city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി; ഉദ്ഘാടനം സപ്തംബര്‍ 8ന്

കാസര്‍കോട്: (www.kasargodvartha.com 04.09.2016) കേരള കാര്‍ഷിക സര്‍വ്വകലാശാലകളുടെ കീഴിലുള്ള കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളുടെ ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ശതാബ്ദിയാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം  സെപ്തംബര്‍ എട്ടിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് സങ്കരയിനം തെങ്ങിന്‍ തൈ നട്ടുകൊണ്ട് നിര്‍വഹിക്കും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ എന്നിവരും സങ്കരയിനം തെങ്ങിന്‍ തൈ നടും.

പ്രസ്തുത ചടങ്ങില്‍ കര്‍ഷകര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, ഡോ. പി രാജേന്ദ്രന്‍, ഗവേഷണ വിജ്ഞാന വ്യാപന വിഭാഗം മേധാവികള്‍, ഡീന്‍ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിക്കും. കൂടാതെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുളള തെങ്ങ് ജനിതക സംരക്ഷണ സമിതിയിലെ കര്‍ഷകര്‍ പങ്കെടുക്കും.  തത്സമയം സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വില്ലേജ് ഓഫീസ് പരിസരങ്ങളിലും തെങ്ങിന്‍ തൈകള്‍ നടും.

തുടര്‍ന്ന് കാര്‍ഷിക സെമിനാറുകള്‍, വിവിധ പരിശീലന പരിപാടികള്‍, സംസ്ഥാന തല ജൈവ നെല്‍ കൃഷി ശില്പശാല, വിവിധ കൃഷി അനുബന്ധ മത്സരങ്ങള്‍, കര്‍ഷക പങ്കാളിത്തത്തോട് കൂടിയുളള ജൈവ നെല്‍  ഉല്‍പ്പാദന പദ്ധതികള്‍ എന്നിവയും നടത്തും. ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് 'ഫാം ഷോ' എന്ന പേരില്‍ ഒരു നൂതന കൃഷിയിട പ്രദര്‍ശനം നടത്തുന്നതാണ്. വിവിധ വിളകളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫാം വാക്ക്, വിളകളുടെ അത്യപൂര്‍വ്വ ഇനങ്ങളടങ്ങിയ പ്രദര്‍ശനം, വിള പരിപാലനം, സസ്യ സംരക്ഷണം, മൂല്യ വര്‍ദ്ധനം എന്നീ മേഖലകളിലെ ആധുനിക സാങ്കേതിക വിദ്യകള്‍ ഫാം ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും, ആധുനിക കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും പരീശീലനവും, വിവിധ വളര്‍ത്തുമൃഗങ്ങളുടെ പ്രദര്‍ശനം, ആധുനിക മൃഗ സംരക്ഷണ മാതൃകകള്‍ തുടങ്ങിയവയും ഫാം ഷോയുടെ പ്രത്യേകതയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ മികവും സാങ്കേതിക വിദ്യാതികവും എടുത്തു കാണിക്കുന്ന രീതിയിലാണ് ഫാം ഷോ തയ്യാറാക്കിയിരിക്കുന്നത്.

മണ്ണ് ജീവന്റെ ആധാരം എന്ന പേരില്‍ മണ്ണിന്റെ പ്രാധാന്യവും പോഷക സംരക്ഷണത്തിന്റെ ആവശ്യകതയും വിഷയമാകുന്ന ഏക ദിന സെമിനാര്‍, 'കേരസമൃദ്ധി' എന്ന പേരില്‍ വലിയപറമ്പ് പഞ്ചായത്തില്‍ വെച്ച് നടത്തുന്ന തെങ്ങ് കൃഷി സെമിനാര്‍, 2016 എന്ന പേരില്‍ ഭക്ഷ്യ സുരക്ഷ, പോഷക സുരക്ഷ, ജൈവ സുരക്ഷ എന്നിവ മുന്‍ നിര്‍ത്തി പിലിക്കോട് പഞ്ചായത്തിലെ മലപ്പ് പാതാളം പാടശേഖരത്തിലെ 30 ഏക്കര്‍, പിലിക്കോട് പഞ്ചായത്ത്, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവയുടെ കൂട്ടായ്മയോടെ ജൈവ നെല്‍ കൃഷിയിറക്കല്‍ പദ്ധതി, കന്നുകാലി മേള, പടന്നക്കാട് കാര്‍ഷിക കോളേജില്‍ വെച്ച് നടക്കുന്ന പയറുവര്‍ഗ്ഗങ്ങളും പോഷക സുരക്ഷയും എന്ന സെമിനാര്‍, ഈ വിഷയത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടക്കുന്ന പോസ്റ്റര്‍ നിര്‍മ്മാണ മത്സരം,  പൊതുജനങ്ങള്‍ക്കായി  വിവിധ കാര്‍ഷിക അനുബന്ധ മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.   ജൈവ സാങ്കേതിക വിദ്യയില്‍ പ്രായോഗിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം, ടിഷ്യൂ കള്‍ച്ചര്‍, ലബോറട്ടറി, മോളിക്കുലാര്‍ ബയോളജി ലബോറട്ടറി, മണ്ണ്, സസ്യ ആരോഗ്യ ക്ലിനിക്ക്, വെന്ത വെളിച്ചെണ്ണ ഉത്പാദന യൂണിറ്റ്, കശുവണ്ടി സംസ്‌കരണ യൂണിറ്റ്, എന്നിവയുടെ ഉദ്ഘാടനവും നടക്കും.

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഘോഷപരിപാടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ഞായറാഴ്ച കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  തെങ്ങ് ഗവേഷണത്തിനായി 1916 ല്‍ അന്നത്തെ മദിരാശി ഗവണ്‍മെന്റ് കാസര്‍കോട് ജില്ലയില്‍ നാലിടങ്ങളിലായി ആരംഭിച്ച നാളികേര ഗവേഷണ തോട്ടങ്ങളില്‍ ഒന്നാണ് പില്‍ക്കാലത്ത് പിലിക്കോട് കേന്ദ്രമായി കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രമായി മാറിയത്.  ലോകത്ത് തന്നെ തെങ്ങിനങ്ങളില്‍ ആദ്യമായി ഗവേഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ആദ്യത്തെ സങ്കരയിനം തെങ്ങിന്‍ തൈ ഉല്‍പ്പാദിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത സ്ഥാപനം എന്ന നിലയ്ക്ക് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ സ്ഥാപനം ഗവേഷണ രംഗത്ത് സ്തുത്യര്‍ഹമായ സ്ഥാനം അലങ്കരിക്കുന്നു.

1916ല്‍ പിലിക്കോട്, കാസര്‍കോട്, നീലേശ്വരം പ്രദേശങ്ങളില്‍ സ്ഥാപിതമായ തെങ്ങ് ഗവേഷണ കേന്ദ്രങ്ങളിലാണ് ഇന്ത്യയിലെ നാളികേര വികസനത്തിന് തുടക്കം കുറിച്ചത്. 1972 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല രൂപികരണത്തോട് കൂടി, സര്‍വ്വകലാശാല ഏറ്റെടുത്ത പിലിക്കോട്, നീലേശ്വരം ഗവേഷണ കേന്ദ്രങ്ങളെ ദേശീയ കാര്‍ഷിക ഗവേഷണ പദ്ധതിയില്‍ (1980)  ഉള്‍പ്പെടുത്തി ഉത്തരകേരളത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും, പരിഹാരം കാണുന്നതിന് ഉതകുന്ന രീതിയിലുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുവാന്‍ വേണ്ടി ഇവയെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമായി 1980 ആഗസ്ത് ഒന്നിന്  ഉയര്‍ത്തി.

കേരളത്തിലെ പ്രധാന വിളകളായ തെങ്ങ്, കുരുമുളക്, കശുവണ്ടി എന്നിവയുടെ ഉല്‍പ്പാദനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക്, പ്രയോജനകരമായ ഗവേഷണ ഫലങ്ങള്‍ പുറത്തുകൊണ്ടുവരുക എന്ന ഭാരിച്ച ചുമതലയാണ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്.

കേരള സംസ്ഥാനത്തെ നാളികേര വികസനത്തിന് നേതൃത്വം വഹിക്കുക, നെല്ല്, പയറുവര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു വിളകള്‍ എന്നിവയുടെ പരിശോധനാ നിര്‍ണ്ണയ കേന്ദ്രമായി പ്രവര്‍ത്തിക്കുക, മഞ്ചേശ്വരം ഉപകേന്ദ്രം,പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടവും, മാര്‍ഗ്ഗ നിര്‍ദ്ദേശവും നിര്‍വഹിക്കുക എന്നിവയാണ് പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. ഇതിനു പുറമെ, ഗവേഷണ ഫലങ്ങള്‍, കര്‍ഷകരുടെ കൃഷി സ്ഥലങ്ങളില്‍ പരിശോധിച്ച്, ഉറപ്പുവരുത്തി വിള പരിപാലന മുറകളിലേക്ക് ശുപാര്‍ശ ചെയ്യുക എന്ന ബൃഹത്തായ കടമയും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് അധികൃതര്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ആദ്യത്തെ സങ്കരയിനം തെങ്ങ് ടി ആന്‍ഡ് ഡി  ഈ കേന്ദത്തിന്റെ സംഭാവനയാണ്.  ഇതിനു പുറമെ അത്യുല്‍പ്പാദന ശേഷിയുളള അഞ്ച് സങ്കരയിനം തെങ്ങിന്‍ തൈകള്‍ വികസിപ്പിച്ചെടുത്തു.എഴുപത്തിയഞ്ച് (40 നാടന്‍, 35 വിദേശ) തെങ്ങിനങ്ങളുടെ വലിയ ജനിതകശേഖരം ഈ കേന്ദ്രത്തില്‍ സൂക്ഷിച്ച് വരുന്നു.തെങ്ങ് കൃഷിയിലെ വിള പരിപാലന മുറകളുടെ സിംഹ ഭാഗവും സംഭാവന ചെയ്തത് ഈ ഗവേഷണ കേന്ദ്രമാണ്.

തെങ്ങിലെ പ്രധാന കീടമായ വേരുതീനിപ്പുഴുവിനെതിരെ ജൈവ നിയന്ത്രണ മാര്‍ഗ്ഗമായി ഉപയോഗിക്കാവുന്ന മിത്ര കുമിളുകള്‍ക്ക്, കാന്‍സറിനെ പ്രതിരോധിക്കാനുളള ശേഷിയുണ്ടെന്ന് കണ്ടെത്തി. ത്തരകേരളത്തിലെ, കൈപ്പാട് ഉപ്പ് നിലങ്ങള്‍ക്ക് യോജിച്ച അത്യുല്‍പ്പാദന ശേഷിയുളള നെല്ലിനങ്ങള്‍ (ഏഴോം 1,2,3,4) ആദ്യമായി വികസിപ്പിച്ചെടുത്തു. കൈപ്പാട് അരിക്ക് ഭൗമ സൂചിക പദവി നേടിക്കൊടുത്തു. ആദ്യത്തെ ജൈവ നെല്ലിനമായ 'ജൈവ' ഈ കേന്ദ്രത്തിന്റെ മികച്ച സംഭാവനകളിലൊന്നാണ്. ഉത്തര കേരളത്തിലെ 64 തനത് കശുവണ്ടി ഇനങ്ങള്‍, 87 അച്ചാര്‍ മാവിനങ്ങള്‍ എന്നിവയെ കണ്ടെത്തി, സംരക്ഷിച്ച് വരുന്നു. മലബാര്‍ മേഖലയിലെ തനതു കന്നു കാലിയിനമായ കാസര്‍കോട് കുള്ളന്‍, മലബാരി ആടിനങ്ങള്‍ എന്നിവയുടെ ജനിതക ശേഖരം സൂക്ഷിച്ചു വരുന്നതായും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ, ഡോ. പി കെ ജയശ്രീ, ഡോ. ബി ജയപ്രകാശ് നായിക്, ഡോ. കെ എന്‍ സതീശന്‍, ഡോ. ടി വനജ, പി കെ രതീഷ്, ഡോ, മീര മഞ്ജിമ, ഡോ. സന്തോഷ്‌കുമാര്‍ ടി, പി വി സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി; ഉദ്ഘാടനം സപ്തംബര്‍ 8ന്

കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി; ഉദ്ഘാടനം സപ്തംബര്‍ 8ന്

കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി; ഉദ്ഘാടനം സപ്തംബര്‍ 8ന്

കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി; ഉദ്ഘാടനം സപ്തംബര്‍ 8ന്

Keywords:  kasaragod, Kerala, Agriculture, Celebration, inauguration, university, MLA, Agricultural Research institute centenary celebration on Sep 8, Pilicode, Revenue minister, E Chandrashekharan, O Rajagopal MLA, RARS, KAU.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia