city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അല്‍ഷ അഭിമാനത്തോടെ ഉറച്ച നിലപാടില്‍

കൂക്കാനം റഹ് മാന്‍

ബാലാവകാശ കമ്മീഷന് അഭിനന്ദനം അറിയിക്കട്ടെ. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ സജീവ മായി ഇടപെടുന്നു എന്നതില്‍ അഭിമാനമുണ്ട്. അവരുടെ നിലവിളികള്‍ കേള്‍ക്കാനും, പരിഹരിക്കാനും അതീവ ശ്രദ്ധ കാണിക്കുന്നതില്‍ കുട്ടികള്‍ സംതൃപ്തരാണ്. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അത്താണിയായി വര്‍ത്തിക്കുന്നു ബാലാവകാശ കമ്മീഷന്‍. കുട്ടികള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും, രക്ഷിതാക്കള്‍ മുഖേനയും കമ്മീഷനുമുന്നില്‍ പരാതി സമര്‍പ്പിക്കാം. കാലതാമസമില്ലാതെ അവയ്ക്ക് പരിഹാരവുമായി കമ്മീഷന്‍ ഉത്തരവിറക്കുകയും, ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തുവരുന്നു.

ചീമേനി ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടുവിന് പഠിക്കുന്ന അല്‍ഷ, അവളും അവളെ പോലുള്ള പെണ്‍കുട്ടികളും അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് ബാലവകാശ കമ്മീഷനു പരാതി അയച്ചു. മുടി പിന്നിക്കെട്ടി വരണമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് മാറ്റണമെന്നായിരുന്നു ആവശ്യം. അതില്‍ അല്‍ഷ ഉന്നയിച്ച ന്യായങ്ങളൊക്കെയും ശരിയാണെന്ന് കമ്മീഷന്‍ കണ്ടെത്തുകയും മുടിപിന്നിക്കെട്ടി വരണമെന്ന് നിര്‍ബ്ബന്ധിക്കാനാവില്ലെന്ന് ബാലവകാശ കമ്മീഷന്‍ ഉത്തരവാകുകയും ചെയ്തു. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് അല്‍ഷ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്. പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണിതെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബോധ്യപ്പെടും. ഇങ്ങിനെ മുടികെട്ടിയാല്‍ മുടിക്ക് ദുര്‍ഗന്ധമുണ്ടാവും, മുടിയില്‍ ചെറിയ കായകള്‍ രുപപ്പെടും. പലപ്പോഴും കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികളുമുണ്ട്.

ഞാന്‍ ഫോണിലൂടെയാണ് അല്‍ഷയോട് സംസാരി ച്ചത്. അഭിപ്രായം തുറന്നു പറയാന്‍ കൂസലില്ലാത്തവളാണ് അല്‍ഷയെന്ന് മനസ്സിലായി. അവള്‍ തുറന്നു പറഞ്ഞു. ലിംഗ വ്യത്യാസം ഇല്ലാതാവണം, തുല്യനീതി വേണം എന്നൊക്കെ എല്ലാവരും പറയും. തുല്യ നീതി സ്‌കൂളുകളില്‍ നിന്നല്ലേ ആണ്‍-പെണ്‍ കുഞ്ഞുങ്ങളില്‍ ഉണ്ടാക്കിയെടുക്കേണ്ടത്. പെണ്‍കുട്ടികളെ മുടിപിന്നികെട്ടി വരാന്‍ പറയുന്നത് അനീതിയല്ലേ? അവള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മുടികെട്ടട്ടെ. മുടി കെട്ടുന്നതില്‍ പ്രത്യേക രീതി അവലംബിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്? ഇത്തരം രീതി സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും നടപ്പിലാക്കുന്നുണ്ട്. ഇത് ചീമേനി സ്‌കൂളിലെ മാത്രം പ്രശ്‌നമല്ല.

അവിടെ മാത്രം തിരുത്തിക്കുറിക്കാന്‍ പറ്റില്ല എന്ന ചിന്തയാണ് അല്‍ഷയെ ബാലാവകാശ കമ്മീഷനെ സമീപിക്കാനുള്ള തിരുമാനത്തിലെത്തിച്ചത്. ഇത്തരം കാര്യങ്ങളില്‍ ഇടപെടാമോ? പ്രയാസങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാമോ? എന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമുണ്ടാവുക സ്വാഭാവികം. പക്ഷേ അല്‍ഷയ്ക്ക് അല്പം പോലും അക്കാര്യത്തില്‍ ഭയമില്ല. ഇനി സ്‌കൂള്‍ വിദ്യാഭ്യാസം അഞ്ചാറ് മാസമല്ലേയുള്ളു. പരാതിയുമായി പോകണോ? അത്രയും കാലം ക്ഷമിച്ചു കൂടെ എന്ന് പലരും അഭിപ്രായപ്പെട്ടുവെങ്കിലും അല്‍ഷ അതിലൊന്നും പതറിയില്ല. തന്റെ ഉറച്ച തീരുമാ നവുമായി മുന്നോട്ടു പോവുക തന്നെ ചെയ്തു.

അല്‍ഷ ഒന്നുകൂടെ വിശദീകരി ക്കുകയാണ്. സ്‌കൂളിലെ നിയമങ്ങള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാകരുത്. കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വം പ്രകടമാക്കുന്ന രീതിയില്‍ ഡ്രസ്സ് ചെയ്യാനും മുടികെട്ടാനും നഖം വളര്‍ത്താനും അവസരം ഉണ്ടാക്കുന്നതാണ് നല്ലത്. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ കുട്ടിയാണ് അല്‍ഷ. വ്യക്തിപരമായ കാഴ്ചപ്പാടുകളും ജീവിതരീതിയും അവള്‍ക്കുണ്ട്. പള പളപ്പുള്ള വസ്ത്രധാരണയിലും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗത്തിലൊന്നും അല്‍ഷയ്ക്ക് താല്‍പര്യമില്ല. ആരാധിക്കുന്നതോ, മാതൃകയാക്കുന്നതോ ആയ വ്യക്തികളൊന്നും അല്‍ഷയ്ക്കില്ല. എല്ലാ വ്യക്തികളിലും നന്മകളുണ്ട്. ആ നന്മകളെ കാണുകയും അംഗീക രിക്കുകയും ചെയ്യുകയെന്നതാണ് അല്‍ഷ സ്വീകരിച്ച രീതി.

അല്‍ഷയെ പോലുള്ള പെണ്‍കുട്ടികള്‍ തെറ്റിലേക്ക് എടുത്തു ചാടുന്ന നിരവധി പ്രശ്‌നങ്ങള്‍ ദിനേനയെന്നോണം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. അവളുടെ തെറ്റുന്ന മനസ്സുകളെ നേര്‍വഴിയിലേക്കു നയിക്കാന്‍ വല്ല നിര്‍ദ്ദേശവുമുണ്ടോ എന്ന എന്റെ അന്വേഷണത്തിനും വ്യക്തമായ കാഴ്ചപ്പാടോടെയാണ് അല്‍ഷ പ്രതികരിച്ചത്. 'നമ്മള്‍ നമ്മളെ തിരിച്ചറിയണം. തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള മനസ്സുണ്ടാവണം. അങ്ങിനെ മനസ്സിനെ പാകപ്പെടുത്തിയാലേ ജീവിതം വിജയ പ്രഭമാവൂ. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് തെറ്റിലേക്ക് വഴുതിവീഴുന്നത്. സാഹചര്യങ്ങളില്‍ നിന്ന് ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം.

പ്രമുഖ സമൂഹ്യ പ്രവര്‍ത്തകനും ഔപചാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വ ത്തിന്റെ ഉടമയും ഇപ്പോള്‍ മാലോത്ത് കസബ ഗവ: ഹൈസ്‌കൂളിലെ പ്രഥമാധ്യാപകനുമായ സനല്‍ഷായുടെയും സി പി ഒ പ്രിയ കെ നായരു ടെയും മകളാണ് അല്‍ഷ. അച്ഛനമ്മമാരുടെ സാമൂഹ്യ ബോധം മക്കളില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജീവിതത്തില്‍ ആരായിത്തീര്‍ന്നാലും സമൂഹത്തിനു വേണ്ട ചില എന്തെങ്കിലും ചെയ്യണമെന്നാണ് അവളും ആഗ്രഹിക്കുന്നത്. അത്തരം ആഗ്രഹങ്ങളുടെ ഒരു തുടക്കമെന്ന നിലയിലാണ് കേരളമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന മുടിപിന്നികെട്ടല്‍ പ്രശ്‌നത്തില്‍ അല്‍ഷ ഇടപെട്ടത്.

നിലവില്‍ കുട്ടികളുടെ പ്രയാസങ്ങള്‍ പലതും കണ്ടെത്തി നേരിട്ട് ഇടപെടുന്നതില്‍ ബാലവകാശ കമ്മീഷന്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി അഭിനന്ദനീയമാണ്. കുട്ടികളെ പൊരിവെയിലത്തുനിര്‍ത്തി മണിക്കൂറുകളോളം മോണിംഗ് അസംബ്ലി നടത്തുന്നത് നിരോധിച്ചു. കുട്ടികളെ ഉപയോഗപ്പെടുത്തി വിവധ ജാഥകള്‍ നടത്തുന്നത് ഒഴിവാക്കി. വിവിധതരം ഫീസുകളും കലക്ഷനുകളും കുട്ടികളില്‍ നിന്ന് ഈടാക്കുന്നത് നിര്‍ത്തലാക്കി. കുട്ടികളുടെ പഠനം മുടക്കുന്ന സസ്‌പെന്‍ഷനുകളും, പിരിച്ചു വിടലും നിര്‍ത്തലാക്കി. ഇതൊക്കെ കുട്ടികളുടെ നന്മ ലാക്കാക്കി നടപ്പാക്കിയ ഉത്തരവു കളാണ്. അവ കര്‍ശനമായി നടപ്പാക്കാനുള്ള ബാധ്യതയും ഉത്തരവിറക്കിയ ബാലവകാശ കമ്മീഷനുണ്ട്. അല്‍ഷമാരെ പോലുള്ള കുട്ടികളാണ് സമൂഹത്തിന്റെ നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാവുന്നത്. അവരുടെ കര്‍മ്മശേഷി കൂടുതല്‍ പ്രശോഭിതമാക്കാന്‍ നമുക്കും അവരെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കാം.

അല്‍ഷ അഭിമാനത്തോടെ ഉറച്ച നിലപാടില്‍

Keywords:  Article, Kookanam-Rahman, cheemeni, school, Student, Girl, Child commission, Plus two, SSLC.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia