city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞാന്‍ നടന്ന വഴികള്‍

ഞാന്‍ നടന്ന വഴികള്‍
ത്മകഥയെഴുതി ഒരു നൊമ്പരം പറച്ചലാണ്, അവനവന്റെ ദുരിതപൂര്‍ണ്ണമായ കാല ചരിത്രത്തെ കുറിച്ച് തനിക്കറിയാവുന്ന ഭാഷയില്‍ സ്വയം സംസാരിക്കലാണ്. ഓരോ മനുഷ്യനും ഓര്‍മ്മകളുടെ ഭണ്ഡാരങ്ങളാണ്. നല്ലതും ചീത്തയുമായ ഓര്‍മ്മകളുണ്ടാകും. അതില്‍ മോശമായ ഓര്‍മ്മകളില്‍ നിന്നാണ് നല്ലകാര്യങ്ങള്‍ ചെയ്യാനും ഭാവിയെ കരുപിടിപ്പിക്കാനുമുള്ള ഊര്‍ജം ലഭിക്കുക. ഒ.കെ. കുറ്റിക്കോല്‍ എന്ന നാടകക്കാരനെ ഇങ്ങനെയുള്ള അനുഭവങ്ങളാണ് ഇവിടം വരെ എത്തിച്ചത്.

സാമൂഹിക ഉച്ചനീച വ്യവസ്ഥതകളോട് പ്രതികരിക്കാന്‍ നാടകങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. കേരളീയ സമൂഹം ഇരുട്ടിലായിരുന്ന കാലത്ത് ജന്മം കൊണ്ട ഒ. കരുണാകരന്‍ എന്ന നാടകക്കാരന്‍ തന്റെ ബാല്യ യൗവ്വനങ്ങള്‍ നീന്തി തീര്‍ത്തത് നിലയില്ലാ കയങ്ങളിലൂടെയായിരുന്നു. പട്ടിണിയും പരിവെട്ടവുമായിരുന്നു കൂടപ്പിറപ്പ്.

കണ്ണൂര്‍ ജില്ലയിലെ കുറ്റിക്കോല്‍ യു.പി. സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രാജാവിന്റെ വേഷം കെട്ടി നാടക രംഗത്ത് വന്നത്. അച്ഛനെ കുറിച്ച് ഒ.കെ ഓര്‍പ്പിക്കുന്നതിങ്ങനെ: എന്റെ അച്ഛന്‍ ഊറൂട്ടി നല്ലൊരു അധ്യാപകനായിരുന്നു. കുന്നുമ്മല്‍ കുഞ്ഞമ്പു മൂപ്പന്‍ എന്ന ജന്മിയുടെ അടിമ വേലക്കാരന്‍. മിക്കപ്പോഴും വയലില്‍ പണികഴിഞ്ഞ് തലയില്‍ പാളതൊപ്പിയും, കൈയ്യില്‍ കൈക്കോട്ടും വെച്ചാകും ചാള(വീട്)യിലേക്കുള്ള വരവ്. പാളതൊപ്പിക്കുള്ളില്‍ വയലില്‍ നിന്ന് ഞണ്ടും, നെച്ചിങ്ങയുമുണ്ടാകും, പൊടിമീനും. സന്ധ്യയോടെ തണ്ടേയന്റെ മന്ദത്ത് ചെന്ന് ഒരു ചിരട്ട കള്ളും മോന്തിയാണ് അച്ഛന്‍ ചാളയിലെത്തുക. ഒരല്‍പ്പം ലഹരിയുമായി വരുന്ന അച്ഛന്‍ മക്കളേയെല്ലാം വാരിപുണര്‍ന്ന് തോളില്‍ വെച്ച് ആടാനും പാടാനും തുടങ്ങും.

മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡുകളടക്കം നിരവധി പുരസ്‌ക്കാരങ്ങളും ഒ.കെയെ തേടിയെത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി, കേരള ഫോക്ക് ലോര്‍ അക്കാഡമി, പുരോഗമന കലാസാഹിത്യ സംഘം, കണ്ണൂര്‍ സംഘ ചേതന, മുന്നാട് ആര്‍ട്ട് സൊസൈറ്റി, ശാന്തി പ്രഭ നടന കലാ സമിതി തുടങ്ങിയവയില്‍ നിറസാന്നിദ്ധ്യമാണ് ഇയാള്‍.

ഒ.കെയെ കുറിച്ചുള്ള ഈ എഴുത്ത് വേണമെങ്കില്‍ പണ്ട് പണ്ട് എന്നു തുടങ്ങണം. താണ ജാതിയില്‍ ജനിച്ചുപോയി എന്നതുകൊണ്ടുമാത്രം ചൗട്ടി അരയ്ക്കപ്പെട്ട ഒരു ജനസമൂഹം ഉണ്ടായിരുന്നു നമുക്ക് ചുറ്റും. പുലയാന്‍, ഹരിജന്‍, അടിയാന്‍ തുടങ്ങിയ ഓമന പേരുകളിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവര്‍ അക്ഷരങ്ങള്‍ അഭ്യസിക്കരുത്. ക്ഷേത്ര പ്രവേശനമോ, ക്ഷേത്ര കലകള്‍ ദര്‍ശിക്കാനോ അവര്‍ക്ക് അവകാശമില്ല. പൊതുവഴിയില്‍ നടക്കരുത്. സ്ത്രീകള്‍ മാറുമറയ്ക്കാനോ പുരുഷന്മാര്‍ വസ്ത്രങ്ങള്‍ ധരിക്കാനോ പാടില്ല. ഭൂഉടമയ്ക്ക് ഇഷ്ടപ്പെടാത്ത വാക്കോ പ്രവര്‍ത്തിയോ ചെയ്തു പോയാല്‍ മൃഗീയമായ മര്‍ദ്ദനത്തിനും ഇരയാകും. ഇതിനെതിരെ ശബ്ദിച്ചവര്‍ രക്തസാക്ഷികളായി. അങ്ങനെയാണ് മാടായി ഗുരുക്കളും, പാലന്തായി കണ്ണനും, മുച്ചിലോട്ട് അമ്മയും, കുണ്ടാര ചാമുണ്ഡിയും, കരിഞ്ചാമുണ്ഡിയും, മാക്കപ്പുലിയും ഉണ്ടായത്.

അന്ന് പുലയരെ അടിമകളായി വില്‍ക്കാന്‍ ചന്തകളുണ്ടായിരുന്നു. അമലമ്മാര്‍ ചുമലിലെടുത്ത ചമയിച്ച പല്ലക്കിലിരുന്ന് കോലത്തിരി തമ്പുരാന്‍ വരുന്നതറിയിച്ചും, കാലാല്‍പ്പടയും അമലമ്മാരും വായ്ക്കുരുവയിടും. തമ്പുരാന്റെ വരവറിയിക്കാന്‍ ചിറക്കല്‍ കൂലോത്തെ കാവില്‍ നിന്നും കതിനകള്‍പൊട്ടും. പൊന്നു ഉത്തരിയം കൊണ്ട് മേനിപുതച്ച് പൊന്‍ ചൂരലുമായി പൊന്നുതമ്പുരാന്‍ പല്ലക്കിലേറി വരുമ്പോള്‍ പൂകന്യകമാര്‍ പൂവിട്ട് പൂക്കുരുവ ഉരുവിടും. തിരുവക്കാട് തിരുനടയില്‍ മഞ്ചല്‍ നിര്‍ത്തി തമ്പുരാന്‍ തൊഴുത് മടങ്ങി അടിമ ചന്തയിലെത്തുമ്പോള്‍ വീണ്ടും ആചാരവെടികള്‍ ഓരോന്നായി പൊട്ടും. അടിമകളെ ഒന്ന് തൃക്കണ്ണ് പാര്‍ത്ത് മുറിക്കിചുവപ്പിച്ച ചുണ്ടില്‍ ചിരിപരത്തും. ഉത്തരിയത്തിനടിയിലൂടെ പത്തരമാറ്റ് മിന്നിതിളങ്ങും. ആരവങ്ങളടങ്ങിയ ആയിരങ്ങളെ തൃക്കണ്‍ പാര്‍ത്ത് തമ്പുരാന്‍ ഒരു നുള്ള് നേരമിരിക്കും. പിന്നെ കന്നിമൂലയിലേക്ക് നോട്ടമെറിഞ്ഞ് ആള്‍കൂട്ടത്തോട് മൊഴിയും 'അടിമകളെ കൊള്ളാന്‍ ആരാനുമുണ്ടോ? അടിമകളെ വാങ്ങാന്‍ തടിച്ചുകൂടിയ ഇടപ്രഭുക്കള്‍ക്കിടയില്‍ നിന്നും ആരവം ഉയരും. അവര്‍ തടിമിടുക്കും മേനിയഴകുമുള്ള ചെറുമികളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടി അടിമപണം നല്‍കി അവരെ സ്വന്തമാക്കും. മേനിയഴുകും നിറഞ്ഞ മാറുമുള്ള കരിവീട്ടിപോലുള്ള പതിനേഴുകാരികള്‍ ഇരുന്ന ഇരിപ്പില്‍ പേടിയോടെ വിറയ്ക്കും. മുള ചീന്തും പോലെ പൊട്ടിക്കരയും.

ഇതെല്ലാം പഴങ്കഥകള്‍. ഈ കാലത്തെ കുറിച്ചും ഒ.കെ. തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 'ഇന്നത്തെ കുറ്റിക്കോലായിരുന്നില്ല പണ്ടുണ്ടായിരുന്നത്. റോഡോ, വൈദ്യുതി സൗകര്യങ്ങളോ ഇല്ലായിരുന്നു. കുറ്റിക്കോല്‍ എന്ന സ്ഥലപ്പേരിന് പിന്നില്‍ സവര്‍ണ്ണാധികാരങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യമുണ്ട്. കുറ്റിക്കോല്‍ പുഴയുടെ കിഴക്കുഭാഗത്ത് വരടൂര്‍ എന്ന സ്ഥലത്ത് മഞ്ഞേരി തറവാട്ടുകാര്‍ ശ്രീകൃഷ്ണ പ്രതിമ വെച്ച് പൂജിച്ചിരുന്നു. ഈ പ്രതിമ പൊതു സ്വത്താണെന്നും, ഒരു തറവാട്ടുകാര്‍ സ്വന്തമായി വെക്കേണ്ടതില്ലെന്നും തീരുമാനിച്ചു...ഇങ്ങനെ വ്യക്തി ജീവിതത്തിലൂടെ ഒരു ദേശത്തിന്റെ ചരിത്രമാണ് ഈ ഗ്രന്ഥം നമുക്ക് പറഞ്ഞുതരുന്നത്.

എല്ലാ സംസ്‌ക്കാരത്തിന്റെയും ഉറവിടം നദീതടങ്ങളാണ്. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ച് കരയ്ക്കാട്ട് ഗ്രാമത്തിന്റെ കാലടികളെ തൊട്ടുണര്‍ത്തി വളപ്പട്ടണം പുഴ ഒഴുകി. എന്റെ ബാല്യത്തിന്റെ ഓര്‍മ്മയില്‍ ആ പുഴ മങ്ങാതെ കിടക്കുന്നു. പുഴയ്ക്ക് ഓര്‍മ്മകളില്‍ വലിയ സ്ഥാനമുണ്ടാകുമെന്ന് അന്ന് കരുതിയില്ല. പറശ്ശിനിക്കടവ് മുത്തപ്പന്റെ കാലടികള്‍ മാത്രമുള്ള കരയ്ക്കാട് ഗ്രാമം വരെ പുഴതൊട്ടുകിടക്കുന്നു.

ചെമ്മീന്‍ ഉപ്പിട്ട് പുഴങ്ങി കാന്താരി മുളകും ചക്കകൊത്തി പുഴങ്ങിയും വിശപ്പടക്കിയ ബാല്യത്തിന്റെ ഓര്‍മ്മകളും പുസ്തകത്തിലുണ്ട്. വളപ്പട്ടണം പുഴയോട് ചേര്‍ന്ന് തളിയില്‍ കുന്നില്‍നിന്നാണ് കൈതോട് ഒഴുകി വെങ്കല്‍, കരക്കാട്, നരിയാടി വഴി വളപ്പട്ടണം പുഴയില്‍ ചേരുന്നത്. പുഴയില്‍ ഏറ്റവും ഇറക്കവും ഉണ്ടാകും. ഇറക്കത്തില്‍ അരയോളം വെള്ളത്തിലിറങ്ങി കുത്തിയിരുന്ന് മുട്ടച്ചെമ്മീന്‍ തപ്പിപിടിക്കുമായിരുന്നു. ഒരു ചെറിയ മുണ്ടുമാത്രമുടുത്ത് തലയില്‍ വലിയ മുണ്ടുകെട്ടി അതില്‍ വലിയ കുര്യ വെയ്ക്കുന്നു. സ്ത്രീകള്‍ ഒന്നിച്ച് നിരന്നിരുന്ന് മുന്നിലുള്ള ചെളി രണ്ട് കൈകൊണ്ട് വാരി മുന്നോട്ടെറിയും. ആ കലക്കില്‍ മത്സ്യങ്ങള്‍ ചെന്നൊളിക്കുമ്പോഴാണ് അവയെ പിടിക്കുന്നത്.

പുലയരുടെ ആചാര അനുഷ്ഠാനങ്ങളും പൊതു സമൂഹത്തില്‍ നിന്ന് വ്യത്യസ്ഥമാണ് പെണ്‍കുട്ടികള്‍ക്കെന്ന പോലെ ആണ്‍കുട്ടികള്‍ക്കും കാത് കുത്ത് കല്ല്യാണം നടത്തും. കാതു കുത്ത് നിശ്ചയിച്ചാല്‍ അവന് ചെങ്ങാതിയായി ഒരാളെ അച്ഛനും അമ്മയും കണ്ടെത്തും. ഇ ചങ്ങാതി അവന്റെ ആജീവനാന്ത കൂട്ടുകാരനായി മാറും. ഒ.കെയുടെ കാതുകുത്തിന് ചങ്ങാതിയായി മാറിയത് മാറന്‍ ബാലന്‍ എന്ന കുട്ടിയായിരുന്നു. കല്ല്യാണത്തിനെന്ന പോലെ വീട്ടുമുറ്റത്ത് ഓല പന്തലിട്ട് പായ വിരിച്ച്, പലകവെച്ച്, വെറ്റിലടക്ക വളമ്പി, നിലവിളക്കില്‍ തീകൊളുത്തി ഗണപതിക്ക് വെയ്ക്കും. അവില്‍, വെള്ളം, കല്‍ക്കണ്ടി, കരിമ്പിന്‍ കഷണം, പഴം, പൊടിക്കാത്ത തേങ്ങ ഇവയെല്ലാം കൊടിയിലയില്‍ വെയ്ക്കും. മറ്റൊരു കൊടിയിലയില്‍ ഉണക്കിലരി, കാതുകുത്താനാവശ്യമായ മുളന്തണ്ട് ചെത്തി മുനകൂര്‍പ്പിച്ച് മിനുസം വരുത്തി മഞ്ഞള്‍പ്പൊടിയില്‍ തിരുകി കൊടിയിലയില്‍ വെയ്ക്കും. കാതു കുത്താനുള്ള കുട്ടിയെ കുളിപ്പിച്ച് നിലവിളക്ക് പിടിച്ച് മുന്നില്‍ നനടക്കുന്ന ചങ്ങാതിയോടൊപ്പം പന്തലില്‍ പ്രദക്ഷിണം വെയ്ക്കും. പിന്നീട് പടിഞ്ഞാറു ഭാഗത്ത് കിഴക്കോട് മുഖം തിരിച്ച നടക്കും.

രണ്ട് പ്രായമുള്ളവര്‍ അരിക്കണ്ടം മുളയില്‍ തയ്യാറാക്കി മഞ്ഞപ്പൊടി കൊണ്ട് അടയാളം വെച്ച ഭാഗത്ത് ഇടതുകൈകൊണ്ട് കാതു പിടിക്കും. പല തമാശകള്‍ പറയുന്നതിനിടയില്‍ പെട്ടെന്ന് കാതുകുത്തി കഴിയും. വേദനകൊണ്ട് നിലവിളിക്കുന്ന കുട്ടിയുടെ വായില്‍ അവലും മലരും നിറയ്ക്കും. കുട്ടിക്ക് സമാനമായി കാശുകൊടുക്കും. പിന്നെ സദ്യയാണ്. ഉണക്കിയ തിരണ്ടിമീനാണ് പ്രധാന വിഭവം.

താണ ജാതിയില്‍പ്പെടുന്നവനായതുകൊണ്ട് മാത്രം തഴയപ്പെട്ടവര്‍ നിരവധിയാണ്. എന്നാല്‍ ചിലരുടെ ജീവിതം നമുക്ക് മാതൃകയാക്കാവുന്നതാണ്. അത്തരമൊരു ജീവിതയാത്രയുടെ കഥയാണ് ഒ.കെ. കുറ്റിക്കോള്‍ എന്ന നാടകക്കാരന്‍ എഴുതിയ 'ഞാന്‍ നടന്ന വഴികള്‍' എന്ന ആത്മകഥാ കുറിപ്പുകള്‍. തളിപ്പറമ്പ് കുറ്റിക്കോലിലെ കലാ പബ്ലിക്കേഷന്‍സാണ് ഈ പുസ്തകത്തിന്റെ പ്രസാദകര്‍. വില 90.

-സുബൈദ നീലേശ്വരം

Keywords:  Book review, Njan Nadanna Vazhikal, O.K.Kuttikkol, SUbaida Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia