city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനുവരിയിലെ ആ നഷ്ടത്തിന് 20 വര്‍ഷം

അസ്ലം മാവിലെ 

(www.kasaragodvartha.com 29.01.2020)  
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത്. ദുബൈ സുഹൃദ് വലയങ്ങളിലെ ഒരാളും എഴുത്തുകാരന്‍, കോളമിസ്റ്റ്, നവമാധ്യമ ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനും കോളേജ് അധ്യാപകനും പത്രപ്രവര്‍ത്തന രംഗത്ത് എന്റെ ഗുരുനാഥന്മാരില്‍ ഒരാളുമായ പ്രൊഫ. ആരിഫ് സൈന്‍ ഒരു ദിവസം ഒരു പ്രസിദ്ധീകരണത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു ലേഖനം കാണിച്ചു പറഞ്ഞു - അസ്ലം ഈ ലേഖനമെഴുതാന്‍ എനിക്ക് പ്രചോദനം നിന്റെ ഉപ്പയാണ്. ഞാന്‍ തിരിച്ചു ആശ്ചര്യത്തോടെ പറഞ്ഞു - അതിന് നിങ്ങള്‍ക്കെന്റെ ഉപ്പയെ നേരിട്ട് അറിയില്ലല്ലോ.
ആരിഫ് സൈന്റെ മറുപടി ഇങ്ങനെ: 'നേരിട്ടറിയില്ലെങ്കിലും നീ ഉപ്പയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതു ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. ഏത് സംസാരത്തിനിടയിലും ഉപ്പാന്റെ ഒരു നന്മയെങ്കിലും പറയാത്ത സംഭാഷണം അവസാനിക്കാറുമില്ല.

എനിക്കങ്ങിനെയായിരുന്നു ഉപ്പ. എല്ലാത്തിലും ഉപ്പ എന്റെ തൊട്ടു മുന്നില്‍ അദൃശ്യമായി നടക്കുന്നുണ്ടാകും. എനിക്കൊരിക്കലും എത്ര നടന്നാലും ഓടിയാലും ആ കാല്‍ചുവടുകളുടെ സമീപം വരെ എത്താനുമാകില്ല. നന്മകളുടെ വിളനിലം. ഒന്നും ഒഴിവല്ല. കുടുംബബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍  ഉപ്പ കാണിച്ചിരുന്ന ജാഗ്രത. ആ ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്ന സ്‌നേഹവായ്പും നിലനിര്‍ത്തിയിരുന്ന സൗഹൃദാന്തരീക്ഷവും ഇടപഴകലില്‍ കാണിച്ചിരുന്നസൂക്ഷ്മതയും എല്ലാമെല്ലാം എന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്.

ചരിത്രം പറയുമ്പോള്‍ എന്നോട് ഒരാള്‍ ചോദിച്ചു - ആരാണ് മാതൃക ?
ഞാന്‍ പറഞ്ഞു - ഉപ്പ.
രാഷ്ട്രിയത്തിലോ ?
ഉപ്പ തന്നെ
ഇംഗ്ലിഷ് പഠിച്ചത് ?
പത്ത് വരെ ഉപ്പയില്‍ നിന്നായിരുന്നു.
കണക്കോ ?
അതിലും ഉപ്പ തന്നെ അധ്യാപകന്‍.
വായനയുടെ കാര്യത്തില്‍ ?
ഉപ്പ ...
ഓരോന്നയാള്‍ ചോദിച്ചു കൊണ്ടേയിരുന്നു, ഉപ്പ മാതൃകയായികടന്നു വരാത്ത ഒന്നും എനിക്ക് ആലോചിക്കാനാകുന്നില്ല. പ്രസംഗം ഒളിച്ചൊളിച്ചായിരുന്നു ഞാന്‍ നടത്തിയിരുന്നത്, പക്ഷെ എനിക്ക് മതിയായ പ്രോത്സാഹനം ഉപ്പ സുഹൃത്തുക്കള്‍ വഴി തന്നുകൊണ്ടേയിരുന്നു.

ഞാനാദ്യമായി ഒരു രാഷ്ട്രീയ പ്രസംഗം കേള്‍ക്കുന്നത് അഞ്ചാം ക്ലാസിലുള്ളപ്പോഴാണ്. വൈകുന്നേരം മധൂരിലുള്ള കടയിലേക്ക് വരാന്‍ വേണ്ടി ഉപ്പ ഒരാളെ പറഞ്ഞു വിട്ടു. കുറച്ചു നേരത്തെ തന്നെ ഉപ്പ കടയടച്ചു, ഞങ്ങള്‍ ടൗണില്‍ ബസിറങ്ങി - വേദിയില്‍ ഇരിക്കുന്ന ഒരുചെറിയ മനുഷ്യനെ ചൂണ്ടിക്കാണിച്ചു ഉപ്പ പറഞ്ഞു- അതാണ് ഇ.എം. എസ്!

പ്രിഡിഗ്രി മുതല്‍ ഞാന്‍ കാസര്‍കോട് നഗരത്തില്‍ നിത്യമുണ്ട്. തലേദിവസത്തെ പത്രത്തില്‍ പിറ്റന്നാളത്തെ പരിപാടി ഓര്‍ത്തു വെച്ച് ഉപ്പ എന്നെ രാത്രി ഓര്‍മ്മിപ്പിക്കും, ബസ്റ്റാന്റില്‍ ഇന്ന പ്രോഗ്രാം, ടൗണ്‍ ഹാളില്‍, മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത്.... വീട്ടിലെത്തിയാല്‍ ഞാന്‍ ആ വിശേഷം പറയണം, ആരൊക്കെ വേദിയില്‍, ആരൊക്കെ വന്നു, വന്നില്ല, എന്തൊക്കെ പറഞ്ഞു എന്നൊക്കെ... അത്‌കൊണ്ട് സാകൂതം ഓരോ പ്രോഗ്രാമും കാണും.

ഞാന്‍ ഒമ്പത് - പത്തിലെത്തിയതോടെ രാത്രി നടക്കുന്ന കുടുംബസംസാരങ്ങളില്‍ ഉപ്പ എന്നെയും ഭാഗഭാക്കാക്കും. എന്റെ അഭിപ്രായങ്ങള്‍ വെറുതെ ആരായും. അന്നൊന്നും എനിക്കറിയില്ലായിരുന്നു ഇതൊക്കെ നമ്മുടെ ഭാവിയിലുള്ള കുടുംബ സാമൂഹിക ജീവിതങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത പശ്ചാത്തലങ്ങള്‍ ഒരുക്കുന്നതിനുള്ള ട്രൈനിംഗുകളായിരുന്നെന്ന്.

മക്കളോടുള്ള സ്‌നേഹം മനസ്സില്‍ ഒതുക്കി വെക്കുക എന്നത് ആ ഒരു കാലഘട്ടങ്ങളിലെ തലമുറയുടെ ഒരു രീതിയായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി,സ്‌നേഹം ആവോളം പരസ്യമായി പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു ഉപ്പ. മക്കളില്‍ ആരോടും വിവേചനം കാണിക്കാത്ത സ്‌നേഹവാത്സല്യങ്ങള്‍ യഥേഷ്ടം ഞങ്ങള്‍ക്ക് വാരിക്കോരി തന്നു.

എന്ത് കൊണ്ടെന്നറിയില്ല, എന്നും ഉപ്പ സംസാരിച്ചത് നീതിയെ കുറിച്ചാണ്. സംസ്‌കാരം, ഭാഷ, ബുദ്ധി, സയന്‍സ് ഈ പദങ്ങള്‍ ഇടക്കിടക്ക് പറയും. ഭാഷയാണ് സംസ്‌കാരം എന്ന് സമര്‍ഥിക്കും, ബുദ്ധി തന്നെയാണ് സയന്‍സെന്നും. ഒരു വലിയ ആലോചനയുടെ ബാക്കിയായിട്ടായിരിക്കും പറഞ്ഞു കൊണ്ടിരിക്കുക. ദുബായിലൊരു സദസ്സില്‍, എനിക്കിതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ അവസരം കിട്ടി. അപ്പോഴായിരുന്നുഉപ്പ അന്ന് പറഞ്ഞു കൊണ്ടിരുന്ന ആ വിഷയത്തിന്റെ ആഴവും പരപ്പും ഞാന്‍ മനസ്സിലാക്കുന്നത്.

കേരളത്തില്‍ 480 സീറ്റുകള്‍ മാത്രമുള്ളഎം.ബി.ബി.എസ് സീറ്റിന് വേണ്ടി എന്‍ട്രന്‍സ് എഴുതിയ സമയം ഓര്‍മ്മ വരുന്നു. എന്റെ ഹിന്ദി മാഷ് കുഞ്ഞിരാമന്‍ മാഷ് പറയുമായിരുന്നു അതിലും ഇപ്പഴെന്തൊക്കെയോ നടക്കുന്നതായി കേള്‍ക്കുന്നുവെന്ന്.  കണ്ണൂര്‍ ചൊവ്വയില്‍ നിന്നിങ്ങോട്ട് വരുന്ന വഴിക്ക് കേരളത്തിലെ സമുന്നതനായ ഒരു രാഷ്ട്രിയ നേതാവിന്റെ അടുത്ത ഒരാളെ പരിചയപ്പെടാനിടയായി.  എന്നോട് കുറെ സംസാരിച്ചു. കൂട്ടത്തില്‍ എന്നോട് ഹാള്‍ടിക്കറ്റ് നമ്പര്‍ ചോദിച്ചു വാങ്ങി. സീറ്റ് ലഭിക്കുമെങ്കില്‍ ഒരു സംഖ്യ നല്‍കാന്‍ തയ്യാറാണോ എന്നും ചോദിച്ചു. വണ്ടിയിറങ്ങുമ്പോള്‍ അദ്ധേഹത്തിന്റെ വിലാസം എനിക്ക് തന്നു. ഞാന്‍ വീട്ടില്‍ എത്തി ഉപ്പയോട് യാത്രാവിശേഷങ്ങള്‍ പറയുന്നിടത്ത് ഈ തരികിട സംസാരവും ഉണ്ടായ സംഭവങ്ങളും പറഞ്ഞു. പിറ്റേ ദിവസം അതിരാവിലെ ഉപ്പ കട്ടിലില്‍ ഇല്ല. ഞങ്ങളാകെ പരിഭ്രാന്തിയില്‍. ഉപ്പ ഉച്ചയ്ക്ക് സാധാരണ പോലെ വീട്ടിലെത്തി. പോയത് എവിടെയെന്നോ ? ഞാന്‍ വിലാസത്തില്‍ പറഞ്ഞ ആളെ അടുത്ത്. എന്റെ ഹാള്‍ടിക്കറ്റ് നമ്പര്‍ തിരിച്ചു വാങ്ങി പോല്‍. എനിക്ക് ഗൗരവത്തില്‍ മുന്നറിയിപ്പ് നല്‍കി -  'ഇനിയത് തമാശയായാലും കാര്യമായാലും വേണ്ടില്ല,  വളഞ്ഞ വഴിയില്‍ നീ ഡോക്ടറാകേണ്ട. അന്ന് മാത്രം ഉമ്മ എന്റെ പക്ഷം നിന്നു. ഒരാഴ്ച കഴിഞ്ഞു ഒരു പത്രക്കട്ടിംഗ് ഉപ്പ എന്റെ മുന്നിലിട്ടു - ജാതി മറച്ചു വെച്ചു തെറ്റായ വഴിയില്‍ എം.ബി.ബി. എസ് സീറ്റ് നേടിപ്പഠിച്ച ഡോക്ടറുടെ ബിരുദം റദ്ദാക്കിയ വാര്‍ത്ത !

ഒരു കല്യാണ നാള്‍. ഉമ്മാന്റെ തറവാട്ടില്‍, കൊളങ്കരയില്‍. പെട്ടെന്ന് രാത്രി 12 മണിക്ക് ഉപ്പ, കാക്കാനോട് ഒരു ടോര്‍ച്ച് വാങ്ങി തിരക്ക് പിടിച്ച് ഇിങ്ങി നടന്നു. ആര്‍ക്കും കാരണമറിയില്ല. പിറ്റെ ദിവസം രാവിലെ തന്നെ ഉപ്പ കല്യാണ സദസ്സിലെത്തുകയും ചെയ്തു. ഞങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന ഒരു വെള്ള കറുപ്പുള്ള പൂച്ചയുണ്ട്. അത് വിശന്നിരിക്കുമോ എന്നതായിരുന്നുവത്രെ രാത്രിയിലെ കാല്‍നടയായുള്ള ഉപ്പാന്റെ ഓട്ടപ്പാച്ചിലിന്റെ ഹേതു. ഒരിക്കല്‍ വീട്ടില്‍ ഒരു പൂച്ച ചത്തപ്പോള്‍ ഒരു പാട് നാള്‍ നേരെചൊവ്വെ ഭക്ഷണവും കഴിക്കാന്‍ വരെ ഉപ്പ കൂട്ടാക്കിയില്ല.

എന്തിനും എനിക്ക് മാതൃക ഉപ്പയായിരുന്നു,ഞാനത് 10 ശതമാനം പോലും ഫോളോ ചെയ്യുന്നുണ്ടോ എന്നത് വേറെക്കാര്യം. ജീവിതത്തിന്റെ സകല മേഖലയിലും ഒരു  മാതൃകാ പുരുഷനെ കണ്ടെത്താനായി മറ്റൊരാളെ വായിച്ചു പഠിക്കാന്‍ പുസ്തകങ്ങള്‍ പരതേണ്ട ആവശ്യവും എനിക്കുണ്ടായിരുന്നില്ല.

പഠിക്കുന്നവരെയും പഠിപ്പിക്കുന്നവരെയും ഉപ്പയ്ക്ക് സ്‌നേഹമായിരുന്നു. സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ ആദ്യമായി ബസിറങ്ങുന്ന അധ്യാപകര്‍ മധൂരിലെ ഉപ്പാന്റെ കടയില്‍ വന്നു കയറും. അവര്‍ വരുന്നുണ്ടെന്ന് ഉപ്പയോട് മറ്റധ്യാപകര്‍ പറയും. പുതിയ  അധ്യാപകരോട് എല്ലാം ഉപ്പ ചോദിച്ചറിയും. രാത്രി ഞങ്ങളോട് (ഉമ്മയോട്) പറയുന്ന വിശേഷങ്ങളില്‍ ആ വര്‍ത്തമാനവും ഉപ്പ പെടുത്തും. ഞങ്ങള്‍ എല്ലാവരും കേള്‍ക്കും. പിറ്റേന്ന് മുതല്‍ എന്റെ തലേദിവസത്തെ സംശയങ്ങള്‍ ഓരോന്നും എനിക്ക് വേണ്ടി ഉപ്പ മാഷന്മാരോട് ചോദിച്ചറിയാന്‍ തുടങ്ങും.

1985, ടടഘഇ പരീക്ഷ അടുത്തു വരുന്നു. എസ് എസ് എല്‍ സി ബുക്കില്‍ പരീക്ഷാര്‍ഥിയുടെഒപ്പ് വേണം. എന്നോട് ഒരാഴ്ച ഒപ്പിട്ട് ശീലിക്കാന്‍ ഉപ്പ നിര്‍ദ്ദേശം നല്‍കി. ഇതെല്ലാം അധ്യാപകര്‍ ഉപ്പാനോട് പറഞ്ഞേല്‍പ്പിക്കുന്നുതാണ്. അഞ്ചു തരം ഒപ്പുകള്‍ ഞാന്‍ തുടങ്ങി. അതില്‍ നീട്ടി വലിച്ച ഒന്ന് ഉപ്പ തന്നെ സെലക്ട് ചെയ്തു - 100 പേജ് വരയില്ലാബുക്ക് അങ്ങിനെ പോയിക്കിട്ടി.

ആളുകളെ ശരീരഭാഷ നോക്കി വിലയിരുത്താന്‍ ഉപ്പ അതി മിടുക്കനായിരുന്നു. ഉപ്പ ചെയ്തിരുന്ന കച്ചവടത്തില്‍ പോലും അതിസൂക്ഷ്മത കാണിച്ചിരുന്നു.  ഒരിക്കലും ആക്രാന്തം കാണിച്ചിരുന്നേയില്ല. പട്‌ലയില്‍ നിന്നും വരുന്നവര്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ ഉപ്പ നിരുത്സാഹപ്പെടുത്തും - കടകള്‍ നാട്ടില്‍ തന്നെയുണ്ടല്ലോ. മധൂര്‍ക്കാര്‍ക്ക് തന്നെ കൊടുക്കാന്‍ എന്റെ അടുത്ത് സാധനങ്ങള്‍ ഇല്ലെന്ന് ഉപ്പ തമാശ പറയുമത്രെ.
മധൂര്‍ ഉത്സവ കാലങ്ങളില്‍ അധികക്കച്ചവടമെന്ന നിലക്ക് ഒന്നും പ്രത്യേകമായി കൊണ്ടുവരാനോ അത്  വില്‍ക്കാനോ ഉപ്പ താത്പര്യം കാണിച്ചില്ല. തുറക്കുന്നതും അടക്കുന്നതും അരമണിക്കൂര്‍ നീട്ടുകയും ചെയ്യില്ല. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ കട തുറന്ന് ഒറ്റപ്പലക കട്ടിലില്‍ ഉറങ്ങാനുള്ള സമയമാണ് - ആരും ഉണര്‍ത്തരുത്, കച്ചോടവും നടക്കില്ല.

രാത്രി കടയടച്ചു കൂടെ നടക്കുന്നവര്‍ പലരും പറയും - ഏതെങ്കിലും കാമ്പുള്ള വിഷയങ്ങളായിരിക്കുമത്രെ ഉപ്പാന്റെ  സംസാരം.  ഓരോ ദിവസവും ഓരോന്നും പറയാനുണ്ടാകുമത്രെ. തെരഞ്ഞെടുപ്പ് കാലങ്ങള്‍ പറയണ്ട.

എന്റെ ആദ്യ വോട്ട്. അതൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം. എന്റെ വളരെ അടുത്ത ഒരു ബന്ധു ഉപ്പാനോട് ഞാന്‍ കേള്‍ക്കെ പറഞ്ഞു - അവനോട് ഇന്ന വ്യക്തിക്ക് വോട്ടിടാന്‍ നിര്‍ബന്ധിക്കണമെന്ന്. ഉപ്പയ്ക്കത് ഇഷ്ടപ്പെട്ടില്ല. അവനവന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കലാണതെന്ന് അയാളെ ഉപദേശിച്ചു വിട്ടു. 

ഉപ്പ വളരെ നല്ല വായനക്കാരനായിരുന്നു. രാഷ്ട്രീയം ഇഷ്ടവിഷയവുമായിരുന്നു. അരിച്ചു പെറുക്കി കിട്ടാവുന്ന പത്രങ്ങള്‍ മാക്‌സിമം വായിക്കും. ഞാന്‍ കോളേജില്‍ പോകാന്‍ തുടങ്ങിയതോടെ ഇംഗ്ലീഷ് പത്രങ്ങളും തന്റെ വായനാവിഭവങ്ങളില്‍ ഉപ്പ ഉള്‍പെടുത്തി. എഡിറ്റോറിയല്‍ വായിക്കാന്‍ നിരന്തരം പറയും. ഒരു കുഞ്ഞുനോട്ടില്‍ പോയന്റുകള്‍ കുറിച്ചു വെക്കാനും.

ഇരുത്തം, നടത്തം, ഭക്ഷണം, സംസാരം, സംവാദം എല്ലാത്തിലും എന്തോ അത്രമാത്രം അസൂയപരത്തുന്ന മാതൃക. ഒരുദിവസം ഞാനൊരാളെ പേരു പറഞ്ഞു, ഉപ്പ വീണ്ടുമതു ആവര്‍ത്തിക്കാന്‍ എന്നോട് കല്‍പനാ സ്വരത്തില്‍ പറഞ്ഞു: പെട്ടെന്ന് ഉപ്പാന്റെ കണ്ണൂ ചുമന്നു. അവസാനത്തെ മുന്നറിയിപ്പ്. ആ പേര് അയാളുടെ മുമ്പില്‍ പറയുമോ ?
ഞാന്‍ ഇല്ല എന്ന് മറുപടി നല്‍കി.
അയാളുടെ ഉപ്പാന്റെ പേരു ചേര്‍ത്തു പറ, പറ്റുമെങ്കില്‍ ഉപ്പപ്പാന്റെ കൂടി.

അത്ര രസകരമല്ലാത്ത ഒരു സംഭവം നാട്ടില്‍ നടക്കുന്നു. എല്ലാവരും അവിടെ എത്തി. ഉപ്പയ്ക്ക് വേണമെങ്കില്‍ അവിടെ പോയി നിന്ന് രംഗങ്ങള്‍ വീക്ഷിക്കാം, പരദൂഷണങ്ങളിലേര്‍പ്പെടാം. അഭിമാനത്തെ ഹനിക്കുന്ന ഒരിടത്തും ഉപ്പ അന്നല്ല ഒരിക്കലും പോയി നിന്നില്ല.

സംസാരത്തിനിടക്ക് അപ്രതിക്ഷിതമായി കടന്നു വരുമ്പോള്‍ അവിടെയുള്ളവര്‍ക്ക് തൊണ്ടയനക്കിയെങ്കിലും നീ ഒരു സിഗ്‌നല്‍ നല്‍കണമെന്നു പറയും. മറ്റുള്ളവരുടെ സ്വകാര്യതകള്‍ കുത്തിചോദിക്കരുത്, അവരുടെ സാമ്പത്തികാഭിവൃദ്ധിയുടെ രഹസ്യം ചോദിച്ച് സൗഹൃദം നഷ്ടപ്പെടുത്തരുതെന്നും ഉപ്പ നിഷ്‌കര്‍ശിക്കുമായിരുന്നു. അസൂയയും അത്യാഗ്രഹവും നാമ്പിടുന്നതും തുടര്‍ന്ന് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതും  ഇതൊക്കെ കൊണ്ടാണത്രെ.

രോഗാതുര അവസ്ഥ. ഉപ്പക്കറിയാം എന്താണസുഖമെന്ന്. ചാലിയാറിന്റെ കെ.എം. റഹിമാന്റെ ജിവിതം വായിക്കാന്‍ എന്നോട് ആസ്പത്രി ക്കട്ടിലില്‍ ഇരിക്കെ പറഞ്ഞു. ഞാനത് വരെയും മനസ്സിലാക്കിയത് ഉപ്പ സ്വന്തം രോഗമറിഞ്ഞിട്ടില്ലെന്നാണ്. ഉപ്പ ശ്രമിച്ചതാകട്ടെ  ഞാനൊഴികെ വീട്ടില്‍ മറ്റാരും ഉപ്പാന്റെ യഥാര്‍ഥ രോഗമറിയരുതെന്നും. മംഗലാപുരം ആസ്പത്രി. ഞങ്ങളെല്ലാം അവിടെയുണ്ട്. ഉപ്പ പെട്ടെന്ന് പറഞ്ഞു : സലിമിനെ ശ്രദ്ധിച്ചോ എന്ന്. പറഞ്ഞു തീര്‍ന്നില്ല സലിം തളര്‍ന്നു വീഴുന്നു, സ്വന്തം രോഗത്തെക്കാളേറെ മറ്റുള്ളവരോടുള്ള  ശ്രദ്ധയും പരിസര വീക്ഷണവും അത്രമേലായിരുന്നു.

 ഒരു വൈകുന്നേരം വളരെ പ്രിയപ്പെട്ട ഒരാള്‍,  ഉപ്പയുടെ അടുത്തിരിക്കുന്നു. കൊട്ടിലിന്റെ ഇങ്ങേയറ്റത്തുള്ള എനിക്ക് അവരുടെ സംസാരം  അനന്തരവകാശ സംബന്ധമായതും ഒസ്യത്തുമായി എനിക്ക് വെറുതെ  തോന്നി. ഇപ്പോള്‍ അവ്യക്തമായി ആ കുടുംബസുഹൃത്തിനോട് ഉപ്പ പറയുന്നത് അവ്യക്തമായി കേള്‍ക്കാം - (എന്റെ ശേഷം) അത് എന്റെ മക്കളുടെ ബാധ്യതയില്‍ പെട്ടതാണ്, നീതി വിട്ടവരാരും ഒന്നും ചെയ്യില്ല.  എന്നില്‍ നിന്ന് എന്തെങ്കിലും ഒരു നല്ല ഗുണം അവര്‍ മനസ്സിലാക്കിക്കാണും, ഉറപ്പാണ്.

1999 ജനുവരി 25ന് ഞാന്‍ സക്കറിയ ഡോക്ടറോട് ഒരിക്കല്‍ കൂടി ചോദിച്ചു ഉറപ്പു വരുത്തി, ഉപ്പയുടെ നിലവിലെ കണ്ടിഷന്‍ നിങ്ങളുടെ അനുഭവം വെച്ച് എന്നോട് പറയണം. 'രണ്ടു മൂന്ന് മാസം ഈ നില തുടരും, അത്യാവശ്വമെങ്കില്‍ വിളിച്ചറിയിക്കുമല്ലോ ' -  ദുബായില്‍ തിരിച്ചു പോകൂവെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. തൊട്ടടുത്ത ദിവസം റിപബ്ലിക് ദിനം. അന്ന് രാവിലെ ഞാന്‍ വിമാനം കയറി. ആ  ദിവസം തന്നെ ഞാന്‍  ദുബായിലെത്തി,  രാത്രി ഡോക്ടറെ വിളിച്ചു - ചെറിയ അസ്വസ്ഥതയുണ്ട് സാരമില്ലെന്ന് ഡോക്ടര്‍ എന്നെ സമാധാനിപ്പിച്ചു. പക്ഷെ, ആ അസ്വസ്ഥത നീണ്ടുനീണ്ടു പോയിക്കൊണ്ടേയിരുന്നു, 27 ന് (1419 ഷവ്വാല്‍ 9 ന് ) ബുധനാഴ്ച വൈകുന്നേരം നാലു മണിയോടടുപ്പിച്ച് എന്റുപ്പ....... മമ്മദൂ എന്ന വിളി ബാക്കിയാക്കി... പടച്ചവനിലേക്ക്....

ജനുവരി 28-ാം തിയ്യതി തായല്‍ പള്ളിയില്‍ മിഹ്‌റാബിന് തൊട്ട് താഴെ  ഉപ്പയുടെ ജനാസക്കടുത്ത് നിന്ന് മൂത്ത - തായല്‍പള്ളി ഖത്വീബ് മൊയ്തീന്‍ കുഞ്ഞി മൗലവി - എന്നോട് പറഞ്ഞു: അസ്ലം, എനിക്കെന്നെതന്നെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല, മകനായ നീ  ഇമാമത്ത് നില്‍ക്കണം... അത്‌കേട്ട് തൊട്ടടുത്ത് നിന്ന സലാം മാഷ് എന്നെ ചാരെ നിര്‍ത്തി എനിക്ക് ധൈര്യം തന്നത് നല്ല ഓര്‍മ്മയുണ്ട്.

യാ റബ്ബ്, എന്റെ മാതാപിതാക്കളുടെ പാരത്രിക ജീവിതം നീ സുഖകരമാക്കേണമേ.... മരണപ്പെട്ടു പോയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരുടെയും പാപങ്ങള്‍ പൊറുത്ത് തന്നീടണമേ... അവര്‍ക്ക് നി മഹത്തായ സ്വര്‍ഗ്ഗം കനിയേണമേ.. ആമീന്‍ യാ റബ്ബ്.

ഇക്കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളില്‍ പൊതുവിഷയങ്ങളാകട്ടെ എന്തുമാകട്ടെ ഞാനെഴുതിയ ആയിരത്തിച്ചില്ലാനം കുറിപ്പുകളില്‍ പകുതിയിലെങ്കിലുംഉപ്പയുടെ ഒരു കുഞ്ഞു നന്മയെങ്കിലും ഞാന്‍ കുറിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ഉപ്പയുടെ കാഴ്ചപ്പാട്. മന:പൂര്‍വ്വമല്ല, അതൊരവിഭാജ്യഘടകമായി വന്നു പോകുന്നതാണ്.

എത്ര പ്രയാസമുണ്ടായാലും ഉപ്പ കരയുന്നത് കണ്ടിട്ടില്ല. ഏഴാം വയസ്സില്‍ അനാഥനാകേണ്ടി വന്ന ഉപ്പ,  വളരെ ചെറുപ്പത്തിലേ കരഞ്ഞു കരഞ്ഞു കണ്ണീരു തീര്‍ത്തിരിക്കണം. ഉറ്റവരുടെയും ഉടയവരുടെയും വേര്‍പാട് കേള്‍ക്കുമ്പോള്‍ പക്ഷെ,ഒറ്റയ്ക്കിരുന്ന് ഉപ്പ വിരല് കടിച്ചു ദുഃഖം കടിച്ചമര്‍ത്തുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. അയല്‍ക്കാരും കൂട്ടുകാരുമായ ബായിന്‍ച്ച, മമ്മദുന്‍ച്ച മരിച്ചപ്പോഴാണ് ഉപ്പ വല്ലാത്ത അസ്വസ്ഥത കാണിച്ചത്.

തമാശയ്ക്ക് പോലും ഉപ്പ കളവു പറഞ്ഞിരുന്നില്ല. ആരെയും പരിഹസിക്കുന്നതും കണ്ടിട്ടില്ല. ആരോടും അധികം സംസാരിച്ച് ബോറടിപ്പിച്ചിരുന്നുമില്ല. അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്ക് വെക്കും. എന്റെ ജീവിതത്തില്‍ ഉപ്പ മൂന്ന് വട്ടം മാത്രം ഉറക്കെച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, മുമ്പതെവിടെയോ ഒരിടത്ത് ഞാന്‍ എഴുതിയിട്ടുമുണ്ട്. കപ്പല്‍ ജീവിതങ്ങള്‍ പെരുക്കിപ്പെരുക്കി പറയില്ല. പട്ടാളക്കഥകള്‍ പോലെ പൊങ്ങച്ചമായിപ്പോകുമത്രെ!

അക്കച്ച- അതാണ് നാട്ടുകാര്‍ സ്‌നേഹാദരവുകളോടെ ഉപ്പയ്ക്ക്ചേര്‍ത്തു നല്‍കിയ വിളിപ്പേര്. അഭിപ്രായ വ്യത്യാസമുള്ളവര്‍ക്കു പോലും ഉപ്പ വളരെ സ്വീകാര്യനായിരുന്നു.

ഉപ്പ ഒരിക്കലും ഒന്നിന്റെയും മുന്‍നിരയില്‍ നിന്നിട്ടില്ല, എന്നും രണ്ടാം നിരക്കാരനായി നില്‍ക്കാനാരുന്നു മനസ്സ് പാകപ്പെടുത്തിയതെന്ന് തോന്നുന്നു. അര്‍ഹിക്കുന്ന സ്‌പേസ് അതാണെന്ന് കരുതിയത് കൊണ്ടാകുമായിരിക്കും. പക്ഷെ, പുരോഗമനപരമായ എല്ലാ വീക്ഷണങ്ങളുടെയും കൂടെ ഉപ്പയുമുണ്ടായിരുന്നു. നാട്ടിലെ വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഉപ്പ നല്ല അഭ്യുദയകാംക്ഷിയായിരുന്നു. ഒരു വളരെപ്പഴയ ഒരു മെമ്പര്‍ഷിപ്പ് എസ്. അബൂബക്കര്‍ കാണിച്ചത് ഓര്‍ക്കുന്നു, സാപ്പിന്റെ ഉപ്പുപ്പയ്ക്ക് (കുഞ്ഞാസ്ച്ചാക്ക്) ഒരു പ്രോഗ്രസ്സിവ് വിംഗിന്റെ മെമ്പര്‍ഷിപ്പില്‍ ഒപ്പിട്ടത്, പ്രാദേശിക സെക്രട്ടറിയായ ഉപ്പയുടെ ഒപ്പ്.

ജനനം1927 ല്‍, 1934ല്‍ ഉപ്പാന്റെ ഉപ്പയുടെ (തായല്‍ പള്ളി ഖത്വീബ് മമ്മുഞ്ഞി മുസ്ല്യാര്‍) വേര്‍പാട്. 1960 ന്റെ തുടക്കത്തില്‍ ഉപ്പാന്റെ മാതൃപിതാവിന്റെ (മുക്രി ഔക്കര്‍ച്ച) വിയോഗം.1978ല്‍ ഉപ്പാന്റെ ഉമ്മാന്റെ മരണം. 1950 കളുടെ അവസാനം ബോംബെ കാലം, പിന്നെ കുറച്ച് കാലം കപ്പല്‍ ജീവിതം, വീണ്ടും കുറച്ചു വര്‍ഷങ്ങള്‍ ബോംബെയില്‍. 70 കളുടെ തുടക്കത്തില്‍ തന്നെ ഉപ്പ പ്രവാസം എന്നന്നേക്കുമായി നിര്‍ത്തി നാട്ടില്‍ സെറ്റ്ല്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

വെറുതെ ജീവിച്ചു മരിക്കാന്‍ ഒരു പണിയുമില്ല. മൗനം കൊണ്ടെങ്കിലും നമ്മുടെ സാനിധ്യം ധന്യമാക്കാന്‍ ശ്രമിക്കണം. അതവര്‍ക്ക് ഫീല്‍ ചെയ്യണം. സാനിധ്യം പോലെ അസാനിധ്യവും അടയാളപ്പെടുത്തലാണെന്ന് എനിക്കറിയാവുന്ന ഭാഷയില്‍ എന്നെ ബോധ്യപ്പെടുത്താന്‍ ഉപ്പയ്‌ക്കേ സാധിച്ചിരുന്നുള്ളൂ. ആ ജീവിതം വിട്ടുപോയി ഈ ജനുവരി 27ന് ഇരുപത് വര്‍ഷം കഴിഞ്ഞു, ഹിജ്രി വര്‍ഷത്തില്‍ പറഞ്ഞാല്‍ 21 വര്‍ഷവും 7 മാസവും 23 ദിവസവും. വീണ്ടുമതേ പ്രാര്‍ഥന: യാ റബ്ബ്, എന്റെ മാതാപിതാക്കളുടെ പാരത്രിക ജീവിതം നീധന്യമാക്കേണമേ... ആമീന്‍, ആമീന്‍.  ?

ജനുവരിയിലെ ആ നഷ്ടത്തിന് 20 വര്‍ഷം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Aslam Mavile, Article,  20 year for that Big loss; Article by Aslam Mavila  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia