city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണം ഓര്‍മിപ്പിക്കുന്നത്!

എ ബെണ്ടിച്ചാല്‍

(www.kasargodvartha.com 11.09.2019)
ഓണമായാലും മറ്റേത് ആഘോഷമായാലും അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതൊരു ആഘോഷം തന്നെയായിരുന്നു. കാരണം അന്നത്തെ ദാരിദ്ര്യം തന്നെ.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പുതുവസ്ത്രം ധരിക്കണമെങ്കില്‍, വയര്‍ നിറച്ച് ഭക്ഷണം കഴിക്കണമെങ്കില്‍ ഓണമോ വിഷുവോ പെരുന്നാളോ പോലുള്ള ആഘോഷങ്ങള്‍ വരണമായിരുന്നു. ഇന്ന് സ്ഥിതി ആകെ മാറി. പഴമ മാഞ്ഞു പുതുമ തെളിഞ്ഞു!

ഓണം ഓര്‍മിപ്പിക്കുന്നത്!

എന്റെ ജീവിതത്തില്‍ ആദ്യം പായസം കുടിക്കുന്നത് ഒരോണനാളില്‍. എന്റെ എല്ലാമെല്ലാമായ രാമന്റെ വീട്ടില്‍ നിന്നാണത്. ഞാനും രാമനും ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്നതോ ഒരു പായയില്‍ കിടന്നുറങ്ങുന്നതോ എന്റെ വീട്ടുകാര്‍ക്കും രാമന്റെ വീട്ടുകാര്‍ക്കും പ്രശ്‌നമായിരുന്നില്ല. എന്റെ വീട്ടില്‍ കറിയില്ലെങ്കില്‍ രാമന്റെ വീട്ടില്‍നിന്നും, രാമന്റെ വീട്ടില്‍ കറിയില്ലെങ്കില്‍ എന്റെ വീട്ടില്‍നിന്നും അങ്ങോട്ടും ഇങ്ങോട്ടും വാങ്ങുമായിരുന്നു. ആഘോഷം ഒരു ചരടില്‍ കോര്‍ത്ത പുഷ്പങ്ങളെ പോലെയായിരുന്നു.

ഇന്ന് ദാരിദ്ര്യം ഇല്ലാത്ത കാലം.  വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാര്‍. ഇതിന് പ്രധാന കാരണങ്ങളില്‍ ഒന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം തന്നെയാണ്. അന്ന് ജന്മി കുടിയാന്മാര്‍ തമ്മില്‍ ആഘോഷ നാളുകളിലുള്ള 'കൊടുപ്പ്' ആനച്ചേന കൊടുത്തവന് പൊന്നും പണവും, പൊന്നും പണവും കൊടുത്തവന് ആനച്ചേനയും എന്ന മട്ടിലായിരുന്നു. ശരിക്കും പറഞ്ഞാല്‍ 'അച്ചിത്തോക്ക്' മട്ട്.

ഗള്‍ഫ് പണത്തിന്റെ വരവോടുകൂടി മലയാളികളുടെ സംസ്‌കാരത്തില്‍ ധാരാളിത്തം കടന്നുകൂടി. കൈയില്‍ ഇഷ്ടംപോലെ പണം. മരുഭൂമിയിലെ തീക്കാറ്റില്‍, മരം കോച്ചുന്ന തണുപ്പില്‍ വണ്ടിക്കാളകളെ പോലെ അധ്വാനഭാരം ചുമന്ന് തളരുമ്പോള്‍ ഒരു മരത്തണലിനുവേണ്ടി കരയുന്ന സത്യം മറന്നുകൊണ്ട് പണ്ടത്തെ ഓണാഘോഷത്തെപ്പോലും കവച്ചുവെക്കുന്ന തരത്തിലുള്ള നിത്യാഘോഷങ്ങളിലേക്ക് നാം വഴിമാറി.
കൈ നനയാതെ മത്സ്യം പിടിക്കുന്നതാണ് നമ്മുടെ പുതിയ സ്വഭാവം. അന്യസംസ്ഥാന തൊാഴിലാളികള്‍ക്ക് കേരളം ഒരു ഗള്‍ഫായിത്തീര്‍ന്നിരിക്കുകയാണ്.

'ഒന്നെടുത്താല്‍ ഒന്നു ഫ്രീ', പത്തായം കാലിയാകുന്നത് അറിയാത്ത നവകേരളീയര്‍, പരസ്യങ്ങളുടെ മേളങ്ങള്‍, വിപണനമേളകള്‍ ഇങ്ങനെയൊക്കെയാണ് നാമിന്ന് ഓണം ആഘോഷിക്കുന്നത്. ആര്‍ഭാടങ്ങളുടെ ആഘോഷം മാത്രമായി ഓണത്തെ നാം ഒതുക്കിക്കഴിഞ്ഞിരിക്കുന്നു. പഴയ തലമുറകള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്നതാണ് ഇത്തരം പുതുമകള്‍. എങ്കിലും ഓണത്തെ സ്വാഗതം ചെയ്യാതെ തരമില്ല.

ഓര്‍മകളില്‍നിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയ സംസ്‌കാരത്തിന്റെ വസന്ത പ്രതീക്ഷയാണ്. നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതിക തലത്തില്‍ മാത്രമല്ല. മനസ്സില്‍ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയില്‍ കാണാനാഗ്രഹിക്കുന്നത്. ഓണവും ബക്രീദും ക്രിസ്തുമസും ഒരേ മുറിയില്‍ വിരുന്നു വരുന്ന അതിഥികളാണ്.

ഇന്നത്തെ ആഘോഷങ്ങളും വീട് നിര്‍മാണവും കല്യാണങ്ങളും ഒരുതരം മത്സരങ്ങളാണ്. നല്ല കാലം മാവേലി തമ്പുരാന്‍ വാണ കാലം തന്നെയാണ്. കേരളത്തിലെത്തുന്ന മാവേലി ആരുടെ പൂക്കളത്തിനായിരിക്കും കൂടുതല്‍ മാര്‍ക്ക് നല്‍കുക. കണ്ടറിയുക തന്നെ വേണം!

മാവേലി നാട് വാണിടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ

സത്യമാണ്, ഇന്ന് ഇവിടെ മാനുഷരെല്ലാരും ഒന്നുപോലെത്തന്നെ! ധൂര്‍ത്തിന്റെ കാര്യത്തിലാണെന്ന് മാത്രം.
ചുവന്ന തെരുവിലെ വേശ്യകളെ പോലെയാണ് ഇന്നത്തെ മാര്‍ക്കറ്റ് ഉല്‍പന്നങ്ങള്‍. അതില്‍ അകപ്പെടുന്ന നമ്മള്‍ക്ക് എപ്പോഴാണ് എയിഡ്‌സ് രോഗം പിടികൂടുക എന്ന് കണ്ടറിയുക തന്നെ വേണം.

പോയ വര്‍ഷങ്ങളില്‍ മാമലനാടിന്റെ ക്ഷേമ ഐശ്വര്യങ്ങള്‍ കാണാനെത്തുന്ന മാവേലി തമ്പുരാനെ വരവേല്‍ക്കുന്നത് പൂക്കളങ്ങളല്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ? കേരളീയരുടെ ഓണാഘോഷത്തെ പ്രളയമെന്ന പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നത് പോലെയാണല്ലൊ റാഞ്ചിക്കളഞ്ഞത്.

നന്മയുടെ പ്രതീകമായ മാവേലി തമ്പുരാനെ, അങ്ങയുടെ ദാനശീലം കണ്ട് അസൂയാലുക്കളായ ദേവന്മാരുടെ പരാതി കേട്ട് വാമന രൂപത്തില്‍ ഭൂമിയിലെത്തിയ മഹാവിഷ്ണുവിനോട് വാക്ക് പാലിക്കാന്‍ വേണ്ടി, ശിരസ്സ് കുനിച്ച് വാഗ്ദാനം നിറവേറ്റാന്‍ പാതാളത്തിലെത്തപ്പെട്ട അങ്ങയെ വരവേല്‍ക്കാന്‍, അനുഗ്രഹം വാങ്ങാന്‍ ഞങ്ങളീ ദുരവസ്ഥയിലും കാത്തിരിക്കുന്നു.

Keywords:  A Bendichal About Old Onam, Article, Onam-celebration, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia