city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗദാരിദ്ര്യം കൊണ്ട് മെലിഞ്ഞ പോലീസ്

അംഗദാരിദ്ര്യം കൊണ്ട് മെലിഞ്ഞ പോലീസ്
കാസര്‍കോട് ജില്ലയില്‍ കലാപങ്ങള്‍ തുടര്‍ക്കഥയാവുകയാണ് പുകയുന്ന ചിന്തകളുടെ തിരി നീട്ടിയാണ് ഓരോ ദിവസവും വിരിഞ്ഞു വാടുന്നത്. അറുതിയില്ലാത്ത സ്പര്‍ദ്ധ. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തോടെ ജില്ലയില്‍ അഗ്നി പര്‍വ്വതങ്ങള്‍ മുളച്ചു പൊങ്ങുന്നു. ഡിസംബറോടെ കാഞ്ഞങ്ങാടും പരിസരത്തും നടന്ന അക്രമ പരമ്പരയെ തുരത്താന്‍ പോലീസിനായി എന്നതില്‍ ഉമ്മന്‍ ചാണ്ടിക്ക് അഭിമാനിക്കാന്‍ വകയുണ്ട്. പോലീസിന്റെ സന്ധിയില്ലാത്ത ജാഗ്രതക്കു മുമ്പില്‍ കലാപകാരികള്‍ മുട്ടു മടക്കി. പോലീസ് സേന തിരിച്ചുപോയപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒളിച്ചിരുന്ന വിഷസര്‍പ്പങ്ങള്‍ വീണ്ടും ഫണമുയര്‍ത്തിയിരിക്കുകയാണ്. കലാപത്തിന്റെ തുടര്‍ക്കഥകള്‍ പലയിടങ്ങളിലും അതാണ് അടയാളപ്പെടുത്തുന്നത്.

സ്ഥിരമായി പോലീസ് സേന ക്യാമ്പു ചെയ്യേണ്ട പ്രദേശമാണ് കാസര്‍കോട് ജില്ലയെന്ന് പോലീസ് മേധാവികള്‍ അഭിപ്രായപ്പെടുന്നു. പക്ഷെ അതിനു പോലീസെവിടെ ? ആംഡ് പോലീസിന്റെ നാലാം ബറ്റാലിയന്റെ പരിശീലനം പൂര്‍ത്തിയാക്കപ്പെട്ട പാസ്സിങ്ങ് ഔട്ട് ചടങ്ങില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പോലീസിന്റെ അംഗബലം ഇനിയും വര്‍ദ്ധിപ്പിക്കും. വിഘടനവാദികളുടേയും അന്ധമായ രാഷ്ട്രീയ വിരോധികളുടേയും ഉള്ളില്‍ കടന്നു കയറി സമാധാനത്തിന്റെ വിത്തു പാകാന്‍ കഴിയാത്തതും, അക്രമം മുന്‍ക്കൂട്ടി കണ്ട് അമര്‍ച്ച ചെയ്യാനും,ക്രമസമാധാനം നിലനിര്‍ത്താനും പോലീസിന്റെ രഹസ്യ വിഭാഗത്തിന് കഴിയാത്തതാണ ജില്ലയുടെ മനസില്‍ ഇരുട്ടു പരക്കാന്‍ ഒരു കാരണം . അതിനാവശ്യമായ പോലീസ് സര്‍ക്കാരിന്റെ കൈവശമില്ല.
മഞ്ചേശ്വരം മുതല്‍ പാറശാല വരെ നീണ്ടു പോകൂന്ന റോഡ് ഗതാഗതത്തിലെ അപകടങ്ങള്‍ക്ക് തടയിടാന്‍ റോഡ് നിയമങ്ങള്‍ ശക്തമാക്കാന്‍ വകുപ്പു തലത്തില്‍ തീരൂമാനമുണ്ടായെങ്കിലും അതു നടപ്പിലാക്കാന്‍ പോലീസില്ല. ഇപ്പോഴും പഴഞ്ചന്‍ നെറ്റ് വര്‍ക്കിലാണ് പോലീസ് കിതച്ചു പായുന്നത്.

കേരളത്തിലെ പോലീസിന്റെ കണക്കെടുത്തു നോക്കിയാല്‍ സമാധാന പ്രേമികള്‍ ഞെട്ടും. ആകെ പോലീസ് 45000ത്തില്‍ പരം മാത്രം. ഇവര്‍ തന്നെ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥ മേലാളന്മാര്‍ക്കും കാവല്‍ നില്‍ക്കണം. സമൂഹത്തിനിടയില്‍ ഇമ ചിമ്മാതെ ഉണര്‍ന്നിരിക്കണം . റോഡും വാഹനവും നോക്കണം. കുറ്റവാളികളെ തേടിയിറങ്ങണം .മരിച്ച അനാഥ ശവങ്ങള്‍ക്ക് കാവല്‍ പോലും നില്‍ക്കണം .പത്മനാഭ സ്വാമി ക്ഷേത്രമടക്കമുള്ളിടത്തെ പൊന്നു കാക്കുന്ന ഭൂതങ്ങള്‍ ഈ പോലീസുകാരാണ്. ഇപ്പോള്‍ റെയില്‍വേയിലേക്കും കുറെ പേര്‍ പോയി. അസഹിഷ്ണുതയുടെ പര്യായമാണ് പോലീസ് ജീവിതം. ഇതിനൊക്കെയിടയിലാണ് പോലീസ് ജനപ്രതിനിധികളെ മാനിക്കണമെന്ന ചെന്നിത്തലയുടെ കണ്ണൂര്‍ പ്രസംഗം വന്നത് . വയലാര്‍ രവി അതാവര്‍ത്തിച്ചു . പോസ്റ്റര്‍ വിവാദത്തില്‍ പെട്ട ആറു പോലീസുകാര്‍ മാപ്പെഴുതി കൊടുത്താണ് സര്‍വ്വീസിലേക്ക് തിരിച്ചു വന്നത്. ഈ പ്രവണത സേനയുടെ മനോധൈര്യത്തിനു പുഴുക്കുത്തിടും. ആകെ സേനാംഗങ്ങളില്‍ ദൈനംദിന ഡ്യൂട്ടിക്കിട്ടവര്‍ കഴിച്ചാല്‍ മിച്ചം കേവലം 18,000ത്തില്‍ പരം മാത്രം . മൂന്നേക്കാല്‍ കോടി ജനങ്ങളുടെ ക്രമസമാധാന സംരക്ഷണത്തിന്റെ സുശ്രൂശകര്‍ ഈ ന്യൂനപക്ഷമാണ്. ഒരു വാര്‍ഡിന് ഒരു പോലീസുകാരന്‍ എന്ന നിലയില്‍ പോലൂം പോലീസില്ല . ഇത് അസാന്മാര്‍ഗിക പ്രവര്‍ത്തകര്‍ക്ക് അവേശം പകരുന്ന വാര്‍ത്തയാണെങ്കിലും ഉള്ളതു കൊണ്ട് ഓണം പോലെയാക്കാന്‍ ശ്രമിക്കുന്ന അവരുടെ ശുഷ്‌ക്കാന്തി അഭിനന്ദനാര്‍ഹമാണ്.

2010ലെ കണക്കെടുത്തു നോക്കിയാല്‍ കേരളത്തിലെ ആകെ കുറ്റകൃത്യങ്ങള്‍ ഒന്നര ലക്ഷത്തോളം വരും .ഇതില്‍ 2682 കവര്‍ച്ചകള്‍. 363 കൊല. 8724 കലാപങ്ങള്‍. നിലവിലുള്ള സാഹചര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ശരാശരി ഒരു പോലീസുകാരന്‍ ചുരുങ്ങിയത് എട്ടു കേസെങ്കിലും അന്വേഷിച്ച് തീര്‍പ്പാക്കണം. ആധുനിക സാങ്കേതിക വിദ്യ മുറ്റി നില്‍ക്കുന്ന ഇക്കാലത്ത് ഇത് പ്രാപ്യമാണോ? പോലീസിനെ തെറി പറഞ്ഞും ആവേശത്തിരമാലകള്‍ കൊണ്ട് ആഞ്ഞടിക്കുന്ന പ്രകടനക്കാരും യുവാക്കളും ഒന്നു മനസിലാക്കുക. പോലീസ് നിങ്ങളേക്കാള്‍ കരുത്തും ആരോഗ്യവും ചോര്‍ന്നവരാണ്. അവരെ വെറുതെ വിടുക.

അംഗദാരിദ്ര്യം കൊണ്ട് മെലിഞ്ഞ പോലീസ്
-പ്രതിഭാ രാജന്‍


Keywords: Police, Article, Prathibha Rajan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia