city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

2014 പോകുമ്പോള്‍, 2015 വരുമ്പോള്‍; ചില വിചാരങ്ങള്‍...


രവീന്ദ്രന്‍ പാടി

(www.kasargodvartha.com 31.12.2014) 2014 പടിയിറങ്ങാനൊരുങ്ങുകയും, 2015 പടികടന്നുവരികയും ചെയ്തു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പോകുന്ന വര്‍ഷത്തെ യാത്രയാക്കാനും വരുന്ന വര്‍ഷത്തെ വരവേല്‍ക്കാനും നാട് ഒരുങ്ങുകയാണ്. പുതിയ വര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ടു കലണ്ടറും ഡയറികളും വിപണികളില്‍ നിരന്നു കിടക്കുന്നു. ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും മറ്റും ന്യൂ ഇയര്‍ സന്ദേശങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. മൊബൈല്‍ ഫോണിലൂടെ എസ്.എം.എസുകളും പ്രചരിക്കുന്നു.

'വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍...'
എന്ന കവിതാശകലവും മറ്റുമാണ് മംഗ്ലീഷില്‍ എസ്.എം.എസ്സായി കൈമാറ്റം ചെയ്യപ്പെടുന്നത്.
ഒരു വര്‍ഷത്തെ നന്മയും തിന്മയും നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ലോകരാജ്യസംസ്ഥാനജില്ലാ തലങ്ങളിലൊക്കെ സംഭവങ്ങളെ ഓര്‍ത്തെടുക്കുന്നതും, പോയ വര്‍ഷത്തെ പ്രധാന സംഭവങ്ങളെ അവലോകനം ചെയ്യുന്നതും കാണാം.

ചിലര്‍ വൈകാരികമായും, യുക്തിപൂര്‍വ്വകമായും കാര്യങ്ങളെ സമീപിക്കുമ്പോള്‍ മറ്റുചിലര്‍ ഭാവനയുടെയും, തത്വചിന്തയുടെയും, സര്‍ഗാത്മകതയുടെയും ചിറകിലേറിയാണ് സംഭവങ്ങളെ വീക്ഷിക്കുന്നത്.  പാക്കിസ്ഥാനിലെ പെഷവാറില്‍ 146 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഭീകരര്‍ വെടിവെച്ചു കൊന്ന സംഭവമായിരിക്കും  2014ലെ ഏറ്റവും ക്രൂരമായ സംഭവം. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും പാക് പെണ്‍കുട്ടി മലാല യൂസുഫ്‌സായിക്കും സമാധാനത്തിനുള്ള നോബല്‍ െ്രെപസ് ലഭിച്ചതായിരിക്കും ആഹ്ലാദകരമായ സംഭവം.

അതിനിടയില്‍ ചെറുതും വലുതുമായ എത്രയോ സംഭവങ്ങള്‍ക്കു ലോകം സാക്ഷ്യം വഹിച്ചു. ചൊവ്വയിലേക്കു മംഗള്‍യാന്‍ വിക്ഷേപിച്ചതാണ് 2014 ല്‍ ഇന്ത്യയ്ക്കു അഭിമാനം പകര്‍ന്ന വലിയ സംഭവം. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലേറിയതും ഈ വര്‍ഷത്തെ ഒരു പ്രധാന സംഭവമാണ്.

നീതിസൂര്യന്‍ വി.ആര്‍.കൃഷ്ണയ്യരുടെ വിയോഗം, മദന്‍ മോഹന്‍ മാളവ്യ, അഡല്‍ ബിഹാരി വാജ് പേയ് എന്നിവര്‍ക്കു ഭാരത രത്‌നം ബഹുമതി, ഇന്‍ഡോനീഷ്യയില്‍ നിന്നു 162 പേരുമായി സിങ്കപ്പൂരിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം കാണാതായ സംഭവം എന്നിവ ഡിസംബറിലെ പ്രധാന വാര്‍ത്തകളാണ്.

കേരളത്തിലും കാസര്‍കോട്ടും 2014 സംഭവബഹുലമായ വര്‍ഷം തന്നെയായിരുന്നു. നിരവധി അപകടമരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പടിയിറങ്ങുന്ന വര്‍ഷം സാക്ഷ്യം വഹിച്ചു. കാസര്‍കോട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിന്റെ വധവും, തുടര്‍ന്നു നടന്ന ഹര്‍ത്താലും അസ്വാസ്ഥ്യങ്ങളും ഡിസംബറിന്റെ മുറിവായി. കാഞ്ഞങ്ങാട്ട് പത്താം തരം വിദ്യാര്‍ത്ഥി അഭിലാഷിനെ സഹപാഠികള്‍ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം നാടിന്റെ മനസിനെ ഇപ്പോഴും നീറ്റുന്നുണ്ട്. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നുവരുന്ന മലബാര്‍ മഹോത്സവത്തോടെയാണ് കാസര്‍കോട് 2014 ല്‍ നിന്നു 2015ലേക്കു കാലെടുത്തുവെക്കുന്നത്.

കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യപ്പെട്ട മിനി സിവില്‍ സ്‌റ്റേഷനിലൂടെ  ജില്ലയ്ക്കു 2014നെ എന്നും ഓര്‍മിക്കാവുന്നതാണ്. ബാവിക്കരയില്‍ സ്ഥിരം തടയണ യാഥാര്‍ത്ഥ്യമാകാത്ത സാഹചര്യത്തില്‍ വരും വര്‍ഷവും കാസര്‍കോട്ടുകാര്‍ക്കു ഉപ്പുവെള്ളം കുടിക്കാനുള്ള യോഗം തന്നെയാണ് പ്രശ്‌നവശാല്‍ കാണുന്നത്. പെര്‍ള ഉക്കിനടുക്കയില്‍ തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിനു തറയും ചുമരും ഉയരാന്‍ 2015 അനുകൂല സമയമാണോ എന്നതു കവടി നിരത്തി കണ്ടുപിടിക്കേണ്ട സ്ഥിതിയും മുന്നിലുണ്ട്.

എങ്കിലും നിരാശപ്പെടേണ്ടതില്ല. ഏറെ പ്രത്യാശയോടെയും, സുന്ദരമായ കണക്കുകൂട്ടലോടെയുമാണ് ലോകം പുതുവര്‍ഷത്തെ കാത്തിരിക്കുന്നത്. പുത്തന്‍ പ്രതീക്ഷയും സുന്ദരമായ നാളുകളും സ്വപ്‌നങ്ങളും സമ്മാനിക്കാനെത്തുന്ന  2015 നെ നമുക്കു ഇരുകൈയും നീട്ടിവരവേല്‍ക്കാം.

2014 പോകുമ്പോള്‍, 2015 വരുമ്പോള്‍; ചില വിചാരങ്ങള്‍...
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia