city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ന്യൂനപക്ഷത്തിന്റെ ധൈര്യമായിരുന്നു ചെര്‍ക്കളം

അസ്‌ലം മാവില 

(www.kasargodvartha.com 27.07.2018) ന്നെ സംബന്ധിച്ചിടത്തോളം പരിചയപ്പെടാന്‍ അവസരം ലഭിക്കാത്ത നേതാവാണ് ചെര്‍ക്കളം. പക്ഷെ,  ഞാനേറ്റവും കൂടുതല്‍ കേട്ടറിഞ്ഞ ജനനേതാക്കളില്‍ ഒരാളാണ് ചെര്‍ക്കളം. കാസര്‍കോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ അമരക്കാരനെന്ന ഭംഗിവാക്ക് കൊണ്ട് മാത്രമല്ല, ആ ഒരു പ്രസ്ഥാനത്തിന് ജില്ലയില്‍ തെറ്റില്ലാത്ത മേല്‍ വിലാസമുണ്ടാക്കാന്‍ അഹോരാത്രം അക്ഷരാര്‍ഥത്തില്‍ പ്രയത്‌നിച്ച വ്യക്തിത്വം കൂടിയായിരുന്നു ചെര്‍ക്കളം അബ്ദുല്ല.

അണികളോടൊപ്പം അദ്ദേഹവും അണികള്‍ അദ്ദേഹത്തോടൊപ്പവും നിന്നുവെന്നാണ് വലിയ പ്രത്യേകതയായി ഞാന്‍ കാണുന്നത്. താഴേക്കിടയിലുള്ളവരുടെ കൂടി വിശ്വാസ്യത നേടിയെടുക്കുക എന്നത് ഒരു ലീഡറെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലല്ലോ. അത് കൊണ്ട് തന്നെ ചെര്‍ക്കളം ശരിക്കും 'ലീഡറാ'യിരുന്നു.

ന്യൂനപക്ഷത്തിന്റെ ധൈര്യമായിരുന്നു ചെര്‍ക്കളം
കാസര്‍കോട് ജില്ല പൊതുവെ പല സങ്കീര്‍ണ്ണതകളും കൊണ്ട് കെട്ടിമുറുക്കപ്പെട്ട പ്രദേശമാണല്ലോ. അനങ്ങിയാല്‍ എന്തെങ്കിലും ഒരു നിറം കൊണ്ട് ചാപ്പ കുത്തും. മറുപടി പറയാന്‍ മാത്രമല്ല, അതില്‍ പക്വത കാണിക്കുവാനും നേതാക്കള്‍ക്ക് സാധിച്ചാലേ രംഗം ശാന്തമാക്കുവാനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ അതിജീവിക്കുവാനും സാധിക്കുകയുള്ളൂ.

ശരിക്കും ചെര്‍ക്കളം ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ധൈര്യമുള്ള വാക്കായിരുന്നു. ആജ്ഞാ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ കൈ മുതലുകളിലൊന്ന്. ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കാനും അവരുടെ കൂടെ നടക്കുവാനും 'കൂടെയുണ്ട്, കൈവിടില്ലെന്ന്' ബോധ്യപ്പെടുത്തുവാനും അദ്ദേഹത്തിനായിട്ടുണ്ട്.

വളരെ ചെറിയ ചുറ്റുപാടില്‍ നിന്നുള്ള തുടക്കം. എന്നെക്കാളും 20 വയസ് പ്രായമുള്ള പൈക്ക കുഞ്ഞാമുച്ച ചെര്‍ക്കളചരിത്രം എന്നോട് പറയാറുണ്ട്. അഞ്ച് വര്‍ഷം ആ മനുഷ്യന്റെ കൂടെ ദിവസവും യു എ ഇ യുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജോലിയാവശ്യാര്‍ഥം സഞ്ചരിക്കുമ്പോള്‍, ഒരു ദിവസവും ചെര്‍ക്കളത്തെ കുറിച്ച് പറയാനദ്ദേഹം വിട്ടു പോകാറില്ല. അങ്ങനെ ആ നേതാവിനെ കുറിച്ച് പറയാന്‍ എത്ര എത്ര പേര്‍ ! 'പാതീന്ന് ബ്‌ട്രേല' കുഞ്ഞാമുച്ചയുടെ വാക്കുകള്‍ കാതില്‍ അലയടിക്കുന്നു. 'പകുതിക്കുപേക്ഷിക്കില്ല' എന്ന തോന്നല്‍ അണികളിലും അനുഭാവികളിലും എതിരാളികളിലും ഒരേ പോലെ സൃഷ്ടിച്ചെടുക്കാന്‍ ഒരു നേതാവിനായാല്‍ അതിലപ്പുറം ഒരു സുകൃതവും അംഗീകാരവും മറ്റൊന്നുണ്ടോ?.

മുസ്ലിം വിഭാഗത്തില്‍ തന്നെ വിവിധ ആശയ പ്രവര്‍ത്തന ധാരകള്‍ വളരെ സജിവമായ കാസര്‍കോട്ട്,  അത്തരം വഴിയിടങ്ങളില്‍ തന്റെ കഴിവിന്റെ പരമാമധി പക്വതയും പാകതയും സൂക്ഷമതയും അദ്ദേഹം കാണിച്ചിട്ടുണ്ട്. ഇവിടെയൊക്കെയാണല്ലോ വിവാദങ്ങള്‍ കാണാനും ഒച്ചിനെ ഒട്ടകമാക്കി പര്‍വ്വതീകരിക്കാനും പലര്‍ക്കും താല്‍പര്യമുണ്ടാവുക.

രണ്ട് പേര്‍ നിയമസഭയില്‍ പോയി. ഒരേ ജില്ലയില്‍ നിന്ന്. യു ഡി എഫ് നേതൃത്വത്തിന് രണ്ട് പേരെയും മന്ത്രിമാരാക്കണം. ആ അഞ്ചു വര്‍ഷ ഭരണത്തില്‍,  ഊഴം വച്ചാണ് ചെര്‍ക്കളത്തെ തഴയരുതെന്ന നിര്‍ബന്ധബുദ്ധി കൊണ്ട് മന്ത്രി സ്ഥാനം നല്‍കി സംസ്ഥാന നേതൃത്യം അദ്ദേഹത്തെ ആദരിച്ചത്. യൂനിറ്റ് തലം തൊട്ട് പാര്‍ട്ടിയെയും മുന്നണിയെയും കെട്ടിപ്പടുത്ത ഒരു ജന നേതാവിനുള്ള ഷാളണിയിക്കല്‍ കൂടിയായിരുന്നുവത്.

ദിവസങ്ങള്‍ക്ക് മുമ്പ് കരീം കുണിയ എഫ് ബിയില്‍ കുറിച്ചിട്ടു- ചെര്‍ക്കളം, താങ്കളോടൊപ്പം നടക്കാന്‍ ഞാനുണ്ടാകില്ല, താങ്കളുടെ പിന്നില്‍ നടക്കാനാണ് എനിക്കിഷ്ടം. അങ്ങനെയൊന്നു പറയിപ്പിക്കുക എന്നിടത്താണ് ചെര്‍ക്കളം തന്നെ വിശ്വസിച്ചേല്‍പ്പിച്ച ഒരു പാര്‍ട്ടിയില്‍ നേടിയെടുത്ത പേരും പെരിമയും.

ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിയും ചെര്‍ക്കളവും ഒരു കൊമ്പ് കോര്‍ക്കല്‍ നടന്നിട്ടുണ്ട്. അന്ന് ഒരു ദേശീയ പത്രത്തിലെ 'വാചകമേള'യില്‍ ചെര്‍ക്കളത്തിന്റെ വളരെ രസകരമായ ഒരു ക്വാട്ടിംഗ് പ്രത്യക്ഷപ്പെട്ടത് വായനക്കാര്‍ മറന്നിരിക്കാന്‍ വഴിയില്ല. ഗൗരവ മുഖമുള്ള ചെര്‍ക്കളത്തില്‍ നിന്നു കേട്ട അപൂര്‍വ്വം തമാശകളിലൊന്ന്.

ചെര്‍ക്കളത്തിന്റെ പരലോക വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Cherkalam Abdulla, Aslam Mavile, Aslam Mavile, Cherkalam Abdulla No more, Cherkalam Abdulla passes awayMuslim League Leader

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia