city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓരോ തവണയും കുടക് എന്നെ വല്ലാതെ കൊതിപ്പിക്കാറുണ്ട്

യാത്രാ വിവരണം /


അനസ് ആലങ്കോള്‍

(www.kasargodvartha.com 11.03.2018) യാത്ര ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന വിജ്ഞാനത്തെക്കാള്‍ എത്രയോ അധികം യാത്രയിലൂടെ ലഭിക്കുന്നു എന്നതാണ് പ്രധാന കാരണം. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ യാത്രകള്‍ സമ്മാനിക്കുന്നു എന്നതാണ് മറ്റൊരു കാരണം. യാത്രകുറിപ്പുകളും യാത്ര മാസികകളും തേടി പിടിച്ച് വായിക്കാറുണ്ടെങ്കിലും സഞ്ചാരത്തോട് എന്നും എനിക്ക് അനിഷ്ടമായിരുന്നു. സഞ്ചാര സാഹിത്യത്തെ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് സഞ്ചാരത്തോട് അനിഷ്ടം തോന്നാനുള്ള കാരണം എന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന 206 അസ്ഥികളില്‍ നിന്നും ഉടലെടുക്കുന്ന ശക്തമായ വേദന സഹിക്കാനുള്ള ത്രാണിയില്ലാത്തതു കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ യാത്ര ഒരു ദിവസത്തെയാണെങ്കിലും രണ്ട് ദിവസം കിടന്ന് ക്ഷീണം തീര്‍ക്കേണ്ട അവസ്ഥ സംജാതമാവാറുണ്ട്.

യാത്രകള്‍ക്ക് അവസരങ്ങള്‍ ഏറെ ഉണ്ടാവാറുണ്ടെങ്കിലും ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറലാണ് പതിവ്. ഓരോ തവണയും ആയിരം കാരണങ്ങള്‍ ഉണ്ടാക്കി പറഞ്ഞ് മുങ്ങുന്ന എന്നെ ഇത്തവണ കുട്ടൂകാര്‍ തോല്‍പ്പിച്ചു കളഞ്ഞു. ഞാന്‍ പറഞ്ഞ സകല കാരണങ്ങളെയും കാറ്റില്‍ പറത്തി കൂടെയുണ്ടാവണമെന്ന് അവര്‍ ശാഠ്യം പിടിച്ചു. ഗത്യന്തരമില്ലാതെ ഞാന്‍ വണ്ടിയില്‍ കയറി. പ്രകൃതിയുടെ വശ്യത ആസ്വദിക്കാന്‍ ഏറെ അവസരമുള്ള കുടകിലേക്കാണ് യാത്ര എന്നത് കൊണ്ട് തന്നെ വേദന സഹിച്ചാണെങ്കിലും യാത്ര ചെയ്യാന്‍ തന്നെ തീരുമാനിച്ചു.

ഓരോ തവണയും കുടക് എന്നെ വല്ലാതെ കൊതിപ്പിക്കാറുണ്ട്

നേരത്തെ തീരുമാനിച്ചത് പോലെ കൃത്യം രണ്ട് മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. വണ്ടിയില്‍ കയറുന്നതിനു മുമ്പ് തന്നെ മനസ്സ് കുടകിലെത്തിയിരുന്നു. അതിര്‍ത്തികള്‍ ഭേദിച്ച് സഞ്ചരിക്കാനുള്ള മനസിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. ഹൈവേയിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. നിരയായി നീങ്ങിയിരുന്ന വണ്ടികളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറി. വായിക്കാന്‍ വേണ്ടി പുസ്തകം കയ്യില്‍ കരുതിയിരുന്നെങ്കിലും പുറം കാഴ്ചകളുടെ സൗന്ദര്യം കാരണം അതെടുത്തതേയില്ല. വണ്ടി വേഗതയില്‍ ഓടുമ്പോഴും മലകളെയും മരങ്ങളെയും ആസ്വദിക്കാന്‍ ആരും മറന്നിരുന്നില്ല.'വെല്‍ക്കം ടു കര്‍ണാടക ' എന്ന ബോര്‍ഡ് കണ്ടതും കൂട്ടത്തിലുണ്ടായിരുന്ന കര്‍ണാടകയിലെ സുഹൃത്തുക്കള്‍ ഉച്ചത്തില്‍ വായിച്ച് കോളിളക്കം സൃഷ്ടിച്ചു. അന്തരീക്ഷത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുമ്പോള്‍ തന്നെ കര്‍ണാടകയിലെത്തിയെന്ന് മനസിലാവുമെന്നും ബോര്‍ഡിന്റെയൊന്നും ആവശ്യമില്ലെന്നും കൂട്ടത്തില്‍ ഒരുത്തന്‍ കമന്റടിച്ചു. കണ്ണില്‍ കണ്ട കന്നട ഭാഷയിലെഴുതിയ ബോര്‍ഡുകളെയെല്ലാം പരിഹസിക്കാനും ആരും മറന്നില്ല. കന്നട ഭാഷയെ പുകഴ്ത്തി കര്‍ണാടകക്കാരും മലയാളത്തെ പുകഴ്ത്തി മലയാളികളും തമ്മില്‍ ഒരു യുദ്ധം തന്നെ നടന്നു. മലമടക്കുകളിലെ വഴിയോരങ്ങളും കാപ്പിതോട്ടങ്ങളും ഏലച്ചെടിയും സുന്ദരമായ കാഴ്ച സമ്മാനിച്ചു. വണ്ടി അതിവേഗതയില്‍ സഞ്ചരിക്കുമ്പോഴും പച്ചപ്പ് നിറഞ്ഞ മലമടക്കുകളെ ആസ്വദിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.

സുള്ള്യയില്‍ നിന്ന് വാങ്ങിയ സ് നിക്കേഴ്‌സിന്റെ കവര്‍ കളയാന്‍ വേണ്ടി കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോഴാണ് ചൂട് സഹിക്കാന്‍ കഴിയാതെ ഓണ്‍ ചെയ്ത എ.സി.യുടെ തണുപ്പിനെ കടത്തിവെട്ടുന്ന കാറ്റ് അടിച്ചു വീശുന്നതായി അറിഞ്ഞത്. കുടകില്‍ എത്തിയതിന്റെ സൂചനയാണത്. നട്ടുച്ച നേരത്ത് അടിച്ച് വീശുന്ന കാറ്റിനു പോലും വല്ലാത്ത കുളിര്‍മയാണ്. അത് തന്നെയാണ് ബാക്കിയുള്ള നാട്ടില്‍ നിന്ന് കുടകിനെ വേര്‍തിരിക്കുന്നതും. എ.സി ഓഫ് ചെയ്ത് എല്ലാവരും പ്രകൃതിയുടെ തണുത്ത കാറ്റ് ആസ്വദിക്കാന്‍ തുടങ്ങി. പ്രകൃതി സമ്മാനിക്കുന്ന സുന്ദരമായ കാറ്റിനെ വെല്ലാന്‍ യന്ത്രത്തിനു സാധിച്ചില്ലെന്നതാണ് സത്യം.
    
കര്‍ണാടകയിലേക്ക് ഇസ്ലാമിക പ്രബോധനവുമായി കടന്ന് വന്ന സൂഫി ശഹീദിന്റെ ദര്‍ഗ സന്ദര്‍ശിക്കാനാണ് ഞങ്ങള്‍ ആദ്യം പോയത്. കേരളത്തില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനത്ത് നിന്നും ഇവിടെ സന്ദര്‍ശിക്കാന്‍ ആളുകള്‍ എത്താറുണ്ട്. മലയാളികളാണ് കൂടുതലും ഇവിടെ സന്ദര്‍ശത്തിനെത്താറുള്ളത്. ഇവിടെത്തെ നാട്ടുകാരുടെ ഭാഷ മലയാളമായത് കൊണ്ടാണത്. മതസൗഹാര്‍ദത്തിന്റെ അനേകം അടയാളങ്ങള്‍ അവിടെ നേരില്‍ കണ്ടു. പള്ളിയിലെ ബാങ്ക് വിളിയെയും അമ്പലത്തിലെ ശംഖ് നാദത്തെയും ചര്‍ച്ചിലെ മണിയടിക്കലിനെയും ഒരേ മനസ്സോടെ കാണുന്ന മനുഷ്യര്‍ അവിടെ ഇപ്പോഴും ജീവിക്കുന്നുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയത് ആത്മീയതയുടെ ഉത്തുംഗതയില്‍ വിരാചിക്കുന്ന സൂഫി ശഹീദിന്റെ ദര്‍ഗ സന്ദര്‍ശിക്കാന്‍ വരുന്ന അന്യ മതസ്ഥരുടെ പ്രവാഹമാണ്. നെറ്റികുറിയിട്ടവരും നിസ്‌ക്കാര തഴമ്പുള്ളവരും അവിടെ തുല്യരാണ്. 

ദര്‍ഗയുടെ ഒരു ഭാഗത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന എന്റെ ശരീരത്തിലേക്ക് ഒരു തണുത്ത കൈ പതിയുന്നത് ഞാനറിഞ്ഞു. കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ഒരു ഹൈന്ദവ വിശ്വാസി മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ സ്വയം പരിചയപ്പെടുത്തി. പേര് കൃഷ്ണന്‍. കുടകിലെ കൊട്ടംപടി സ്വദേശി. സൂഫി ശഹീദിനെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ഇവിടെ എത്തിയതാണ്. പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിച്ച് അദ്ദേഹം മടങ്ങുമ്പോള്‍ രൂപയുടെ നോട്ട് എന്റെ കീശയിലിട്ടിരുന്നു. ആവുന്നത്രെ നിരസിച്ചെങ്കിലും ഇതര സമുദായത്തില്‍ പെട്ട ഒരു വ്യക്തി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നേഹത്തോടെ സമ്മാനിച്ച തുകയെ മതസൗഹാര്‍ദത്തിന്റെ പ്രതീകമായി ജീവിതം മുഴുവന്‍ സൂക്ഷിക്കണമെന്ന് കരുതി ഞാനത് വീണ്ടും കീശയില്‍ തന്നെ നിക്ഷേപിച്ചു. പള്ളികളില്‍ നടക്കുന്ന പരിപാടികളിലും ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികളിലും മതജാതി ഭേദമന്യ സംബന്ധിക്കുന്നതും അവിടത്തെ പതിവ് കാഴ്ചയാണെത്ര. 

ഒരു കാലത്ത് ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കുകയും ഒരേ പായയില്‍ കിടന്നുറങ്ങുകയും ചെയ്തിരുന്ന ഇതര മത വിശ്വാസികളുടെ ഉദാത്ത മാതൃകയായിരുന്ന കാസര്‍കോട്് എന്റെ  മനസ്സിലേക്ക് ഓടി വന്നു. മതസൗഹാര്‍ദത്തെ തല്ലിതകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ചിത്രങ്ങളും മനസ്സില്‍ പതിഞ്ഞു. മതസൗഹാര്‍ദം സ്വജീവിതത്തിലൂടെ കാണിച്ചു തന്ന ആ പുണ്യ പുരുഷന്റെ ചാരത്ത് നിന്ന് ഞാന്‍ നഷ്‌പ്പെട്ട മതസൗഹാര്‍ദം തിരികെ ലഭിക്കാന്‍ പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന കഴിഞ്ഞ്് പുറത്തിറങ്ങിയ ഞങ്ങള്‍ ചരിത്രം ഉറങ്ങുന്ന എരുമാട് മഖാമിന്റെ പരിസരം കാണാന്‍ വേണ്ടി ചെന്നു. പാറയില്‍ പതിഞ്ഞിരിക്കുന്ന പാദങ്ങളുടെ അടയാളങ്ങള്‍ കാണുമ്പോള്‍ മനസ്സ് അനേകം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ശത്രുക്കളുടെ വെടി കൊണ്ട് വീണ സൂഫിയും കയര്‍ പൊട്ടിച്ച് ഓടി വന്ന് മുലയൂട്ടിയ പശുവും വീണ്ടും ഓര്‍മ്മയിലെത്തി. ചരിത്രത്തിന്റെ അടയാളമായി അവശേഷിക്കുന്ന അത്ഭുതമാണത്. വഞ്ചനക്കുള്ള വലിയ താക്കീതാണത്. ഭക്ഷണം പാകം ചെയ്യാന്‍ വേണ്ടി അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ ഒരു വൃദ്ധന്‍ കാണിച്ചു തന്നു. പുഴയോരത്തെ പാറക്കല്ലില്‍ ആ പുണ്യപുരുഷന്‍ ഉപയോഗിച്ച ചട്ടി, അടുപ്പ് എന്നിവ ഇപ്പോഴും കാണാം.

സൂഫി ശഹീദിനെ സഹോദരി ചതിച്ച കഥ ഉമ്മയാണ് എനിക്ക് പറഞ്ഞ് തന്നത്. അവരെ പറ്റിയുള്ള ധാരാളം കഥകളും ഉമ്മ പറയാറുണ്ട്. അത്ഭുതത്തോടെ ഞാന്‍ അത് കേട്ടിരിക്കാറുണ്ട്. വലിയ അത്ഭുതമായി നില കൊള്ളുന്ന സൂഫി ശഹീദിന്റെ കാല്‍പാദവും പശുവിന്റെ കുളമ്പും ഏറെ അത്ഭുതത്തോടെ ഞങ്ങള്‍ നോക്കി നിന്നു. ചരിത്രത്തിന്റെ ധാരാളം അടയാളങ്ങള്‍ കണ്ട് മനം നിറഞ്ഞതിന്റെ നിര്‍വൃതിയില്‍ അവിടെയുണ്ടായിരുന്ന ചെറിയ തട്ടുകടയില്‍ കയറി. വിശപ്പടക്കാനായി തണ്ണി മത്തന്‍ വാങ്ങി കഴിച്ചു. ഒരു കഷ്ണത്തിന് പത്ത് രൂപയാണ് വില. കൂടെയുണ്ടായിരുന്ന പത്ത് പേരും ഓരോ കഷ്ണം വീതമെടുത്തു. കഴിച്ച് കഴിഞ്ഞ് വില ചോദിച്ചപ്പോള്‍ 120 രൂപയായി.
10 കഷ്ണത്തിനെങ്ങനെ 120 രൂപയായി എന്ന് മിഴിച്ചു നില്‍ക്കുമ്പോഴാണ് 20 രൂപ ജി.എസ്.ടി ആണെന്ന് മറുപടി പറഞ്ഞത്. തണ്ണി മത്തനും ജി.എസ്.ടി യോ എന്ന് ചോദിക്കാനൊരുങ്ങുന്നതിനു മുമ്പ് തന്നെ കലഹം ഒഴിവാക്കാന്‍ വേണ്ടി കൂട്ടുകാരന്‍ പൈസ കൊടുത്തിരുന്നു. കൂടെ പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടിലാണ് ഉറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. 

രാത്രി സെറ്റ് ചെയ്ത അലറാം അലമുറയിട്ട് കരയുമ്പോഴും പുതപ്പില്‍ നിന്നും ഉണരാന്‍ ആരും തയ്യാറായിരുന്നില്ല. ശരീരത്തെ വലയം ചെയ്തിരുന്ന തണുപ്പ് തന്നെയാണ് കാരണം. ജാക്കറ്റിനെയും പുതപ്പിനെയും മറികടന്ന് പുതപ്പ് ശരീരത്തിനുള്ളിലേക്ക് കയറി കൂടിയിരുന്നു. അലറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പുതപ്പില്‍ നിന്ന് എണീറ്റ് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനൊരുങ്ങി. പൈപ്പിനടിയിലേക്ക് നീട്ടിയ കൈ ഉടന്‍ തന്നെ പിന്‍വലിഞ്ഞു... മരം കോച്ചുന്ന തണുപ്പ്. കൈ വിരലില്‍ തട്ടിയ വെള്ളത്തിന്റെ തണുപ്പ് തലച്ചോറിലും ഒരു കുളിര്‍മ്മ സമ്മാനിച്ചു. അതോടെ നേത്രത്തെ വിട്ട് പോവാന്‍ തയ്യാറാവാതിരുന്ന ഉറക്കവും എങ്ങോ പോയി മറഞ്ഞിരിക്കുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഹീറ്റര്‍ കണ്ടപ്പോള്‍ ഒരു പെരുന്നാളിന്റെ സന്തോഷം മുഖത്തുണ്ടായി. ചൂട് വെള്ളം കൊണ്ട് ഞാന്‍ മുഖം കഴുകി. ഒരു നാട്ടില്‍ ചൂട് സഹിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ക്ക് മുമ്പ് ടാങ്കില്‍ നിന്ന് തുറന്നിട്ട് തണുക്കാന്‍ വേണ്ടി കാത്തിരിക്കുന്നു. മറ്റൊരു നാട്ടില്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ ചൂട് വെള്ളത്തിനു വേണ്ടി കാത്തിരിക്കുന്നു.

വീടിന്റെ പുറത്ത് മുഴുവന്‍ മഞ്ഞായിരുന്നു. വാതില്‍ തുറന്നെങ്കിലും മഞ്ഞല്ലാതെ ഞങ്ങള്‍ക്കവിടെ കാണാന്‍ സാധിച്ചില്ല. മഞ്ഞിലൂടെ നടക്കാമെന്ന് ഒരു കൂട്ടുകാരന്‍ അഭിപ്രായം പറഞ്ഞു. എല്ലാവര്‍ക്കും സമ്മതം. ആര്‍ക്കും എതിരഭിപ്രായമില്ല. മഞ്ഞിലൂടെയുള്ള നടത്തം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന ചിന്ത എന്നില്‍ ഉടലെടുത്തെങ്കിലും ഇതൊക്കെ വല്ലപ്പോഴും മാത്രം ലഭിക്കുന്ന അവസരങ്ങളായി കണക്കാക്കി ഞാന്‍ മുന്നില്‍ നടന്നു. മഞ്ഞ് മൂടി മുന്നില്‍ ഒന്നും കാണാതെ അന്ധന്മാരെ പോലെ ഞങ്ങള്‍ കീലോമീറ്ററുകളോളം നടന്നു. അറേബ്യന്‍ കാപ്പിയെ കണ്ടപ്പോള്‍ എനിക്ക് പത്താം ക്ലാസിലെ സോഷ്യല്‍ പാഠഭാഗത്തെയും ആഷിക് സാറിനെയും ഓര്‍മ്മ വന്നു. ഇന്ത്യയിലേക്ക് കാപ്പി കൊണ്ടു വന്നതാര് എന്ന ചോദ്യത്തിന് 'ബാബ ബൂദാന' എന്ന് ഉത്തരം പറഞ്ഞതിന് മാഷ് അഭിനന്ദിച്ച കഥ ഒരു നെസ്റ്റാള്‍ജിക് ഫീലിംഗായി മനസ്സിനെ അലട്ടാന്‍ തുടങ്ങി.

വായയില്‍ നിന്ന് പുക പുറത്ത് വരുന്നത് കൊണ്ട് തന്നെ അധികമാരും സംസാരിച്ചില്ല. സുന്ദരമായ കാഴ്ച ആസ്വദിച്ച് ഏറെ നേരം നടന്നു. രണ്ട് മിനിറ്റ് നടക്കുമ്പോള്‍ കാല് വേദനയുണ്ടാവാറുള്ള ഞാന്‍ രണ്ട് കിലോമീറ്റര്‍ നടന്നത് അറിഞ്ഞതേയില്ല. മഞ്ഞിന് പ്രത്യേക സൗന്ദര്യം. വര്‍ണ്ണിക്കാനാവാത്ത സൗന്ദര്യം. മടിക്കേരി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പ്രകൃതി രമണീയവുമായ രാജസീറ്റ് എന്ന പൂന്തോട്ടമുണ്ടാക്കിയ രാജാവിന്റെ 'മടിക്കേരി പാലസ് ' കാണാന്‍ വേണ്ടി രാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു. മടിക്കേരി കോട്ടയുടെ അകത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രാജാവിന്റെ ജീവിത കാല ശേഷം ജില്ലാ അധികാരികളുടെ ഓഫീസാണിത്. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച 110 അടി നീളമുള്ള കെട്ടിടമാണ് അതെന്ന് പാലസിലെ ഒരു ബോര്‍ഡില്‍ നിന്ന് വായിക്കാന്‍ സാധിച്ചു. ബ്രിട്ടീഷുകാര്‍ രണ്ട് തവണ കൊട്ടാരം പുതുക്കി പണിതിട്ടുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഘടി ഗോപുരവും അവരുടെ സംഭാവനയാണ്. രാജ പ്രൗഢി വളര്‍ത്തുന്ന കൊട്ടാരം അനേകം പഴയ കഥകളെ ഓര്‍മ്മിപ്പിച്ചു.

മടിക്കേരിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അബിഫാള്‍സ്. ഇവിടെ സന്ദര്‍ശകരുടെ വന്‍ പ്രവാഹമാണ്. കത്തുന്ന വേനല്‍ ചൂടിലും ഇവിടെ വെള്ളം കുത്തി ചൊരിയുന്നുണ്ട്. ചിലര്‍ അതിനെ ഫോട്ടോയില്‍ പകര്‍ത്തി. കീശയില്‍ നിന്ന് ഫോണെടുക്കാതെ, ഒരൊറ്റ ഫോട്ടോ എടുക്കാതെ ഞാന്‍ വെള്ളച്ചാട്ടത്തെ ദൂരെ നിന്ന് വീക്ഷിച്ചു. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധമത വിശ്വാസികള്‍ താമസിക്കുന്ന  കുശാല്‍ നഗറിലെ 'ബെല്ലുകുപ്പെ' ലക്ഷ്യം വെച്ച് വണ്ടി നീങ്ങി. വഴികാട്ടിയായി ഗൂഗിള്‍ മാപ്പാണുള്ളത്. കുടകിലെ പ്രശസ്തമായ ഗോള്‍ഡന്‍ ടെമ്പിള്‍ കാണലാണ് ലക്ഷ്യം. 1960 ല്‍ ടിബറ്റിന്‍ വിശ്വാസികള്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ടിബന്‍സ്റ്റന്‍സും ചൈനയും തമ്മില്‍ നടന്ന യുദ്ധത്തില്‍ അഭയാര്‍ത്ഥികളായ 16000 ആളുകള്‍ക്ക് ആശ്രയമായ സ്ഥലമാണ് ബെല്ലുകുപ്പെ. സ്വര്‍ണം പൂശിയ മൂന്ന് ബിംബങ്ങള്‍ അവിടെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഗോള്‍ഡണ്‍ ടെമ്പിളെന്ന് പേര് വരാനുള്ള കാരണം. ഗുരു പദ്മ സംഭവ്, ബുദ്ധ ശാക്യമുഹി, അമിതായൂ എന്നിവരുടെ നാമത്തിലുള്ള ബിംബങ്ങളായിരുന്നു അവ. 

ധാരാളം വിദേശികള്‍ ഗോള്‍ഡന്‍ ടെംപിള്‍ കാണാന്‍ വേണ്ടി കുടകില്‍ എത്താറുണ്ട്. ഒരു വിദേശിയുടെ കൂടെ സെല്‍ഫി എടുക്കണമെന്ന അതിയായ ആഗ്രഹം കൊണ്ട് ഒരു വിദേശി സംഘത്തെ പരിചയപ്പെട്ടു. അറിയാവുന്ന ഇംഗ്ലീഷില്‍ അവരോട് ഞാന്‍ സംസാരിച്ചു തുടങ്ങി. 47 വയസ്സായ റെസ്റ്റിയെയാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടത്. പണ്ട് പഠിച്ച ഇംഗ്ലീഷ് വ്യാകരണത്തിന്റെ കൂടെ ഓര്‍മ്മയിലുണ്ടായിരുന്ന ഇംഗ്ലീഷ് വാക്കുകളും ചേര്‍ത്ത് പല്ലിനിടയില്‍ നാവ് ചുരുട്ടി വെച്ച് ഒരു ഇംഗ്ലീഷുകാരനെ പോലെ ഞാന്‍ അയാളോട് സംസാരിച്ചു. തൊട്ടപ്പുറത്ത് അയാളുടെ ഭാര്യ എന്ന് തോന്നിക്കുന്ന സ്ത്രീ ഞങ്ങളെ കൗതുക പൂര്‍വം നോക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണലാണ് ലക്ഷ്യം. ഒരാഴ്ച കേരളം കറങ്ങിയതിന് ശേഷമാണ് കക്ഷി കര്‍ണാടകയിലെത്തിയത്. രണ്ട് മാസം ഇന്ത്യയില്‍ ചെലവഴിക്കാന്‍ കുടുംബത്തോടെ  എത്തിയതാണ് റെസ്റ്റി. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കേണ്ട താമസം അയാള്‍ സമ്മതം മൂളി. ചേര്‍ന്ന് നിന്ന് പോസ് ചെയ്തു. ഒരു ഇംഗ്ലീഷുകാരന്റെ ശുദ്ധ വെളുപ്പും മലയാളിയുടെ ഇളം നിറവും തമ്മിലുള്ള അന്തരം ഫോട്ടോയില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഏറെ നേരം സംസാരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

അല്‍പ്പം മുന്നോട്ട് പോയതും ഒരു വ്യക്തി കാറില്‍ നിന്നിറങ്ങിയതും ഒന്നിച്ചായിരുന്നു. ഞാന്‍ അദേഹത്തെ സൂക്ഷിച്ചു നോക്കി. ബറാക് ഒബാമയുടെ മുഖം പോലെയാണ് അദേഹത്തിന്റെ മുഖം. ആ കറുത്ത കോട്ടും... കറുത്ത സൂട്ടും..... അതെ മൊട്ടതല... ഇത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണോ? ഞാന്‍ സൂക്ഷിച്ചു നോക്കി. അല്ല. ആണെങ്കില്‍ ഇവിടെ എന്ത് കാര്യം. രണ്ടും കല്‍പ്പിച്ച് ഞാന്‍ അദേഹത്തിന്റെ അടുത്ത് ചെന്നു. നേരത്തെ സംസാരിച്ച അതെ ശൈലിയില്‍ ഞാന്‍ വാചാലനായി. എന്റെ ഭാഷ മനസിലാവാതെ ഏറെ നേരം അയാള്‍ എന്നെ നോക്കി.'ഇവന്‍ എന്താണാവോ പറയുന്നത് ' എന്നയാള്‍ പറയാതെ പറയുന്നത് ഞാനറിഞ്ഞു.' എ സെല്‍ഫി വിത്ത് ബറാക് ഒബാമ ' എന്ന ടൈറ്റിലില്‍ ഞാന്‍ ഒബാമയുടെ കൂടെ എടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതും ലൈക്കുകളെ കൊണ്ടും കമന്റുകളെ കൊണ്ടും എന്റെ ഫേസ്ബുക്ക് വീര്‍പ്പ് മുട്ടുന്നതും സ്വപ്നം കണ്ട ഞാന്‍ സകല പ്രതീക്ഷകളും തകര്‍ന്ന് പോയതിന്റെ ദു:ഖത്തോടെ പതുക്കെ നടന്നു. അല്ലെങ്കിലും ഭാഷ അറിയാത്ത അയാളോട് എങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ പറയും? അയാള്‍ ഒബാമയല്ല. ആണെങ്കില്‍ ചുറുക്കോടെ ഇംഗ്ലീഷ് സംസാരിച്ചേനേ. അയാള്‍ ഒബാമയല്ല, ഒബാമയല്ല എന്നുറക്കെ പറഞ്ഞ് മനസിനെ ബോധിപ്പിച്ചു.

പര്‍വത തുല്യമായ എന്റെ പ്രതീക്ഷകള്‍ തകര്‍ന്ന് തരിപ്പണമായതറിയാതെ കൂട്ടുകാര്‍ എന്നെ അനുഗമിച്ചു. സകല ദു:ഖവും കടിച്ചിറക്കി ഞാനവരുടെ കൂടെ നടന്നു. ആകാശം ഇരുണ്ട് തുടങ്ങിയിരുന്നു. ഈ ദിവസം പെട്ടെന്നൊന്നും അവസാനിക്കരുതെന്ന് ഞങ്ങളെല്ലാം പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. മടിയായിരുന്നു ഞങ്ങള്‍ക്ക്. ഓറഞ്ചിന്റെയും കാപ്പിയുടെയും ഗന്ധം അടിച്ചു വീശുന്ന ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റില്‍ നിന്ന് മടങ്ങാന്‍. ഇനിയും വരും. ഇനിയും ഒരുപാട് തവണ. ആയിരം താളുകള്‍ എഴുതി നിറക്കാനുള്ള അനുഭവങ്ങളുമായി ഞങ്ങള്‍ കുടകില്‍ നിന്ന് തിരിച്ച് നാട്ടിലേക്ക് പുറപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Travlling, Visits, Palace, Photo, Snow, Water fall, Cold, A trip to Kodagu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia