city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ലക്ക് 33 തികയുന്നു; ഓര്‍മകള്‍, ഓര്‍മപ്പെടുത്തലുകള്‍

അസ്ലം മാവില

(www.kasargodvartha.com 24.05.2017) രാവിലെ വെറുതെ കാസര്‍കോട് മുന്‍സിപ്പല്‍ ലൈബ്രറിയില്‍ പോയി. വാതില്‍ പടിയില്‍ ഒരു നായ കുറുകെ കിടന്നിട്ടുണ്ട്. ഞാനതിനൊരു പരീക്ഷണ ജീവിയാകരുതെന്ന് കരുതി ഇരു മതിലുകളും വെറുതെ നോക്കിയതായിരുന്നു. ആ കെട്ടിടത്തിന്റെ ശിലാഫലകവും, ഉദ്ഘാടന ഫലകവും ശ്രദ്ധയില്‍ പെട്ടു. 1983 മെയ് 22. പഞ്ചായത്ത് മന്ത്രി സുന്ദരമാണ് തറക്കല്ലിട്ടത്. കൃത്യം മൂന്ന് കൊല്ലം കഴിഞ്ഞ് 1986 മെയ് 23 ന് അതിന്റെ ഉദ്ഘാടനവും. ഞാന്‍ ഉദ്ദേശിച്ച വ്യക്തിയുടെ പേരും ഉദ്ഘാടന ഫലകത്തില്‍ കണ്ടു, ആദ്യ കാസര്‍കോട് കലക്ടര്‍, കെ നാരായണന്‍.

കാസര്‍കോട് ജില്ലക്ക് 33 തികയുന്നു; ഓര്‍മകള്‍, ഓര്‍മപ്പെടുത്തലുകള്‍

1984 ലെ മെയ് മാസത്തില്‍, 24നാണല്ലോ കാസര്‍കോട് ജില്ലയാകുന്നത്. അന്ന് ഞാന്‍ ഒമ്പതാം ക്ലാസ് കഴിഞ്ഞതേയുള്ളൂ. കോണ്‍ട്രാക്‌റും ബന്ധുവും അതിലുപരി പട്‌ലയുടെ സമാധാനപ്രിയനുമായ എം എ മൊയ്തീന്‍ കുഞ്ഞി സാഹിബിന് അന്ന് ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ എന്തോ ചില ഉത്തരവാദിത്വങ്ങളുണ്ട്. സുഹൃത്ത് എം എ മജീദ് നേരത്തെ കാസര്‍കോട്ടെത്തിയിട്ടുണ്ട്. ഞങ്ങള്‍ കുറച്ച് കുട്ടികള്‍ ഉദ്ഘാടന ചടങ്ങ് കാണാന്‍ പാകത്തിനാണ് എത്തിയത്. മുഖ്യമന്ത്രി കെ കരുണാകരന്‍, വ്യവസായ മന്ത്രി ഇ അഹ് മദ് മുതലങ്ങോട്ടുള്ളവര്‍ വേദിയില്‍. കാസര്‍കോട് എം എല്‍ എ സി ടി, മഞ്ചശ്വരം എം എല്‍ എ ഡോ. സുബ്ബറാവു, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എസ് സുലൈമാന്‍ ഹാജി... ഇവരൊക്കെയാണ് അന്നാ വേദിയില്‍ കണ്ട ഓര്‍മ. സദസിലെ കസേരമൊത്തം പ്രായമുള്ളവര്‍ കയ്യടക്കിയത് കൊണ്ട് ഞങ്ങള്‍, കുട്ടികള്‍, മുന്നില്‍ നിലത്ത് വിരിച്ച ടാര്‍പായയിലാണ് ഇരുന്ന് പരിപാടി വീക്ഷിച്ചത്.

കാസര്‍കോട് കര്‍ണാട സമിതിക്ക് (KKS) മാത്രമായിരുന്നു കാസര്‍കോട് ജില്ലയാകുന്നതിനോട് വലിയ എതിര്‍പ്പ്. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. പക്ഷെ, കെ കെ എസ് നേതാവ് കനിക്കുല്ലായ അന്ന് പറഞ്ഞത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു 'കാസര്‍കോടിനെ കേരളം സ്മഗ്‌ളേര്‍സിന് വിറ്റെന്ന്'. അതിന് മറുപടി നല്‍കിയത് മന്ത്രി ഇ അഹ് മദും സി പി ഐ നേതാവായ സുബ്ബറാവുവുമായിരുന്നു.

കാസര്‍കോടിനെ കേരളത്തിന്റെ ഭാഗമാക്കാന്‍ മാതൃഭൂമി പത്രാധിപര്‍ കെ പി കേശവമേനോന്‍ നടത്തിയ ശ്രമം പോലെ ശ്രദ്ധേയമായിരുന്നു ഉത്തരദേശത്തിന്റെ കെ എം അഹ് മദിനെ പോലെയുള്ളവരുടെ കാസര്‍കോട് ജില്ലക്ക് വേണ്ടിയുള്ള തൂലിക കൊണ്ടുള്ള ശ്രമങ്ങളും. ഉത്തരകേരളത്തിലെ അവസാന പ്രദേശമായ കാസര്‍കോട് വികസനമെത്തുന്നില്ല എന്നത് മാത്രമായിരുന്നില്ല, മറ്റു ചില സാഹചര്യങ്ങളും ജില്ലാ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. (ദൈര്‍ഘ്യം ഭയന്ന് ഇവിടെ എഴുതുന്നില്ല).

വികസനമെന്നത് തുടര്‍പ്രകിയയാണല്ലോ. ജില്ലയില്‍ വികസനം തീരെ ഉണ്ടായിട്ടില്ലെന്ന് പറയുന്നതും ശരിയല്ല. ചിലതൊക്കെ 33 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴുമനങ്ങാപ്പാറയിലും ചെമന്ന നാടയിലും കുരുങ്ങിയിട്ടാണുള്ളത്. മെഡിക്കല്‍ കോളജ്, ലോ കോളജ് ഇതൊന്നും സര്‍ക്കാരിന്റേതായി ജില്ലയില്‍ ഇല്ലെന്ന് പറയുന്നത് തന്നെ നാണക്കേടല്ലേ ? രാജധാനിയുടെ ചങ്ങല വലിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. വെള്ളരിക്കുണ്ടും മഞ്ചേശ്വരവും താലൂക്കുകളാണെന്ന് ഇന്നാണ് വായിച്ചത്! അതിന് മാത്രം അവിടങ്ങളില്‍ എന്തെങ്കിലും ഉണ്ടായാലല്ലേ മനസ്സില്‍ തങ്ങിനില്‍ക്കുക!

ഇന്നൊരു ആഘോഷത്തിന്റെ സൂചന കാസര്‍കോട് ടൗണില്‍ പോലും കണ്ടില്ല, ചില മാധ്യമങ്ങളില്‍ ലേഖകരുടെ പരാതികളല്ലാതെ. പ്രഭാകരന്‍ കമ്മീഷന്‍ പാക്കേജ് തന്നെ നേരെ ചൊവ്വെ പ്രാവര്‍ത്തികമാക്കിയാലും അത് കൂടുതല്‍ അപ്‌ഡേറ്റ് ചെയ്താലും ജില്ല കുറെയൊക്കെ നന്നാക്കാന്‍ പറ്റും. ജില്ലക്കൊരു മന്ത്രിയുണ്ട്, ജില്ലക്കൊരു പ്രസിഡന്റുമുണ്ട്, ഉദ്ഘാടനം നടത്തുന്നതും ഓടിച്ചാടുന്നതും ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലുമായി അവരെ കാണുന്നുമുണ്ട്, മനസ്സ് വെച്ചാല്‍ ചന്ദ്രശേഖരനും എ ജി സി ബഷീറിനും ചിലതൊക്കെ ചെയ്യാന്‍ പറ്റും. കുടിവെള്ളം, മാലിന്യ സംസ്‌കരണം, ആരോഗ്യം, വിദ്യാഭ്യാസം ഇവയിലൊക്കെ നമ്മുടെ ജില്ല വളരെ പിന്നിലല്ലേ? മുന്നിലേതായാലുമല്ല.

ജില്ലക്കാശംസകള്‍! നല്ലത് ഉണ്ടാകാന്‍ നമുക്കെല്ലാവര്‍ക്കുമാഗ്രഹിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Article, Kasaragod, Anniversary, Celebration, Development project, Trending, Aslam Mavila, 33rd Birthday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia