city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ഷക തൊഴിലാളി ആനൂകൂല്യം ഏഴ് വര്‍ഷമായി നിലച്ചു; സഹായത്തിനായി എത്തുന്നവര്‍ വെറും കയ്യുമായി മടങ്ങുന്നു

നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍

(www.kasargodvartha.com 07.07.2017) കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കാന്‍ കേരളം ഒറ്റ ദിവസം അനുവദിച്ചത് 100 കോടിയാണ്. ബസ് ഓടിച്ച് നഷ്ടം വരുത്തി വെക്കുന്നവര്‍ക്കാണ് വീണ്ടും വീണ്ടും സഹായം. ഇവിടെ, കേരളത്തെ ഊട്ടുന്ന കര്‍ഷകര്‍ക്ക് നല്‍കാമെന്നേറ്റ ക്ഷേമ നിധി പെന്‍ഷന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു രൂപാ പോലും അനുവദിച്ചില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കുടിശ്ശിക വരുത്തിയതൊക്കെ സമയബന്ധിതമായി കൊടുക്കുക തന്നെ ചെയ്യുമെന്ന് വാക്ക് കൊടുത്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഒന്നാം പിറന്നാളുകഴിഞ്ഞിട്ടും മിണ്ടാട്ടമില്ല. കര്‍ഷക തൊഴിലാളി സംഘടനകള്‍ക്ക് തൊഴിലാളികള്‍ കറവപ്പശു മാത്രം.

600 കോടിയിലധികരിച്ച സംഖ്യയുണ്ട് കൊടുത്ത് തീര്‍ക്കാന്‍. ഉമ്മന്‍ ചാണ്ടിയിരുന്നപ്പോള്‍ പെന്‍ഷന്‍ നിശ്ചയിച്ചിരുന്നത് 600 രൂപാ തോതിലായിരുന്നു. പിണറായി സര്‍ക്കാര്‍ അത് ആയിരമാക്കി. പക്ഷെ പ്രഖ്യാപനം മാത്രം, ഒരു ചില്ലിക്കാശു പോലും കൊടുത്തില്ല. പെന്‍ഷന് പുറമെ, 60 വയസ് തികഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യവും നല്‍കണമെന്ന് ചട്ടത്തിലുണ്ട്. ഇത് മുടങ്ങിയിട്ട് ഏഴ് വര്‍ഷമായി. രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് നിലവില്‍ വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ ബാക്കിയുണ്ട്. ഇതിനു വേണ്ടി മാത്രം വേണം 123 കോടി.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ഖജനാവ് തൂത്തുവാരി ഒഴുക്കുന്നു. എടുക്കാത്ത മുക്കാല്‍ മാത്രമാണ് കര്‍ഷക തൊഴിലാളികളെന്ന് നിശ്ചയിച്ചിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. സര്‍ക്കാരിനറിയാം, നേതാക്കള്‍ പറഞ്ഞാല്‍ അതിനപ്പുറം പോകില്ല തൊഴിലാളികളെന്ന്. അങ്ങനെയല്ലല്ലോ കെ എസ് ആര്‍ ടി സിക്കാരുടെ പെന്‍ഷന്‍.

കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ പറ്റിയവര്‍ മരിക്കും വരേയും ആശ്രിതര്‍ക്കും പെന്‍ഷനുണ്ട്. ക്ഷേമ നിധി വിഹിതം അടച്ച ആയിരത്തിലധികം കര്‍ഷകന്‍ ഇവിടെ ഒരു രൂപാ പോലും ആനുകൂല്യം കിട്ടാതെ മരിച്ചു. മരണാനന്തര ക്രിയക്ക് പോലും ഒരു രൂപ നല്‍കുന്നില്ല. പ്രതിമാസം അടച്ചത് ചോദിക്കാന്‍ കര്‍ഷക പ്രസ്ഥാനങ്ങളുടെ നാവു പൊങ്ങുന്നില്ല. ചികിത്സ, വിവാഹം, വിദ്യാഭ്യാസം, പ്രസവം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും സഹായം നല്‍കണമെന്നാണ് ക്ഷേമനിധിയിലെ ചട്ടം. ഇത് കൊടുക്കാന്‍ തന്നെ 150 കോടി രൂപ വേണം.

നിലവിലെ കണക്കനുസരിച്ച് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ഓരോ വര്‍ഷവും 75 കോടിയിലധികം രൂപ ആവശ്യമുണ്ട്. പ്രതിവര്‍ഷം 70 കോടി രൂപയുടെ ബാധ്യതയിലാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കൊടിയെടുക്കുമെന്നതിനാല്‍ പണം മുറക്ക് കിട്ടുന്നു. ഇവിടെ കര്‍ഷകരെക്കൊണ്ട് കൊടിയെടുപ്പിക്കുന്നത് അവര്‍ക്ക് വേണ്ടിയല്ല, മറ്റാരുടേയോ നിലനില്‍പ്പിന് വേണ്ടിയാണ്.

10 കോടി രൂപ മാത്രമാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിലും മറ്റുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പോരായ്മകളെ വിമര്‍ശിച്ച് അധികാരത്തില്‍ വന്നവരെ വിശ്വസിച്ച് വോട്ട് ചെയ്തവര്‍ പറ്റിപ്പിന് ഇരയാവുകയാണ്. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ രണ്ടര ലക്ഷത്തിലധികം അംഗങ്ങളുണ്ട്. അര്‍ഹതയില്ലാത്തവരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യണം. അര്‍ഹരെ സംരക്ഷിക്കണം. അങ്ങനെ വരുമ്പോള്‍ മുന്നില്‍ രണ്ടും പുറത്താകും. അതാണ് വേണ്ടത്. നെല്ലിലെ കല്ലും പതിരും തിരയട്ടെ.

ക്ഷേമനിധിയില്‍ അംഗമാവുമ്പോള്‍ ഒരു വ്യക്തി നല്‍കേണ്ടത് 75 രൂപയാണ്. എന്നാല്‍ ചില യൂണിയന്‍ നേതാക്കള്‍ ക്ഷേമനിധി അംഗത്വത്തിന് ശുപാര്‍ശ ചെയ്യുവാന്‍ 500 രൂപ വരെ വാങ്ങുന്നു. ക്ഷേമനിധിയില്‍ അംഗങ്ങളായുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കും. വിരമിക്കല്‍ ആനുകൂല്യമായി 2,000 രൂപ കിട്ടും. പോരാത്തതിന് ചികിത്സയ്ക്ക് 2,000 രൂപ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി 5,00 രൂപ മുതല്‍ 3,000 രൂപ വരെ, പ്രസവത്തിനും മറ്റും വേറെ... അങ്ങനെ ആനുകൂല്യങ്ങള്‍ നിരവധി. പക്ഷെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല.

പെന്‍ഷന്‍ തുക 600ല്‍ നിന്ന് 1000 ആക്കി ഉയര്‍ത്തിയ പിണറായി സര്‍ക്കാരിനോട് കര്‍ഷക തൊഴിലാളികള്‍ ചോദിക്കുകയാണ്, എപ്പോഴാണ് ഇതൊക്കെ ഒന്ന് ശരിയാവുക.

കര്‍ഷക തൊഴിലാളി ആനൂകൂല്യം ഏഴ് വര്‍ഷമായി നിലച്ചു; സഹായത്തിനായി എത്തുന്നവര്‍ വെറും കയ്യുമായി മടങ്ങുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Education, Farm workers, KSRTC, Pension, Prathibha-Rajan, Wedding.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia