city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിശ്രമം ചെയ്യുകിലെന്തിനേയും... മൊഗ്രാല്‍ പുത്തൂരിലെ ഒരു ചെറുപ്പക്കാരന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥ

പ്രവാസി പരിചയം/ സ്‌കാനിയ ബെദിര

(www.kasargodvartha.com 29.04.2016)  പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷ്യനെപ്പാരിലയച്ചതീശന്‍


നമ്മുടെ കുട്ടികള്‍ക്ക് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറാനും, ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ അഭിരുചി  ജനിപ്പിക്കുവാനും പാശ്ചാത്യരുടെ ഫാഷന്‍ ഭ്രമങ്ങളെ അനുകരിക്കുന്നതിന് പകരം അവരില്‍ നിര്‍മാണ മേഖലകളുടെ അനന്തസാധ്യതകള്‍ തുറന്നുകാട്ടാനും, വേണ്ടുന്ന പ്രായോഗിക പരിശീലനം നല്‍കാനും അവരില്‍  തപ്പിത്തടയുന്നവര്‍ക്ക് പരിഹാര നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍വോപരി കുഞ്ഞുമനസ്സുകളില്‍ കിളര്‍ത്തു. നില്‍ക്കുന്ന ആഗ്രഹാഭിലാഷങ്ങള്‍ക്ക് ചിറകുകള്‍ തുന്നിച്ചേര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു മനുഷ്യന്റെ ജൈത്രഗാഥയാണിവിടെ കോറുന്നത്.

ഉപയോഗ ശൂന്യമെന്ന് കരുതി നാം വലിച്ചെറിയുന്ന പാഴ് വസ്തുക്കളില്‍ ഇനിയും നാമറിയാത്ത എത്രയോ സത്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. അതിലിത്തിരി സാങ്കേതിക വിദ്യയും തലച്ചോറുകളിലെ ന്യൂട്രോണുകളും  കടത്തിവിട്ടാല്‍ വരാന്‍ പോകുന്ന വിസ്മയങ്ങളുടെ വാതായനം  തുറക്കപ്പെടുന്നതെങ്ങനെയാണെന്ന് ഇളം മനസ്സുകള്‍ക്ക് കാട്ടിക്കൊടുത്ത കഥ. മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ ഹമീദിന്റെയും പാദൂര്‍ ഖമറുന്നിസയുടെയും മകന്‍ ഇഹ്തിഷാമിന്റെ കഥ. തന്റെ തട്ടകമായ യുഎഇ യില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരെ ഇഹ്തിഷാം ഇന്ന് അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അതിനുള്ള അപ്റ്റു ഡേറ്റ് തെളിവായിരുന്നു 1940 മുതല്‍ ജര്‍മനി യുവ സംരംഭകര്‍ക്ക് നല്‍കി വരുന്ന ഐ എഫ് ഡിസൈന്‍ അവാര്‍ഡ് 2016 ഇഹ്തിഷാമിന്റെയും ടീമിന്റെയും 'ജങ്ക് ബോട്ടി'നെ തേടിയെത്തിയത്.

കുനില്‍ എജുക്കേഷന്‍ ട്രസ്റ്റ് മുട്ടത്ത് നിന്ന് പ്ലസ്ടുവും ബട്കള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും കരസ്ഥമാക്കിയ ഇഹ്തിഷാം നേരെ വെച്ചു പിടിച്ചത് ബംഗളൂരുവിലോട്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ബംഗളൂരു ആസ്ഥാനത്ത് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍. ജി എസ് എല്‍ വി സാറ്റലൈറ്റ് ലോഞ്ചിംഗ്, അഗ്നി മിസൈലുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയൊക്കെ നടക്കുന്ന എയ്‌റോസ്‌പെയ്‌സ് ഡിവിഷനില്‍ ജോലി. സഹവാസം ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം. സുശോഭനമായ ഒരു ഭാവി കെട്ടിപ്പൊക്കാമായിരുന്ന ഇഹ്തിഷാമിന് അതായിരുന്നില്ല നിയതിയുടെ നിയോഗം. ഒമ്പത് മാസം ജോലി ചെയ്തപ്പോള്‍ ഇന്ദ്രിയബാഹ്യമായ ഏതോ ചോദന അദ്ദേഹത്തെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു. കാലത്തിന്റെ ചാക്രിക ചലനം മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നോ എന്തോ...? 'ഐക്കാനിക്കല്‍' എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. ക്രമേണ തന്റെ ചിന്തകളും പ്രവര്‍ത്തന പദ്ധതികളും അതിലോട്ട് പകര്‍ത്തിത്തുടങ്ങി. സാധ്യതകളുടെ ഒരായിരം സമസ്യകളിലേക്ക് പോകൂ എന്ന് മനസ്സാക്ഷിവാവിട്ടു നിലവിളിക്കും പോലെ.

ഇനി ഇഹ്തിഷാം തന്നെ ഉള്ളുതുറന്ന് പറയട്ടെ... ' 'ഐക്കാനിക്കല്‍'... ഒരു പോയിന്റ് ഓഫ് ടൈമില്‍ അത് കമ്പനിയായി കണ്‍വര്‍ട്ട് ചെയ്യണമെന്ന് തോന്നി. സഹായത്തിന് ഒപ്പം പഠിച്ച അബ്ദുസ്സമദ് ആരിക്കാടിയും ഇച്ചാന്റെ സുഹൃത്ത് സിനാനും. ശേഷം പാലക്കാട്ടു നിന്ന് അരുണ്‍ കുമാറും ദുബായിലെത്തിയതിനു ശേഷം ആന്ധ്ര സ്വദേശിയായ രാജീവും ഒപ്പം ചേരുന്നു. ഇവരൊക്കെയാണ് കോര്‍ ടീം. ബംഗളൂരുവില്‍ വിത്തു പാകിയ സംരംഭത്തിന്റെ ചെറിയൊരു ഓഫീസ് കാസര്‍കോട്ടും തുടങ്ങി.

സ്റ്റാഫിന് കൊടുക്കാനുള്ള ശമ്പളം തരപ്പെടുത്താനാണ് ദുബായില്‍ വന്ന് ജോലി ചെയ്ത് തുടങ്ങിയത്. വിസ്ഡം എജു ട്രസ്റ്റിന്റെ റാഫി അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ 'ഐക്കാനിക്കല്‍' എന്ന തന്റെ സ്വപ്‌ന പദ്ധതിക്ക് അല്‍പം സ്ഥലം അനുവദിച്ചു തന്നു. നാട്ടില്‍ നിന്നും സിനാനിനേയും കൊണ്ടുവന്നു. ഒരു കൊല്ലത്തിനകം കമ്പനി സ്വതന്ത്രമായി റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആന്ധ്രക്കാരന്‍ രാജീവായിരുന്നു ജംഗ് ഐറ്റംസില്‍ നിന്നും റൊബോട്ടിക് എന്ന ആശയം കൊണ്ടുവന്നത്.

അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. അങ്ങനെ രാജീവ് പ്രൊഡക്ഷനിലും ഞാന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗിലും ശ്രദ്ധ ചെലുത്തിത്തുടങ്ങി. തലയില്‍ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ചതിന്റെ പ്രതീതിയായിരുന്നു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കലിന്റെ പടി ഇറങ്ങിയപ്പോള്‍. പക്ഷേ അത്യന്തം ശ്രമകരമായ മറ്റൊരു ഭാരം തലയിലേറ്റുകയാണെന്ന് അപ്പോഴോര്‍ത്തിരുന്നില്ല. വല്ലാത്തൊരു മതിഭ്രമം ബാധിച്ചതു പോലെ. എല്ലാം വിസ്മരിച്ച് ലക്ഷ്യ പ്രാപ്തിക്കായി യത്‌നം തുടങ്ങി.

'ഇന്‍വെന്റേഴ്‌സ് ഇന്‍ എവരി ഹോം' എന്ന ക്യാപ്ഷനില്‍ പത്തിരുനൂറ് പേര്‍ക്ക് പ്രസന്റേഷന്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചുതുടങ്ങി. പലരെയും ഇമെയില്‍ മുഖാന്തിരം വിവരങ്ങള്‍ അറിയിച്ചു. ആദ്യം തന്നെ നല്ല സ്വീകാര്യത കിട്ടി. അരാമെക്‌സിന്റെ സ്ഥാപകനടക്കം പ്രതികരിച്ച് തുടങ്ങി. 'ഡി പി വേള്‍ഡ് ദുബായ്' പുതിയ ഇന്‍വെന്റേഴ്‌സിനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ ഇഹ്തിഷാമിനെയും ക്ഷണിച്ചു. പ്രസന്റേഷന് അവസരം കൊടുത്തു. പലരും സാന്നിദ്ധ്യമറിയിച്ച അന്നത്തെ ചടങ്ങില്‍ ഏറ്റവും ഇന്നവേറ്റീവായ സംരംഭം'ഐക്കാനിക്കല്‍' ആയിരുന്നു. മുപ്പതിനായിരം ഡോളറിന് കരാറൊപ്പിട്ട കൂടിക്കാഴ്ചയില്‍ 'ഇന്‍വെന്റേഴ്‌സ് ഇന്‍ എവരി ഹോം' എന്ന ആശയത്തിന് അവിടെവെച്ച് തറക്കല്ലിട്ടു. ആ വിഷന്‍ അച്ചീവ് ചെയ്യാനായിരുന്നു 'ജംഗ് ബോട്ട്' എജ്യു കിറ്റ് നിര്‍മിച്ചത്.

അംഗീകാരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇഹ്തിഷാമിനെയും കൂട്ടുകാരെയും തേടിവരാന്‍ തുടങ്ങി. ഗള്‍ഫ് ന്യൂസ്, അല്‍ ജസീറ തുടങ്ങിയ മാധ്യമ ഭീമന്‍മാര്‍ ഇഹ്തിഷാമിനെ ബൂസ്റ്റ് ചെയ്തു തുടങ്ങി. ചിലി ഗവണ്‍മെന്റ് യാതൊരു വിധ ഇക്വിറ്റിയും എടുക്കാതെ തന്നെ ഗ്രാന്റ് നല്‍കി സഹായിച്ചു. ജര്‍മനിയിലെ 'ഹാര്‍ഡ് വെയര്‍.കോം' ആക്‌സിലറേറ്റര്‍ മായോ എന്ന കമ്പനി ടൈ അപ്പ് ഉണ്ടാക്കാനായി ഇഹ്തിഷാമിനെ ക്ഷണിച്ചു. ഇന്ന് ദുബായി ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി, എനോക്ക് പെട്രോളിയം മിനിസ്ട്രീ ഓഫ് എജുക്കേഷന്‍, ഖത്തര്‍ ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ വന്‍കിട കമ്പനികള്‍ ഇഹ്തിഷാമില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുകയാണ്. പ്രോത്സാഹനങ്ങളുടെ പെരുമഴക്കാലമാണ് ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ നിലയ്ക്കാതെ പെയ്യുന്നത്.

ഓഫീസും സംവിധാനങ്ങളുമില്ലാതെ, കമ്മ്യൂണിക്കേഷന് വേണ്ടി കയ്യിലൊരു മൊബൈല്‍ ഫോണും ഓഫീസായി ഒരു കെട്ട് ഫയലും കയ്യില്‍ തൂക്കി ഇമാറാത്തിന്റെ തെരുവുകള്‍ തോറും അലഞ്ഞു നടന്ന ആ കുട്ടി ഇപ്പോള്‍ നാലാളറിയുന്ന ഒരു വലിയ മനുഷ്യനായി മാറിയതിനു പിന്നില്‍, ശൂന്യതയില്‍ നിന്നും വിഭൂതി എടുക്കുന്ന ജാലവിദ്യകളോ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കോ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് നിശ്ചയ ദാര്‍ഡ്യം മാത്രം. ഹൃദ്യവും എന്നാല്‍ ദുരിത പൂര്‍ണവുമായ ദിനരാത്രങ്ങളില്‍ ആത്മാര്‍ത്ഥതയോടെ നിന്ന ആള്‍ രൂപങ്ങള്‍ക്ക് അദ്ദേഹം നന്ദി പറയുകയാണ്.

വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോഴും അദ്ദേഹം കാസര്‍കോട്ടേയും മറ്റും യുവമനസ്സുകള്‍ക്ക് പകര്‍ന്നു നല്‍കുന്നത് പൗലൊ കൊയ്‌ലൊ പറഞ്ഞ ആ വിശ്വപ്രസിദ്ധ പാഠം തന്നെയാണ്. 'നിങ്ങള്‍ക്കൊരു മഹത്തായ മോഹമുണ്ടെങ്കില്‍, അതിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഈ ലോകം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകും' എന്ന ആ മഹത്തായ പാഠം.

പരിശ്രമം ചെയ്യുകിലെന്തിനേയും... മൊഗ്രാല്‍ പുത്തൂരിലെ ഒരു ചെറുപ്പക്കാരന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥ

Keywords:  Gulf, Mogral puthur, Kasaragod, Article, Business-man, Motivation, Pravasi, Pravasi Pinnitta Vazhikal, Hardwork, Ihthisham, Story, Scaniya Bedira, Youth.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia