city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചപ്പുചവറുകള്‍ കത്തിക്കുന്നതിനു മുമ്പ്

അസ്‌ലം മാവില

(www.kasargodvartha.com 07.02.2017) കഴിഞ്ഞ ദിവസത്തെ വാര്‍ത്ത ഇങ്ങിനെ: കാഞ്ഞങ്ങാട് കടപ്പുറം ബാവാനഗറിലെ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടത് നിസ്സാരമെന്നു നാമൊക്കെ തള്ളിക്കളയുന്ന ചപ്പുചറുകള്‍ കൂട്ടിയിട്ടു തീകൊടുക്കുന്നതിനിടയിലാണ്. 70 ശതമാനം പൊള്ളലേറ്റു. വയറ്റിലുള്ള പിഞ്ചു പൈതലും മരിച്ചു. ജനുവരി 23 നാണ് നേരത്തെ പറഞ്ഞ ദാരുണ സംഭവം നടക്കുന്നത്; മരണം കഴിഞ്ഞ ദിവസവും. കരണമെന്തെന്നോ? കൂട്ടിയിട്ട ചവറുകള്‍ക്കിടയില്‍ കാലിയായ സ്‌പ്രേ ബോട്ടില്‍ ഉണ്ടായിരുന്നു. അത് അവരുടെ ശ്രദ്ധയില്‍ പെടാത്തതോ അല്ലെങ്കില്‍ പെട്ടിട്ടും കാര്യമാക്കാത്തതോ. കത്തുന്ന തീയില്‍ ആ കുപ്പി പൊട്ടിത്തെറിച്ചാണ് ആ ഉമ്മയുടെയും വയറ്റിലെ കുഞ്ഞിന്റെയും ജീവനെടുത്തത്.

അപ്പോള്‍ ഇത് ചെറിയ വിഷയമല്ല. മിക്കവീടുകളുടെ പരിസരത്തും രാവിലെയോ വൈകുന്നേരമോ ഉള്ള സ്ത്രീകളുടെ ഒരു കലാപരിപാടിയാണ് ചപ്പ് ചവറുകള്‍ കൂട്ടിയിട്ടു തീകൊടുക്കുക എന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ള വീട്ടിന്‍ പരിസരങ്ങളില്‍.  

ചപ്പുചവറുകള്‍ കത്തിക്കുന്നതിനു മുമ്പ്


കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ കൂട്ടിയിടും. അതിലെന്താണ് എന്നൊന്നും നോട്ടമുണ്ടാകില്ല. നമുക്ക് ശ്വസിക്കാന്‍ പോലും പറ്റാത്തത്ര രൂപത്തിലുള്ള പുകപടലങ്ങള്‍ ആകാശത്തു വട്ടമിട്ടു പറക്കുന്നുണ്ടാകും. അതൊക്കെ പരിസരത്തുള്ളവര്‍ ശ്വസിക്കുകയും വേണം. എല്ലാം  പരിസരം വൃത്തിയാക്കുക എന്നതിന്റ പേരില്‍!

ശരി, സമ്മതിച്ചു. പക്ഷെ, അത്തരം സന്ദര്‍ഭങ്ങളിലും മേലെ പറഞ്ഞ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്നറിയാനുള്ള തിരിച്ചറിവ് ഈ ദാരുണ സംഭവം അറിഞ്ഞെങ്കിലും പാഠമാകണം. പൊള്ളലേറ്റാല്‍ സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാളും അപകട സാധ്യതയെന്നു എല്ലാവര്‍ക്കുമറിയാം. പൊള്ളലേല്‍ക്കുന്നതിനേക്കാളേറെ പ്രയാസം, തുടര്‍ന്ന് ജീവിച്ചു തീര്‍ക്കേണ്ട പരിതാപകരമായ നാളുകള്‍ കൂടിയാണ്.

ചിലര്‍ തലേദിവസം കൂട്ടിയിട്ട ചപ്പുകള്‍ക്ക് തീയിടാന്‍ വരും. അത് പലപ്പോഴും സൂര്യനസ്തമിച്ചു ഇരുള്‍ വീണ നേരത്തായിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് അങ്ങിയെനെയൊരു തീയിടല്‍ സംഭവത്തില്‍, ചവറുകള്‍ക്കടിയില്‍ പതുങ്ങിക്കിടന്നിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് ഒരാള്‍ ദാരുണമായി മരിച്ചതും നാം വായിച്ചതാണല്ലോ.

നമ്മുടെ സുരക്ഷ ഉറപ്പു വരുത്തി മാത്രമേ ഇത്തരം പരിസരശുചിത്വ പരിപാടികള്‍ക്കിറങ്ങാവൂ. കുട്ടികളും സ്ത്രീകളും ഇതില്‍ നിന്ന് ഒഴിവാകണം. വീട്ടിലെ ആണുങ്ങള്‍ ഇത് ചെയ്യട്ടെ, അതും പൊട്ടലും സ്‌ഫോടനവും നടക്കുന്ന വസ്തുക്കള്‍, അവിടെ കൂട്ടിയിട്ട ചവറുകള്‍ക്കിടയില്‍ ഇല്ലെന്ന് ഉറപ്പാക്കിയിട്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍, കുപ്പികള്‍, തുരുമ്പിച്ച ഇരുമ്പ് കഷ്ണങ്ങള്‍, റബ്ബര്‍ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, മരുന്ന് പാത്രങ്ങള്‍, ഫാര്‍മസി ആന്‍ഡ് കോസ്മറ്റിക് വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മലിനപൈപ്പുകള്‍, ഡയപെര്‍സ് തുടങ്ങിയവയൊന്നും കത്തിക്കാന്‍ കൂട്ടിവെക്കരുത്. ചിലര്‍ ബാക്കിയായ ഫുഡ് ഐറ്റംസ് വരെ കത്തിച്ചു കളയും!

തുടര്‍ച്ചയായ ഇത്തരം വീണ്ടുവിചാരമില്ലാത്ത കച്ചറ കത്തിക്കലില്‍ കൂടി അന്തരീക്ഷത്തില്‍ എപ്പോഴും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മെര്‍ക്കുറി, ആസിഡ് അംശങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യമുണ്ടാകുകയും ശ്വാസകോശ സംബന്ധമായ അസുഖത്തിന് അവ വഴിവെക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആധികാരികമായി പറയുന്നുണ്ട്. കളിപ്പാട്ടങ്ങള്‍, ഫാര്‍മസി, കോസ്മറ്റിക് വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, മാലിന്യപൈപ്പുകള്‍, വിനൈല്‍ ഫര്‍ണീച്ചര്‍ ഇവയിലൊക്കെ കാണപ്പെടുന്ന പൊളിവീനൈല്‍ ക്‌ളോറൈഡ് കത്തുമ്പോള്‍ കാന്‍സര്‍, വളര്‍ച്ച കുറവ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഡയോക്‌സിനായി രൂപമാര്‍ജിക്കുമത്രേ. ഇതൊക്കെ കണ്ടുകൊണ്ടാണ് ലെബനന്‍ പോലുള്ള രാജ്യങ്ങള്‍ വളരെ വ്യസ്ഥാപിതമായ ഇക്കോ ഫ്രണ്ട്‌ലി വെയിസ്റ്റ് മാനേജ്‌മെന്റ് സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിട്ടുള്ളത്.

മുമ്പൊക്കെ ചവറുകള്‍ കത്തിക്കുമ്പോള്‍ ഒരു തൊട്ടി വെള്ളവും ഒരു വട്ടി മണ്ണും എപ്പോഴും മുന്‍കരുതലായി കൂടെ വെക്കാന്‍ കാരണവന്മാര്‍ പറയാറുണ്ട്. അത് പോലെ കാറ്റിന്റെ ഗതിനോക്കി, വളരെ ശാന്തമായ നേരം നോക്കിയായിരുന്നു അവര്‍ അന്നൊക്കെ ചവറുകള്‍ക്ക് തീ കൊളുത്തിയിരുന്നത്. മറ്റുള്ളവരുടെ ബുദ്ധിമുട്ട് അവരുടെ കൂടി ബുദ്ധിമുട്ടായി അന്നുള്ളവര്‍ പരിഗണിക്കുമായിരുന്നു.

ഇന്നതൊക്കെ മാറിക്കഴിഞ്ഞു. വീട്ടുമുറ്റത്തു രണ്ടില വീഴുന്നത് വരെ പടച്ചതമ്പുരാന്‍ എന്തോ ചെയ്ത പാതകം പോലെ കരുതുന്ന ഒരു വല്ലാത്ത ലോകത്താണല്ലോ നാമെല്ലാവരും. പണ്ടൊക്കെ എല്ലാ വീടുമുറ്റവും ചുറ്റുപാടും തണുപ്പും ''സംപ്പും'' നിലനിന്നിരുന്നത് മുറ്റത്തും പരിസരങ്ങളിലും ഉണ്ടായിരുന്ന പച്ചപ്പും അവിടെവിടെയായി വീണ് ഭൂമിക്കൊരു മെത്ത വിരിച്ചിരുന്ന ഉണക്കിലകളുമായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആ പറഞ്ഞവന്റെ മെക്കിട്ട് കേറാനായിരിക്കും പലര്‍ക്കും താല്‍പര്യം.

അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്ത് ഓരോ വീട്ടിലും വളരെ ലളിതമായ വെയ്സ്റ്റ് മാനേജ്‌മെന്റ് നടപ്പില്‍ വരുത്താനുള്ള സംവിധാനം കൊണ്ട് വരാന്‍ മുന്നോട്ട് വരണം. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഓരോ പ്രദേശങ്ങളിലെയും സേവനകൂട്ടായ്മകള്‍ക്കും ക്ലബ്ബുകള്‍ക്കും ഈ വിഷയത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുവാന്‍ സാധിക്കും.

ഓര്‍ഗാനിക്, റീസൈക്കിള്‍, നോണ്‍ റീസൈക്കിള്‍ എന്നിങ്ങനെ ഇനം തിരിച്ചു തരം തിരിക്കാനും പ്രോസസ്സ് ചെയ്യാനും വെയ്സ്റ്റ് മാനേജ്‌മെന്റ് വലിയ ഗുണം ചെയ്യും. മറ്റുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതും സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തുന്നതുമായ ഇത്തരം burning garbage ഒഴിവാക്കാന്‍ അത് വഴി സാധിച്ചേക്കും. (അതേസമയം ഉത്തരവാദപ്പെട്ട ഭരണ സ്ഥാപനങ്ങള്‍ വെയിസ്റ്റ് മാനേജ്‌മെന്റിന്റെ 'കൊയിസ്റ്റ്' മാനേജ്‌മെന്റാക്കി  ഉണ്ടാക്കി വെച്ച കേളുഗുഡ്ഡയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്നും അപരിഹാര്യമായ തുടരുന്ന കാര്യം കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ.)

ഇനി ഒരു സ്ത്രീയുടെയും ഗര്‍ഭസ്ഥ കുഞ്ഞിന്റെയും ദാരുണ വാര്‍ത്ത ആരും കേള്‍ക്കാതിരിക്കട്ടെ, അതിനുള്ള ജാഗ്രത നാം സ്വയം കൈക്കൊള്ളുക.

Related News: 
ചപ്പുചവറുകള്‍ക്ക് തീ കൊടുക്കുന്നതിനിടെ സുഗന്ധദ്രവ്യ കുപ്പി പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു

Keywords: Article, Aslam Mavile, waste, Kanhangad, Women, Baby, Kasargod, Kerala, Disaster, Premature baby, died, Burning Wastes, Before burning wastes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia