city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുഹ്‌യിദ്ദീന്‍മാല വാമൊഴിയായ്

മുഹ്‌യിദ്ദീന്‍മാല വാമൊഴിയായ്
കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരം നേടുകയും മുസ്ലിങ്ങളുടെ ജീവിതത്തെ അഗാധമായി സ്വാധീനിക്കുകയും ചെയ്ത അറബ്- മലയാള കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. വലിയ പണ്ഡിതനും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയും ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന മര്‍ഹും ഖാസി മുഹമ്മദിന്റെ തൂലികയിലെ അനുഗ്രഹീത രചനയാണ് മുഹ്‌യിദ്ദീന്‍ മാല. ഈ രചന നിര്‍വ്വഹിച്ച 1025-ല്‍ (ഹിജ്‌റ) തന്നെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

അറബ്- മലയാള സാഹിത്യത്തിലെ ഈ പ്രഥമ ഖണ്ഡകാവ്യം നാല് നൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും സമീപകാലം വരെയും കേരള മുസ്ലിങ്ങള്‍ക്കിടയില്‍ സാര്‍വ്വത്രികമായി നിലകൊണ്ടു. എന്തുമാത്രം ആദരവോടും ആവേശത്തോടെയുമാണ് പൂര്‍വ്വസൂരികള്‍ മുഹ്‌യിദ്ദീന്‍ മാലയുടെ വരികളും ഈരടികളും നെഞ്ചോട് ചേര്‍ത്ത് വെച്ച് വായിച്ചത്. വൈകാരിക തരംഗമായി അനുഭവഭേദ്യമാക്കിയത്. പണ്ഡിതനെന്നോ പാമരനെന്നോ ധനികനെന്നോ ദരിദ്രനെന്നോ ഒരു വൈജാത്യമല്ലാതെ സാധാരണക്കാരായ ഒരു ജനതയടക്കം ഈ മഹാകാവ്യത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു. വൃദ്ധരും, സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സമൂഹം ഇത് മന:പാഠമാക്കി. മുതിര്‍ന്നവര്‍ താഴെയുള്ളവര്‍ക്ക് ചൊല്ലിക്കേള്‍പ്പിച്ചും പഠിപ്പിച്ചു.  കുഞ്ഞുകുട്ടികളുടെ നാവില്‍പ്പോലും മുഹ്‌യിദ്ദീന്‍ മാല വാമൊഴിയായി പകര്‍ന്നു നല്‍കപ്പെട്ടു. ആധുനിക ഭൗതിക ജീവിതത്തിന്റെ അണുപ്രസരത്താല്‍ മുഹ്‌യിദ്ദീന്‍ മാല ഇന്ന് കൈമോശം വന്ന ഒരു ഇതിഹാസമായി നില കൊള്ളുന്നു. തലമുറകള്‍ നാല് നൂറ്റാണ്ടുകളില്‍പ്പരം കഴിഞ്ഞിട്ടും (450) വര്‍ഷം ഒരു സാഹിത്യസൃഷ്ടി ഇത്രമേല്‍ ജനകീയവും ഒരു ജനതയുടെ ഹൃദയാന്തളത്തില്‍ ഇത്രയും കാലം സ്ഥിരപ്രതിഷ്ഠ നേടിയതിന്റെ രഹസ്യമെന്താണ്.
നിരവധി കാവ്യങ്ങളും, മാലകളും അറബ്- മലയാളത്തില്‍ തന്നെ രചിക്കപ്പെട്ടിട്ടും അവയ്‌ക്കൊന്നും ലഭിക്കാത്ത വന്‍ സ്വീകര്യത മുഹ്‌യിദ്ദീന്‍ മാലക്ക് മാത്രം ലഭിച്ചത് എന്തു കൊണ്ട്. എന്താണ് ഖാസി മുഹമ്മദിന്റെ വ്യക്തിത്വം. കാലാകാലങ്ങളായി മുഹ്‌യിദ്ദീന്‍മാല അനുവാചക സമക്ഷം സംവേദിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദേശമെന്താണ്. അതിനു പിന്നിലുള്ള സദുദ്ദേശമെന്താണ് ?
നാലര നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഖാസി മുഹമ്മദ് മുഹ്‌യിദ്ദീന്‍ മാല രചിച്ചത്. തന്റെ ആത്മീയ ധരണിയിലെ അഭിവന്ദ്യ നേതാവും വഴികാട്ടിയും ശൈഖുമാരുടെ ശൈഖുമായ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) യുടെ അപദാനങ്ങള്‍ വാഴ്ത്തുക. അവിടുത്തെ മഹല്‍ ജീവിതസന്ദേശം മുസ്‌ലിം ലോകത്തിന് പകര്‍ന്നു നല്‍കുക. അതുവഴി അവരെ ആത്മീയമായും ധാര്‍മ്മികമായും സദാചാരപരമായും ഒന്നതിയിലെത്തിക്കുക. ജീലാനിയുടെ ദിവ്യസന്ദേശവും ദൃത്യവും സംബന്ധിച്ച് വരുംതലമുറകളെ ബോധവാന്മാരാക്കുക. അങ്ങനെ തന്റെ സൃഷ്ടാവിന്റെ വിശുദ്ധ സാമിപ്യവും സവിശേഷ സംതൃപ്തിയും കരസ്ഥമാക്കുക. തുടങ്ങിയ പവിത്ര സദുദ്ദേശ ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിന് മുഹ്‌യിദ്ദീന്‍ മാല രചിക്കാനുണ്ടായിരുന്നതിന്റെ കാരണങ്ങള്‍.
നിസ്തുല പണ്ഡിതന്‍, സാഹിത്യകാരന്‍, തത്വചിന്തകന്‍, ന്യായാധിപന്‍, ആത്മജ്ഞാനി, മഹാനായ കവി, നിരവധി ഹൃദയങ്ങളെ സംസ്‌കരിച്ചെടുക്കുകയും ഇസ്‌ലാമിക ചട്ടക്കൂട്ടില്‍ വളര്‍ത്തുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവ് വിവിധ വിഷയങ്ങളിലായി ഈ മഹാന്‍ അന്‍പതോളം മഹദ് ഗ്രന്‍ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ അവരുടെ കിരാത ഭരണത്തിനെതിരെ ധീരമായി ശബ്ദിക്കുകയും പോര്‍ച്ചുഗീസ് വിരുദ്ധസമരത്തിന് തീ കൊളുത്തുകയും ചെയ്ത ധീരദേശാഭിമാനിയായിരുന്നു ഖാസി മുഹമ്മദ്.

ഇസ്‌ലാമിക പ്രബോധനത്തിനായി അറബ് നാട്ടില്‍ നിന്ന് കേരളക്കരയിലെത്തിച്ച മാലിഖ് ഇബ്‌നി ദീനാറിന്റെ സംഘാംഗമായ ഹബീബ്‌നു (മാലിഖ് (റ) ദീത്തറിന്റെ 8-ാമത്തെ പൗത്രനായി ഖാളി മുഹമ്മദ് ഹിജ്‌റ കൊല്ലവര്‍ഷം 980ല്‍ ജനിച്ചു. അശൈഖ് ഖാളി അസീസായിരുന്നു പിതാവ്. മദീനക്കാരനായിരുന്ന മുഹമ്മദുല്‍ അന്‍സാരിയെന്ന സ്വഹാബി വര്യനിലേക്കാണ് ഇവരുടെ കുടുംബപരമ്പര ചെന്നു ചേരുന്നത്. ഹസ്രത്ത് മുഹമ്മദുല്‍ അന്‍സാരിയുടെ ഒമ്പതാമത്തെ പൗത്രനാണ് നമ്മുടെ ചരിത്രനായകനായ ഖാസി മുഹമ്മദ്. പ്രശസ്തമായ കോഴിക്കോട്ടെ ഖാളി കുടുംബം ഇവരുടേതാണ്. ഇന്നും കോഴിക്കോട് ഖാളി സ്ഥാനം വഹിച്ചു പേരുന്നവര്‍ ഖാളി മുഹമ്മദിന്റെ പിന്മുറക്കാരാണ്. പണ്ഡിത കുടുംബത്തില്‍ പിറന്ന ഖാളി ചെറുപ്പത്തില്‍ തന്നെ അതീവ ബുദ്ധിമാനും സൂഷ്മശാലിയുമായിരുന്നു.  പിതാവില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് പ്രസിദ്ധ പണ്ഡിതനും, സൂഫി വര്യനുമായിരുന്ന ഇസ്മായില്‍ ലബ്ബല്‍ ഖാഹിരി(റ), പ്രസിദ്ധ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിന്റെ രചയിതാവ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍, മറ്റു പണ്ഡിത മഹത്തുക്കള്‍ എന്നിവരുടെ ശിക്ഷണത്തില്‍ ദീനിവിജ്ഞാനവും അവഗാഹവാണ് പാണ്ഡിത്യവും കരസ്ഥമാക്കി. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, ഉത്സുലൂരി ഫിഖ്ഹ്, ഗോളശാസ്ത്രം, കര്‍മ്മശാസ്ത്രിം, തത്വചിന്ത, ചരിത്രം, ശാസ്ത്രം എന്നി അനേകം വിഷയങ്ങളിലും വിവിധ ഭാഷകളിലും അവഗാഹം നേടി. 

ചരിത്രഗവേഷകന്‍ കൂടിയായിരുന്നു ഖാസി മുഹമ്മദ്. സമൂതിരി രാജഭരണത്തിന്റെ കാലത്തായിരുന്നു കോഴിക്കോട് സംയുക്ത ഖാളിയായി നിയമിതനായത്. വേറെയും നിരവധി മഹല്ലുകളിലും ഖാളിസ്ഥാനം വഹിച്ചിരുന്നു. ഇതുവഴി ജനമദ്ധ്യത്തില്‍ ജീവിക്കാനും സമൂഹമായി നിരന്തരം ഇടപഴകാനും സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും ഈ മഹാനായ മനുഷ്യന് സാധിച്ചിരുന്നു.
സാമൂഹികമായ നവോത്ഥാനത്തിന് അദ്ദേഹം തന്റേതായ പങ്ക് വഹിച്ചു. കോഴിക്കോട് കുറ്റിച്ചിറയിലുള്ള പുരാതന വലിയ ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം അദ്ദേഹം മുദരിസായിരുന്നു. പോര്‍ച്ചുഗീസ് ഭീകരവാഴ്ചക്കെതിരെ, സ്വതന്ത്രദാനം സമൂഹത്തില്‍ കത്തിപ്പടരാനായി അദ്ദേഹം രചിച്ച പ്രസിദ്ധ ഗ്രന്ഥമായിരുന്നു അല്‍ഫത്ഹുല്‍ മുബീന്‍. ധീരനായിരുന്ന ഈ ദേശാഭിമാനിയെ ആരും ഓര്‍ക്കുന്നില്ലായെന്നതാണ് സത്യം. ചരിത്രത്തില്‍ കുഞ്ഞാലിമരക്കാര്‍ ഉള്ള സ്ഥാനമാണ് ഖാളി മുഹമ്മദിനും ലഭിക്കേണ്ടത്. സൂഫിസത്തിന്റെ പാതയിലൂടെ നീങ്ങിയ ഖാളി മുഹമ്മദില്‍ നിന്ന് നിരവധി കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. ഹിജ്‌റ 1025 റബ്ബിഉല്‍ അവ്വല്‍ 25 ബുധനാഴ്ച അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. കോഴിക്കോട് കുറ്റിച്ചിറയിലെ വലിയ ജുമുഅത്ത് പള്ളിയിലെ മുന്‍വശത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. വര്‍ഷം തോറും നിരവധിപേര്‍ അവിടെ ഖബര്‍ സന്ദര്‍ശനം നടത്താനും സിയാറത്തിനുമായി വന്നെത്താറുണ്ട്.

മുഹ്‌യിദ്ദീന്‍മാല വാമൊഴിയായ്
-എ.വി.എം. സാലി

Keywords: Muhyuddeen mala, Article, A.V.M.Sali

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia