city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡാനന്തരം

അസീസ് പട്‌ള

(www.kasargodvartha.com 31.10.2020) രണ്ടു ദിവസമായി ഇടതടവില്ലാതെ പെയ്ത മഴയ്ക്ക് അല്പം ശമനം വന്നിരിക്കുന്നു. കാര്‍മേഘങ്ങള്‍ നരച്ച ആകാശങ്ങള്‍ക്ക് വഴിമാറി, താഴെ റോഡിന് കുറുകെ കലുങ്കില്‍ കുത്തിയൊഴുകുന്ന കലക്കവെള്ളം നിറം മാറി ശാന്തതയില്‍ ഒഴുക്ക് തുടര്‍ന്നു... മേലെ മുറിയില്‍ പടിഞ്ഞാറ്റെ ദ്രവിച്ച ജനാലക്കുത്തഴിയില്‍പ്പിടിച്ചു കൈദൂരത്തുള്ള മാവിലത്തുമ്പിലെ തൂവാനം വിതറിയ സ്ഫടിക തുള്ളികള്‍ ഈറ്റിറ്റു വീഴുന്നതില്‍ കണ്ണുംനട്ട് മുജീബ് ഓരോന്നോര്‍ത്തുകൊണ്ടിരിന്നു.

കാറ്റും കോളും നിറഞ്ഞിരമ്പിയ അയാളുടെ മനസ്സിനും ശരീരത്തിനും പൊടുന്നനെ പുണര്‍ന്ന ഈറന്‍കാറ്റ് കുളിരു പകര്‍ന്നു, നനുത്ത കാവിത്തറയിലമര്‍ന്ന നഗ്‌ന പാദങ്ങളിലൂടെ അരിച്ചരിച്ച് തണുപ്പ് അയാളെ മസ്തിഷ്‌കത്തെയും മരവിപ്പിച്ചു. ശരീരവും മനസ്സും ആശങ്കകള്‍ പടര്‍ത്തിയ അവ്യക്തതയുടെ ചായക്കൂട്ടില്‍ പകച്ചു നിന്നു... നെടുവീര്‍പ്പിന്റെ നീണ്ട നിശ്വസനം കണ്ണടയിലും ജനല്‍ച്ചില്ലിലും കാഴ്ചയ്ക്ക് അവ്യക്തത തോന്നിപ്പിച്ചു. 

താഴെ മാവിന്‍ ചുവട്ടില്‍ ചുറ്റുമതിലിനോട് ചേര്‍ത്തു അടുക്കിവച്ച ചെമന്ന ചെടിച്ചട്ടിയിലെ തുടുത്ത കുസുമത്തിന് ചുറ്റും ചെറുശലഭങ്ങള്‍ കിന്നരിക്കുന്നു., മതില്‍ക്കോണില്‍ ഇടതൂര്‍ന്നു പടര്‍ന്നുപന്തലിച്ച കടലാസു ചെടിയിലെ സഹപത്രങ്ങള്‍ കൂമ്പി തല താഴ്ത്തി നിന്നു. 

കോവിഡാനന്തരം

തലങ്ങും വിലങ്ങും വണ്ടികളും ബസുകളും മല്‍സരിച്ചോടാറുള്ള തൊട്ടപ്പുറത്തെ ടാറിട്ട റോഡ് തീര്‍ത്തൂം നിശ്ചലം, മുന്നൂറു മീറ്റര്‍ അപ്പുറത്തെ സമാന്തര റയില്‍പ്പാളങ്ങളില്‍ ഓരോ അഞ്ചു മിനിറ്റിലും ആര്‍ത്തുവിളിച്ചു ചീറിപ്പായുന്ന ട്രയിനുകളും കാണാനില്ല... അങ്ങിങ്ങായി കാക്കകളുടെ കാറല്‍ ഒരു അരോചകമായി മാറ്റൊലിച്ചു. റെയില്‍പാളത്തിനപ്പുറത്തെ കടല്‍പരപ്പ് നേരിയ സൂര്യകിരണത്തില്‍ വെട്ടിത്തിളങ്ങി, വിട്ടുമാറാത്ത കാര്‍മേഘം വീണ്ടും ഒരു മഴയ്ക്കുള്ള കോപ്പ് കൂട്ടുന്നു.

കോവിഡ്19 ലോക്‌ഡൌണില്‍ ഒന്നര മാസത്തോളം അന്യാ സംസ്ഥാനത്തില്‍പ്പെട്ടുപോയി, എങ്ങിനെയോ ബന്ധപ്പെട്ട അധികാരികളില്‍നിന്നു പാസ്സ് സംഘടിപ്പിച്ചു വീടുപ്പറ്റി, ങാ.. ഇനി സാരമില്ല, പതിനാല് ദിവസത്തെ ക്വാറന്റൈന്‍ അല്ലേ, വീട്ടിലെത്തി എന്നൊരാശ്വാസം, അയാള്‍ സ്വയം സമാധാനിച്ചു.

മെയിന്‍ റോഡിനു ചാരി പഴയ ഇരുനില കെട്ടിടം ഗതകാല പ്രൌഡിയിലും പ്രതാപത്തിലും തലയുയര്‍ത്തി നിന്നു, ഓട് മേഞ്ഞ മേല്‍പ്പുര, ബാപ്പ മരിച്ചപ്പോള്‍ അനന്തരം മുജീബിനായി, ഉമ്മയും മുജീബും ഭാര്യയും, മകനും രണ്ടു പെണ്മക്കളും., രണ്ടുപേരെയും കെട്ടിച്ചയച്ചതാണ്, ഇപ്പോള്‍ ഉമ്മയും ഭാര്യയും മകനും ആ വലീയ വീട്ടില്‍ കഴിയുന്നു. കോവിഡ് കാരണം പെണ്മക്കള്‍ വീട്ടില്‍ വന്നിട്ട് മാസങ്ങളായി.

മുജീബ് ബാംഗ്ലൂരില്‍ ബേക്കറിക്കച്ചവടം നടത്തിവന്നിരുന്നു, കോവിഡ്19 സൈരജീവിത്തത്തിന്റെ നെറുകയില്‍ താണ്ഡവമാടിയപ്പോള്‍ കെട്ടിട വാടകയും ജീവനക്കാരുടെ ശമ്പളവും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല, നീണ്ട ലോക്ഡൗണ്‍ കഴിഞ്ഞു പിന്നെയും രണ്ടു മാസം.. ഒടുവില്‍ അടച്ചുപൂട്ടാന്‍ തെന്നെ തീരുമാനിച്ചു., പക്ഷേ ഒറ്റ സങ്കടേള്ളൂ.. മുജീബ് ജനിക്കുന്നതിനു മുമ്പ് ബാപ്പയായി തുടങ്ങി വച്ച സംരംഭം താന്‍മൂലം.. അയാള്‍ വിതുമ്പി.

ഉച്ചഭക്ഷണത്തളിക തറയില്‍പ്പതിഞ്ഞ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി, ഉമ്മ.. കോണിപ്പടിയില്‍ നില്‍ക്കുന്നു, സൂറ എവിടെ ഉമ്മാ.. അയാള്‍ ഭാര്യയെ തിരക്കി, താഴെ ഉണ്ട് മോനേ.. ഞാനാ അവരോട് രണ്ടുപേരോടും ഇങ്ങോട്ട് വരണ്ടാന്നു പറഞ്ഞത്, അവളെയും മകനെയും ഒരു മുറിക്കകത്താക്കി, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സാരമില്ല, വയസ്സായില്ലേ.. എന്റെ മക്കള്‍ക്കെന്തെതെങ്കിലും സംഭവിച്ചാല്‍.. തട്ടത്തിന്‍ തുമ്പില്‍ വായ പൊത്തിപ്പിടിച്ചു എങ്ങലടിക്കുന്നു.

വിഷണ്ണനായി അയാള്‍ കണ്ണുനീര്‍ വാര്‍ത്തു, 'ഉമ്മ പോയ്‌ക്കോളു, മേലെ കയറണ്ട.. മൂന്ന് ദിവസം കഴിഞ്ഞില്ലേ.. സാരമില്ല, ഒന്നും നമ്മള്‍ വരുത്തി വച്ചതല്ലല്ലോ .. വിധി', ഉമ്മ കോണിപ്പടിയില്‍ നിന്നും മറയുന്നതുവരെ അയാള്‍ നോക്കിനിന്നു,

ഭക്ഷണം കഴിച്ചു മുജീബ് ചുറ്റും കണ്ണോടിച്ചപ്പോള്‍ ചുമരില്‍ തൂക്കിയ ഉപ്പയുടെ വലീയ ഫ്രെയിം ചിത്രം അയാളുടെ ചങ്കിടിപ്പ് കൂട്ടി... തൊട്ടടുത്ത് ചുമരില്‍ പറ്റിനിന്ന ഒരു പല്ലി ഉച്ചത്തില്‍ ചിലച്ചുകൊണ്ടു മോന്തായം മറയ്ക്കാന്‍ മോടി കൂട്ടിയ ദ്രവിച്ച മച്ചിന്‍ വിടവില്‍ മറഞ്ഞു, കപ്പാട്ടിനും ചുമരിനുമിടയിലെ ചിലന്തിവലയില്‍പ്പെട്ട കൊച്ചു ഇയ്യാംപാറ്റ പ്രാണരക്ഷാര്‍ത്ഥമുള്ള പിടച്ചിലിനനുസൃതമായി ഇളകിക്കൊണ്ടിരുന്നു, ഏകാന്തത അയാളെ വല്ലാതെ തളര്‍ത്തി, ഒറ്റപ്പെടുന്നതായി തോന്നി, ഫോട്ടോയില്‍ നോക്കി വിങ്ങിപ്പൊട്ടി.. ഉപ്പാ.. മാപ്പ്, നിങ്ങളുടെ നൂറിലൊരംശമാകാന്‍ എനിക്ക് കഴിഞ്ഞില്ല.. മാപ്പ്,

കപ്പാട്ടിന്റെ മങ്ങിയ ചില്ലുകൂട്ടില്‍ ബാപ്പ പ്രാണാനോളം സ്‌നേഹിച്ച ഗ്രാമഫോണ്‍ ഉമ്മ പൊടി തട്ടി വൃത്തിയാക്കി വച്ചിരിക്കുന്നു, ബാപ്പ മരിച്ചതില്‍പ്പിന്നെ ആരും ഉപയോഗിച്ചിട്ടില്ല, പ്രൌഡഗംഭീരമായ ജീവിത സമൃദ്ധിയില്‍ വിരാചിച്ച ബാല്യത്തിലെ ഒരു കീറു അയാളുടെ മനോമുകിരത്തില്‍ മിന്നിമറഞ്ഞു..

മുജീബിന് ഒരു അഞ്ച് ആറ് വയസ്സ് പ്രായം വരും, അനുജത്തിക്ക് മൂന്നും, വെള്ള ജുബ്ബയും മുണ്ടും ധരിച്ച വെളുത്തു തടിച്ചു അധികം പൊക്കമില്ലാത്ത പ്രകൃതം, കറുത്ത രോമത്തൊപ്പിയും കഴുത്തില്‍ പച്ച ഉറുമാലും, വശങ്ങളിലേക്ക് ഇറക്കി വെട്ടിയ കട്ടി മീശ, പട്ടണം പൊടി വലിക്കുന്ന ശീലമുണ്ടായിരുന്നു, ജുബ്ബായില്‍ നിന്നെടുക്കുന്ന ഉണ്ണിക്കുപ്പിയില്‍ നിന്ന് ഒരു നുള്ള് ഇടത് കൈവെള്ളയില്‍ തൂവും, കുപ്പി തിരികെ വച്ച് വലതു ചൂണ്ടു വിരലും തള്ളവിരലും ചേര്‍ത്ത് നുള്ളിയെടുത്ത പൊടി മൂക്കിന്റെ രണ്ടു തുളയിലും മാറി മാറി വലിച്ചു കേറ്റും. പിന്നെ മൂക്ക് ചുളിച്ചു ചുളിച്ചു ഒന്നു രണ്ടു തുമ്മല്‍..

കഴുത്തിലെ ഉറുമാല്‍ മൂക്കിന്‍തുളയില്‍ സമാന്തരമായി അമര്‍ത്തി ഇടത്തോട്ടും വലത്തോട്ടും രണ്ടു വലി, ചോരച്ച മുഖത്തോടെ ഉപ്പ എന്നെ നോക്കി പേടിച്ചു പോയോ എന്ന മട്ടില്‍ ഒരു ചിരിയുണ്ട്.. ചേര്‍ത്തു നിര്‍ത്തും, ഉപ്പയുടേത് മാത്രമായ വാസന, പട്ടണം പൊടിയും, സിഗററ്റും അത്തറും ചേര്‍ന്നുള്ള ഗന്ധം., ഉപ്പയെ ഓര്‍ക്കുമ്പോഴൊക്കെ അറിയാതെ ആ വാസന മനസ്സിന്റെ മായാക്കോണില്‍ നറുമണം പരത്തും.. വല്ലാത്തൊരനൂഭൂതി..

അക്കാലത്ത് ജാതിഭേതമന്യേ ആരുടെ കല്യാണമായാലും ഗ്രാമഫോണ്‍ അവിടെ സാന്നിധ്യം അറിയിച്ചിരിക്കും, നിര്‍ദ്ധനരുടെ കല്യാണത്തിന് ഒരു സംഖ്യ ഉപ്പയുടെ അഭാവത്തിലും എത്തിക്കാന്‍ ഉമ്മയെ പ്രത്യേകം ഏ ര്‍പ്പെടുത്തിയിരുന്നു.

നാട്ടിലില്ലാത്തപ്പോള്‍ ഓപ്പറേറ്ററായി ഉപ്പാന്റെ ഒന്നു രണ്ടു കസിന്‍സിനെ പരിശീലിപ്പിച്ചിരുന്നു. ചെറിയ കേടുപാടുകളൊക്കെ ഉപ്പ തെന്നെ റിപ്പയര്‍ ചെയ്യുമെന്നാ ഉമ്മ പറഞ്ഞത്, ഒന്നു രണ്ടു പ്രാവശ്യം മാത്രമേ റിപ്പയറിനായി ബാംഗളൂരില്‍ കൊണ്ടു പോകേണ്ടി വന്നിട്ടുള്ളൂ., ഓരോ വരവിനും പുതുതായി ഇറങ്ങിയ ഹിന്ദി പാട്ടിന്റെയോ ഗസലിന്റെയോ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ കൊണ്ട് വരുമായിരുന്നു.

വൈകുന്നേരത്തെ ചായ മോനാ കോണിപ്പടിയുടെ അറ്റത്തു വെച്ചത്, ഉമ്മാമയ്ക്ക് നല്ല സുഖമില്ല.. അവന്‍ വിതുമ്പി.. ധൃതിയില്‍ ചവിട്ടുപടി ഇറങ്ങുന്ന ശബ്ദം അയാളുടെ നെഞ്ചിടിപ്പ് കൂട്ടി.. താഴെ പോയി കാണാനും പറ്റാത്ത അവസ്ഥ.. മനസ്സിന്റെ സംഘര്‍ഷം അയാളെ കാന്തവലയംപോലെ പൊതിഞ്ഞു, രാത്രി ഭക്ഷണവും മോന്‍ തന്നെ കൊണ്ട് വന്നു, ഉമ്മാമയുടെ അസുഖം കുറവില്ലെന്നും പറഞ്ഞു.

രണ്ടാം യാമത്തിലെ കൂരിരുട്ടില്‍ അയാള്‍ ഒരുപോള കണ്ണാടയ്ക്കാതെ സോഫായില്‍ ഇരുന്നു, ഏകാന്തത അയാളില്‍ മരണശേഷമുള്ള ഖബറിലെ പ്രതീതി ജനിപ്പിച്ചു, തുറന്ന ജനല്‍പ്പാളിയിലൂടെ തുളച്ചുകയറിയ മിന്നല്‍പ്പിണറുകല്‍ അയാളുടെ കണ്ണഞ്ചിപ്പിച്ചു.

പെട്ടെന്നാണ് ആ കൂട്ടക്കരിച്ചില്‍.. ഉമ്മയ്ക്ക് ബോധമില്ല, കടുത്ത പനിയും ശ്വാസതടസ്സവും, ഉച്ചത്തില്‍ എന്നേ കേള്‍ക്കേ വിളിച്ചു പറഞ്ഞു ബൈക്കെടൂത്ത് ശരവേഗത്തില്‍ മിന്നലും മഴയും വക വയ്ക്കാതെ കുടുംബ ഡോക്ടറെ കൊണ്ടുവരുന്നു, അവന് ഉമ്മാമയെ ഉമ്മയെക്കാളും അടുപ്പമായിരുന്നു..

ഡോക്ടര്‍ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തു, ഉമ്മയെ താങ്ങിപ്പിടിച്ചു ആംബുലന്‍സില്‍ കയറ്റുന്ന കാഴ്ച, അതാണ് അവസാനമായി കണ്ടത്.. നാലു ദിവസം വെന്റിലെട്ടറില്‍, അപ്പോഴേക്കും കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.. മകനും ഭാര്യയും കോറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം, മുജീബ് വീണ്ടും ഒറ്റപ്പെട്ടു.. ആശുപത്രിയില്‍ നിന്നു പള്ളിക്കാട്ടിലേക്ക് നേരിട്ട് കോവിഡ് പ്രോടോക്കോളോടെയുള്ള ഖബറടക്കം.. എന്തൊരു വിധി.. ഒരു നോക്ക് അവസാനമായി ഒന്നു കാണാന്‍ പോലും.. അയാള്‍ ഏ ങ്ങിയേങ്ങിക്കരഞ്ഞു.. അപ്പോഴും ഇയ്യാം പാറ്റ ചിലന്തിവലയില്‍ നിര്‍ത്താതെ പിടയുന്നുണ്ടായിരുന്നു.




Keywords: Article, Story, COVID-19, Corona, Treatment, Family, Quarantine, After  covid, Azeez Patla, After COVID Story by Azeez Patla.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia