city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംബികാസുതന്‍ മാങ്ങാടിന്റെ സാഹിത്യവഴിയിലെ നാലു പതിറ്റാണ്ടുകള്‍

ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 08/03/2015) വായനാലോകത്ത് കഥകളും കവിതകളും ധാരാളമായി എന്നും എഴുതപ്പെട്ടിട്ടുണ്ട്. ഇന്ന് അത് അനുസ്യൂതം തുടരുന്നു. മലയാള സാഹിത്യത്തിലും ഓരോ കാലഘട്ടത്തിന്റെയും അടയാളങ്ങള്‍ ചരിത്രരേഖകളായി തെളിഞ്ഞ് നില്‍ക്കുന്നു. സര്‍ഗസൃഷ്ടികള്‍ ഏറെയാണ്. ബഷീറും, കാരൂരും, തകഴിയും, കേശവദേവും കടന്നു, തലമുറകള്‍ ആവര്‍ത്തിച്ചുകടന്നുപോയ സാഹിത്യവഴികളില്‍ സ്വന്തമായ പാത കണ്ടെത്തിയ പുതുതലമുറയില്‍ ഗണനീയ സ്ഥാനം ഉറപ്പിച്ച എഴുത്തുകാരനാണ് അംബികാസുതന്‍. സര്‍ഗചേതനയുടെ വറ്റാത്ത നീരുറവ ഇന്നും സമകാലീന സ്പന്ദനങ്ങളായി തുടരുന്നു.

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആനന്ദവും അഭിമാനകരവുമായ കാര്യമാണ് നാലു പതിറ്റാണ്ടുകാലം തന്റെ സാഹിത്യസപര്യ ഒരേ താളത്തില്‍ അല്ലെങ്കില്‍ കൂടുതല്‍ പ്രകാശിതമായി ജ്വലിപ്പിക്കുക എന്നത്. അംബികാസുതന്റെ കഥകള്‍ ശ്രദ്ധയോടെ വായിക്കുന്നവര്‍ക്ക് അത്ഭുതം സമ്മാനിക്കുന്നതാണ് ഓരോ സൃഷ്ടിയും. ആദ്യകാല കഥകളിലും നോവലുകളിലും ദര്‍ശിക്കാന്‍ കഴിയാത്ത പുതുപുതു കാഴ്ചകളും അനുഭൂതികളും വായനക്കാര്‍ക്ക് പകരാന്‍ ഈ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

തന്റെ ആദ്യ കഥയുടെ പേര് 'ജീവിതപ്രശ്‌നങ്ങള്‍' എന്നാണ്. തന്റെ എല്ലാ കഥകള്‍ക്കും ഈ ശീര്‍ഷകം നന്നായി ചേരുമെന്ന് അംബികാസുതന്‍ സ്വയം അവകാശപ്പെടുന്നു. ഇതിലെ സത്യം വായനക്കാരനെ ബോധ്യപ്പെടുത്താന്‍ ഇതുവരെയുള്ള കഥയും നോവലുകളും സാക്ഷിയാണ്.

ഒരു കഥ വായിച്ചുകഴിയുമ്പോള്‍ വായനക്കാരുടെ മനസില്‍ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, ദയയുടെ, വാത്സല്യത്തിന്റെ, നന്മയുടെ ഒരു ആര്‍ദ്രത സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, തന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത. ജീവിത വസ്തുതയുടെ മാറ്റങ്ങളുടെ ചലനങ്ങള്‍ നടക്കേണ്ടത് മനുഷ്യമനസുകളിലാണ്. വലിയ യുദ്ധങ്ങള്‍ ഉണ്ടാകേണ്ടത്, വലിയ വിപ്ലവങ്ങള്‍ക്ക് വേദിയായി മാറേണ്ടത് മനുഷ്യന്റെ മനസാണ്. ആ മനസിനെ സ്വാധീനിക്കാന്‍ എങ്ങനെ കഥകള്‍ക്ക് സാധിക്കുന്നു, അവിടെയാണ് സാമൂഹിക പ്രതിബദ്ധതയുടെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്.

മനസിനെ സ്വാധീനിക്കുമ്പോഴാണ് കഥ കാലാനുവര്‍ത്തിയായി മാറുന്നത്. വായനക്കാരന്റെ ഹൃദയത്തെ തൊടാന്‍ കഥകള്‍ക്ക് സാധിക്കുന്നുവോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. എങ്ങനെയാണ് വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കാനാവുക? ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ക്ക് മാത്രമേ വായനക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കാനാകൂ. ഇത്തരം വാക്കുകള്‍ക്ക് മാത്രമേ വായനക്കാരന്റെ മനസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനാകൂ. ഹൃദയം കൊണ്ട് സംസാരിക്കുന്ന കഥകള്‍ എഴുതുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണുതാനും.

എന്നാല്‍ ഇവിടെയാണ് അംബികാസുതന്‍ എന്ന എഴുത്തുകാരന്റെ കൈയ്യടക്കവും മനമുരുക്കവും വായനക്കാരന്‍ അനുഭവിക്കുന്നത്. ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളും വായനക്കാരന്റെ ഹൃദയത്തോട് സംവദിക്കുന്നവയാണ്. പാതിവഴിയില്‍ ഇടറിവീഴാത്തവാക്കും വര്‍ണങ്ങളും രൂപങ്ങളുമാണ് ഈ കഥകളുടെ ശക്തി.  കാലവും ദേശവും ഗന്ധവും അക്ഷരങ്ങള്‍ക്കിടയിലെ കുത്തും കോമയും പോലും സാര്‍ത്ഥകമാകുന്നു.

തന്റെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെടുക്കുന്ന പൊള്ളുന്ന അനുഭവങ്ങളാണ് അംബികാസുതന്റെ കഥകളില്‍ കാണാന്‍ കഴിയുന്നത്. സഹജീവിയുടെ ഓരോ നോവും പകര്‍ത്തുമ്പോള്‍ സ്വയം അനുഭവിക്കുന്ന വ്യഥയാണ് വായനക്കാരനിലും ഇത്രയും സ്വാധീനം ഈ സൃഷ്ടികളില്‍ ഉണ്ടായത്. ഒട്ടും ദുര്‍ഗ്രഹതയില്ലാതെ ഏറ്റവും ലളിതമായി കഥ പറയാറാണ് അംബികാസുതന്‍ ചെയ്യുന്നത്. വാക്കുകളും പ്രയോഗങ്ങളും സാധാരണ വായനക്കാര്‍ക്കും പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയും. ഇതുകൊണ്ട് തന്നെ എല്ലാതരം ആസ്വാദകനും ഈ കഥകള്‍ ഇഷ്ടപ്പെടുന്നു.

അംബികാസുതന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകമാണ് 'എന്‍മകജെ'.  എന്‍ഡോസള്‍ഫാനെന്ന വിഷമഴയില്‍പ്പെട്ട് മഹാദുരന്തം അനുഭവിച്ച ഒരു ദേശത്തിന്റെ നിലവിളികളുടെ ആഴം ലോകമനസാക്ഷിക്ക് മുമ്പില്‍ നേര്‍ചിത്രങ്ങളായി അവതരിപ്പിക്കാന്‍ ഈ നോവലിന് സാധിച്ചു. മലയാളത്തില്‍ ഏറെ എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ ഈ കൃതിയുടെ ഇംഗ്ലീഷ് അടക്കമുള്ള വിവിധ ഭാഷകളില്‍ പരിഭാഷപ്പെട്ട് കഴിഞ്ഞു. അറബി ഭാഷയിലേക്കും എന്‍മകജെ എത്തുകയാണ്.

സാഹിത്യതപസ്യയുടെ നാലുപതിറ്റാണ്ട് നീണ്ട കഥാജീവിതത്തിന്റെ നാള്‍വഴിയില്‍ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ സംതൃപ്തമായ ഒരു എഴുത്ത് ജീവിതം അവകാശപ്പെടാന്‍ അംബികാസുതന് കഴിയും. മലയാളസാഹിത്യത്തില്‍ ശ്രദ്ധേയമായ സ്ത്രീപക്ഷ കഥകള്‍ എഴുതിയ പുരുഷകഥാകാരന്മാരില്‍ മുന്നിലുള്ളതും ഇദ്ദേഹമാണ്. രണ്ട് സ്ത്രീപക്ഷ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെയ്യം എന്ന വടക്കിന്റെ ആകര്‍ഷണീയമായ അനുഷ്ഠാനത്തെക്കുറിച്ച് നിരവധി കഥകള്‍ എഴുതപ്പെട്ടു.  'വേട്ടച്ചേകോന്‍' എന്ന പുസ്തകം തെയ്യം കഥകള്‍ മാത്രമുള്ള സമാഹാരമാണ്. പരിസ്ഥിതി പ്രവര്‍ത്തനരംഗത്ത് സജീവമായി ഇടപെടുന്ന അംബികാസുതന്‍ 'കുന്നുകള്‍ പുഴകള്‍' എന്ന പേരില്‍ പരിസ്ഥിതി കഥകള്‍ ഉള്‍പെടുത്തി മലയാളത്തിലെ തന്നെ ആദ്യത്തെ പരിസ്ഥിതി കഥാസമാഹാരം ഇറക്കപ്പെട്ടു. ഇതുപോലെ അധ്യാപനജീവിതത്തിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന സര്‍വ്വീസ് അനുഭവകഥകളും ധാരാളം എഴുതുകയുണ്ടായി.

'സാധാരണ വേഷങ്ങള്‍' തൊട്ട് 'നീരാളിയന്‍' വരെയുള്ള പതിനാല് കഥാസമാഹാരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നാല്‍പത് കഥകള്‍ ഡി.സി ബുക്‌സ് പുറത്തിറക്കി. നാലു പതിറ്റാണ്ട്കാല മലയാള കഥാലോകത്ത് സ്വന്തമായ പ്രഭ ചൊരിഞ്ഞ ഈ കഥാകാരന് സാഹിത്യ കേരളം അര്‍ഹിക്കുന്ന ആദരം നല്‍കിയോ എന്ന് വിചാരണ ചെയ്യപ്പെടേണ്ടതാണ്.

വായനക്കാരുടെ നിറഞ്ഞ അനുഗ്രഹമാണ് ഏറ്റവും വലിയ അംഗീകാരം. അത് ഏറെ നേടാന്‍ അംബികാസുതന്‍ മാങ്ങാടിന് കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, നല്ലൊരു അധ്യാപകനും സംഘാടകനും സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും സ്വാധീനം നേടാന്‍ അംബികാസുതന് സാധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

അംബികാസുതന്‍ മാങ്ങാടിന്റെ സാഹിത്യവഴിയിലെ നാലു പതിറ്റാണ്ടുകള്‍

Keywords : Kasaragod, Kerala, Article, Ibrahim Cherkala, Ambika Suthan Mangad, Books, Story, Life, Ambikasuthan Mangad: Article by Ibrahim Cherkala. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia