|
Maval abbas haji |
വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തി കൊണ്ടാണ് മതസൗഹാര്‍ദ്ദ സന്ദേശം പ്രചരിപ്പിക്കേണ്ടതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മൗവ്വല്‍ അബ്ബാസ് ഹാജിയുടെ ഖബറടക്കം വിവിധ ജാതി മത ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. നാനാതുറകളിലുള്ള നേതാക്കള്‍ ഗൃഹസന്ദര്‍ശനവും, അനുസ്മരണ യോഗത്തിലും പങ്കെടുത്തു. വ്യത്യസ്ത മതങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മൗവ്വല്‍, തച്ചങ്കാട് ഭാഗത്തെ നിറ സാന്നദ്ധ്യമായിരുന്നു അബ്ബാസ് ഹാജി. മൗവ്വല്‍ റിഫാ ശിഫിയ ജുമാ അത്തിന്റെ പ്രവര്‍ത്തനത്തിലും, ഉല്‍സവ മാമാങ്കമായിരുന്ന ശ്രീപൂബാണം കുഴി ക്ഷേത്രോല്‍സവ കമ്മിറ്റിയുടെ സ്വീകരണ കമ്മറ്റിയുടെ ചെയര്‍മാനായും, ആഘോഷക്കമ്മിറ്റിയുടെ വൈസ് ചെയര്‍മാനായും അദ്ദേഹം തന്റെ പ്രവര്‍ത്തനം കൊണ്ട് തന്നെ മതസൗഹാര്‍ദ്ധ സന്ദേശം യുവ തലമുറയെ പഠിപ്പിച്ചു. നടക്കാനിരിക്കുന്ന കീക്കാനം ശ്രീ വയനാട്ടു കുലവന്‍ തൈയ്യം കെട്ടു മഹോല്‍സവത്തിന്റെ ബ്രോഷറിലും ഹാജിയുടെ സാമിപ്യം കാണാം. പള്ളികളിലും, അമ്പലങ്ങളിലും ഹിന്ദു മുസ്ലീം മത ഭേതമന്യേ വിവാഹ, മരണാനന്തര ചടങ്ങുകളിലും, മറ്റു വിശേഷാവസരങ്ങളിലും കാര്യങ്ങള്‍ തെറ്റു കൂടാതെ പറഞ്ഞു കൊടുക്കാന്‍ ഹാജി എന്നും മുന്‍ നിരയിലുണ്ടാവും .
അനുസ്മരണ സമ്മേളനത്തില്‍ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അജയന്‍ പനയാല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം നേതാവ് മൗവ്വല്‍ ബഷീര്‍, ഐഎന്‍ എല്‍ നേതാവ് ആമു ഹാജി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിത് മൗവ്വല്‍, സിപിഎം നേതാക്കളായ ഹാരിസ് ബേക്കല്‍,വിവി സുകുമാരന്‍, ബാലന്‍ കുതിരക്കോട് എന്നിവര്‍ സംസാരിച്ചു.
-പ്രതിഭാ രാജന്‍