടുപ്പുമ്മ (=അടുപ്പിന്‍മേല്‍ - മ്മ - ആധാരികാപ്രത്യയം), അട്‌മെ (=അടിമ) അട്ടക്കൂട്
(=കക്ക, നൊയ്ച്ചിങ്ങ) അണങ്ങ(=പ്രേതം) അദ്രാളം (=അടയാളം) അന്ത്രാളം (=വരാന്ത) അപ്യേരെ (= അവരുടെ) അബെ (=ശരി) അയ്റ്റ്‌ങ്ങൊ (=അവര്‍) അരുള്ളി (=വെളുള്ളി) അലാമത്ത് (=അടയാളം) ആബി (= കോട്ടുവായ) ആസെ (= ആശ), ്ട്ടം (=അ്ട്ടം) ഉമ്മാപ്പാ /എമ്മാപ്പാ/അമ്മാപ്പാ (=അറിയില്ല) ഉല്‍ക്കോട്ട് (=തൂമ്പ) ഊയി (=മുള) ഊവന്‍ (= ഇവന്‍) ഊവറ് (=ഇവര്‍) ഊളിക്കം (=സഹായം) ഊര്‍ച്ച (=ദുസ്സ്വാദ്) എഞ്ച്യേ (=എന്തേ) എല്ലാര്‍ത്തും (=എല്ലാസ്ഥലത്തും) ഏക്കണക്കേ്ട് (=മോശം/ലക്ഷണക്കേട്) ഏമ്പ (=മീന്‍പിടിക്കുന്ന കുത്തൂട്) ഏരിയം (=പുരികം) ഏല് (= മരക്കൊമ്പ്) ഏ്ടങ്ങുക (=കാലിടറുക) ഏ്ടന്നര്‍ (=തര്‍ക്കുത്തരം പറയുക) ഏ്‌റ് (= ചിറക്) ഐച്ചല്‍ (=ആ ചാരം ) ഒക്കല്‍ (=കാളയെക്കൊണ്ട് നെല്ല് മെതിക്കല്‍) ഒണ്ടാമ്പുളി (= കുടമ്പുളി) ഒയറ്റാക്കുക (=ധൃതികൂട്ടുക) ഒരവ് (=ഉരല്‍) ഒര്‌മേസം (=രോമം) ഒലീമ (=വിവാഹ സദ്യ) ഒല്ലി (= പുതപ്പ്) ഒള്ളെ (=നീര്‍ക്കോലി) ഒറോട്ടി (= പത്തല്) ഓങ്ങ് (=കടല്‍ച്ചുഴി) ഔത്ത് (=അകത്ത്) കഡ്ഡി (= സ്ലേറ്റ് പെന്‍സില്‍) കരിപ്പം/കയിര്‍പ്പം (=(ഗര്‍ഭം) കരിസെനെ (=ദേഷ്യം) കാല്‍സര്‍പ്പി്ണി (=പാദസരം) കൊട്‌മൊള് (=വള്ളിമുളക്, കുടക് മുളക്) കോമ്പിരിയ (=അടുക്കള) ഗഡി (= സ്ലേറ്റ് പെന്‍സില്‍) ചമാനം (=കല്യാണവിരുന്ന്) ജോന്‍ (=ഇവന്‍) ചോമട്ട (=തക്കാളി) തണാറ് (=മുടി) താസി(=സാക്ഷി)

മേലെക്കൊടുത്ത പദസംഹിതയില്‍ നിഷേധ രൂപിമമായി പ്രയോഗിക്കുന്നവ ഉമ്മാപ്പാ /എമ്മാപ്പാ/അമ്മാപ്പാ എന്നിവയാണല്ലോ. ഇതില്‍ ഉമ്മാപ്പാ ഒഴികെയുള്ള രണ്ടുരൂപിമങ്ങളും കണ്ണൂര്‍ജില്ലയിലെ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ട്. തര്‍ക്കുത്തരം പറയുന്നതിന് എ്ടന്തേറ് എന്നാണ് കണ്ണൂര്‍ ഭാഷാഭേദത്തില്‍ കാണുക. ഈവാക്കിന് ആദിസ്വരദീര്‍ഘവും അനുനാസികാതിപ്രസരവും വന്ന രൂപം ഏ്ടന്നര്‍ കാസര്‍കോട്ടെ ഭാഷകര്‍ പ്രയോഗിക്കുന്നു.

ഏമ്പയാണ് പുഴയില്‍ മീന്‍ കുത്തിപിടിക്കുന്ന ഉപകരണത്തിന് കാസര്‍കോട് പറയുന്നതെങ്കില്‍ കണ്ണൂര് അത് കുത്തൂടാണ്. എ്‌റ് കണ്ണൂര്‍ ഭാഷാഭേദത്തില്‍ ചിറകാണ്. നെല്ല് ഉണക്കാനിട്ടതിന്റെ മുകളിലൂടെ ചവിട്ടി നടന്നുവരുന്ന മോനോട് അച്ചമ്മ 'എ്‌റ്ള്ള മൊതലാന്ന്; പാറിപ്പോം' (ചിറകുള്ള വസ്തുവാണ് നെല്ല്, അതിനെ അപമാനിച്ചാല്‍ പറന്നുപോകും = അടുത്ത വിളകുറയും) എന്ന് ശാസിക്കും. ഏല്, ബയത് എന്നിവ ഹിതകരമായനിലയാണ് കണ്ണൂരുള്ള ഭാഷകര്‍ക്കെങ്കില്‍ ഈ ഭാഷാ ഭേദത്തില്‍ ഏല് മരക്കൊമ്പാണ് ഐച്ചല് കണ്ണൂര്‍ - കാസര്‍കോടുജില്ലയില്‍ ആചാരം തന്നെ. 'ഏ്ട ഐത്ത ഐച്ചലാന്ന്' (= എവിടെയുള്ള ആചാരമാണിത്) എന്ന ചൊല്ല് ഈ രണ്ടു ജില്ലകളിലും പ്രയോഗിക്കുന്നത് കാണാം.

ഭാഷാഭേദപഠനത്തില്‍ കേന്ദ്രമേഖലയും അവശിഷ്ടമേഖലയും ഉണ്ട്. കാസര്‍കോട് ഭാഷാഭേദത്തിന്റെ അവശിഷ്ടമേഖലയായ തൃക്കരിപ്പൂര്‍, പിലിക്കോട്, കാലിക്കടവ് എന്നീ പ്രദേശങ്ങള്‍ക്കടുത്തുള്ള കരിവെള്ളൂരില്‍ 'അപ്യ (=അമ) ഇപ്യ (= ഇവര്‍) അച്ച്‌ള് (= ഒച്ച്) അട്ടക്കൂട് (= വയല്‍കക്ക) അണങ്ങ് (=പ്രേതം) എന്നീ പദങ്ങള്‍ ധാരാളമായി പ്രയോഗിക്കുമ്പോള്‍ കണ്ണൂര്‍ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ അവര് ഇവര്, ഒച്ച്, നൊയ്ച്ചിങ്ങ, കുളി എന്നീപദങ്ങളാണ് പ്രയോഗിക്കുന്നത്.

ഊയി എന്നും ഊയിശ് എന്നും കണ്ണൂരുള്ള ഭാഷകരുടെ വ്യാക്ഷേപകമാണ്. ഊയി (=മുള) കാസര്‍കോട് ഭാഷാ ഭേദത്തില്‍ നാമമാണല്ലോ. ഊവന്‍ (=ഇവന്‍) ഊവര്‍ (= ഇവര്‍) ഊവള്‍ (=ഇവള്‍) എന്നിവ ഈ ഭാഷാഭേദം രൂപപ്പെടുത്തിയ പദങ്ങളാണ് താനും. സമീപവാചിയായ ചൂണ്ടുപേരുകളിലാണ് മറ്റുഭാഷാഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്വത്വം കാണുന്നത്.

വാക്യങ്ങള്‍
മങ്ങലോട്‌ത്തെ സൂളെച്ചി (=മംഗലാപുരത്തെവേശ്യ) എന്ന ഈവാക്യത്തില്‍ കര്‍ത്തൃപദം ക്രിയാപദം എന്നിവ മറച്ചുവെച്ചിരിക്കുന്നു. സന്ദര്‍ഭം കൊണ്ട് വക്താവിന് അവള്‍ എന്ന കര്‍ത്താവിനെയും ആണ് എന്ന ക്രിയാപദത്തെയും തിരിച്ചറിയാന്‍ സാധിക്കും.

'പൊലുവില്ലാത്തകടം' എന്നവാക്യത്തിലാകട്ടെ അത് എന്ന കര്‍ത്താവിനെയും ആണ് എന്ന ക്രിയാപദത്തെയുമാണല്ലോ ഒളിപ്പിച്ചിരിക്കുന്നത്. പലിശയില്ലാത്തകടം എന്നാണീ വാക്യത്തിന്റെ അര്‍ഥം.
പൂ കൊട്‌ക്കെ്ണ്ടര്‍ത്ത് പൂന്റെസല് കൊട്ക്കല്‍, പൂന് പൊര്‍ദി പൂന്റെസല് കൊട്ക്കല്‍ (=പൂ കൊടുക്കേണ്ടിടത്ത് പൂവിന്റെ രൂപം കൊടുക്കല്‍, പൂവിന് പ്രതി (പകരം) പൂവിന്റെ രൂപം കൊടുക്കല്‍) എന്നീവാക്യങ്ങള്‍ ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നതാണെങ്കിലും ആദ്യത്തത് കര്‍ത്തൃവിഭക്തിയിലും രണ്ടാമത്തേത് ഉദ്ദേശികാവിഭക്തിയിലും പ്രയോഗിച്ചിരിക്കുന്നു. ക്രിയയിലേക്കന്വയിക്കുന്നതും ക്രിയക്കുപയോഗപ്പെടുന്നതുമാണ് വാക്യത്തിലെ കാരകബന്ധം എന്നതിനാല്‍ രണ്ടിടത്തെയും 'പൂന്റെസല്' എന്നീ സംബന്ധികാ രൂപങ്ങള്‍ക്ക് കാരകബന്ധം കല്‍പ്പിക്കാന്‍ കഴിയില്ല.

'കക്കാന്‍ പടിച്ചാപോരാ നേലാനും പടിക്കണം' എന്ന വാക്യം (=നീ കക്കാന്‍ പഠിച്ചാല്‍ പോരാ ഞേലാനും പഠിക്കണം) കക്കുക, പഠിക്കുക, പോരുക, ഞേലുക (=തൂങ്ങുക) എന്നീ ക്രിയകള്‍ ചേര്‍ത്ത് നിര്‍മിച്ചതാണ്. പോര് (= വര്) എന്ന ക്രിയാധാതുവിന്റെ പിന്നില്‍ ഒര് പച്ചിക്കുര്‍ക്കാന്‍ ബെ്‌ള്ളോമില്ല (=ഒരു പക്ഷിക്ക് കുടിക്കാനുള്ള വെള്ളമോ ഇല്ല) എന്ന വാക്യത്തിലെ പച്ചിയും പക്കി (=പുരുഷലിംഗം, പക്ഷി)യും പാലിപ്രാകൃത ഭാഷകളില്‍ നിന്ന് മലയാളഭാഷക്കുകിട്ടിയതാണല്ലോ. പക്കി, കുഞ്ഞിപ്പക്കി എന്നീ പേരുകള്‍ തലശ്ശേരിയില്‍ ഏറെ കാണാം. പക്കി എന്ന കുട്ടി ഉറക്കത്തില്‍ നിന്നെണീറ്റ് കരയുമ്പോള്‍ മീന്‍ മുറിക്കുന്ന ഉമ്മയെ വിളിക്കാന്‍ ഉപ്പ മൂത്തമോനെ പറഞ്ഞയക്കും. അപ്പോളുള്ള സംഭാഷണം ഇങ്ങനെ:
ഉമ്മാ! ഉപ്പ പക്കിയെണീറ്റിറ്റ് വിളിക്ക്ന്നാ
ഉമ്മ കുറിച്ചി കയ്യീറ്റ് വെരാന്ന് പറയ്.
പക്കി എന്നതിന് ലിംഗം എന്നും കുറിച്ചി എന്നതിന് യോനി എന്നും ഉള്ള രണ്ടാമത്തെ അര്‍ഥം കിട്ടണമെങ്കില്‍ ഒന്നാമത്തെ അര്‍ഥത്തിന് തടസ്സം വേണം. ഉപ്പ, കുട്ടി, ഉമ്മ എന്നിവരെ സംബന്ധിച്ച് ഒന്നാമത്തെ അര്‍ഥമാണ് പ്രസക്തം. രണ്ടാമത്തെ അര്‍ഥം കിട്ടണമെങ്കില്‍ ഒന്നാമത്തെ അര്‍ഥത്തിന് തടസ്സം വേണം. ഉപ്പ, കുട്ടി, ഉമ്മ എന്നിവരെ സംബന്ധിച്ച് ഒന്നാമത്തെ അര്‍ഥമാണ് പ്രസക്തം. രണ്ടാമത്തെ അര്‍ഥമാണല്ലോ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് പറയുമ്പോള്‍ കേള്‍വിക്കാരെ രസിപ്പിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ഒരു ഭാഷാശാസ്ത്രഗ്രന്ഥമാണ്. വടക്കന്‍മലയാളം വളരെക്കുറച്ച് മാത്രം പഠനം നടന്ന ഭാഷാ ഭേദമേഖലയിലെ കാസര്‍കോട ഭാഷാ ഭേദമാണ് ഗ്രന്ഥകാരനായ ഡോ. പി.എ. അബൂബക്കര്‍ 'വടക്കന്‍മലയാളം' രചനക്കായി ആശ്രയിക്കുന്നത്. ഇതേ ഭാഷാഭേദത്തിന്റെ 'കേന്ദ്രമേഖല'യില്‍ ജനിച്ച് വളര്‍ന്ന ആയുര്‍വേദ ഭിഷഗ്വരനാണീ ഗ്രന്ഥകര്‍ത്താവെന്നത് അപൂര്‍വമായ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. മലയാള ഭാഷാസ്‌നേഹികള്‍ക്കു ദത്തങ്ങളുടെ ആകരമായ ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പലതലത്തിലുള്ള ഭാഷാശാസ്ത്രപഠനങ്ങളും നിര്‍വഹിക്കാന്‍ കഴിയും. ഇങ്ങനെ ഒരു കുറിപ്പെഴുതിക്കൊണ്ട് മലയാള വായനക്കാര്‍ക്കും ഈ ഗ്രന്ഥം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട ഗ്രന്ഥകാരനും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനും നന്ദി രേഖപ്പെടുത്തുന്നു.

കാസര്‍കോട് മലയാള ഭാഷാഭേദങ്ങള്‍

Keywords : Book review, Article, Doctor, Udma, Vadakkan Malayalam, Dr. Aboobacker, Pakyara, Dr. T Pavithran. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia