city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറു മെഴുകുതിരി വെട്ടങ്ങള്‍

പ്രതിഭാരാജന്‍

ദാത്തമായ രചനയെന്നാല്‍ മനസില്‍ തിളങ്ങുന്ന, തിര തല്ലുന്ന വൈകാരികതയുടെ പ്രതിദ്ധ്വനിയാണെന്ന് പറഞ്ഞത് ദെസ്‌തേവിസ്‌കിയാണ് (വാട്ട് ഈസ് ആര്‍ട്ട് എന്ന പുസ്തകത്തില്‍). ഇത്  നിരന്തര തപസിലുടെ ആര്‍ജിക്കേണ്ടതാണ്. നിത്യഭ്യാസി ആനയെ എടുക്കുമല്ലോ. മഹാനായ എഴുത്തുകാരന്‍ ഹോമറിനെ വായനക്കാര്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹം കൊടും കാറ്റിനെ വിശദമാക്കുന്ന സന്ദര്‍ഭത്തില്‍ വായനക്കാരന്റെ മനസ്സില്‍ കാറ്റു ആഞ്ഞു വീശുന്നതായി അനുഭവപ്പെടുമെന്ന് അരവിന്ദ് ഘോഷ് പറഞ്ഞിട്ടുണ്ട്.

മറ്റു സാഹിത്യ സൃഷ്ടി പോലെയല്ല ലേഖനം. ലേഖനത്തെ സൃഷ്ടിക്കുമ്പോള്‍ ഭാവനക്കും സ്വപ്നങ്ങള്‍ക്കും വേണ്ടതിലധികം ചാരുതയും സ്ഥാനവും നല്‍കരുതെന്ന് പഥ്യമുണ്ട്. സത്യാത്മകതയില്‍ (സിന്‍സീരിറ്റി) വലയം പ്രാപിച്ച വസ്തുതകള്‍ മാത്രമെ ലേഖനത്തില്‍ പാടുള്ളു. അവിടെ ഭാവങ്ങള്‍ക്കും, ഭാവനക്കും സ്ഥായി പാടില്ല. ഈ നിയമം പാലിച്ചില്ലെങ്കില്‍ എഴുത്തുകാരന്‍ സംക്രമിപ്പിക്കുന്ന വികാരം അധമമോ, ക്ഷുദ്രമോ ആയിത്തീരുകയും സൃഷ്ടിയുടെ സ്ഥാനം സത്യ വിരുദ്ധവും, കാപട്യത്തിന്റെ കവചത്തിനകത്തുമായിരിക്കും.

മനുഷ്യരെ തമ്മില്‍ യോചിപ്പിക്കുന്നതും അവര്‍ തമ്മിലുള്ള സ്‌നേഹം, പരസ്പര വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നതുമായ വികാരങ്ങളെയാണ് എഴുത്തുകാരന്‍ സമൂഹത്തിന് പകര്‍ന്നു നല്‍കേണ്ടത്. രുചിക്കൂട്ടിനായി അല്‍പാല്‍പം വൈകാരികതയെ സംക്രമിപ്പിക്കാം. അതും ആവശ്യമെങ്കില്‍ മാത്രം. ഇവിടെ രചിച്ച കാസര്‍കോടിന്റെ ചരിത്രത്തില്‍ സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന ആക്ഷേപ ഹാസ്യ പദങ്ങളുടെ ചേരുവകളെ നാടു കടത്തി തന്റെ ശേഖരത്തില്‍ ഇനിയും ചോര വറ്റാതെ കിടക്കുന്ന വാക്കുകളെ എടുത്തുപയോഗിക്കാന്‍ ലേഖകന്‍ പിശുക്കു കാണിക്കുന്നു പലയിടത്തും.

ഈ ന്യൂനതകള്‍ സൂചിപ്പിക്കപ്പെടുമ്പോഴും തന്റെ പ്രസ്ഥാനത്തിന്റെയും അതുയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ നീതിയുടേയും കൊടിക്കൂറ ഉയര്‍ത്തി പറപ്പിക്കാന്‍ കാണിയുടെ മിക്ക ലേഖനങ്ങളിലും ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ച് ആളുകള്‍ ശക്തി ആര്‍ജിക്കുക, ആ ശക്തി ഭൂരിപക്ഷത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുക എന്ന പ്രത്യേകിച്ചും കാസര്‍കോടിന്റെ ദുഷ്ട പ്രവണതയെ ചെറുത്തു തോല്‍പിക്കാന്‍ മിക്ക ലേഖനങ്ങള്‍ക്കും ആരോഗ്യമുണ്ട്. 'പ്രസ്ഥാവനയിറക്കി  കടല്‍വെള്ളത്തിന്റെ ഉപ്പ് കളയുന്നവര്‍, ഒഴിവുകള്‍ തൂക്കി വില്‍ക്കുന്നവര്‍, നഗര ഭരണക്കാര്‍ക്ക് നാണമില്ലെ' തുടങ്ങിയവ വായിച്ചു നോക്കുക.

അടിച്ചമര്‍ത്തലിന്റെ വേദനകളെ - സിദ്ധാന്തങ്ങളെ - കലയുടേയും, സാഹിത്യത്തിന്റെയും മൂശയിലിട്ടു വാര്‍ത്തെടുക്കുമ്പോള്‍ ഒരു സോഷ്യലിസ കാവ്യം ഉണ്ടാകുമെങ്കില്‍ അതു കാണിയിലും കാണാം. മനുഷ്യമനസ്സുകളുടെ എന്‍ജിനീയറാണ് എഴുത്തുകാരനെന്ന് സ്റ്റാലിന്‍ പറഞ്ഞത് കാണി ഇടക്കിടെ ഓര്‍മിപ്പിക്കുന്നു.

ചിത്രകാരന് ചായം, ഗായകന് നാദം എന്നതു പോലെ വര്‍ഗീസന്റെ പണിയായുധമാണ് സത്യ നിര്‍മിതയില്‍ അധിഷ്ഠിതമായ സാമൂഹിക, സമകാലിക വിഷയങ്ങള്‍. അവ വേണ്ടുവോളം ആ മനസിനെ മഥിക്കുന്നുണ്ട്. വായനക്കാരിലേക്കും അദ്ദേഹമനുഭവിക്കുന്ന അസ്വസ്ഥതകളുടെ ചുഴലി വായനാ വേളയില്‍ ആഞ്ഞടിക്കുന്നു. ഇത് ഒരു വിപ്ലവകാരിയുടെ പ്രാഥമിക ലക്ഷണമാണ്.

ചെറു മെഴുകുതിരി വെട്ടങ്ങള്‍ഇതു പോലുള്ള പുസ്തകങ്ങള്‍ - ചെറു മെഴുകുതിരി വെട്ടങ്ങള്‍ - ഇനിയുമിനിയുമുണ്ടാകട്ടെ പാരിലെങ്ങും. സോഷ്യലിസം നാടുഭരിക്കുക തന്നെ ചെയ്യും. നമുക്ക് ഇനിയും നിസങ്കോചം കിഴക്കോട്ടു തന്നെ നടക്കാം. യാത്രയുടെ അന്ത്യത്തില്‍ എത്തിച്ചേരുക പടിഞ്ഞാറായിരിക്കും. അതിരില്ലാതെ വര്‍ധിക്കുന്ന മുതലാളിത്തം ദരിദ്രമായി തീരും. അമേരിക്ക അതിനുദാഹരണമായി തീര്‍ന്നിരിക്കുകയാണ്. ഇവിടുത്തെ കുത്തക പത്രങ്ങള്‍ ഇതൊക്കെ കണ്ണടച്ച് എതിര്‍ക്കുന്നു. പറഞ്ഞിട്ടു കാര്യമില്ല. ഇത്തരക്കാര്‍ക്ക് 'പാരേണോയ' എന്ന മാനസിക രോഗ ലക്ഷണമുണ്ട്. മറിച്ചു ചിന്തിക്കുന്നവരെയെല്ലാം ശത്രുക്കളായി കാണുന്ന രോഗം.

കാണിയുടെ കാണാകാഴ്ചകള്‍ അതിലെ ന്യൂനതകളോട് സ്വയം പട പൊരുതുന്നുണ്ടെങ്കില്‍ പോലും തളര്‍ന്നു വീഴുന്നില്ല. അതു കൊണ്ടു തന്നെ ജില്ലയില്‍ ഉദയം കൊണ്ട പ്രസിദ്ധീകരണങ്ങളുടെ വിലയിരുത്തലുകളില്‍ ഈ പുസ്തകം ഒരു സെമി മോഡേണ്‍ ക്ലാസിക്കായി പരിഗണിക്കാം. എന്താണ് മോഡേണ്‍ ക്ലാസിക്ക്? അത് വര്‍ത്തമാനത്തിന്റെ സന്തതിയായിരിക്കണം. എന്താണോ കാലഘട്ടത്തിന്റെ പ്രസക്തി, അതിനേക്കാളെറെ പ്രസക്തിയും, സത്യ സന്നിവേശവും, സവിശേഷതകളും ഒത്തൊരുമിക്കുമ്പോഴാണ് ഒരു കൃതി മോഡേണ്‍ ക്ലാസിക്കായി തീരുന്നത്.

ഉപയോഗിക്കുന്ന ആളിന്റെ സ്വഭാവം പ്രതിബിംബിക്കുന്ന  കണ്ണാടിയാണ് ഭാഷ എന്നു പറയാറുണ്ട്. കാണിയിലൂടെ നമുക്ക് വര്‍ഗീസ് എന്ന മനുഷ്യ സ്‌നേഹിയെ, കലാസ്‌നേഹിയെ, ഉത്തമ പത്ര പ്രവര്‍ത്തകനെ നേരിട്ടു വായിച്ചറിയാനാകും. തിരക്കു പിടിച്ച ജീവിതത്തില്‍ തിങ്കളാഴ്ചകള്‍ തോറും പ്രസിദ്ധീകരിക്കുന്ന ആഴ്ചക്കുറിപ്പുകളായിട്ടു പോലും എടുത്തു പറയത്തക്ക ഭാഷാന്യൂനതകള്‍ പരമ്പരയില്‍ കണ്ടു പിടിക്കാന്‍ സൂക്ഷമദര്‍ശനിക്കു  മാത്രമെ സാധിക്കുള്ളു. പവിത്രമാവേണ്ടതും, ചിപ്പി പിളര്‍ന്നു പുറത്തുവരേണ്ട മരതക മുത്തു പോലെ തിളങ്ങേണ്ടതുമായ പത്രവാര്‍ത്താ കുറിപ്പില്‍ പോലും കാപട്യങ്ങളും, ഭാഷാപ്രയോഗ ന്യൂനതകളും നിറഞ്ഞു കവിയുന്നു വര്‍ത്തമാന കാലത്ത്.  പദങ്ങളുടെ ചിലവഴിക്കലില്‍ അതി സൂക്ഷ്മത പ്രകടമാക്കുക നിര്‍ബന്ധമല്ലാത്ത ലേഖന പരമ്പരയില്‍പ്പെട്ട കാണിയുടെ കാണാകാഴ്ചയില്‍ ന്യൂനത കണ്ടു പിടിക്കുക പ്രയാസം.

എന്നാല്‍ മുഖ്യധാരാ പത്രങ്ങള്‍ കാച്ചിക്കുറുക്കി തരുന്ന വാര്‍ത്തകള്‍ പോലും തെറ്റുകളാല്‍ സമൃദ്ധം. വായനക്കാര്‍ ജൂണ്‍ 27ലെ മാതൃഭൂമി (കണ്ണൂര്‍) പേജ് ഏഴ് നോക്കുക. അതില്‍ പ്രത്യേകം കോളം തിരിച്ച് പ്രസിദ്ധീകരിച്ച ഒരിനം വാര്‍ത്തയിലെ ഒരു വരി വായനക്കാര്‍ക്കായി ഉദ്ധരിക്കട്ടെ. 'രണ്ടാഴ്ച മുമ്പ് പ്രായപൂര്‍ത്തിയാവാത്ത നാലു പേരുടെ ബലാല്‍ക്കാരത്തിനു ഇരയായ പത്തു വയസുകാരി മരിച്ചു'. ഇങ്ങനെയുമുണ്ടോ മലയാളത്തില്‍ ഒരു ഭാഷ.

ചെറു മെഴുകുതിരി വെട്ടങ്ങള്‍
Prathibha Rajan
(Writer)
മുനിസിപ്പാലിറ്റിയിലെ മാലിന്യ കുമ്പാരത്തിലെ നാറ്റം സഹിക്കാം. ഈ നാറ്റമെങ്ങനെ സഹിക്കും? ഇനി മറ്റൊരു സാമ്പിള്‍. ചിന്ത പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പരസ്യവരികള്‍ ശ്രദ്ധിക്കുക. 'കാലം സാക്ഷി എന്ന കെ.ടി. രാജീവിന്റെ ചിന്ത പ്രസിദ്ധീകരിച്ച 2010ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകം മാത്രമാണ് ഇതു സംബന്ധമായി ഇതേ വരെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്'. ഇത് കെ.ഇ.എന്‍. കുഞ്ഞഹ്മദ് എന്ന റിട്ടേര്‍ഡ് മലയാളം പ്രൊഫസറുടെ പച്ച മലയാളമത്രെ. ഇതു വെച്ച് നോക്കുമ്പോള്‍ വര്‍ഗീസ് ഭാഷാ പാണ്ഡിത്വത്തില്‍ എത്ര വലിയവന്‍. ഉപയോഗിക്കുന്ന ആളിന്റെ സ്വഭാവം പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയാണ് ഭാഷയെന്ന മേല്‍ ഉദ്ധരിച്ച വാചകത്തിലെ അര്‍ത്ഥ വ്യാപ്തി ഇവിടെ കുറെ കൂടി തിളങ്ങി നില്‍ക്കുന്നു.

രണ്ടു മഹാരഥന്മാരുടെ അടയാളപ്പെടുത്തല്‍ ഓര്‍മിപ്പിച്ച് നിര്‍ത്താം. കേസരി ബാലകൃഷ്ണ പിള്ള പറഞ്ഞു. 'സാഹിത്യകാരന്മാര്‍ വിഷം തീനികള്‍'. സമൂഹത്തിലെ ജീര്‍ണതകള്‍ കൊത്തിത്തിന്ന് സംശുദ്ധവും, സുരക്ഷിതവുമാക്കേണ്ട കടമ അവര്‍ക്കാണത്രെ. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള പറഞ്ഞു. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാന്‍ റിപോര്‍ട്ടു ചെയ്യും. ഈ രണ്ടു ആപ്ത വാക്യങ്ങളും വര്‍ഗീസ് തന്റെ തൊഴിലില്‍ കൂടെ കൊണ്ടു നടക്കുന്നു.

Part 1 :
കാണിയുടെ കാണാകാഴ്ചയില്‍ കാണാത്തത്

Keywords:  Article, Prathibha Rajan, Book review, Kaaniyude Kanakazhcha, Deshabhimani, Kaani, News Paper, Kasaragod, Article, Writer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia