city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

32 ന്റെ യ്യൗവനത്തിലും കിതച്ചു നീങ്ങുന്ന കാസര്‍കോട്

മുഹമ്മദ് ജാസിം മൗലാക്കിരിയത്ത്

(www.kasargodvartha.com 25/05/2016) തിരു:കൊച്ചിയിലെ 'മലബാര്‍ ജില്ലയും' ദക്ഷിണ കന്നഡയിലെ 'കാസര്‍കോട് താലൂക്കും' കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ ഒന്നിനാണ് 'ഐക്യ കേരള സംസ്ഥാനം നിലവില്‍ വന്നത്. എന്നാല്‍, ഇതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പേ കാസര്‍കോട്ടെ മലയാളികളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ഐക്യ കേരളമെന്ന സ്വപനം.

'വിളി കേള്‍ക്കുന്നൂ.. മാതാവിന്‍ വിളി കേള്‍ക്കുന്നൂ..,
വിട തരികമ്മേ.. കന്നഡ ധാത്രീ.. കേരള ജനനി വിളിക്കുന്നൂ'....

1948 ല്‍ നീലേശ്വരത്ത് നടന്ന സാഹിത്യ പരിഷത്തില്‍ മഹാകവി ടി.ഉബൈദ് സാഹിബ് അവതരിപ്പിച്ച കവിതയാണിത്... ഈ വരികളില്‍ തന്നെ നമ്മള്‍ എത്ര പ്രതീക്ഷയോടെയാണു കേരളത്തിലേക്കുള്ള ഈ വരവിനെ കാത്തിരുന്നതെന്ന് മനസ്സിലാക്കാം. വടക്ക് ദക്ഷിണ കാനറയും, തെക്ക് കണ്ണൂരും, പടിഞ്ഞാര്‍ അറബിക്കടലും, കിഴക്ക് പശ്ചിമ ഘട്ടവും അതിരുകളായി 1984 മെയ്24 ന് കാസര്‍കോട് ജില്ല പിറന്നിട്ട് ഇപ്പോള്‍ മുപ്പത്തിരണ്ട് വര്‍ഷം.

ബേക്കല്‍ കോട്ട, ഹോസ്ദുര്‍ഗ്ഗ് കോട്ട എന്നിവയടക്കം ചരിത്രമുറങ്ങുന്ന ഏഴു കോട്ടകളും, തേജസ്വിനിയും പയസ്വിനിയുമടക്കം പ്രകൃതി കനിഞ്ഞ പന്ത്രണ്ടു പുഴകളും ഉള്‍ക്കൊള്ളുന്ന ഇവിടം 'കോട്ടകളുടെയും പുഴകളുടെയും നാട്' എന്നും അറിയപ്പെടുന്നു. ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക വൈജാത്യത്തിലും മറ്റു ജില്ലകളേക്കാള്‍ വ്യത്യസ്തമാണ് നമ്മുടെ ജില്ല. ഇങ്ങനെ മേനി പറയാനൊരുപാട് പ്രത്യേകതകളും, രത്‌നശോഭയാര്‍ന്ന ചരിത്രങ്ങളും, പ്രകൃതി വിഭവങ്ങളുടെ കലവറയുമൊക്കെയുണ്ടെങ്കിലും, ഇന്ന് കേരളത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു ജില്ലയായി കാസര്‍കോട് മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.

വികസനമില്ലായ്മയുടെയും അവഗണനയുടെയും കയ്പുനീര്‍ കുടിക്കാന്‍ തുടങ്ങിയിട്ട് ജില്ലയുടെ അത്ര തന്നെ പഴക്കമുണ്ട്.., നമ്മളും കേരളത്തില്‍ തന്നെയാണോ എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സംസ്ഥാന ജാഥകള്‍ തുടങ്ങാന്‍ വേണ്ടി മാത്രം കൊടി വെച്ച കാറില്‍ കാസര്‍കോട്ടെത്തുന്നവര്‍ വേറൊരു കാര്യത്തിനും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നേയില്ല..

കൊച്ചിയിലെ മെട്രോയെ കുറിച്ചും കണ്ണൂരിലെ എയര്‍പോര്‍ട്ടിനെ കുറിച്ചുമൊക്കെ വാചകമടിക്കുന്നവര്‍ കാസര്‍കോടിന്റെ കാര്യത്തില്‍ ഇപ്പോഴും മൗനത്തിലാണ്. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന ആവശ്യത്തിനു മുന്നില്‍ പോലും കണ്ണടക്കുകയാണു അധികാരികള്‍. എന്‍ഡോസള്‍ഫാന്‍ എന്ന വിഷമഴയിലൂടെ തലമുറകള്‍ തന്നെ ദുരിതക്കയത്തില്‍ വീണ ഒരു ജനത. എണ്ണപ്പെട്ട നദികളുടെ നാടായിട്ടും ഉപ്പു വെള്ളം കുടിക്കേണ്ടി വരുന്ന ജനത. മറ്റു ജില്ലക്കാര്‍ അവരുടെ മിനുമിനുത്ത റോഡുകളെ പറ്റി പറയുമ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ ഹൈവേയിലൂടെ പോലും യാത്ര ചെയ്ത് നടുവൊടിയുന്ന ജനത.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയായിരുന്നിട്ട് കൂടി ഒരു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പോലും അനുവദിക്കാത്ത ഭരണകൂടം., അനുവദിച്ച കേന്ദ്ര സര്‍വ്വകലാശാലയെ ജില്ലയില്‍ നിന്ന് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്ന കുബുദ്ധികള്‍. ഇതൊന്നും പോരാഞ്ഞിട്ട് അടിക്കടിയുണ്ടാകുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍..!! ഇവിടെയൊരു ക്രമസമാധാന പാലനസംഘമുണ്ടോ എന്ന് പോലും തോന്നിപ്പിക്കുന്ന തരത്തിലാണു ദിവസവും അങ്ങിങായി കേള്‍ക്കുന്ന വാര്‍ത്തകള്‍.

മടുത്തു. മുപ്പത്തിരണ്ടിന്റെ യ്യൗവനത്തിലും കിതച്ച് കിതച്ച് ചോര തുപ്പുന്ന ഈ നാടിന്റെ ദുര്‍ഗ്ഗതിയോര്‍ത്ത്. വേണം നമുക്കൊരു മാറ്റം. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം ജില്ലയില്‍ നിന്ന് ആദ്യമായി ഒരു മന്ത്രി വരികയാണ്, കാസര്‍കോടിന് കിട്ടിയ പിറന്നാള്‍ സമ്മാനമായി ഇതിനെ കരുതാം. കാസര്‍കോട് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ സ: ഇ ചന്ദ്രശേഖരന്‍ സാറിനെങ്കിലും സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
32 ന്റെ യ്യൗവനത്തിലും കിതച്ചു നീങ്ങുന്ന കാസര്‍കോട്

Keywords:  32nd birth anniversary of Kasaragod, Article, Muhammed Jasim Moulakariyath

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia