എ പി മാമു ഹാജി; കാരുണ്യത്തിന്റെ വലിയ ലോകം തീര്‍ത്ത പൂമരം
മജീദ് തെരുവത്ത്
(www.kasargodvartha.com 05.06.2021) എ പി മാമു ഹാജി എന്ന നക്ഷത്രം അസ്തമിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. ഒരുപാട് നല്ല ഓര്‍മ്മകളും സ്‌നേഹവും നല്‍കിയാണ് അദ്ദേഹം കടന്നുപോയത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തേത് പോലെ ഗള്‍ഫ് വികസിച്ചിട്ടില്ലാത്ത കാലത്ത്, അവിടെ ജോലി ചെയ്യുന്നവര്‍ക്കായി അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമായിരുന്നു. പ്രവാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമായിരുന്നു.
അഞ്ച് പതിറ്റാണ്ട് മുമ്പാണ് അദ്ദേഹം ഗള്‍ഫിലെത്തിയത്. മുമ്പ് ചന്ദ്രിക റീഡേഴ്‌സ് ഫോറം എന്നറിയപ്പെട്ടിരുന്ന കെഎംസിസിയുടെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം. ദുബൈ കാസര്‍കോട് ജമാഅത്ത് കമ്മിറ്റി രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇപ്പോഴത്തെ മിക്കവാറും എല്ലാ വ്യവസായികളും അദ്ദേഹത്തോടൊപ്പം സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് വ്യവസായ പ്രമുഖരായ ഖാദര്‍ തെരുവത്ത്, മുബാറക് അബൂബക്കര്‍, ടി എ ഉസ്മാന്‍ ഹാജി, പി എ ഇബ്രാഹിം ഹാജി, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ബേവിഞ്ച അബ്ദുല്ല, പള്ളിക്കല്‍ കുലുപ്പ് മുഹമ്മദ്, ഖമറുക്ക, സ്റ്റീല്‍ മുഹമ്മദ്, ഹസ്സൈനാര്‍ തളങ്കര, എന്‍എ നെല്ലിക്കുന്ന്, പൊയക്കര മാമുച്ച എന്നിങ്ങനെയുള്ളവര്‍ മാമു ഹാജി നടത്തിയ സേവനങ്ങള്‍ ഇപ്പോഴും സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നു.
പാക്കിസ്ഥാന്‍ മാമുച്ച എന്നറിയപ്പെട്ടിരുന്ന മാമു ഹാജിയുടെ ഗള്‍ഫ് മലയാളികളോടുള്ള സേവനം പകരം ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു. അദ്ദേഹം കാസര്‍കോട്ട് നിന്ന്, പ്രത്യേകിച്ച് തളങ്കരയില്‍ നിന്ന് സ്വപ്നഭൂമിയായ ഗള്‍ഫിലേക്ക് അനവധി പേരെ കൊണ്ടുവന്നു അവര്‍ക്ക് അനുയോജ്യമായ ജോലികള്‍ ശരിയാക്കി നല്‍കി. അദ്ദേഹത്തിന്റെ ആ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഗുണം അനുഭവിച്ച കുടുംബങ്ങള്‍ ആ നാമം എങ്ങനെ മറക്കും. സേവനത്തിന്റെ, കാരുണ്യത്തിന്റെ വലിയ ലോകം തീര്‍ത്ത എ പി മാമു ഹാജിയുടെ സ്മരണകള്‍ക്ക് മരണമില്ല.
Keywords: Article, Remembrance, Thalangara, Job, Pakistan, Gulf, AP Mamu Haji; the great man of mercy