city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോംസണ്‍ ജോസ്, കാസര്‍കോടിന് മറക്കാനാവില്ല താങ്കളെ...

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 13/03/2015) 'ദൈവം നല്ലവരെ വേഗം വിളിക്കും'. ഒരു ഗ്രാമശൈലിയാണിത്. അകാലത്തില്‍ പൊലിഞ്ഞു പോകുന്ന വ്യക്തികളെക്കുറിച്ചാണ് ഈ പറച്ചില്‍. ഇത്തരം ആള്‍ക്കാര്‍ സമൂഹത്തിന് നന്മ ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരിക്കും. നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രീഭൂതരുമായിരിക്കും. ഇത് ദൈവ വിധിയാണെന്ന് കരുതി ആളുകള്‍ സമാധാനിക്കുകയും ചെയ്യും.

ദേവന്മാര്‍ക്കുമുണ്ടായിരുന്നു അസൂയ. അതല്ലേ മാവേലി മന്നനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ മഹാവിഷ്ണു വാമനന്റെ വേഷം ധരിച്ച് ഭൂമിയിലിറങ്ങിയത്. രാജഭരണകാലത്ത് അയല്‍ രാജ്യങ്ങള്‍ പരസ്പരം പോരാട്ടത്തില്‍ ഏര്‍പെടാറുണ്ട്. അയല്‍ രാജ്യത്തെ രാജാവ് കൂടുതല്‍ ജനോപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യുന്ന ആളായതിനാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അതിരറ്റ് ആദരിക്കും. അത് കേട്ടറിയുന്ന അയല്‍രാജ്യത്തുള്ള രാജാവിന് കണ്ണുകടി കൂടും. പകതോന്നും അങ്ങിനെ യുദ്ധത്തിന് തയ്യാറാവും.

ജനാധിപത്യ വ്യവസ്ഥയിലും സ്ഥിതി മറിച്ചല്ലായെന്നാണ് അനുഭവങ്ങള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സത്യസന്ധരും, ആത്മാര്‍ത്ഥതയുള്ളവരും ആണെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസമാവും. പരാതികളും പ്രശ്‌നങ്ങളും മുഖം നോക്കാതെ, നീതിയുക്തമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെയാണ് ജനം ഇഷ്ടപ്പെടുന്നത്. അത്തരം ഉദ്യോഗസ്ഥരെ അവരവരുടെ ലാവണങ്ങളില്‍ നിന്ന് തട്ടിത്തെറിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനത്തില്‍ ജനങ്ങള്‍ അതൃപ്തരാവും.

സാധാരണക്കാരായ ജനവിഭാഗം, സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്ന, അവരുടെ നിത്യജീവിതത്തില്‍ ആശ്വാസമേകുന്നതരത്തില്‍ ഇടപെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ നാടിന് ആവശ്യമാണെന്ന് ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ സമ്പന്ന വിഭാഗം അവരുടെ താളത്തിനുതുള്ളാത്ത സര്‍ക്കാര്‍ ജീവനക്കാരനെ വെറുക്കുന്നു. സമ്പന്ന വിഭാഗമാണ് ഭരണക്കാരെ താങ്ങിനിര്‍ത്തുന്നത്. അവരെ ഭരണത്തിലേറാന്‍ സമ്പത്തുകൊണ്ടും, ആള്‍ബലം കൊണ്ടും സഹായിക്കുന്നവരാണ് സമൂഹത്തിലെ സമ്പന്ന വിഭാഗം.

ഇവിടെയാണ്, ജനാധിപത്യ ഭരണമാണെങ്കിലും പണാധിപത്യത്തിന്റെ ദുഷ്ടചെയ്തികള്‍ അരങ്ങേറുന്നത്. സമ്പത്തിന് പുറമേ ജാതിയും, മതവും, രാഷ്ട്രീയവും ഒക്കെ സര്‍ക്കാരുദ്യോഗസ്ഥന്മാരെ നിയമിക്കുന്നതിലും, സ്ഥലം മാറ്റുന്നതിലും, പിരിച്ചുവിടുന്നതിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം അനീതികള്‍ക്കറുതിവരുത്താതെ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള നന്മ നിറഞ്ഞ ഭരണം ഉണ്ടാവാന്‍ സാധ്യത നന്നേ വിരളമായിരിക്കും.

കാസര്‍കോട് ജില്ലയില്‍ ഈയടുത്ത് നടന്ന ഒരു ജില്ലാതല ഉദ്യോഗസ്ഥന്റെ സ്ഥാനചലനമാണ് ഈ കുറിപ്പിനാധാരം. ജില്ലാപോലീസ് സുപ്രണ്ടായിരുന്ന തോംസണ്‍ ജോസിനെ സ്ഥലം മാറ്റിയിരിക്കുന്നു. കുറഞ്ഞകാലം കൊണ്ട് ഇദ്ദേഹം ജനസമ്മതിനേടിയെടുത്ത വ്യക്തിത്വത്തിന്റെ ഉടമയായി മാറി. മണല്‍ മാഫിയയെ തടയിടാന്‍ ശക്തമായി ഇടപെട്ടു. മുഖം നോക്കാതെ നടപടി കൈക്കൊണ്ടു. മണല്‍ പാസ് കൃതൃമമായി നിര്‍മിച്ചുകൊടുക്കുന്നവരെ കണ്ടെത്തി. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു.

മണല്‍ പാസ് കൃത്രിമമായി നിര്‍മിച്ചുകൊടുക്കുന്ന ബുദ്ധി കേന്ദ്രവും പ്രവര്‍ത്തന കേന്ദ്രവും കയ്യാളിയിരുന്നത് പ്രമുഖ ഭരണകക്ഷി രാഷ്ട്രീയ നേതാക്കളായിരുന്നു. അവരുടെ കൈകള്‍ക്ക് വിലങ്ങുവീഴുന്നത് കണ്ടുസഹിക്കാന്‍ ഭരിക്കുന്ന നേതൃത്വത്തിനാവുമോ? ഇതിന് കാരണക്കാരനായ ജില്ലാതല ഉദ്യോഗസ്ഥന്‍ പോലീസ് മേധാവിയായ തോംസണ്‍ ജോസ് തന്നെ. അങ്ങിനെയുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തട്ടിത്തെറിപ്പിക്കാതിരിക്കുന്നതെങ്ങിനെ?

വര്‍ഗീയ സംഘര്‍ഷം തടയിടാന്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു തോംസണ്‍ ജോസ്. ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. കള്ളക്കടത്ത്, കുഴല്‍പ്പണ മാഫിയകളെ തളയ്ക്കാനും കഠിന ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിലൊക്കെ ഒരു പ്രത്യേക വിഭാഗത്തിലെ വ്യക്തികളാണ് അറസ്റ്റിലാവുന്നതും നിയമ നടപടികള്‍ക്ക് വിധേയമാവുന്നതും. അപ്പോഴാണ് ഇടപെടലുകളുണ്ടാവുന്നത്. ഭരണനേതൃത്വം ഇടപെട്ടാലൊന്നും പോലീസ് ചീഫ് മുഖവിലക്കെടുക്കില്ല. നീതി നടപ്പാക്കണമെന്ന വ്യഗ്രതയുള്ള വ്യക്തിത്വത്തിന്റെ ഉടമയായതിനാലാണ് സത്യത്തിന്റെ വഴിയിലൂടെ മാത്രം അദ്ദേഹം യാത്ര ചെയ്തത്. മേലുദ്യോഗസ്ഥരുടെയും, സര്‍ക്കാരിന്റെയും കണ്ണിലെ കരടാവാന്‍ ഇതിനപ്പുറമെന്തു വേണ്ടൂ?

രാഷ്ട്രീയ യജമാനന്‍മാരുടെ ഇടപെടലുകള്‍ എല്ലാകാര്യത്തിലും അദ്ദേഹം തൃണവല്‍ഗണിച്ചു. ഷാഡോ പോലീസ് സംവിധാനം ശക്തമാക്കിയതാണ് അദ്ദേഹം ചെയ്ത സുപ്രധാനമായ വേറൊരുകാര്യം. അതുവഴിയാണ് ജില്ലയില്‍ ഉള്ള ഒരുപാട് കള്ള നാണയങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിഞ്ഞത്. വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണം. വ്യാജമണല്‍ പാസ് നിര്‍മാണം തുടങ്ങിയ നിരവധി വ്യാജന്മാരെ കൈവിലങ്ങ് വെക്കാന്‍ ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് സാധ്യമായത്.

ജനമൈത്രി പോലീസിനെ ശാക്തീകരിച്ചു. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനും, പൊതുജനസേവനം മുഖ്യവിഷയമായി കൈകാര്യം ചെയ്യാനും, ജനമൈത്രിപോലീസ് സംവിധാനം വഴി സാധിച്ചെടുത്തതും ഇദ്ദേഹത്തിന്റെ നേട്ടമാണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനമലങ്കരിക്കുന്ന പോലീസ് ഓഫീസറെ നേരിട്ടുകാണാനും, പരാതിപറയാനും സാധാരണക്കാര്‍ക്ക് സാധ്യമല്ലായിരുന്നു. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ പോലീസ് ഓഫീസിലേക്ക് കടന്നു ചെല്ലാനും തങ്ങളുടെ സങ്കടമുണര്‍ത്തിക്കാനും തോംസണ്‍ജോസ് അവസരം നല്‍കി.
തോംസണ്‍ ജോസ്, കാസര്‍കോടിന് മറക്കാനാവില്ല താങ്കളെ...

ചൈല്‍ഡ് ലൈനിലേക്കുവരുന്ന ഏത് കേസുകളും പരിഹരിക്കപ്പെടാന്‍, പ്രവര്‍ത്തകരെ സഹായിക്കാന്‍ എന്നും സന്നദ്ധനായിരുന്നു അദ്ദേഹം. എല്ലാപൊതുപരിപാടികളിലും സന്നിഹിതനാവാന്‍ സന്മനസ് കാണിച്ചു. അടിയന്തിര പ്രാധാന്യമുള്ള ഔദ്യോഗിക പരിപാടി ഉണ്ടെങ്കില്‍ മാത്രമെ ചടങ്ങുകഴിഞ്ഞ ഉടനെ അദ്ദേഹം ഇറങ്ങൂ. അല്ലാത്ത അവസരങ്ങളിലെല്ലാം ചടങ്ങുകള്‍ അവസാനിച്ചേ യാത്രയാവൂ. എന്തുകൊണ്ടും സര്‍വതലങ്ങളിലുള്ള വ്യക്തികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കാസര്‍കോടിനോട് വിട പറഞ്ഞ പോലീസ് മേധാവി തോംസണ്‍ജോസ്.

അദ്ദേഹം അപ്രിയനായത് കേവലം വിരലിലെണ്ണാവുന്ന ധനാഢ്യര്‍ക്കോ, രാഷ്ട്രീയ രാജക്കന്മാര്‍ക്കോ മാത്രമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജില്ലയില്‍ നടമാടിയിരുന്ന അനീതിക്ക് അറുതിവരുത്താനും, കൊള്ളരുതായ്മകള്‍ അടിച്ചമര്‍ത്താനും, കള്ളക്കളികളും, കള്ളത്തരങ്ങളും വെളിച്ചത്തുകൊണ്ടുവരാനും ധീരോദാത്തം ശ്രമിച്ച തോംസണ്‍ജോസെന്ന പോലീസ് ഓഫീസര്‍ക്ക് സ്‌നേഹോഷ്മളമായ ആശംസകള്‍ നേരുന്നു.

തോംസണ്‍ ജോസ്, കാസര്‍കോടിന് മറക്കാനാവില്ല താങ്കളെ...
Kookkanam Rahman
(Writer)
ജില്ലയില്‍ അദ്ദേഹത്തിനുപകരം നിയമിതനാകുന്ന പോലീസ് മേധാവിയും മുഖം നോക്കാതെ പക്ഷപാതമായ പരിഗണന നല്‍കാതെ കര്‍മനിരതനാവുന്ന വ്യക്തിയാവട്ടെയെന്നും ആശിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kookanam-Rahman, Article, Police, Natives, Clash, SP Thomson Jose, Dr. A Sreenivasa. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia