ബലിയുടെ സന്ദേശം
Jul 30, 2020, 11:14 IST
എം എ മൂസ മൊഗ്രാല്‍
(www.kasargodvartha.com 30.07.2020) സംഭവബഹുലമായ ചരിത്രത്തെ ജീവിതത്തിന്റെ ഭാഗമാക്കി ചേര്‍ത്തുവെക്കുന്ന ഓര്‍മ്മ പെരുന്നാളാണ് ഈദുല്‍ അദ്ഹാ അഥവാ ബലിപെരുന്നാള്‍. അള്ളാഹുവിന്റെ ദാസന്മാര്ക്ക് അള്ളാഹുവിന്റെ നേരിട്ടുള്ള പരീക്ഷണമേ ല്ക്കുക, അതിനെ ധൈര്യപൂര്‍വം നേരിടുക എന്നൊക്കെ പറയുന്നത് ഒരു സ്വപ്നമാണെങ്കില്‍ അതിനെ മനോഹരമായി യാഥാര്‍ഥ്യമാക്കി എന്നതാണ് ബലി പെരുന്നാളിന്റെ മികച്ച സ്മരണ.
പ്രവാചകന് ഇബ്രാഹിം നബി(അ) തനിക്ക് കാത്തിരുന്ന് ലഭിച്ച പ്രിയപുത്രന് ഇസ്മാഈലിനെ ബലിനല്കാന് തയാറായി എന്നതിനപ്പുറം, ദൈവാനുരാഗം, അനുസരണത്തിന്റെയും ആരാധനയുടെയും ദൃഢമായ വിശ്വാസം, ഇവയെല്ലാം സമ്മേളിക്കുന്നുവെന്ന താണ് ബലിപെരുന്നാള്‍ ആഘോഷം.
ത്യാഗം എന്നത് മാനവചരിത്രത്തിലെ അതിമനോഹരങ്ങളായ അധ്യായങ്ങളുടെ സുവര്‍ണ പരമ്പരയാണ്. ചരിത്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ സത്യസന്ദേശം നടത്തി എത്തിയ പ്രവാചകന്മാരെല്ലാം ത്യാഗത്തിന്റെ വിവിധ മുഖങ്ങളെ അവതരിപ്പിച്ചിരുന്നു. ഏറെക്കാലം പ്രബോധന രംഗത്ത് നിന്ന പ്രവാചകന് നൂഹ് നബി(അ), തന്റെ സമുദായത്തെ സമര്‍ഥമായി നയിച്ച പ്രവാചകന് മൂസാ നബി (അ), ഭൗതികതക്കെതിരില് നിലനിന്ന ഈസാ നബി (അ), ശത്രുക്കളെപോലും അല്‍ഭുതപ്പെടുത്തുമാറ് നിലകൊണ്ട മുഹമ്മദ് നബി (സ)- എല്ലാവരും തങ്ങളുടെ പാതയില്‍നിന്ന് അല്പംപോലും പതറിയിട്ടില്ല. സന്ദേശ പരിത്യാഗം അഥവാ 'ഹിജ്റ' സത്യത്തിന്റെ ഉയര്‍ച്ചയും, വളര്‍ച്ചയും ത്യാഗത്തിലൂടെയാണെന്ന കരുത്തുറ്റ വിളംബരമായിരുന്നു.
നവോത്ഥാന നായകരുടെ കാര്യമെടുത്താലും, വിശ്വാസത്തിന്റെ കാര്യത്തിലും ജനങ്ങളെ നേരായി നയിക്കുന്നതിലും കാട്ടിയ ധീരതകളത്രയും ത്യാഗ സുന്ദര ജീവിതത്തിലൂടെയാണ് കടന്നുപോയത്. ഈ ബോധവും, അത് ഉള്‍ക്കൊള്ളുന്ന മനസ്സും നഷ്ടപ്പെട്ടുവെങ്കില്‍ പെരുന്നാളിന്റെ സ്മരണകള്‍ക്കും, ആഘോഷങ്ങള്‍ക്കും ഇടിവ് തട്ടുമെന്ന് നാം മനസ്സിലാക്കണം. കാരണം ത്യാഗം എന്നത് ഒരിക്കലും തലകുനിക്കാത്ത ഒരു പാറക്കെട്ടാണ് എന്ന കാര്യം നാം വിസ്മരിച്ചു പോകരുത്.
പെരുന്നാള്‍ എന്ന ആഘോഷത്തെ ക്രിയാത്മകമായാണ് സമീപിക്കേണ്ടത്. ലോകത്തെ നോക്കിയും ജനങ്ങളെ പരിഗണിച്ചും വേണം അത് നിര്‍വഹിക്കാന്‍. പ്രത്യേകിച്ച് ദുരിത പൂര്‍ണ്ണമായ ഈ കാലഘട്ടത്തില്‍. പെരുന്നാള്‍ ദിനത്തില്‍ മാത്രം ആഘോഷത്തെ ഒ തുക്കാത്തത് ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ശേഷമുള്ള നാളുകളിലും ബലിയുടെയും, ത്യാഗത്തിന്റെയും പ്രസക്തിയും, സൂക്ഷ്മതയുമെല്ലാം നമുക്ക് കാട്ടിത്തരുന്നു. ഈ ചരിത്ര ബോധത്തെയാണ് ബലി യിലൂടെയും, ത്യാ ഗത്തിലൂടെയും ഒരു വലിയ സന്ദേശം ബലിപെരുന്നാള്‍ നമുക്ക് നല്‍കുന്നത്.
SUMMARY: Article about Eid ul Adha by Moosa Mogral.