city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌നേഹ തണലൊരുക്കിയ നന്മമരം

ഷഫീഖ് നസറുല്ലാഹ് (സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ്, മീഡിയവണ്‍ കാസര്‍കോട്)

(www.kasargodvartha.com 29/07/2018) ചിലര്‍ ഇങ്ങിനെയാണ് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും... വെള്ളിയാഴ്ച രാവിലെ 8.20 കഴിഞ്ഞതേയുള്ളു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെ ഫോണ്‍കോള്‍. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നതായി തോന്നി. ഇങ്ങോട്ടൊന്നും പറഞ്ഞില്ല.. എപ്പോഴായിരുന്നു എന്ന എന്റെ ചോദ്യത്തിന് ഒന്ന് രണ്ട് മിനിറ്റ് മുമ്പ്.. ഫോണ്‍ കട്ട് ചെയ്തു. പെട്ടെന്ന് തന്നെ ഓഫീസില്‍ വിളിച്ച് കാര്യം പറഞ്ഞു. ടിവിയില്‍ ബ്രേക്കിംഗ് തെളിഞ്ഞു. പിന്നെ തുടരെ തുടരെ ഫോണ്‍ കോള്‍... 8.30 മണി മുതല്‍ തുടര്‍ച്ചയായ വാര്‍ത്ത. ഫോണിലൂടെ വാര്‍ത്ത നല്‍കിക്കൊണ്ടാണ് വസ്ത്രം ധരിച്ചത്. പിന്നെ ചെര്‍ക്കളയിലേക്ക് ഒരൊറ്റ ഓട്ടം.

തിരക്കിട്ട് ഓടുന്ന ദിവസങ്ങളില്‍ ഫുഡ് കഴിച്ചിട്ട് പോവാമെന്ന് ഇപ്പോള്‍ ഭാര്യ പറയാറില്ല. അവളും ദൃശ്യമാധ്യമത്തിന്റെ വേഗതയില്‍ ലയിച്ചു ചേര്‍ന്നുകഴിഞ്ഞു. ചെര്‍ക്കളയിലെത്തി കാര്യങ്ങള്‍ തിരക്കി പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് വാര്‍ത്ത പുതുക്കിക്കൊണ്ടേയിരുന്നു. ഇതിനിടെ സമയം പോയത് അറിഞ്ഞിരുന്നേയില്ല. പല മൂലകളിലായി വെച്ചിരുന്ന കുപ്പിവെള്ളം ആശ്വാസമായിരുന്നു. 12 മണിയോടടുത്തപ്പോള്‍ ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാത്തതിന്റെ ചെറിയ പ്രയാസം വയര്‍ ബോധ്യപ്പെടുത്തി തുടങ്ങി. എന്ത് ചെയ്യും, ഇവിടെ നിന്നും മാറിനില്‍ക്കാനാവില്ല. തൊട്ടടുത്തൊന്നും കടപോലുമില്ല. ഗേറ്റ് കടന്ന് റോഡിലൂടെ താഴോട്ട് നോക്കി. കടലുപോലെ ജനങ്ങള്‍ ഒഴുകി വരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നും ഒരു വിളി വന്നത്. ഏഷ്യനെറ്റ് ക്യാമറ മാന്‍ സുനിയുടെ ശബ്ദം. എന്തെങ്കിലും കഴിച്ചിനാ...

സ്‌നേഹ തണലൊരുക്കിയ നന്മമരം

ഇല്ലെന്ന് ഞാന്‍ തായാട്ടി. വേഗം വാ, ഇവിടെ കുറച്ച് ഭക്ഷണം ഉണ്ട്- സുനി വിളിച്ച് പറഞ്ഞു. നേരെ മുമ്പില്‍ ഗേറ്റ് തുറന്നുവെച്ചത് അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. അകത്ത് വാഹനങ്ങളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. മനോഹരമായ മുറ്റം... ഞാന്‍ അകത്തേക്ക് കയറിപ്പോയി... വരാന്തയില്‍ മാധ്യമപ്രവര്‍ത്തകരുടെ ബാഗും മറ്റും കൂട്ടിയിട്ടിരിക്കുന്നു. അവിടെ പലതരത്തിലുള്ള അപ്പങ്ങള്‍, പലതരത്തിലുള്ള കറികള്‍.. നമ്മെ പോലെ തന്നെ. വ്യത്യസ്തമായ ജാതി, മതം, വര്‍ണം, ഭാഷയിലുള്ള ഭാരതീയരെ പോലെ തന്നെ... കടലക്കറി, ഗ്രീന്‍പീസ്, മീന്‍, ചിക്കന്‍... അങ്ങിനെ അങ്ങിനെ. അപ്പങ്ങളും അത് പോലെ വ്യത്യസ്തം. ആ വീട്ടുകാരന്‍ എവിടെനിന്നോ സംഘടിപ്പിച്ച് വന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണം എത്തിച്ചത് പോലെ, എല്ലാവരും ആര്‍ത്തിയോടെ എടുത്തു കഴിച്ചു.

വാര്‍ത്തതേടിയുള്ള ഓട്ടത്തിനിടെ ആരും ഭക്ഷണം കഴിച്ചിരുന്നില്ല. പോലീസുകാരും എത്തി. അവരും, പാവങ്ങള്‍ ഒന്നും കഴിക്കാതെയാണ് രാവിലെ തന്നെ എത്തിയത്. മാധ്യമ പ്രവര്‍ത്തകരും പോലീസുകാരും പിന്നെയുമെത്തിയപ്പോള്‍ വീട്ടുകാരന്‍ അകത്ത് പോയി വീട്ടിലുണ്ടാക്കിയതടക്കം കൊണ്ടുവന്നു കൊടുത്തു... ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിയിരുന്നു...

ചിലര്‍ ഇങ്ങിനെയാണ് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. വാഹനങ്ങള്‍ പോലും അകത്ത് കടക്കാതിരിക്കാനായി പലരും ഗേറ്റ് അടച്ചുപൂട്ടുന്ന കാലത്താണ് ഈ മനുഷ്യന്‍ വ്യത്യസ്തമാകുന്നത്. പുഞ്ചിരിക്കാന്‍ പോലും മടിക്കുന്ന പുതിയ കാലത്താണ് ഇദ്ദേഹം തനിക്ക് മുന്‍പരിചയം പോലുമില്ലാത്ത കുറേ പേരെ കൈചേര്‍ത്തുപിടിച്ചത്. ഖബറടക്കത്തിനായി പള്ളിയിലേക്ക് നടന്നപ്പോള്‍ വീട്ടുകാരന്റെ കൈചേര്‍ത്ത് പിടിച്ച് ഞാന്‍ പുഞ്ചിരിച്ചു. വല്ലാതെ അഭിമാനം തോന്നി ആ മനുഷ്യനെ കുറിച്ച്. അദ്ദേഹത്തിന്റെ പേര് ചോദിച്ചില്ല... കരാണം അദ്ദേഹത്തെ മനുഷ്യനെന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ഇങ്ങിനെയും ചിലര്‍ നമുക്ക് ചുറ്റിലുമുണ്ടെന്നതാണ് നമുക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്...

Keywords:  Article, Cherkalam Abdulla, Death, Food, Love, The man belongs to different character, Shafeeq Nasarullah (Senior Broadcast Journalist), Kasargod, Cherkala, Aditi Dhevo Bhava.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia