city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അനുഭവങ്ങളുടെ കാല്‍പാടുകള്‍

പി.ആര്‍ നാഥന്‍

(www.kasargodvartha.com 04/02/2016) ഇബ്രാഹിം ചെര്‍ക്കള എന്ന എഴുത്തുകാരനെ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അറിയാം. നല്ലതുപോലെ അറിയാം എന്നു പറഞ്ഞാല്‍ അതായിരിക്കും കൂടുതല്‍ ശരി. എല്ലാ ആനുകാലികങ്ങളും തിരഞ്ഞുപിടിച്ച് വായിക്കുന്ന ഒരു സ്വഭാവം ബാല്യം മുതല്‍ക്കുതന്നെ ഉള്ളതുകൊണ്ട് ഒരു എഴുത്തുകാരനും ശ്രദ്ധയില്‍പ്പെടാതെ പോകാറില്ല. മിക്കവാറും എല്ലാവരുമായും സൗഹൃദം ഉണ്ടുതാനും. ഇബ്രാഹിമിന്റെ രചനകള്‍ എവിടെ കണ്ടാലും വായിക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം എഴുതുക. ഭാഷയില്‍ ജാട അശേഷം ഇല്ല.

അവനവന്റേത് അല്ലാത്ത ഒരു വേഷം കെട്ടിക്കൊണ്ട് മനുഷ്യര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ എഴുതുന്ന എഴുത്തുകാരുണ്ട്. ഇബ്രാഹിം അക്കൂട്ടത്തിലല്ല. സ്വന്തം തട്ടകത്തില്‍ നിന്നു കൊണ്ടു തന്നെ അദ്ദേഹം എഴുതുന്നു. കാസര്‍കോട്ടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. അതിന് മാധുര്യമുണ്ട്. ഹൃദയദ്രവീകരണ ശക്തിയുമുണ്ട്. അങ്ങിനെയിരിക്കെ ചില അനുഭവങ്ങള്‍ അദ്ദേഹം എനിക്ക് അയച്ചുതരികയുണ്ടായി. ചെര്‍ക്കളയിലെ ഭൂതകാലജീവിതത്തെപ്പോലെ തന്നെ പ്രവാസി ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നനവുള്ള ഓര്‍മകള്‍.

അനുഭവങ്ങളുടെ കാല്‍പാടുകള്‍
ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്തകള്‍. ഇബ്രാഹിമിന്റെ ലേഖനങ്ങളില്‍ ചിലത് ഞാന്‍ പത്രാധിപരായിരിക്കുന്ന പ്രദീപം മാഗസിനില്‍ പ്രസിദ്ധീകരിച്ചവയാണ്. അതിന് അവസരമുണ്ടായതില്‍ എനിക്ക് സന്തോഷമുണ്ടുതാനും. സ്വന്തം അനുഭവങ്ങളെ മനസ്സില്‍ തട്ടുംവിധം ഇങ്ങനെ എഴുതാന്‍ കഴിയുന്ന എഴുത്തുകാര്‍ കുറവാണ്. കാസര്‍കോട്ടെ ജനജീവിതം നിരീക്ഷിച്ചവര്‍ക്ക് ഈ കൃതി കൂടുതല്‍ ഇഷ്ടപ്പെടും. ജന്മം കൊണ്ട് ഞാന്‍ പട്ടാമ്പിക്കാരനാണെങ്കിലും കാസര്‍കോടുമായി എനിക്ക് ബാല്യത്തിലേ ബന്ധങ്ങളുണ്ടായിരുന്നു.

ഇബ്രാഹിം ചെര്‍ക്കളയുടെ ഗ്രന്ഥത്തെ ആത്മകഥയുടെ പട്ടികയില്‍പ്പെടുത്താം. അനുഭവം, ഓര്‍മ, യാത്ര എന്നാണ് അദ്ദേഹം തലക്കെട്ട് കൊടുത്തിരിക്കുന്നത്. സ്വാനുഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ കൃതി. സുഗന്ധമുള്ള ഓര്‍മകള്‍ നിരവധി. പ്രവാസി കൂടിയായ ലേഖകന് യാത്രാ സ്മരണകള്‍ ധാരാളം പറയാനുണ്ട്.

ഇബ്രാഹിം രചിച്ച മരീചികകള്‍ കയ്യെത്തുമ്പോള്‍ എന്ന നോവലാണ് ഞാന്‍ അടുത്തായി വായിച്ച അദ്ദേഹത്തിന്റെ കൃതി. നൂറില്‍ താഴെമാത്രം പേജുകളുള്ള ഒരു കൃതിയാണിത്. ഒരൊറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന കൃതിയെന്ന് അതിനെ വിശേഷിപ്പിക്കാം. അകര്‍ഷണീയമായ ശൈലിയില്‍ അദ്ദേഹം രചിച്ച ഒരു നല്ല കൃതിയാണ് മരീചികകള്‍ കയ്യെത്തുമ്പോള്‍.

'കാല്‍പാടുകള്‍' എന്ന കൃതിയില്‍ ബാല്യത്തിലെ അനുഭവങ്ങള്‍ അദ്ദേഹം തുടക്കത്തില്‍ തന്നെ നിരത്തുന്നു. ഒരു വ്യക്തി അലമാര തുറന്ന് തന്റെ ബാല്യത്തിലെ കളിക്കോപ്പുകള്‍ പുറത്തേക്കെടുക്കുന്ന കൗതുകത്തോടെയാണ് ബാല്യാനുഭവങ്ങളുടെ വിവരണം. നാടക പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയത് വായിക്കാന്‍ രസമുണ്ട്. ഈ ലേഖകന്റെ ജീവിതവും ബാല്യത്തില്‍ നാടക പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമായിരുന്നു.

ഇബ്രാഹിമിന്റെ വിവാഹപൂര്‍വ നാളുകള്‍, അലച്ചിലുകള്‍, അന്നത്തെ ഗ്രാമീണത, നിഷ്‌കളങ്കരായ വ്യക്തികള്‍, ചെര്‍ക്കളയുടെ ഗന്ധം, കാസര്‍കോട്ടെ മന്ദമാരുതനും ഉദയാസ്മയങ്ങളും... ഇതൊക്കെ വര്‍ണിച്ച ഇബ്രാഹിം പെരുന്നാള്‍ നാളുകളെക്കുറിച്ചു പറയുമ്പോള്‍ വാചാലനാകുന്നു. അദ്ദേഹത്തിന്റെ കാളവണ്ടിയാത്രയും രസാവഹമാണ്. ശരാശരി മനുഷ്യരുടെ സമസ്ത ഭാവങ്ങളെക്കുറിച്ചും ഇബ്രാഹിം എഴുതിയിട്ടുണ്ട്. കാസര്‍കോട്ടെ കല്യാണങ്ങള്‍, സൈക്കിള്‍ യജ്ഞം, നാടോടി സര്‍ക്കസ്. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയ വിഷയങ്ങള്‍ ഇല്ല എന്നു പറയാം.

അനുഭവങ്ങളുടെ കാല്‍പാടുകള്‍
PR Nathan
(Writer)
നേര്‍ച്ചക്കോഴികളെക്കുറിച്ചെഴുതിയ അധ്യായവും മനോഹരമാണ്. കോഴികളുടെ തലയറുക്കുമ്പോള്‍ തോന്നുന്ന വെപ്രാളം. ചന്ദ്രഗിരിപ്പുഴ അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. അന്നത്തെ നെല്‍വയലുകള്‍ ഇബ്രാഹിം മനസില്‍ കാണുന്നു. സിനിമ എന്ന അത്ഭുതത്തെക്കുറിച്ച് വായിക്കുമ്പോഴും നമുക്ക് കൗതുകം തോന്നും. പ്രവാസ ജീവിതത്തിലും അദ്ദേഹത്തിന്റെ കാല്‍പാടുകള്‍ ഏറെ പതിഞ്ഞിട്ടുണ്ട്.

ഈ കൃതി വായനക്കാരുടെ സമക്ഷം അവതരിപ്പിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. സുഹൃത്തായ ഒരു സഹയാത്രികന്റെ മുഖം ഞാന്‍ ഇബ്രാഹിമില്‍ കാണുന്നു. വായനക്കാര്‍ ഇത് ഇഷ്ടപ്പെടും. ഞാന്‍ എന്റെ മിത്രത്തിന് ആശംസകള്‍ നേരുന്നു.



Keywords : Article, Ibrahim Cherkala, Book review, P.R Nathan, Writer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia