city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉമ്മയെ 'ഉമ്മ' വെക്കാൻ കൊതിച്ച രാവുകൾ

വൈ ഹനീഫ കുമ്പഡാജെ

(www.kasargodvartha.com 06.05.2020) നാം നടന്നു പോകുന്ന വഴികളിലെ മര്‍മ്മരമാണ് ഉമ്മയുടെ സ്നേഹം. ഓരോ പ്രതിസന്ധിഘട്ടങ്ങളും തണലായി, താങ്ങായി  സ്നേഹം എന്നും നമുക്കൊപ്പമുണ്ടാകു. ഏകാന്തതയുടെ ഓരോ നിമിഷങ്ങളിലും കൊതിച്ചത് ഉമ്മയുടെ തലോടലായിരുന്നു. പനിക്കുമ്പോള്‍ നമ്മുടെ നെറ്റിത്തടത്തില്‍ പതിയെ അമരുന്ന കൈത്തലമാണ് ഉമ്മ,

നമ്മുടെ മനസ്സു നിറഞ്ഞുള്ള ചിരിയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്താണോ അതാണ്‌ ഉമ്മ. നമ്മില്‍ കണ്ണ് നീര്‍ ഉറവയെടുക്കുമ്പോൾ അതില്‍ അലിവായി പെയ്യുന്ന സാന്ത്വനമാണ് ഉമ്മ. നമ്മുടെ ജീവിതം അവരുടെ കഷ്ടപ്പാടിന്റെ സുകൃതമാണ്. ഉമ്മയില്ലാത്ത വീട് നിറമില്ലാത്ത വീടാണ്, കനത്ത ശൂന്യതയുള്ള, അലങ്കാരങ്ങള്‍ക്കൊക്കെ അര്‍ത്ഥമില്ലാതായി പോകുന്ന വീട്. മനസ്സിനെ മരവിപ്പിക്കുന്ന ഒരു തരം ഗന്ധമായിരിക്കും ഉമ്മയില്ലാത്ത വീടിനുള്ളിലാകെ.. ഉമ്മയുടെ മണമില്ലാതെ ഒരിക്കലും വീട് ചിരിച്ചു നില്‍ക്കില്ല. ശോകഭാരത്താല്‍ ക്ഷീണിച്ച വീട് അതിന്റെ ഓരോയിടങ്ങളിലും ഒരു തരം ഉന്മേഷമില്ലായ്മ തൂക്കിയിട്ടുണ്ടാവും.
ഉമ്മയെ 'ഉമ്മ' വെക്കാൻ കൊതിച്ച രാവുകൾ

ഇല്ല... എനിക്ക് സങ്കല്പിക്കാനേ ആവില്ല. ഉമ്മയില്ലാതെ ഒരു ജീവിതം എനിക്കോര്‍ക്കാനാകില്ല. അങ്ങനെ ഓര്‍ത്തു പോകുന്ന നിമിഷം ഒരു തരം തണുപ്പെന്റെ മൂര്‍ധാവിൽ വന്നാഞ്ഞടിക്കുന്നതായും ചങ്കിലൊരു കല്ല് വന്നടിയുന്നതായും അനുഭവപ്പെടും. പത്ത് മാസം ഞാൻ ഉമ്മയുടെ പള്ളയിൽ കിടന്ന് ഉഴുതു മറിക്കുമ്പോഴൊക്കെ ഉമ്മക്കു വേദനയുണ്ടായിരുന്നു. പക്ഷേ എന്റെ മോൻ എന്ന സന്തോഷം കൊണ്ട് ഉമ്മയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി ഉപ്പയെ പോലും അത്ഭുതപ്പെടുത്തിയിരിക്കും.

പ്രവാസം എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നഷ്ടം ഉമ്മയുടെ സാമീപ്യം തന്നെയാണ്. ആദ്യമായി വിമാനം കയറാൻ വീട് വിട്ട് ഇറങ്ങുമ്പോൾ കാല് വിറച്ചതും ഉമ്മയെ വിട്ട് കഴിയുന്നതോർത്താണ്. ഒന്ന് പനിച്ചാൽ,കിതച്ചാൽ ഉമ്മയുടെ തലോടലായിരുന്നു ഏറ്റവും വലിയ മരുന്ന്. ഉമ്മയെ കുഞ്ഞു നാളിൽ കല്ലെറിഞ്ഞിട്ടുണ്ട്. വടി കൊണ്ടടിച്ചിട്ടുണ്ട്. എനിക്ക് വിശക്കുന്നില്ലെന്ന് പറയുമ്പോൾ വീണ്ടും വീണ്ടും ചോറ് വാരി തരുന്ന ഉമ്മയോടന്നെനിക്ക് ദേഷ്യമുള്ളത് കൊണ്ടാണ് ഞാൻ ഓടിച്ചിരുന്നത്. അപ്പോഴും കരുതലിന്റെ കൈകളിൽ ഒരുണ്ട ചോറ് എങ്ങനെയെങ്കിലും എന്റെ വയറ്റിലെത്തിക്കാൻ ഉമ്മ പയറ്റുന്ന തന്ത്രങ്ങൾ ലോകത്ത് ഒരാൾക്കും ആവാത്ത ഒന്നാണ്.

കോവിഡ്-19 പൊസറ്റീവാണെന്ന് പറയാതെ ഉമ്മയെ വിളിച്ചു സംസാരിച്ചു. എനിക്ക് ഉമ്മയുടെ മനസ്സ് നോവാതിരിക്കാൻ കളവ് പറയേണ്ടി വന്നു. ഉമ്മാ... റൂമിൽ പലരും ഉള്ളത് കൊണ്ട് നേതാക്കളുടെ അഭ്യർത്ഥന മാനിച്ചു ഞാൻ ഹോസ്പിറ്റലിലേക്ക് റസ്റ്റ് എടുക്കാൻ പോവുകയാണെന്ന് ഉമ്മയെ പറഞ്ഞു ബോധിപ്പിച്ചു. അപ്പോഴും ആകുലതയുടെ ചിന്തകൾ ഉമ്മയുടെ ഉള്ളിൽ ഞാൻ കാണുന്നുണ്ടായിരുന്നു. പിന്നീടുള്ള ഓരോ രാത്രിയും ഉമ്മ ഉറങ്ങീട്ടില്ലെന്ന് ഞാനറിഞ്ഞു.. അർദ്ധരാത്രിയും പ്രാർത്ഥനയായിരുന്നു. ഉറപ്പാണെനിക്ക്..

വൈറസാണ്, അടുത്ത് വരരുതെന്ന് പറഞ്ഞു ഉമ്മയെ ആര് ബോധിപ്പിച്ചിരുന്നെങ്കിലും വീട്ടിലായിരുന്നെങ്കിൽ ഉമ്മ വന്ന് തൊട്ട് നോക്കുമായിരുന്നു. ഒരായിരം പച്ച മരുന്ന് കലക്കി തരുമായിരുന്നു. അടുത്തിരുന്ന് മന്ത്രിക്കുമായിരുന്നു. ഉമ്മയുടെ കൈകളുടെ സ്പർശനങ്ങൾ ഓർത്ത് പോയ രാവുകളാണ് ഐസൊലേഷൻ റൂമിലൂടെ കടന്ന് പോയത്. ഒന്നുമില്ലാതിരുന്ന കുഞ്ഞു നാളുകളിൽ, വാടക വീട്ടിൽ കിടന്ന് ഒരു നേരത്തെ അന്നം കിട്ടാത്ത കാലത്ത് ഞങ്ങൾക്ക് വേണ്ടി ഉമ്മയും ഉപ്പയും പട്ടിണി കിടന്ന രാവുകൾ ഓർത്ത് പോകുന്നു.

ഉപ്പ വരുമ്പോൾ അടുപ്പ് കാലിയായിരിക്കും. പാത്രങ്ങളൊക്കെ ഉണങ്ങീട്ടുണ്ടാവും. ഉറങ്ങാൻ കിടന്ന ഞങ്ങളുടെ ചെവിയിലേക്ക് അവരുടെ സംസാരം കേൾക്കാമായിരുന്നു. ഉപ്പയുടെ ചോദ്യ വാക്കുകൾ.. അവർ കഴിച്ചോ എന്ന്. കോറോണയിലെ ഏകാന്തത ഏറെ ഓർമിപ്പിച്ചത് ഉമ്മയുടെ,ഉപ്പയുടെ അസാന്നിധ്യമാണ്. പ്രാവാസത്തിൽ ഒരു രോഗവും വരല്ലേ എന്ന് ഹൃദയം തുടിച്ചു കണ്ണ് നിറഞ്ഞു പ്രാർത്ഥിച്ചതും അത് കൊണ്ട് മാത്രമാണ്.

Keywords: Kasaragod, Kerala, Article, Article about mother by Haneefa Kumbadaje

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia