മൈലാഞ്ചി ചുവപ്പിന്റെ അലങ്കാരങ്ങളും, ഗുണങ്ങളും
May 9, 2021, 13:59 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 09.05.2021) മൈലാഞ്ചി കൊമ്പൊടിച്ച്
നീട്ടി വലിച്ചരച്ച്
കൈക്ക് നീ ചെപ്പമിട് പെണ്ണേ-നീണ്ട
മൈക്കണ്ണാൽ ഊഞ്ഞാലാടും പെണ്ണേ...
പണ്ടൊക്കെ മൈലാഞ്ചി ഉള്ളം കൈകളിലായിരുന്നു പരത്തി വെച്ചിരുന്നത്. പെൺകുട്ടികളും, വയസായ ഉമ്മമാരുമെല്ലാം പപ്പടമാകൃതിയിൽ കൈവെള്ളയിൽ വെച്ച് അതു ഉണങ്ങിക്കഴിഞ്ഞാൽ കഴുകി കളയുമായിരുന്നു. മൈലാഞ്ചി ചെടിയിൽ നിന്നും ഇലകൾ പറിച്ചു കൊണ്ടു വന്ന് അമ്മിക്കല്ലിലിട്ട് അരച്ച് കുഴമ്പ് രൂപത്തിലാക്കി അതു നല്ലവണ്ണം ചുവപ്പ് കിട്ടാൻ വേണ്ടി ചായപ്പൊടി ചേർത്തു വെക്കുമായിരുന്നു.
കൈക്ക് നീ ചെപ്പമിട് പെണ്ണേ-നീണ്ട
മൈക്കണ്ണാൽ ഊഞ്ഞാലാടും പെണ്ണേ...
പണ്ടൊക്കെ മൈലാഞ്ചി ഉള്ളം കൈകളിലായിരുന്നു പരത്തി വെച്ചിരുന്നത്. പെൺകുട്ടികളും, വയസായ ഉമ്മമാരുമെല്ലാം പപ്പടമാകൃതിയിൽ കൈവെള്ളയിൽ വെച്ച് അതു ഉണങ്ങിക്കഴിഞ്ഞാൽ കഴുകി കളയുമായിരുന്നു. മൈലാഞ്ചി ചെടിയിൽ നിന്നും ഇലകൾ പറിച്ചു കൊണ്ടു വന്ന് അമ്മിക്കല്ലിലിട്ട് അരച്ച് കുഴമ്പ് രൂപത്തിലാക്കി അതു നല്ലവണ്ണം ചുവപ്പ് കിട്ടാൻ വേണ്ടി ചായപ്പൊടി ചേർത്തു വെക്കുമായിരുന്നു.
ഇന്നിപ്പോൾ മൈലാഞ്ചി അരക്കലോ ഇടിക്കലോ ഒന്നുമില്ല. മൈലാഞ്ചി ചെടിയെ പോലും കാണാനില്ലാത്ത അവസ്ഥയാണ്. പുത്തൻ തലമുറ കടകളിൽ നിന്നും സുലഭമായി കിട്ടുന്ന മൈലാഞ്ചി ട്യൂബുകൾ വാങ്ങി കൈകളിൽ മുഴുവനും ചിത്രങ്ങൾ വരച്ച് മൊഞ്ചുകൾ കൂട്ടുകയാണ്. അതു പെരുന്നാളായാലും, കല്യാണമായാലും തരുണിമണികൾക്ക് ആഘോഷമാണ്. മൈലാഞ്ചിയെ കുറിച്ച് അനവധി പാട്ടുകളാണ് ഇറങ്ങിയിട്ടുള്ളത്.
ചെറുപ്പക്കാലത്ത് പെരുന്നാളിന് തലേദിവസം മൈലാഞ്ചി ചെടികളുടെ ചുവട്ടിൽ പോയി ഇലകൾ പറിച്ചു വന്ന് ഉമ്മാന്റെ കൈയ്യിൽ കൊടുക്കുമായിരുന്നു. പണ്ട് കാലത്ത് ഡിസൈനൊന്നും ഉണ്ടായിരുന്നില്ല. കൈവെള്ളയിലും പത്തു വിരലുകളിലുമായിരുന്നു ചുവപ്പിച്ചിരുന്നത്. ഇപ്പോളത് പല ഡിസൈനുകളിലുമായി രണ്ടു കൈകളുടെ ജോയിന്റ് വരെ ചിത്രപണികളാൽ വരച്ചു വെക്കുന്നു.
ഏഷ്യയുടേയും ആഫ്രിക്കയുടേയും ഉഷ്ണമേഖല പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. സൗന്ദര്യം വർദ്ധിപ്പിക്കുന്ന ഈ ചെടി ഔഷധം കൂടിയാണെന്നുള്ളത് ചുരുക്കം ചിലർക്കേ അറിയൂ. കാലുകൾ വിണ്ടുകീറുന്നതിനും, ചില ത്വക്ക് രോഗങ്ങൾക്കും മൈലാഞ്ചി ഗുണകരമാണ്.
മൈലാഞ്ചിക്ക് പല ഭാഷകളിൽ പല പേരുകളാണുള്ളത്. ഹിന്ദിയിൽ മെഹന്തി, ഇംഗ്ലീഷിൽ ഹെന്ന,തമിഴിൽ മരുതാണി അങ്ങനെ നീണ്ടു പോകുന്നു. അല്ലാഹുവിന് ഇഷ്ടപ്പെട്ട ചെടിയാണെന്ന് പ്രവാചകൻ മുഹമ്മദ് നബി(സ) പറഞ്ഞതായി കാണാം. ഇമാം ബുഖാരി (റ) യുടെ കിത്താബുത്താരീഖ് എന്ന ഗ്രന്ഥത്തിൽ ഈ ഹദീസുണ്ട്. മുഹമ്മദ് നബി(സ) താടിയിലും മീശയിലും മൈലാഞ്ചി ചായം പൂശിയിരുന്നതായും പറയുന്നു. ഇങ്ങനെ ചെയ്യൽ സുന്നത്തായ കാര്യമാണെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്. മുറിവിനും, തലവേദനക്കും, കൈകാലു വേദനക്കും മറ്റും ഒരു ഉത്തമ ഔഷധമാണ് മൈലാഞ്ചിയെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. നരച്ച തലമുടിയിലും, താടിയിലും മൈലാഞ്ചിയിട്ട് ചുവപ്പിക്കുന്നവരുമുണ്ട്.
മൈലാഞ്ചി ചെടി നട്ടുവളർത്തലും, നീട്ടി വലിച്ചരക്കലുമെല്ലാം ഇന്ന് ഓർമ്മകൾ മാത്രമായി. ഒരു ചെടി കിട്ടണമെങ്കിൽ അലഞ്ഞു തിരിയേണ്ടുന്ന അവസ്ഥയാണ്. ഖബർസ്ഥാനിൽ മീസാൻ കല്ലുകൾക്കിടയിൽ നട്ടിരുന്ന മൈലാഞ്ചി ചെടികൾക്ക് പകരമായി ഇന്ന് മറ്റു പല ചെടികളാണ് വെച്ചു പിടിപ്പിക്കുന്ന്. വിപണിയിലും ഓൺലൈനിലും മൈലാഞ്ചി ട്യൂബുകളും, പൊടികളും സുലഭമായി ലഭിക്കുമ്പോൾ മൈലാഞ്ചി ഇലകൾ അമ്മിക്കല്ലിലും, ആട്ടുക്കല്ലിലുമിട്ട് അരയ്ക്കാൻ ആർക്കാണ് സമയമുള്ളത്.
Keywords: Article, Perunal, Fashion Design, Treatment, Beauty and benefits of mehandi