മഹാത്യാഗങ്ങളുടെ ഓർമയോടെ ബലിപെരുന്നാൾ കടന്നുവരുന്നു
Jul 18, 2021, 10:08 IST
ഹനീഫ് ബെണ്ടിച്ചാൽ
(www.kasargodvartha.com 18.07.2021) ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്‌മരണ പുതുക്കി ബലിപെരുന്നാൾ വീണ്ടും നമ്മളിലേക്ക് കടന്നുവരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അല്ലാഹ് കനിഞ്ഞു നൽകിയ സ്നേഹ നിധി ഇസ്മാഈൽ (അ) നെയും ഭാര്യ ഹാജറ (റ) വിനേയും അല്ലാഹുവിന്റെ കല്പന പ്രകാരം ഇബ്രാഹിം നബി വിജനമായ ഒരു മരുഭൂമിയിൽ ഉപേക്ഷിച്ചു. കഴിക്കാനും കുടിക്കാനും ഒന്നുമില്ലാതെ ഇസ്മായിൽ (അ) കരഞ്ഞപ്പോൾ ഒരു തുള്ളി ദാഹജലത്തിനുവേണ്ടി മാതാവ് ഹാജറ (റ) സഫ - മർവ മലമുകളിലൂടെ ഓടി നടന്നു.
പിഞ്ചു പൈതലായ ഇസ്മാഈൽ (അ) കാലിട്ടടിച്ച മരുഭൂമിയിലെ മണൽ തരിയിൽ നിന്നും പെട്ടെന്നതാ തുരുതുരാ വെള്ളത്തിന്റെ നീരുറവ നിൽക്കാതെ പുറപ്പെട്ടു. ഹാജറ (റ) പൊട്ടിയൊലിച്ച നീരുറവയുടെ ശക്തി കുറയാൻ അല്ലെങ്കിൽ നിൽക്കാൻ വേണ്ടി അറബിയിൽ അടങ്ങുക എന്നർത്ഥം വരുന്ന 'സംസം' എന്നുരുവിടുകയും വെള്ളത്തിന്റെ ഒഴുക്ക് കുറയുകയും ലോകാവസാനം വരെയും ത്യാഗസ്മരണക്കായി ആ നീരുറവ നില നിൽക്കുകയും ചെയ്യുന്നു.
ആ സംസം ആണ് ലോകത്തിനെ പല കോണിൽ നിന്നും വിശ്വാസികൾ ഹജ്ജ്, ഉംറയ്‌ക്കായി പോയിവരുമ്പോൾ കൊണ്ട് വരുന്ന വെള്ളം. അതിനിടെ ഇബ്‌ലീസിന്റെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ സുരക്ഷയ്ക്ക് ശൈത്താനെ കല്ലെറിഞ്ഞോടിച്ച സംഭവവും നടന്നു. അതിന്റെ ഓർമകളും ഹാജിമാർ പുതുക്കാറുണ്ട്.
പ്രവാചകൻ ഇബ്രാഹിം (അ) നോട് മകൻ ഇസ്മാഈലിനെ ബലി നൽകാൻ സ്വപ്‌നത്തിലൂടെ അല്ലാഹ് ആജ്ഞാപിച്ചു. പിഞ്ചു മകന്റെ കഴുത്തിൽ കത്തി വെക്കാനൊരുങ്ങുവെ പെട്ടെനതാ മാലാഖ ജിബ്‌രീൽ (അ) സുന്ദരമായ ഒരാടുമായി പ്രത്യക്ഷപ്പെടുകയും അല്ലാഹുവിന്റെ ആജ്ഞ പ്രകാരം ആടിനെ ബലിയറുക്കുകയും ചെയ്‌തു.
മാനവർക്കാർക്കും അവകാശപ്പെടാൻ പറ്റാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള മുസ്ലിം മതവിശ്വസികൾ ഒന്നിക്കുന്ന ഹജ്ജ് എന്ന മഹാസംഗമം, കോവിഡ് മഹാമാരി മാറ്റൊളി കുറച്ചിട്ടുണ്ടെങ്കിലും ഹാജിമാർ വിശുദ്ധ കഅബാലയത്തിന് വലയം വെക്കുമ്പോൾ ലോക മുസ്ലിങ്ങൾ പരസ്പരം ആശീർവദിച്ചും ബലിയർത്തും ബലിപെരുന്നാൾ കൊണ്ടാടും, ഒരുപാട് മഹാത്യാഗങ്ങളുടെ ഓർമയോടെ.
Keywords: Kerala, Article, Eid, Top-Headlines, COVID-19, Remembering, Hajara Beevi, Prophet, Ibrahim, Prophet Ismail, Haneef Bendichaal, Another Eid al-Adha commemorating the great sacrifices.
< !- START disable copy paste -->