അബ്‌ദുൽ ഹകീം തളങ്കര; പടിഞ്ഞാറിന്റെ വെളിച്ചം പാരിലാകെ പടർത്തിയ മനുഷ്യ സ്‌നേഹി
Apr 30, 2021, 11:55 IST
ബശീർ കല
(www.kasargodvartha.com 30.04.2021) എല്ലാവരും മരണം പുൽകേണ്ടവരാണെന്ന വലിയ സത്യത്തിനുമുന്നിൽ തളങ്കര അബ്ദുൽ ഹകീമും വിടപറഞ്ഞിരിക്കുകയാണ് .കാല ലോക വ്യവസ്ഥകളൊക്കെ തകിടംമറിഞ്ഞുകൊണ്ടിരിക്കുന്ന പുതുലോകക്രമത്തിൽ നിന്നു പാരത്രിക ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ മടക്കം വിജയകരമാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
ചെരുപ്പിന്റെ വാറിനോളം മരണം കൂടെയുണ്ടെന്ന പ്രവാചക വചനങ്ങൾ വീണ്ടും ഓർമിപ്പിച്ചാണ് ഹകീം തളങ്കരയുടെ ആകസ്മിക മരണം. അദ്ദേഹത്തിൻറെ വേർപാടിൽ സ്വകുടുംബത്തിനപ്പുറം നാടും മറുനാടുമൊക്കെ നൊമ്പരപ്പെടുമ്പോഴാണ് ഹകീം തളങ്കര സമൂഹത്തിൽ ഉണ്ടാക്കിവെച്ച സ്വാധീനം തിരിച്ചറിയുന്നത്.
ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യമെന്ന് പറയാറുണ്ട്. തന്റെ ചുറ്റിലുമുള്ളവർക്ക് നല്ല വാക്കു കൊണ്ടാണെങ്കിലും താങ്ങായി തണലായി നിലകൊള്ളുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത്. ഹകീമിന്റെ ജീവിതവഴികളും അത്തരത്തിലായിരുന്നു.
പ്രവാസ ലോകത്തായിരിക്കുമ്പോഴും നാടിന്റെ സുസ്ഥിരമായ വികസനവും വളർച്ചയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പടിഞ്ഞാറിന്റെ വെളിച്ചം പാരിലാകെ പടർത്താനും യു എ ഇയിൽ കഴിയുന്ന പ്രവാസികളായ നാട്ടുകാരെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിന് വേണ്ടിയും അദ്ദേഹം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു .
മമ്മിഞ്ഞി മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് 1990 ൽ വെസ്റ്റ് ഹൗസ് അങ്കണത്തിൽ ഒത്തുചേർന്നപ്പോൾ രൂപീകരിച്ചതാണ് യുഎഇ കെടിപിജെ. യു എ ഇയിലെ തന്നെ ഏറ്റവും മികച്ച സംഘടനകളിൽ ഒന്നായും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായും 30 വർഷക്കാലമായി കെടിപിജെ പ്രവർത്തിക്കുന്നു. ഇതിന്റെ അമരക്കാരനായി പ്രിയപ്പെട്ട ഹകീം തളങ്കരയും കർമപഥത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ വിയോഗം സംഘടനയ്ക്ക് ഉണ്ടാക്കുന്ന നഷ്‌ടം വളരെ വലുതാണ്.
പ്രാർത്ഥനകളിൽ അദ്ദേഹത്തിന് ഒരിടം അഭ്യർത്ഥിക്കുന്നു.
(യുഎഇ - കെ ടി പി ജെ സെക്രടറിയാണ് ലേഖകൻ)
Keywords: Kerala, Kasaragod, Article, Thalangara, Death, UAE, Abdul Hakeem Thalangara; who spread the light of Padinhar all over.