പവര്‍കട്ടും ലോഡ് ഷെഡ്ഡിങും, പിന്നെ കുറെ വരവ് പോക്കുകളും
May 23, 2012, 09:17 IST
കാസര്‍കോട്ടുകാര്‍ക്ക് ഇത്രയൊക്കെ മതി എന്ന് പറയുന്നവരുണ്ടാവാം. ഒരു കണക്കിന് അതിനെ നിഷേധിക്കാനുമാവില്ല. കാരണം ഇവിടെ വെളിച്ചത്തെയെന്ന പോലെ ഇരുട്ടിനെ സ്നേഹിക്കുന്നവരും ഏറെയുണ്ട്. പക്ഷെ ഭൂരിപക്ഷം പേരും വെളിച്ചത്തെ സ്നേഹിക്കുന്നവര്‍ തന്നെയാണല്ലോ? അവരോട് ഈ വൈദ്യുതി(വകുപ്പ്) സേവകര്‍ ചെയ്യുന്നത് കൊടും ക്രൂരതയെന്നല്ലാതെ എന്തു പറയും. നേരം വെളുത്തത് മുതല്‍ എത്ര പ്രാവശ്യമാ കറന്റ് പോകുന്നത്? പോകും. വരും. പോകും. വരും. മറ്റേത് രാജ്യത്താണെങ്കിലും എപ്പഴെ ഈ ഉദ്യാഗസ്ഥര്‍ മനുഷ്യാവകാശ ലംഘനത്തിന് പിടിയിലായേനെ. അതെങ്ങനെ മനുഷ്യാവകാശമാവും എന്ന് നെറ്റി ചുളിക്കുന്നവരെ ഞാന്‍ കാണുന്നു. അത് പിന്നെ വിശദമാക്കാം.
ഈ പോക്കുവരവിനൊപ്പം ഓഫീസിലെ ഏക ടെലിഫോണും താത്കാലികമായി പ്രവര്‍ത്തന രഹിതമാകുന്നതാ തമാശ. പണ്ടൊക്കെയാണെങ്കില്‍ ടെലിഫോണും വൈദ്യുതിയും സിസ്റര്‍ കണ്‍സേണ്‍ പോലെയാ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ ഇപ്പോഴങ്ങനെയാണോ? ‘ടെലിഫോണ്‍ ബി.എസ.്എന്‍. എല്‍. ആയപ്പോഴേയ്ക്കും ലോകത്തെ ഏത് രാഷ്ട്രത്തോടും കിടപിടിക്കുന്ന രീതിയിലായില്ലെ? ഇപ്പോള്‍ ആര്യാടന്‍ സാഹിബിന്റെ വൈദ്യുതിയെവിടെക്കിടക്കുന്നു, ഭാരത് സഞ്ചാര്‍ നിഗാം എവിടെ കിടക്കുന്നൂ? മനുഷ്യന്റെ ക്ഷമ പരിശോധിക്കപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട് അത് കണ്ടറിഞ്ഞത് വൈദ്യുതി വകുപ്പിലൂടെയാണ്.
ലോകം ഒരുപാട് മാറി. വൈദ്യുതിയുടെ ഉപയോഗവും മാറി. പക്ഷെ മാറാത്തതിപ്പോഴും ആ വകുപ്പിലെ ഉദ്യാഗസ്ഥരാണ്. ഇന്ന് കംപ്യൂട്ടര്‍ സിസ്റം പ്രവര്‍ത്തിക്കാത്ത ഏത് ഷോപ്പാണ് ടൌണിലുണ്ടാവുക? ഏത് വീടാണ് കുഗ്രാമത്തിലെങ്കിലും ഉണ്ടാവുക? സിസ്റം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഇന്‍വെര്‍ട്ടറോ ജനറേറ്ററോ വെച്ച് പ്രവര്‍ത്തിക്കാനാവുമോ? അത്തരക്കാരാണ് കറന്റിന്റെ ഈ പോക്കുവരവില്‍ കഷ്ടപ്പെടുന്നത്. ഒരു പാട് സിസ്റങ്ങള്‍ ഈ പോക്കുവരവുകള്‍ക്കിടയില്‍പ്പെട്ട് തകരാറിലായിട്ടുണ്ടാവും. പക്ഷെ ആരോട് പരാതിപ്പെടാന്‍. ഇനി ഇപ്പോഴത്തെ മന്ത്രിയോട് പറഞ്ഞാലും അദ്ദേഹവും ഈ ഉദ്യോഗസ്ഥരുടെ ഭാഷയിലെ സംസാരിക്കൂ. അതായത് ഇത്രയൊക്കെ ഇപ്പോ തരാനാവൂ. സൌകര്യമുണ്ടെങ്കില്‍ ഉപയോഗിച്ചാല്‍ മതിയെന്ന്. അതാണ് നേരത്തെ മനുഷ്യാവകാശ ലംഘനമെന്ന പദം ഉപയോഗിച്ചത്.
വൈദ്യുതി ഒരു സേവനമേഖലയാണ്. കറന്റ് കമ്മി വരാം. ലോഡ് ഷെഡ്ഡിങും പവര്‍ കട്ടും വേണ്ടി വന്നേക്കാം. പക്ഷെ അതിനൊക്കെ മുന്‍കൂട്ടി ഒരറിവ് നല്‍കുന്നത് ശ്രദ്ധിച്ചിട്ടില്ലെ? അത് ഉപഭോക്താക്കളെ പേടിച്ചൊന്നുമല്ല. മറിച്ച് അറിയിക്കേണ്ട ബാധ്യത ഉള്ളത് കൊണ്ടാണ്. അപ്പോള്‍ഒരു മുന്നറിയിപ്പും നല്‍കാതെ ഇങ്ങനെ ഉപഭോക്താക്കളെ ഉപദ്രവിക്കുന്ന അവകാശലംഘനമല്ലെ? പലപ്പോഴും ആലോചിച്ചു പോകാറുണ്ട്- ഈ കോടതികള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെ അവകാശങ്ങളുടെയും, സ്വാതന്ത്രത്തിന്റെ തന്നെയും, സ്ഥിതിയെന്താവുമായിരുന്നെന്ന്. പ്രജകളുടെ പല അവകാശങ്ങളും പ്രജകള്‍ തന്നെ തെരഞ്ഞെടുത്തയച്ച് രൂപീകരിച്ച ഭരണകൂടം നിഷേധിക്കുന്നു. ഇപ്പോള്‍ കണ്ടില്ലെ, തങ്ങളുടെ കറുത്ത ഗ്ളാസിട്ട് പൊതിഞ്ഞ ശീതീകരിച്ച മോട്ടോരഥ(ഓട്ടോമോബൈല്‍സ്)ങ്ങളില്‍ തെരുവീഥികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. അതിനകത്തിരിക്കുന്നവര്‍ക്ക് എന്തുമാവാം. പുറത്താരും കാണില്ലല്ലോ? അതെ സമയം പുറത്തുള്ളവരെ വീക്ഷിക്കാം. കോപ്രായങ്ങള്‍ കാട്ടാം. അവരെക്കുറിച്ച എന്ത് കമന്റ് വേണമെങ്കിലും പാസാക്കാം. ഇരയാവുന്നവര്‍ കാണില്ലല്ലോ? എന്തിന് പോലീസോ, മറ്റ് പരിശോധിക്കാവുന്ന വകുപ്പിലെ ഉദ്യോഗസ്ഥരോ കാണില്ല. അതൊക്കെ പണ്ടേ നിരോധിക്കേണ്ടതായിരുന്നില്ലെ? അതിനും ഒരു വ്യക്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു, കാത്തിരുന്നു, അനുകൂല വിധി നേടി വന്ന് വേണമായിരുന്നോ, സര്‍ക്കാറിന് ഓഡിനെന്‍സ് പുറപ്പെടുവിക്കാന്‍?
നമ്മള്‍ പറഞ്ഞുവന്നത് വൈദ്യുതിയുടെ കാര്യമായിരുന്നു. ഇതുവരെ കനത്ത ചൂട്. പുഴകളില്‍ ജലവിതാനം താഴ്ന്നു വരുന്നു. വൈദ്യുതി കമ്മി പരിഹരിക്കാന്‍ പവര്‍ കട്ട്, ലോഡ് ഷെഡ്ഡിങ് തുടങ്ങിയ കലാപരിപാടികള്‍ ആരംഭിക്കാതെ നിവൃത്തിയില്ലെന്ന് പറഞ്ഞു. അതിനിടയില്‍ വകുപ്പ് മന്ത്രി, സഭയില്‍ അനുവാദം ചോദിക്കുന്നത് ടിവിയില്‍ðകാണുകയും ചെയ്തു. പക്ഷെ അതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കാസര്‍കോട്ട് പവര്‍കട്ടും ലോഡ്ഷെഡ്ഡിങും, പിന്നെ അനധികൃതമായ കുറെ കട്ടുകളും ദിനരാത്രഭേദങ്ങളില്ലാതെ സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഇത് സംഭവിച്ചത്, മന്ത്രി ഇക്കാര്യം അറിയാത്തത് കൊണ്ടാണോ, അല്ലെങ്കില്‍, ഇത് ചെയ്യുന്നവരെപ്പോലെ മന്ത്രിയും അറിഞ്ഞു കൊണ്ട് ഉപഭോക്താക്കളെ പറ്റിക്കുകയായിരുന്നോ?
-എ.എസ്. മുഹമ്മദ്കുഞ്ഞി
Keywords: Article, Power cut, A.S.Mohammedkunhi