city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സക്രിയനായ എന്റെ പ്രിയപ്പെട്ട എ പി അബൂബക്കര്‍ മൗലവി

അസ്ലം മാവില

(www.kasargodvartha.com 05.09.2017) 1977, ഞാന്‍ രണ്ടാം ക്ലാസ്സില്‍. പുതുതായി ചേര്‍ത്ത ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ബിസ്‌ക്കറ്റും മിഠായിയും എല്ലാ ക്ലാസ്സിലും നല്‍കുന്ന തിരക്കിലാണ്. അന്നത്തെ എന്റെ കുഞ്ഞു പ്രായം ക്ലാസ്സധ്യാപകനെ വിട്ടു, മദ്രസ്സയുടെ പുറത്തേക്കായി ശ്രദ്ധ. പിന്നില്‍ നിന്ന് ഒരു ചെറിയ ചൂരല്‍ കഷായം, വേദനിപ്പിക്കാത്ത ഒരടി. അത് മതിയായിരുന്നു എനിക്ക് ഒരു ഗുണപാഠം ജീവിതകാലം മുഴുവന്‍ പഠിക്കാനും മറക്കാതിരിക്കാനും. ആ ഗുണപാഠമിതാണ്:

'ധൃതിയെന്തിന് ? ഊഴമായാല്‍, നിനക്ക് കിട്ടാനുള്ളത് നിനക്ക് തന്നെ കിട്ടും'.

അന്ന് മുതല്‍ ആ അധ്യാപകന്റെ കണ്ണിലുണ്ണിയായിരുന്നു ഞാന്‍. ഞാനെന്ന അരുമശിഷ്യന്‍. എനിക്ക് എഴുത്തും വായനയും സംഘാടനവും പ്രസംഗവുമെല്ലാം പഠിക്കാന്‍ സാഹചര്യമൊരുക്കൂട്ടിയ എന്റെ പ്രിയപ്പെട്ട അധ്യാപകന്‍ എ പി അബൂബക്കര്‍ മൗലവി.

ഒരു ശരാശരി മൗലവി, മുസ്ല്യാര്‍ കണ്‍സെപ്റ്റിനപ്പുറത്തെ ഒരു അധ്യാപകനെയാണ് അദ്ദേഹത്തില്‍ ഞാന്‍ എന്നും കണ്ടത്. നാടിന്റെ നാനാന്മുഖ വിഷയങ്ങളില്‍ അദ്ദേഹം ഉണ്ട്, ഒരരുക്കായല്ല; മൂലയിലുമല്ല; കളത്തില്‍, ഒത്ത നടുവില്‍.

സക്രിയനായ എന്റെ പ്രിയപ്പെട്ട എ പി അബൂബക്കര്‍ മൗലവി

പട്ല ഗവ. സ്‌കൂളിന്റെ സൂപ്പര്‍ ഹെഡ്മാസ്റ്റര്‍ എന്നായിരുന്നു വിളിപ്പേര്. MHM മദ്രസ്സയുടെ നേതൃത്വത്തിനപ്പുറം നാടിന്റെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജിവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എ.പി. മുന്നില്‍ നിന്നത് അത്ഭുതത്തോടു കൂടിയാണ് നോക്കിക്കണ്ടത്.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വാര്‍ത്ത ഞാനറിഞ്ഞത് അദ്ദേഹം പറഞ്ഞപ്പോള്‍. ശ്രീമതി ഗാന്ധിയുടെ ഭൗതിക ശരീരം ത്രിമൂര്‍ത്തി ഭവനില്‍ വിട്ടത് തൊട്ടങ്ങോട്ട് റേഡിയോയില്‍ കേള്‍പ്പിച്ചത് അദ്ദേഹം. ആ ഉരുക്ക് വനിതയുടെ ഓര്‍മ്മകുറിപ്പുകള്‍ തൊട്ടടുത്ത മാസം ബക്കര്‍ സാര്‍ (എന്റെ ഓര്‍മ്മ അതാണ്) എഡിറ്ററായ ഒരു വിംഗ് തയാറാക്കുന്നു, വാങ്ങണമെന്ന് പറഞ്ഞതുമദ്ദേഹം. ആ മാതൃകാ അധ്യാപകനെ ഓര്‍ത്തെടുക്കാന്‍ അങ്ങിനെ ഒരുപാട് നല്ല ഓര്‍മ്മകള്‍ !

സ്‌കൂള്‍ യുവജനോത്സവത്തിന് പ്രസംഗ മത്സരമൊരുക്കൂട്ടുന്നത് അദ്ദേഹമായിരുന്നു, ഏത് വിഷയത്തെ കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയാണ്. പരന്ന വായനയുടെ പ്രയോക്താവെന്ന് പറയാം. നല്ല പ്രാസംഗികന്‍ കൂടിയാണദ്ദേഹം. നാട്ടുനടപ്പു നീട്ടിപ്പാടി പ്രസംഗമില്ല; നല്ല അച്ചടി ഭാഷാ പ്രഭാഷണം, മണി മണിയായി.

പ്രിഡിഗ്രി ഒന്നാം കൊല്ലം , കാസര്‍കോട് ഗവ. കോളേജില്‍ അന്നത്തെയും ഇന്നത്തെയും ഇഷ്ട കവി ദിവാകരന്‍ വിഷ്ണുമംഗലം കോളേജില്‍ ബി. എസ്. സി (ജിയോളജി ) ഫൈനല്‍ വര്‍ഷ വിദ്യാര്‍ഥി. പഠിപ്പിസ്റ്റ്, അതേസമയം പരമ രസികന്‍. അദ്ദേഹം ആ വര്‍ഷം അവതരിപ്പിച്ച ഓട്ടന്‍ തുള്ളലിലെ പ്രമേയം എനിക്കെന്തോ കൗതുകവും 'ഇത് കൊള്ളാലോ ' എന്ന തോന്നലുമുണ്ടാക്കി. ടി. സി. മാധവപ്പണിക്കര്‍ സാറാണ് (ഡോ. മാലതിയുടെ ഭര്‍ത്താവ്) പ്രിന്‍സിപ്പാളും തൊട്ട് മുമ്പത്തെ വര്‍ഷം ജിയോളജി ഡിപ്പാര്‍ട്മെന്റ് തലവനും. ദിവാകരന്റെ അധ്യാപകന്‍ കൂടിയാണ് ടി.സി. സാര്‍.

അദ്ദേഹത്തെയടക്കമുള്ള അധ്യാപകരെയും സ്റ്റാഫിനെയും സഹപാഠികളെയും സതീര്‍ഥ്യരെയും പണിക്കര്‍ സാറടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ കവി ദിവാകരന്‍ ഓട്ടന്‍ തുള്ളലില്‍ ' വധം' നടത്തുന്നു. എല്ലാവരും ചിരിച്ചു മറിയുന്നു. ഞാനൊന്നുമാലോചിച്ചില്ല. പട്ല ഒ.എസ്.എ യുടെ വാര്‍ഷികാഘോഷത്തിന് സാപ് & അരമന സഹകരണത്തോടെ, സര്‍വ്വ സന്നാഹത്തോടെ അതിനിശിത സാമൂഹ്യ വിമര്‍ശനമുള്‍പ്പെടുത്തി ഒരു തുള്ളല്‍ നടത്തി. അബൂബക്കര്‍ മൗലവി അറിഞ്ഞാലുള്ള പ്രയാസവും അപ്പോള്‍ മനസ്സിലുണ്ട്. ആ പരിപാടിയൊക്കെ കഴിഞ്ഞ് കളമൊഴിയുമ്പോള്‍, രാത്രി മൂന്ന് മണിക്ക് മൗലവി മുന്നില്‍. അസ്ലം, ഈ സംഗതി നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നമുക്കിത് കുറച്ച് കൂടി ഉഷാറാക്കാമായിരുന്നു!

എന്റെ നാലാം ക്ലാസ്സ് മുതല്‍ ഞാന്‍ പഠിച്ച വിദ്യാലയത്തില്‍ സാഹിത്യ സമാജമുണ്ട്. അതില്‍ സജിവമാകാനും സംഘാടകനാകാനും ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് എ.പി. തന്നെ. പട്ല സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് മലയാളം ഡിവിഷന് കുട്ടികളെ കുറഞ്ഞപ്പോള്‍ അധ്യാപകരുടെയും എന്റെ ഉപ്പയുടെയും ആവശ്യപ്രകാരം ഞങ്ങള്‍ കുറച്ച് പേര്‍ 'കുട്ടിക്ക്യാമ്പൈന്‍ ' നടത്തി. അതോടെ ഞങ്ങള്‍ക്ക് മലയാളത്തിന് കുട്ടികളുടെ എണ്ണം കൂടി. ഇത് മണത്തറിഞ്ഞ് മൗലവി അതിനെതിരെ അറബി ഭാഷാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചെറിയ വാഗ്വാദമൊക്കെ അന്നുണ്ടായെങ്കിലും ഗുരുശിഷ്യബന്ധം കാത്ത് സൂക്ഷിക്കുന്നതില്‍ കാണിച്ച സൂക്ഷമത വാക്കുകള്‍ക്കതീതമായിരുന്നു. ഒമ്പത് വയസ്സുള്ള എനിക്ക് ആ സമയത്ത് സര്‍വ്വ പിന്തുണ തന്നത് എന്റെ ഉപ്പയായിരുന്നുവെന്നത് അദ്ദേഹത്തിനു മറിയാം. നമ്മുടെ വാര്‍ഡ് മെമ്പര്‍ എം. എ  മജിദിനെപ്പോലുള്ളവര്‍ അന്ന് മൗലവിയുടെ ചേരിയിലുമായിരുന്നു.

ആറില്‍ ഞാന്‍ പഠിക്കുന്നു. സാഹിത്യ സമാജത്തിന്റെ പ്രോഗ്രാം ലിസ്റ്റ് നോട്ടിസ് ബോര്‍ഡില്‍ നിന്ന് അടര്‍ത്തി എടുത്ത് കൊണ്ടുവരാന്‍ മൗലവി എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അനുസരിച്ചു. അതിലെ മുകള്‍ ഭാഗം പശകൊണ്ടൊട്ടിച്ചതിനാല്‍ അല്‍പം കീറിപ്പോയി. സമാജം തുടങ്ങാനിരിക്കെ കീറിയ നോട്ടിസ് കണ്ട്, എന്നോടദ്ദേഹം ദേഷ്യത്തില്‍ സംസാരിച്ചു. എന്റെ അശ്രദ്ധ കൊണ്ടാണിത് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തി. എന്റെ ന്യായങ്ങള്‍ അദ്ദേഹം കേള്‍ക്കാനും കാത്തിരുന്നില്ല. എനിക്ക് വല്ലായ്കയായി. എന്റെ കൈ തെറ്റല്ലെന്നുറപ്പ്.

അന്ന് ഇശാ കഴിഞ്ഞ് ഞങ്ങളുടെ വീടിന് മുന്നില്‍ ഒരാള്‍ പെരുമാറ്റം. സൂക്ഷിച്ച് നോക്കി, ഉസ്താദ് ! അസ്ലം, നിനക്കല്ല തെറ്റ് പറ്റിയത്. ആ നോട്ടിസ് കീറിപ്പറിഞ്ഞത് നിന്റെ അശ്രദ്ധ കൊണ്ടല്ല. ബോര്‍ഡില്‍ ഇപ്പോഴും അടര്‍ത്താന്‍ പറ്റാതെ കടലാസ് ബാക്കിയുണ്ട്. 'മറന്നേക്ക് ' പുറം തട്ടി അദ്ദേഹമത് പറഞ്ഞ്, തിരിഞ്ഞ് ധൃതിയില്‍ നടന്നകലുന്നതിപ്പോഴും കണ്ണില്‍ നിന്ന് മായുന്നില്ല.

നാട്ടില്‍ ഒരു കല്യാണമുണ്ടെങ്കില്‍, മറ്റെന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കില്‍, അവിടത്തെ ലോ & ഓര്‍ഡര്‍ ചാര്‍ജ് എ.പി.ക്കായിരിക്കും. എവിടെയും അച്ചടക്കം അച്ചട്ട് പോലെ. നിക്കാഹ് സദസ്സില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നതുമദ്ദേഹം തന്നെ. നാട്ടില്‍ ഒരപരിചിതന്‍ ശ്രദ്ധയില്‍ പെട്ടാല്‍ മൗലവിയുടെ സൗമ്യമായ ചോദ്യങ്ങള്‍ക്കു ആഗതന്‍ മറുപടി കൊടുത്തേ തീരൂ. കെട്ട് കേസെങ്കില്‍ ഒരിക്കലും വേഷം കെട്ടി വരാത്ത രൂപത്തിലയാളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മാന്യമായി തിരിച്ചയയ്ക്കും. പോക്കറ്റില്‍ നിന്ന് ടിക്കറ്റിനുള്ള കാശും നല്‍കും.

ഒരിക്കദ്ദേഹം ജി. അബ്ദുല്‍ ഖാദര്‍ ഹാജിയോടൊപ്പം നോര്‍ത്ത് ഇന്ത്യന്‍ ടൂറ് നടത്തി. ഞങ്ങള്‍, കുട്ടികള്‍ക്ക് , അദ്ദേഹം ദിവസവും ഒരു ഡസനിലധികം പോസ്റ്റ് കാര്‍ഡ്കളെഴുതി തന്റെ യാത്രാനുഭവം പങ്ക് വെച്ചു! തേഞ്ഞ് മാഞ്ഞ് പോകാത്ത ഗുരുശിഷ്യ ബന്ധം അങ്ങിനെയാണദ്ദേഹം ഊട്ടിയുറപ്പിച്ചത്.

കാസര്‍കോട് ടൗണില്‍ ഏത് പ്രമുഖ രാഷ്ട്രീയ നേതാവ് വന്നാലും അദ്ദേഹം പ്രസംഗം കേള്‍ക്കാനെത്തും. 1983 ലെന്ന് തോന്നുന്നു, പി.എം. അബൂബക്കര്‍ പൊതുമരുത്ത് മന്ത്രിയായപ്പോള്‍, കാസര്‍കോട് നടന്ന അഖിലേന്ത്യാ ലീഗ് സമ്മേളനം കാണാനും പ്രസംഗം കേള്‍ക്കാനുമൊക്കെ അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് മനസ്സില്‍ ഓടിയെത്തുന്നു.

സ്ത്രീ വിദ്യാഭ്യാസത്തിനും സാംസ്‌കാരിക മുന്നേറ്റത്തിനും മുന്നിട്ടിറങ്ങാന്‍ ആ അധ്യാപകന്‍ കാണിച്ച ഉത്സാഹമൊന്ന് വേറെ തന്നെയായിരുന്നു. അതെല്ലാവര്‍ക്കും അനുഭപ്പെട്ടിരുന്നു. ഹൈസ്‌കൂളില്‍ പെണ്‍മക്കളെ അയക്കാത്ത രക്ഷിതാക്കളെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചു. പള്ളികള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാകണമെന്ന കണ്‍സെപ്റ്റ് വെച്ചു പുലര്‍ത്തിയ വലിയ മനുഷ്യനായിരുന്നു.

ഒരു കാലത്ത്, തൊട്ടടുത്ത ഗ്രാമങ്ങള്‍ കോഴി കൂകിയുണര്‍ന്നപ്പോള്‍, എന്റെ ഗ്രാമമുണര്‍ന്നതും സജീവമായതും ഈ മാതൃകാ അധ്യാപകന്റെ സക്രിയത കൊണ്ടായിരുന്നു.

ഒരധ്യാപകന്, തന്റെ മാമൂല്‍ അധ്യാപനത്തിനപ്പുറത്ത്, ഒരു നാടിന്റെ നിഖില മേഖലകളിലും ക്രിയാത്മകമായെങ്ങനെ ഇടപെടാമെന്നതിനും നേതൃപരമായി പങ്ക് വഹിക്കാമെന്നതിനും എ.പി. അബൂബക്കര്‍ മൗലവി മികച്ച ഉദാഹരണമായിരുന്നു.

ഇന്നദ്ദേഹം തന്റെ എണ്‍പതുകളുടെ നിറവില്‍ പാലക്കാട് ജില്ലയില്‍, സ്വവസതിയില്‍ കുടുബത്തോടൊപ്പം പ്രായാധിക്യം മൂലം വിശ്രമ ജീവിതത്തിലാണ്.

അധ്യാപക ദിനമെന്നത്, ഒരു ഗുരു ശിഷ്യ ബന്ധത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണല്ലോ. ഈ വേളയില്‍ എല്ലാ അധ്യാപകര്‍ക്കും ആയുരാരോഗ്യം നേരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Teachers, Students, Aslam Mavile, Teachers Day, AP Aboobacker Moulavi; My favourite teacher

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia