city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനസ്സിലിന്നും ആ ദുരന്ത ദിനത്തിന്റെ അഗ്‌നി താണ്ഡവം

മുനീര്‍ പി ചെര്‍ക്കളം

(www.kasargodvartha.com 22/05/2015)  എന്റെ രണ്ടാമത്തെ മകള്‍ മുഹ്മിനയ്ക്കിന്ന് അഞ്ച് വയസ്സ് തികയുന്നു. അഞ്ച് വര്‍ഷം മുമ്പത്തെ മെയ് ഇരുപത്തി ഒന്നിനാണ് മുഹ്മിനയെ പ്രസവിക്കാനൊരുങ്ങി നില്‍ക്കുന്ന പ്രിയപ്പെട്ട ഭാര്യയുടെ അടുത്തെത്തുവാന്‍ ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സില്‍ നാട്ടിലേക്ക് തിരിച്ചത്. അടുത്ത ബന്ധുവിന്റെ കല്ല്യാണം കൂടാനായി എളാപ്പയുടെ മകനും കൂടി ഒന്നിച്ച് വരുന്നതറിഞ്ഞാവണം അമ്മാവന്റെ മകന്‍ ശരീഫ് എവറസ്റ്റ് പിറ്റേന്ന് പുലര്‍ച്ചെയുള്ള മംഗലാപുരം ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്ത് ഞങ്ങളോടൊപ്പം കൂടിയത്.

കരിപ്പൂരില്‍ വിമാനമിറങ്ങി വണ്ടിയും പിടിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തി കിടന്നിട്ട് ഇത്തിരി മയങ്ങിയതേയുള്ളൂ തുരുതുരാ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് ഉണര്‍ന്നതും അങ്ങേ തലയ്ക്കല്‍ ആശങ്ക നിറഞ്ഞ ചോദ്യങ്ങളുമായി ഒരു പാട് കോളുകള്‍. മംഗളൂരുവില്‍ വിമാനം അപകടത്തില്‍ പെട്ടെന്നറിഞ്ഞ് ഞങ്ങള്‍ ആ വിമാനത്തില്‍ പെട്ടിട്ടുണ്ടെന്ന തോന്നലില്‍ ആകെ വെപ്രാളത്തിലായിരുന്നു കോളുകളത്രയും (ശരീഫ് അപകടത്തില്‍ പെട്ട വിമാനത്തില്‍ വരാനിരുന്നതും ഒന്നിച്ചാണ് ഞങ്ങള്‍ വന്നതും എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ വെപ്രാളത്തിന് സാധുതയുമുണ്ട്). സുരക്ഷിതരായി ഞങ്ങള്‍ വീട്ടിലുണ്ടെന്ന് അറിയിക്കോമ്പോഴും പക്ഷെ മംഗളൂരുവില്‍ ഒരു വന്‍ ദുരന്തം പറന്നിറങ്ങിയത് അറിഞ്ഞിരുന്നില്ല.

ആശങ്കകള്‍ നിറഞ്ഞ ഫോണ്‍ കോളുകളാണ് എ. അബ്ദുര്‍ റഹിമാനെന്ന കാസര്‍കോടന്‍ നാടീമിടിപ്പറിയുന്ന അദ്രാന്‍ച്ച വിളിച്ച് കാര്യങ്ങളറിയാനെന്നെ പ്രേരിപ്പിച്ചത്. ദുബൈയില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടതെന്നും പ്രമുഖരടക്കം ആ വിമാനത്തിലുണ്ടായിരുന്നതായി സംശയിക്കുന്നതായും മംഗളൂരുവിലേക്കുള്ള യാത്രാ വഴിയിലാണ് താനുള്ളതെന്നും ചെര്‍ക്കളം അബ്ദുല്ല സാഹിബടക്കമുള്ളവര്‍ പിന്നാലെ വരുന്നുണ്ടെന്നുമറിയിച്ച് അദ്രാന്‍ച്ച ഫോണ്‍ കട്ട് ചെയ്തു..

യാഥാര്‍ത്യവുമായി പൊരുത്തപ്പെടാനാവാത്തത് പോലെ, സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലെത്തിയപ്പോള്‍ വല്ലാത്തൊരു നടുക്കം. ആരൊക്കെയാവും, ആശങ്കയകലുന്നില്ല. ചെര്‍ക്കളം സാഹിബിന് വിളിച്ചു, മൂസാ ബി ചെര്‍ക്കളമാണ് ഫോണെടുത്തത് മംഗലാപുരത്തേക്ക് പുറപ്പെട്ടെന്നും ഇന്ദിരാ നഗറില്‍ നില്‍ക്കാമെങ്കില്‍ ഒരു സീറ്റ് ഒഴീവുണ്ടെന്നും പറഞ്ഞെങ്കിലും പെട്ടെന്നൊരുങ്ങി പോവാനായില്ല.

പിന്നേയും കോളുകള്‍... ദുബൈയിലും വാര്‍ത്ത എത്തിയിരിക്കുന്നു നേരം പുലരുന്നതിന് മുമ്പേ ദുരന്ത വാര്‍ത്തയില്‍ നടുങ്ങിയെണീറ്റിരിക്കുന്നു പ്രവാസി മലയാളികള്‍. യൂത്ത് ലീഗ് നേതാവും സുഹൃത്തുമായ അബ്ദുല്ലക്കുഞ്ഞി വിളിച്ച് കാര്യം പറയുമ്പോള്‍ വണ്ടിയുമായി ചെര്‍ക്കള ടൗണില്‍ എത്താനും അപകട സ്ഥലത്തേക്ക് എത്രയും പെട്ടെന്ന് പുറപ്പടാം എന്നും പറഞ്ഞു. വഴിയോരങ്ങളിലൊക്കെയും വിറങ്ങലിച്ച് നിന്ന് ചര്‍ച്ച ചെയ്യുന്ന ആളുകള്‍. വാഹനങ്ങള്‍ അതി വേഗം ദുരന്ത സ്ഥലത്തെത്തുവാനുള്ള വ്യഗ്രത. കൊടി വെച്ച കാറുകളില്‍ അധികാരികളുടെ നിരനിരയായുള്ള വേഗം കൂട്ടിയുള്ള പാച്ചിലും ഹോണടികളും. മംഗളൂരു എയര്‍പോര്‍ട്ട് റോഡിലെത്തുമ്പോഴേക്കും ഒരടി മുന്നോട്ട് പോവാനാവാത്ത അവസ്ഥ. പറന്നിറങ്ങിയ ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ അസ്വസ്തരായ ജനങ്ങളുടെ ഒഴുക്കു മാത്രം മതിയായിരുന്നു.

വണ്ടി എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് കാല്‍ നടയായി യാത്ര തുടരുക തന്നെ. മുമ്പേ വന്ന നേതാക്കളടക്കമുള്ളവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും നടുക്കമുളവാക്കുന്ന തരത്തിലാണ് മരണ സംഖ്യ എന്നും മൂസാ ബി ചെര്‍ക്കളം അറിയിച്ചിരുന്നു. പറ്റുമെങ്കില്‍ യാത്രക്കാരുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദുരന്ത സ്ഥലത്തിന്റെ ഏകദേശം അടുത്തെത്തുമ്പോള്‍ തന്നെ പച്ച മാംസം കരിഞ്ഞ മണം. ദൂരെ തെങ്ങോലകള്‍ പോലും കരിഞ്ഞുണങ്ങിയ ദയനീയ കാഴ്ച. ദീനരോദനങ്ങള്‍, അടക്കിപ്പിടിച്ച കരച്ചിലുകള്‍ക്ക് പിന്നാലെ കൂട്ട നിലവിളികള്‍. പ്രിയപ്പെട്ടവരെ കൂട്ടാനെത്തി അവരുടെ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഹതഭാഗ്യര്‍.

തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് സഹായങ്ങളുമായി എത്താന്‍ നിര്‍ദ്ദേശം വന്നു. ആരൊക്കെ ഉള്‍പെട്ടിട്ടുണ്ടെന്ന് അറിയാനുള്ള ശ്രമം. യാത്രക്കാരുടെ ലിസ്റ്റിന് ശ്രമിക്കാമോ എന്ന് ആരാഞ്ഞു കൊണ്ട് കെഎംസിസി നേതാവ് സലാം കന്യപ്പാടിക്ക് വിളിച്ചപ്പോള്‍ എയര്‍ ഇന്ത്യയുടെ സൈറ്റില്‍ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയെന്നും ഫാക്‌സ് വഴി അയച്ച് തരാമെന്നും പറഞ്ഞു.

ആശുപത്രികളിലേക്ക് കരിഞ്ഞുണങ്ങിയ മനുഷ്യരെ എത്തിച്ച് കൊണ്ടിരുന്നു. ഹൃദയഭേദകമായ കാഴ്ചകള്‍. കൂട്ടത്തില്‍ ഒരിത്തിരി മുഖ ഭാഗം മാത്രം കരുവാളിച്ച ഒരു കുഞ്ഞു മോളുടെ ചലനമറ്റ ശരീരം. ആശുപത്രിയിലെത്തുമ്പോള്‍ ജീവന്റെ തുടിപ്പുണ്ടായിരുന്നുവത്രെ.. ആശുപത്രി രജിസ്റ്ററില്‍ സ്വന്തക്കാരുടെ പേരുകളുണ്ടോ എന്നറിയാനുള്ള പരക്കം പാച്ചില്‍.

മൃതദേഹങ്ങള്‍ കൂട്ടിക്കിടത്തിയിരുന്ന വെന്‍ലോക് ഹോസ്പിറ്റല്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പ്രത്യേകം ഒരുക്കിയ ഷെഡ്ഡില്‍ മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമം. തിരിച്ചറിഞ്ഞ് കഴിയുമ്പോഴുള്ള രോദനങ്ങള്‍, നിലവിളികള്‍. വെന്ത മനുഷ്യ മാംസ ഗന്ധം അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിന് എത്തി മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലും മുഴുകിയിരിക്കുന്ന നേതാക്കളടക്കമുള്ളവര്‍.

ദാഹവും വിശപ്പും മറന്നുള്ള പരക്കം പാച്ചിലിനൊടുവില്‍ നാട്ടില്‍ നിന്നെത്തിയ പൊതു പ്രവര്‍ത്തകര്‍! മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കുമ്പോഴും ഇനിയും തിരിച്ചറിയാനാവാത്തവരുടെ ബന്ധുക്കളടൊപ്പം നിസ്സഹായരാകേണ്ടി വന്ന രംഗം.. ഇങ്ങനെ കരിക്കട്ടയാവാന്‍ തന്റെ അനുജന്‍ എന്ത് പാപമാണ് നാഥാ എന്ന് പറഞ്ഞ് കരയുന്ന ഏട്ടന്‍ തന്റെ കല്ല്യാണം കൂടാനെത്തിയ അനിയനെ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയതാണ് ആ ജ്യേഷ്ഠന്‍. തിരിച്ച് നാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ക്കോപ്പം കൂട്ടി ആ ഹതഭാഗ്യവാനായ ജ്യേഷ്ടനെ.. ഇനിയും തിരിച്ചറിയാതെ  കിടക്കുന്ന കരിഞ്ഞ മനുഷ്യ ശരീരത്തില്‍ തന്റെ അനിയനുണ്ടോ എന്നറിയാന്‍ ബന്ധുക്കളെ ഏല്‍പിച്ചാണ് തളര്‍ന്ന് അവശനായ അവന്‍ ഞങ്ങളുടെകൂടെ കൂടിയത്.

തിരിച്ചുള്ള യാത്രയ്ക്കിടയില്‍ അനിയന്റെ ഫോണ്‍ കോള്‍. അമ്മായിക്ക് സുഖമില്ലാത്രെ രാവിലെ പോരാനൊരുങ്ങുമ്പോള്‍ അവള്‍ പറഞ്ഞതോര്‍ത്തു പോയി ഇങ്ങിനെ ഇവിടെ ഞാനുള്ളത് മറക്കരുത് എന്ന്. പ്രസവത്തിനായി ഭാര്യയെ ആശുപത്രിയി കൊണ്ട് പോവുകയാണെന്നു പറയാന്‍ ഉപ്പ പറഞ്ഞു എന്ന് കൂടി പറഞ്ഞു. അനിയന്റെ കോള്‍ കട്ട്... മാക്‌സിമം സ്പീഡില്‍ കാസര്‍കോട്ടെത്തുന്നതിനും മുമ്പേ വീണ്ടും അനിയന്‍ വിളിച്ചു. പെണ്‍കുഞ്ഞ്.

ദുഃഖം ഘനീഭവിച്ച് നില്‍ക്കുന്ന വീട്ടിലേക്ക് ആ ജ്യേഷ്ടനെ ഇറക്കി ആശുപത്രിയിലെത്തി പൊന്നു മോളുവിനെ കാണുമ്പോഴേക്കും ഭാര്യാ മാതാവ് പെറ്റോള്‍ക്കൂള്ള വിശപ്പിനെക്കുറിച്ചും ഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞതിന്‍ പ്രകാരം ഹോട്ടലിലെത്തയതാണ്. മേലെ ചാക്കു നൂലില്‍ സായാഹ്ന പത്രം തൂങ്ങിയാടുന്നു. അതില്‍ വിമാന ദുരന്തത്തിന്റെ കടുപ്പന്‍ വാര്‍ത്ത. അതിനടിയില്‍ പെട്ടിക്കോളത്തില്‍ ഒരു വാര്‍ത്ത മരിച്ചവരില്‍ ബേനൂര്‍ സ്വദേശിയും... പത്രത്തിന്റെ രണ്ടാം എഡിഷനില്‍ അവന്റെ സ്വതവേ പുഞ്ചിരിക്കുന്ന മുഖവും തൂങ്ങിയാടുന്നു... താഴെ നിന്നും മേല്‍പോട്ട് തളര്‍ന്ന് പോയത് പോലെ... വര്‍ഷങ്ങളോളം ഒന്നിച്ച് താമസിച്ച് ഒന്നിച്ച് ഭക്ഷിച്ച് കൂടിയ പ്രിയ സുഹൃത്ത് അന്‍വര്‍... അവനും മരണപ്പെട്ടുവേന്നോ... പിറ്റേന്ന് നടക്കേണ്ടിയിരുന്ന കൊച്ചു പെങ്ങളുടെ കല്ല്യാണം കൂടാന്‍ പറന്നിങ്ങിയതാണത്രെ അവന്‍.

ശോക മൂകമായിരുന്നു അന്നത്തെ കാസര്‍കോടന്‍ സന്ധ്യ. ദുഃഖം ഘനീഭവിച്ചു നിന്നു ഏതാണ്ടെല്ലായിടത്തും. മൃതദേഹങ്ങള്‍ എത്തുന്ന മുറക്ക് സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍. ഒരിടത്ത് കഴിയുമ്പോള്‍ മറ്റൊരിടത്തെ വിളി എത്തിക്കൊണ്ടിരുന്നു. സ്വപ്നങ്ങളും ഭാണ്ഡവും പേറി അങ്ങകലേക്ക് പറന്ന് പലതും സ്വരൂക്കൂട്ടി സ്വന്തക്കാര്‍ക്കായി കരുതി വെച്ച് പാതി വഴിയില്‍ വെന്ത് മരിച്ചവര്‍. അതില്‍ പ്രശസ്തരായവരും, അനേകം പേരുടെ പ്രതീക്ഷളായിരുന്ന പ്രിയപ്പെട്ട തളങ്കര ഇബ്രാഹിം ഖലീല്‍ച്ച അടക്കമുള്ളവര്‍.

കല്യാണം കൂടാനെത്തി കല്ല്യാണപ്പന്തലില്‍ കരിഞ്ഞ ദേഹമായി ആരൊക്കെയോ എടുത്തു കൊണ്ട് വന്നു വെക്കപ്പെട്ട പത്തോളം വീടുകള്‍.. പന്തലില്‍ നിന്ന് പള്ളിക്കാട്ടിലേക്ക് അന്ത്യ യാത്ര തിരിക്കുമ്പോള്‍ പലയിടത്തും നേരിയ ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രകൃതി പോലും കരയുന്നത് പോലെ... കാനറി! പോലെ പറന്നുയര്‍ന്ന് പോയവര്‍ കരിഞ്ഞ മാംസമായി പറന്നിറങ്ങി... ദുരന്തമേറ്റ് വാങ്ങി മൃത്യുവില്‍ ലയിച്ച പ്രിയ സഹോദരങ്ങള്‍ക്ക് ലോക ജയന്നിയന്താവ് പരലോക മോക്ഷം നല്‍കി അനുഗ്രഹിക്കട്ടെ...

മുനീര്‍ പി ചെര്‍ക്കളം
ട്രഷറര്‍ ദുബൈ കെ എം സി സി
കാസര്‍കോട് ജില്ലാ കമ്മിറ്റി
മനസ്സിലിന്നും ആ ദുരന്ത ദിനത്തിന്റെ അഗ്‌നി താണ്ഡവം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia